21-ാം വയസ്സുമുതൽ ചക്രക്കസേരയിലാണ് സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം. എന്നാൽ, രണ്ടുഭാര്യമാരും മൂന്ന് മക്കളുമായി സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. സുന്ദരിമാരെ ആരാധിച്ചിരുന്ന സൗന്ദര്യാസ്വാദകൻ കൂടിയായിരുന്നു അദ്ദേഹം. തമോഗർത്തങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ധിഷണാശാലിയായ ഹോക്കിങ് ബാത്ത്‌റൂം ചുവരിൽ മർലിൻ മൺറോയുടെ ചിത്രം പതിച്ച് അവരെ ആരാധിക്കുകയും ചെയ്തു. ജീവിതത്തിലെ എല്ലാ വിനോദങ്ങളെയും ചക്രക്കസേരയിലെ ചരിഞ്ഞിരിപ്പിനിടെ ഹോക്കിങ് ആസ്വദിച്ചുകൊണ്ടിരുന്നു.

ലൈംഗികത തനിക്കൊരു കടങ്കഥയാണെന്നാണ് ഹോക്കിങ് അഭിപ്രായപ്പെട്ടത്. എതിർലിംഗത്തിൽപ്പെട്ടവരോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രപഞ്ചത്തിലെ പല രഹസ്യങ്ങളുടെയും ചുരുളഴിക്കുമ്പോഴും സ്ത്രീ തനിക്കൊരു സമസ്യയായിത്തന്നെ തുടർന്നുവെന്ന് അദ്ദേഹം പറയുന്നു. സുന്ദരികളെ ആരാധിച്ചിരുന്ന, അവർക്കൊപ്പം ആസ്വദിച്ചിരുന്ന കൗമാരം ഹോക്കിങ്ങിനുണ്ടായിരുന്നു. ജീവിതത്തിൽ എക്കാലവും അദ്ദേഹം ആ ലഹരി കാത്തുസൂക്ഷിക്കുകയും ചെയ്തു.

1965-ൽ ജെയിൻ വൈൽഡിനെയാണ് ഹോക്കിങ് ആദ്യം വിവാഹം കഴിച്ചത്. അന്ന് രോഗബാധ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇങ്ങനെയൊരു അവസ്ഥയിലേക്ക് അദ്ദേഹം പോയിരുന്നില്ല. കേംബ്രിഡ്ജ് സർവകലാശാലയിൽ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തിലാണ് മൂന്നുമക്കളും ജനിച്ചത്. ലൂസി, റോബർട്ട്, ടിം എന്നിവർ. രോഗം മൂർഛി്ച്ച് അദ്ദേഹം ചക്രക്കസേരയിലായിട്ടും ജയിൻ ഏറെക്കാലം അദ്ദേഹത്തെ പരിചരിച്ച് കൂടെനിന്നു. 1991-ൽ ജെയിനും ഹോക്കിങ്ങും വേർപിരിഞ്ഞു.

1995-ൽ ഹോക്കിങ് വീണ്ടും വിവാഹിതനായി. തന്റെ നഴ്‌സുമാരിലൊരാളായിരുന്ന എലെയ്ൻ മാഡിസണായിരുന്നു വധു. ഈ വിവാഹത്തിൽ ജയിനോ മക്കളോ പങ്കെടുത്തിരുന്നില്ല. 2006-ൽ ഈ ബന്ധവും പിരിഞ്ഞു. ഹോക്കിങ്ങിനെ പരിചരിച്ചിരുന്ന നഴ്‌സുമാർ ഹോക്കിങ്ങിനെ എലെയ്ൻ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുണ്ടെന്ന സംശയം പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ,, തനിക്കുനേരെ അത്തരമൊരു ആക്രമണം ഉണ്ടായിട്ടില്ലെന്ന് ഹോക്കിങ് പറഞ്ഞതിനാൽ, പൊലീസ് കേസെടുത്തില്ല.

2004-ലാണ് എലെയ്ൻ ഹോക്കിങ്ങിനെ ഉപദ്രവിച്ചുവെന്ന വാർത്ത പരക്കുന്നത്. കൈക്കുഴയ്ക്ക് ഒടിവുപറ്റിയെന്നും മുഖത്തും ചുണ്ടുകളിലും മുറിവേറ്റെന്നും പൂന്തോട്ടത്തിൽ ഹോക്കിങ്ങിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നുമൊക്കെയുള്ള വാർത്തകൾ ലോകം മുഴുവൻ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ,, ഹോക്കിങ് ഇതെല്ലാം അസംബന്ധമാണെന്ന നിലപാടെടുത്തു. പൊലീസിന് തെളിവുകളും കണ്ടെത്താനായില്ല. പിന്നീടും എലെയ്‌നെതിരേ ആരോപണങ്ങളുയർന്നു. തിളച്ചവെള്ളത്തിൽ കുളിപ്പിച്ചുവെന്നുവരെ ആരോപണങ്ങളുണ്ടായി.

ബന്ധം പിരിഞ്ഞെങ്കിലും തന്റെ ജീവിതത്തിലെ ഏറ്റവും സ്‌നേഹധനനായ പുരുഷൻ ഇപ്പോഴും ഹോക്കിങ് തന്നെയാണെന്ന് എലെയ്ൻ പറയുന്നു. വേർപിരിഞ്ഞശേഷം രണ്ടുതവണകൂടി ജീവിതത്തിലേക്ക് ഹോക്കിങ് തന്നെ ക്ഷണിച്ചുവെന്നും എന്നാൽ, താൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു. മരണം എല്ലാത്തരം കഷ്ടപ്പാടുകളിൽനിന്നും ഹോക്കിങ്ങിന് മോചനം നൽകിയിരിക്കുകയാണെന്നും ഗ്ലൂസ്റ്റർഷയറിലെ വീട്ടിൽനിന്ന് അവർ പറഞ്ഞു.