- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യം സ്റ്റൈലൊക്കെ തന്നെ; സംഗതി പക്ഷെ അപകടകരം; സ്റ്റീൽ മോതിരം കൈവിരലുകളിൽ കുടുങ്ങി അടിക്കടി പ്രശ്‌നങ്ങൾ; അഗ്നിരക്ഷാസേനയ്ക്ക് പിടിപ്പത് പണിയും
കോഴിക്കോട്: കൈവിരലുകളിൽ സ്റ്റീൽ മോതിരം ധരിക്കുന്നത് ചെറുപ്പക്കാരിലെ പുതിയ ഫാഷനാണ്. സ്‌റ്റൈലും ഫാഷനുമൊക്കെയാണെങ്കിലും സംഭവം പക്ഷെ അപകടകരമാണെന്ന് അഗ്‌നി സുരക്ഷാ സേനയുടെ മുന്നറിയിപ്പ്. മോതിരം കൈവിരലുകളിൽ കുടങ്ങിയുണ്ടാകുന്ന പ്രശ്‌നങ്ങൾ കൂടിയതോടെയാണ് കൊയിലാണ്ടി അഗ്‌നി സുരക്ഷാ സേനയുടെ സഹായവും തേടി വിളികളെത്തുന്നത്. മോതിരം വിരലിൽ കുടുങ്ങുന്നതോടെ അത് മുറിച്ചുമാറ്റുന്ന പണിയും ഇപ്പോൾ അഗ്‌നി സുരക്ഷാ സേനയ്ക്കാണ്.
കൈവിരലുകളിൽ മോതിരും കുടുങ്ങി പ്രയാസപ്പെട്ട് അമ്പതോളം പേരാണ് ഈ വർഷം കൊയിലാണ്ടി അഗ്‌നി സുരക്ഷാ സേനയുടെ സഹായം അഭ്യർത്ഥിച്ച് വിളിച്ചിട്ടുള്ളത്. തീപ്പിടുത്തവും മറ്റ് അപകടങ്ങളും കൈകാര്യം ചെയ്യുന്ന അതേ ജാഗ്രതയോടെ സേനാംഗങ്ങളെത്തി മോതിരവും മുറിച്ചുമാറ്റും. കട്ടി കൂടുതലുള്ളതാണ് സ്റ്റീൽ മോതിരങ്ങൾ. അതുകൊണ്ട് തന്നെ ഇവ മുറിച്ചുമാറ്റുന്നത് ശ്രമകരവുമാണ്. സ്റ്റീൽ മോതിരം ധരിച്ച് വിരലുകൾക്ക് ചെറിയ പോറൽ ഏറ്റാൽ പോലും അവിടെ നീരുവന്ന് വീർക്കും.
ഇന്നലെ ഉള്ള്യേരി സ്വദേശി അജയകുമാർ ആണ് മോതിരം കുടുങ്ങിയതിനെത്തുടർന്ന് ഒടുവിൽ സേനയെ ആശ്രയിച്ചത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി വി മനോജ്, ഇ എം നിധി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. വിരലുകൾ പഴുത്ത് മുറിച്ചു മാറ്റിയ സംഭവങ്ങൾ ഉണ്ടായതായും അഗ്‌നി സുരക്ഷാ സേന അധികൃതർ പറയുന്നു. അതുകൊണ്ട് തന്നെ സ്റ്റീൽ മോതിരങ്ങൾ ധരിക്കാതിരിക്കൂ എന്നതാണ് ഇവർക്ക് നൽകാനുള്ള ഉപദേശം. കൊയിലാണ്ടി അഗ്‌നി സുരക്ഷാ സേന നീക്കം ചെയ്ത സ്റ്റീൽ മോതിരങ്ങൾ ഓഫീസിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്, ഒരോർമ്മപ്പെടുത്തലിനായി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.