ലണ്ടൻ: ഡബ്ലിനിലും നോട്ടിങ്ഹാമിലും കവൻട്രിയിലും മലയാളികൾ ഹൃദയത്തിൽ ഏറ്റെടുത്ത സ്റ്റീഫൻ ദേവസ്സിയുടെ സംഗീത വിരുന്നു ഇന്ന് സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുമ്പോൾ ആവേശം ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണ്. അവസാന രണ്ടു വേദികളായ സ്റ്റോക്കിലും ലണ്ടനിലും ജനം തിങ്ങി നിറയും എന്നാണ് ടിക്കറ്റ് വിൽപ്പനയിലെ ട്രെന്റ് കാണിക്കുന്നത് എന്ന് സംഘാടകരായ കുഷ് ലോഷ് സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം നടന്ന മുതുകാട് ഷോക്ക് സമാനമായ പ്രതികരണമാണ് യുകെ മലയാളി സമൂഹം സ്റ്റീഫൻ ദേവസിക്കും സംഘത്തിനും നൽകുന്നതും. ലൈവ് സംഗീത വേദിയിലെ പുത്തൻ ആകർഷകമായ രമ്യ വിനയകുമാറും ശ്യാം പ്രസാദും കൂടി ചേർന്നതോടെ അപൂർവ്വമായി ലഭിക്കുന്ന സംഗീത വിരുന്നിന്റെ ലഹരി ആസ്വദിക്കുന്ന ആഹ്ലാദമാണ് യുകെ മലയാളി സമൂഹം പങ്കിടുന്നത്.

മൂന്നര മണിക്കൂർ സംഗീത വിസ്മയത്തിൽ പത്തു മിനിറ്റു വിശ്രമം എടുക്കുന്നതൊഴിച്ചാൽ മുഴു സമയവും സദസ്സിനെ ത്രസിപ്പിച്ചാണ് ഓരോ വേദിയിൽ നിന്നും മറ്റൊരിടത്തെക്ക് സ്റ്റീഫനും സംഘവും എത്തുന്നതും.

സാധാരണ പാട്ടിന്റെ രസപകർച്ചയുമായി എത്തുന്ന ഗായക സംഘങ്ങൾ പരമാവധി വേദി സ്വയം കയ്യടക്കുമ്പോൾ ഷോ ആസ്വദിക്കാൻ എത്തിയ ഓരോരുത്തരെയും കൊണ്ട് പാട്ടു പാടിക്കുന്ന മാജിക്കാണ് സ്റ്റീഫൻ പുറത്തെടുത്തത്.

പല്ലവിയുടെയും അനുപല്ലവിയുടെയും ചരണങ്ങളിലൂടെയും പലവട്ടം ആസ്വാദകരെ കയറ്റിയിറക്കിയ സ്റ്റീഫൻ ഓരോ ആസ്വാദകരും ഉപകരണ സംഗീതത്തിനൊപ്പം സഞ്ചരിക്കുന്നു എന്ന് വേദിയിൽ തെളിയിക്കുക ആയിരുന്നു.

മലയാള മനസ്സുകളിൽ എന്നും താലോലമായി പെയ്തിറങ്ങുന്ന പാട്ടുകളായ കുട്ടനാടൻ പുഞ്ചയിലെ... എല്ലാരും ചൊല്ലണ്... അല്ലിയാമ്പൽ കടവും... ഒക്കെ ഒരേ സമയം വേദിയിലും സദസ്സിലും പെയ്തിറങ്ങുന്ന മനോഹര അനുഭവമാണ് ഇന്നലെ കവൻട്രിയിലും കഴിഞ്ഞ ദിവസം നോട്ടിങ്ങ്ഹാമിലും ഉണ്ടായത്. ഇതേ അനുഭവം ആസ്വദിക്കാൻ ആണ് ഇന്ന് സ്റ്റോക്ക് ഓൺ ട്രെൻഡ് കാത്തിരിക്കുന്നത്.

