ബാർബർ ഷോപ്പുകളിലും, ചായക്കടകളിലും, കലുങ്കുകളിലുമൊക്കെയിരുന്ന് ചൂടൻ ചർച്ചകൾ നടത്തിയിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഏതാണ്ട് ഇരുപതുകൊല്ലം മുമ്പ് വരെ നമ്മുടെ നാട്ടിൻപുറങ്ങളിലെ ഗ്രാമീണ വായനശാലകളിലും, ബസ് സ്റ്റോപ്പുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്ന വിഷയങ്ങളിൽ കേരള രാഷ്ട്രീയം മുതൽ കിഴക്കൻ യൂറോപ്പിലെ ആഭ്യന്തര പ്രശ്‌നങ്ങൾ വരെ ഉൾപ്പെട്ടിരുന്നു. ബ്രഷ്‌നേവും, പോൾപോട്ടും, ബൊലീവിയൻ വിപ്ലവവും, കാർത്തേജും, നക്‌സൽബാരിയും, സുവർണ്ണക്ഷേത്രവും, നെൽസൻ മണ്ഡേലയുമെല്ലാം ഈ ചൂടൻ ചർച്ചകളിൽ സ്ഥാനം പിടിച്ചിരുന്നു. മുഴുവൻ സമയ വാർത്താ ചാനലുകളോ, ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ എന്തിന് ടിവി പോലുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണു നമ്മുടെ നാട്ടിൽ ഈ അനിതരസാധാരണമായ രാഷ്ട്രീയ ബോധം നിലനിന്നിരുന്നത്.

തങ്ങൾക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അത് ഏത് ദേശത്തായാലും അത് തങ്ങളെ കൂടി ബാധിക്കുന്ന എന്ന വിശ്വപൗരബോധം, രാഷ്ട്രീയ സാമൂഹിക കെട്ടുറപ്പിലും സമത്വത്തിലുമുള്ള വിശ്വാസം ഇവ നമ്മുടെ നാട്ടിൽ ആഴത്തിൽ തന്നെ വേരോടിയിരുന്നു. നമ്മുടെ കലാലയങ്ങൾ സമൂഹ സ്പന്ദനങ്ങളുടെ, ചിന്താധാരകളുടെ, വിശ്വപൗരബോധത്തിന്റെ ശ്രേഷ്ഠ പരിച്ഛേദങ്ങളായിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അജ്ഞതയുടെ അന്ധകാരത്തിൽ ചൂഷണം ചെയ്യപ്പെടുമ്പോൾ ലോകത്ത് ആദ്യമായി സമത്വം ആശയ പ്രസ്ഥാനമായ സോഷ്യലിസം കേരളത്തിലെ ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ നെഞ്ചിലേറ്റി.

കേരളത്തിലെ കലാലയങ്ങൡ നിന്ന് രാഷ്ട്രീയം പിൻവാങ്ങിയതും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച അപചയങ്ങളും, കോർപ്പറേറ്റ് സംസ്‌കാരം സൃഷ്ടിച്ച മൂല്യതകർച്ചയും ശരിക്ക് മുതലെടുത്ത് മത വർഗ്ഗീയ, ചിന്താഗതികളും, പ്രസ്ഥാനങ്ങളും വിദ്യാർത്ഥികളിൽ ആഴത്തിൽ തന്നെ വേരിറക്കി. സയന്റിഫിക് ടെമ്പറും, ശാസ്ത്രാവബോധവും ക്യാമ്പസുകളിൽ നിന്ന് പിൻവാങ്ങി.

