റിയാദ്: അടുത്ത ഏതാനും ദിവസങ്ങളിൽ രാജ്യമൊട്ടുക്ക് പൊടിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കഴിവതും എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയണമെന്നും മിനിസ്ട്രി ഓഫ് ഹെൽത്ത് നിർദ്ദേശം നൽകി. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. പൊടിക്കാറ്റു മൂലം അസുഖങ്ങൾ ഏറെ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങളുമായി എത്തുന്ന രോഗികളെ സ്വീകരിക്കാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്നും എംഒഎച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത ആഴ്ചയിൽ ഏതാനും ദിവസങ്ങളിൽ പൊടിക്കാറ്റിന്റെ ശല്യമുണ്ടാകുമെന്നാണ് അറിയിപ്പ്. അലർജി ഉള്ളവർ, ആസ്ത്മ രോഗമുള്ളവർ, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ മുതലായവർ ഏറെ കരുതൽ സ്വീകരിക്കണം. അത്യാവശ്യ സന്ദർശങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ തന്നെ ജാഗത്ര പാലിക്കണമെന്നും പറയുന്നു.

പൊടിക്കാറ്റ് വാഹനമോടിക്കുന്നവരേയും സാരമായി ബാധിക്കും. ശക്തമായി വീശുന്ന പൊടിക്കാറ്റിൽ കാഴ്ച മങ്ങാനും അതുവഴി അപകടമുണ്ടാകാനും ഇടയാകും. അടുത്ത ആഴ്ച പകുതി വരെ ഈ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സുരക്ഷാ നിർദേശങ്ങൾ വാഹനമോടിക്കുന്നവർ പാലിക്കണമെന്നാണ് കർശന നിർദ്ദേശം. പൊടിക്കാറ്റ് മൂലം ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവരെ സ്വീകരിക്കാൻ മിക്കയിടങ്ങളിലും എംഒഎച്ച് 24 മണിക്കൂർ തുറന്നു പ്രവർത്തിക്കുന്ന ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.