നാടൻ പാട്ടുകൾ ആർക്കും പാടാം എന്നാണ് ധാരണയെങ്കിലും പിന്നണി ഗായകർ പാടുന്ന നാടൻ പാട്ടിന്റെ പല്ലവി കാണികളെ പഠിപ്പിച്ച ശേഷം വേദിയിൽ നിന്ന് ഉപകരണ സംഗീതവും സദസ്സിൽ നിന്നും പാട്ടും ഒഴുകി എത്തുന്ന അപൂർവ്വതയാണ് സ്റ്റീഫൻ ദേവസിയുടെയും സോളിഡ് ബാൻഡിനെയും വ്യസ്തതമാക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും പാടാത്തവരും പാട്ടിന്റെ ഈണത്തിനൊപ്പം മൂളുന്ന അപൂർവ്വത. എല്ലാവരെയും പാടിപ്പിച്ചേ വീട്ടിൽ വിടൂ എന്ന് സ്റ്റീഫൻ ഇടയ്ക്കിടെ പറയുന്നതിനാൽ ആർക്കും മസിലു പിടിച്ചിരിക്കാനും കഴിയുന്നില്ല.

സാധാരണ സിനിമ നടീനടന്മാർ എത്തുന്ന സ്റ്റേജ് ഷോയ്ക്ക് ആടാനും പാടാനും ഒക്കെ നിയന്ത്രണം ഉള്ളപ്പോൾ സ്റ്റീഫന്റെ സോളിഡ് ബാൻഡിനൊപ്പം ആർക്കും തടസ്സമില്ലാതെ വേദിക്കു മുന്നിൽ നിന്ന് നൃത്തം ചെയ്യാൻ സൗകര്യം ഉണ്ടായിരുന്നുവെന്ന് മാത്രമല്ല നൃത്തം ചെയ്തവരെ മൈക്കിലൂടെ പേരെടുത്തു വിളിച്ചു പ്രോത്സാഹിപ്പിക്കാനും സ്റ്റീഫനും ഗായകരും തയ്യാറായി എന്നതും മറ്റൊരു വ്യത്യസ്ത അനുഭവമായി മാറി.

ഗിറ്റാറും വയലിനും ഡ്രമും ചേർന്നുള്ള ഫ്യൂഷനിൽ ഇന്ത്യയിലെ തന്നെ മുൻനിര സംഗീത വിദഗ്ദ്ധർ അണിനിരക്കുന്ന സോളിഡ് ബാൻഡ് സംഗീതത്തിന്റെ മറുതീരം വരെ നീന്താൻ ഓരോ കാണിയെയും ഓരോ നിമിഷവും പ്രോത്സാഹിപ്പിക്കുകയാണ്.

മാഞ്ചസ്റ്റർ ഭീകര ആക്രമണത്തിന്റെ തുടർ ദിവസങ്ങളിൽ യുകെയിൽ എത്തിയ സ്റ്റീഫനും സംഘവും ഓരോ വേദിയിലും ഭീകര ആക്രമണത്തിന് ഇരകളായി മാറിയവർക്കു സംഗീതത്തിലൂടെ അശ്രുപൂജ അർപ്പിച്ചാണ് ഭീകര വാദത്തിനു എതിരെയുള്ള ശബ്ദത്തിൽ സംഗീത വീചികളും കൂട്ടിച്ചേർക്കുന്നത്. റോജ ഉൾപ്പെടെയുള്ള പ്രശസ്ത സിനിമകളിളെ റൊമാന്റിക് സംഗീതമാണ് സ്റ്റീഫൻ ഭീകരവാദത്തിനെതിരെ മനസ്സുകളെ ഉണർത്താൻ ഉപയോഗിക്കുന്നത്. ഓരോ വേദിയിലും സ്റ്റീഫനോപ്പം പാടാൻ ഉള്ള അവസരം ലഭിക്കുന്നവരെ തിരഞ്ഞെടുക്കുന്ന സമയത്തു ഇത്തവണ ബ്രിട്ടീഷ് മലയാളി യങ് ടാലന്റ് പുരസ്‌കാര ജേതാവ് അലൻ തോമസ് സ്റ്റീഫനോപ്പം പാടാൻ അവസരം ലഭിക്കുന്ന പ്രതിഭയായി മാറി.