രാഷ്ട്രബോധം നശിച്ച അരാഷ്ട്രീയ വാദികളായ ഒരു കൂട്ടം യുവത്വത്തെ അടവച്ചി വിരിയിക്കുന്ന ന്യൂ ജനറേഷൻ കലാലയങ്ങൾ കോർപ്പറേറ്റുകൾക്കുള്ള ഫാച്ചിങ് ഫാക്റ്ററികൾ മാത്രമായി അധപതിച്ചിരുന്നു. കലാലയങ്ങളിലും, വിദ്യാസമ്പന്നരിലും ഏറ്റവും നികൃഷ്ടമായി കണക്കാക്കപ്പെട്ടിരുന്ന വർഗ്ഗീയതയും അന്ധവിശ്വാസങ്ങളും ഇന്ന് ഒരു അഭിമാനം അർഹിക്കുന്ന ഒന്നായി പരിണമിച്ചിരിക്കുന്നു. ജെഎൻയു, ഹൈദ്രാബാദ് സർവ്വകലാശാലയും, തിളച്ചു മറിയുമ്പോൾ കേരളത്തിൽ അത് യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല.

ജെഎൻയുവിന്റെ പ്രസക്തി

ന്ത്യയുടെ ചരിത്രത്തിൽ തന്നെ വളരെയേറെ പ്രാധാന്യമുള്ള ഒരു ഐതിഹാസ സമരമാണ് ഇപ്പോൾ ജെഎൻയുവിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭം. തീവ്രവിഭാഗീയ ചിന്തകൾക്കും, മത പുരോഹിത അനിച്ഛ്വതത്വിനുമെതിരെ നടക്കുന്ന ഈ യുവജന ചെറുത്തുനിൽപ്പിനെ ലോകരാജ്യങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ആചാരങ്ങളുടെയും, കപടദേശീയതയുടെയും മത ഫാസിസ്റ്റ് ബിംബങ്ങൾക്കും എതിരെയാണ് ഈ സമരം. രാജ്യത്ത് എങ്ങനെ ജീവിക്കണം എന്നും, ആര് ജീവിക്കണം എന്നും, എന്ത് കഴിക്കണം എന്നും, എന്ത് വസ്ത്രം ധരിക്കണമെന്നും ആര് ഭരിക്കണമെന്നും ഒരു ചിന്താധാരയുടെ പ്രയോക്താക്കൾ നിഷ്‌കർക്കപ്പെടുമ്പോഴാണ് ഭാരതം മരിക്കുന്നത് എന്ന ചിന്താധാരയാണ് വിദ്യാർത്ഥികൾ ഉയർത്തിപിടിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ഈ സമരത്തിന് മുൻപിൽ ഉള്ളത് എങ്കിലും ഇത് ഒരു ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമരമല്ല. വലതുപക്ഷ ഭീകരതയെ എതിർക്കുന്ന മനസ്സിൽ അന്ധകാരം നിറഞ്ഞിട്ടില്ലാത്തവരുടെ ചെറുത്തുനിൽപ്പാണ്.

ലോകത്തിലെ 400ഓളം സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും, ഹാർവാർഡ്, കൊളമ്പിയ പോലെയുള്ള അതിപ്രശസ്തമായ സർവ്വകലാശാലകളിലെ പ്രഫർമാരും ഈ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. രാഷ്ട്രീയ വൈര്യം മറന്ന് ദേശീയ നേതാക്കൾ ഈ ചെറുത്തുനിൽപിനെ അനുകൂലിക്കുന്നു.

എന്നാൽ കേരളത്തിലെ പൊതു സമൂഹം അതിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളും കലാലയങ്ങളും തണുത്തുറഞ്ഞ് തന്നെ. എന്താണ് രാജ്യത്ത് നടക്കുന്നത് എന്നോ, ജെഎൻയുവിൽ എന്തിനാണ് കുട്ടികൾ രാവും പകലുമില്ലാതെ ഉറച്ചുനിന്ന് ഒറ്റക്കെട്ടായി പൊരുതുന്നത് എന്നോ അറിയാൻ വയ്യാത്ത അദ്ധ്യാപകരും, ബുദ്ധിജീവികളും, കോർപ്പറേറ്റ് അമൂൽ ബേബികളും, പിസ്സാ കാപ്പവിനോ ഫ്രീക്കുകളുമാണ് നമ്മുടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എന്നത് നിരാശജനകം തന്നെ.

