ചണ്ഡീഗഢ്: ജാട്ട് വിഭാഗക്കാർക്ക് 10 ശതമാനം സംവരണം നൽകാനുള്ള ഹരിയാന സർക്കാരിന്റെ നീക്കം പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. ജാട്ടുകൾക്ക് 10 ശതമാനവും മറ്റു സമുദായങ്ങൾക്ക് അഞ്ചു ശതമാനവുമാണ് ഖട്ടർ സർക്കാർ സംവരണം അനുവദിച്ചത്. മാർച്ച് 29നാണ് സംവരണം അനുവദിച്ചുകൊണ്ടുള്ള ബിൽ ഹരിയാന നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. ഇതിനെതിരേ ഭിവാനി സ്വദേശി മുരാരി ലാൽ ഗുപ്ത നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. സർക്കാർ തീരുമാനം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് നിരക്കാത്തതാണെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു. ജാട്ട് വിഭാഗത്തെ പിന്നാക്ക വിഭാഗമായി പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രീം കോടതി വിധി നിൽക്കവേ ഇത്തരമൊരു നിയമം പാസാക്കാൻ സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.