പ്രശസ്ത ഇംഗ്ലീഷ് സിനിമയായ ഫ്രോസണിലെ ഗാനം അതിഗംഭീരമായി പാടിയാണ് ബേൺമൗത്തിലെ അലൻ പുരസ്‌കാരം നെഞ്ചോട് ചേർത്തത്. ഇംഗ്ലീഷ് സംഗീത ബാൻഡിനൊപ്പം പാടിയിട്ടുള്ള അലൻ നാടക അഭിനേതാവും പഠനത്തിൽ ടോപ് സ്‌കോററുമാണ്. പ്രതീക്ഷ ഇല്ലാതെയാണ് മത്സരത്തിന് അപേക്ഷിച്ചതെന്നും സ്റ്റീഫൻ ദേവസ്സിക്കൊപ്പം പാടാൻ കഴിഞ്ഞ ഈ ദിവസം ഒരിക്കലും മറക്കില്ലെന്നും പറഞ്ഞാണ് അലൻ കവൻട്രിയിൽ നിന്നും മടങ്ങിയത്.

എ ആർ റഹ്മാൻ, ശങ്കർ മഹാദേവൻ തുടങ്ങി അതിപ്രശസ്തരായവർക്കൊപ്പം യുകെയിൽ ടൂർ നടത്തിയിട്ടുള്ള സ്റ്റീഫൻ ആദ്യമായാണ് സ്വന്തം ബാൻഡുമായി എത്തുന്നത്. ഒരു പതിറ്റാണ്ടിലേറെയായി സ്വന്തം ബാൻഡ് നടത്തുന്ന സ്റ്റീഫനോപ്പം പിന്നണി ഗായകനയ ശ്യാം പ്രസാദും ലൈവ് വേദിയിലെ ഹരമായ രമ്യ വിനയകുമാർ എന്നിവർ ഒക്കെ ചേരുമ്പോൾ സദസ്സിനെ കയ്യിലെടുക്കുന്നതു ഗിത്താറിസ്റ്റായ ഡാർവിൻ, ജോസി, ഡ്രം കൈകാര്യം ചെയ്യുന്ന അഖിൽ, വയലിൻ നിയന്ത്രിക്കുന്ന ഷോബിൻ എന്നിവരൊക്കെയാണ്.

ഷോയ്ക്ക് വേണ്ടി മുടക്കുന്നതിന്റെ ഇരട്ടി മുതലാക്കിയാണ് ഓരോ കാണിയും മടങ്ങുന്നത് എന്നത് തന്നെയാണ് സോളിഡ് ബാൻഡിനുള്ള ഏറ്റവും വലിയ അംഗീകാരവും. പേര് പോലെ തന്നെ ആസ്വാദകരുമായി സോളിഡായ ഹൃദയബന്ധം സ്ഥാപിച്ചാണ് സ്റ്റീഫനും സംഘവും വേദി വിട്ടിറങ്ങുന്നതു എന്നതും സ്റ്റീഫൻ ഷോയെ വ്യത്യസ്തമാക്കുന്നു. പരിപാടി കഴിഞ്ഞു സെൽഫി എടുക്കാനും ധാരാളം സംസാരിക്കാനും ഒക്കെ സമയം കളയുന്ന സ്റ്റീഫൻ, കലാരംഗത്തുള്ളവർ എത്രയും വിനയവും എളിമയും ഉള്ളവരുകുന്നുവോ അത്രയും ജനങ്ങളുടെ സ്‌നേഹം തിരികെ ലഭിക്കും എന്ന് കൂടി തെളിയിക്കുന്നു.