ജെഎൻയുവിൽ എന്ത് നടന്നാലും നമുക്ക് എന്ത് എന്ന് ചിന്തിക്കുന്നവർ ഓർക്കുക. ഗതാനുഗതികത്വ പ്രവണത അനുവർത്തിക്കുന്ന ബഹുഭൂരിപക്ഷ ജനതതിയല്ല ലോകത്ത് മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. മാറി ചിന്തിക്കുകയും വിഭാഗിയതയുടെ മതിൽ കെട്ടുകൾ പൊളിക്കുവാൻ കൈയുയർത്തുകയും ചെയ്തവരാണ്.

ടിവി ചാനലുകളിലെ നാലാം കിട പരിപാടികളിൽ ഒരു കപ്പ് ചായയും പിടിച്ച് ഇറുകിയ ടീ ഷർട്ടും ധരിച്ച്, മസിലും പെരുപ്പിച്ച്, ഇംഗ്ലീഷും, മലയാളവും ഒരു പോലെ വികൃതമാക്കി സമാസമം ചേർത്ത് വാചോടി പന്തങ്ങളുടെ അതിസാരം കൊണ്ട് കർണ്ണാഭിഷേകം നടത്തുന്ന ഫ്രീക്കന്മാരാണോ ഇന്നത്തെ കേരളത്തിലെ കലാലയങ്ങളുടെ യുവത്വത്തിന്റെ പരിഛേദം?

അങ്ങനെ വിശ്വസിക്കേണ്ട നിരാശജനകമായ അവസ്ഥയാണഅ ഇവിടെ സംജാതമായിരിക്കുന്നത്. സെൽഫോണിന്റെ മുമ്പിൽ തല കുമ്പിട്ട്, തങ്ങൾക്ക് ചുറ്റും നടക്കുന്ന ഒന്നിനെയും പറ്റി ബോധവാന്മാരാകാതെ, വിരലുകൾ കൊണ്ട് നിഴൽ യുദ്ധം നടത്തുന്ന മറ്റൊരു വർഗ്ഗം. വാട്‌സ്ആപ്പിലെയും, ഫേസ്‌ബുക്കിലെയും എന്ത് അബദ്ധപ്രചാരണങ്ങളും സംശയലേശമേതുമില്ലാതെ വിശ്വസിക്കുന്ന വിദ്യാഅതിസമ്പന്നരാണ് നമ്മുടെ യുവ സമൂഹം. ഒരു ചാനൽ ചർച്ച നയിച്ച ന്യൂസ് റിപ്പോർട്ടറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ഭൂരിപക്ഷം അഭ്യസ്ഥവിദ്യർക്കും തങ്ങൾ ആരെയാണ് വിളിക്കുന്നതെന്നോ, എന്തിനാണ് അസഭ്യം പറുന്നതെന്നോ അറിയില്ലായിരുന്നു. വാട്‌സ് ആപ്പിൽ ഒരു സന്ദേശം കണ്ട് നിങ്ങളെ വിളിച്ച് തെറി പറയുവാൻ. അത്‌കൊണ്ട് ഞാൻ ഇത് ചെയ്യുന്നു എന്ന് വരെ പലരും വെളിപ്പെടുത്തി.

ഒരു വശത്ത് അരാഷ്ട്രീയ വാദവും, കോർപ്പറേറ്റ് ദാസ്യത്വവും, ബ്രാൻഡ് പ്രേമവും, മറുവശത്ത് മത, വർഗ്ഗീയ ഫാസ്റ്റ് ചിന്തകളാൽ ചിന്താപ്രക്ഷാളനം ചെയ്യപ്പെട്ടവർ. കേരളത്തിന്റെ അടുത്ത ഒരു തലമുറ മുഴുവനായിതന്നെ അധസ്ഥിത ചിന്താധാരകളിലേയ്ക്ക് വലിക്കപ്പെടുകയാണ്.