ലണ്ടൻ: അടുത്ത നൂറു കൊല്ലത്തിനുള്ളിൽ മനുഷ്യകുലം അവസാനിക്കുമെന്നു വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. ആഗോള താപനം വർധിപ്പിക്കുന്ന നടപടികളും ആണവായുധങ്ങളും കൃത്രിമ വൈറസുകളും മനുഷ്യനു ഭീഷണിയാണെന്നും ഹോക്കിങ് പറഞ്ഞു.

ശാസ്ത്ര പുരോഗതിയെത്തുടർന്നുള്ള കണ്ടെത്തലുകളാണ് മനുഷ്യകുലത്തിന് ഭീഷണിയായി മാറുന്നത്. ബി.ബി.സിയുടെ റേഡിയോ 4ൽ തമോഗർത്തങ്ങളെക്കുറിച്ചുള്ള പ്രഭാഷണത്തിലാണ് അദ്ദേഹം തന്റെ നിഗമനങ്ങൾ വെളിപ്പെടുത്തിയത്.

ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള അപകടങ്ങളാണ് വരും നൂറ്റാണ്ടിൽ സംഭവിക്കാനിരിക്കുന്നത്. ഇത് അന്ത്യവിധി നാളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറയുന്നു. ആണവായുധങ്ങളും കൃത്രിമമായി സൃഷ്ടിച്ച വൈറസുകളും മനുഷ്യന് ഭീഷണിയാണ്. ശാസ്ത്ര പുരോഗതി ഒരിക്കലും നിലയ്ക്കുകയോ പിന്നോട്ടു പോകുകയോ ചെയ്യില്ല.

എന്നാൽ ഇത് നിയന്ത്രിച്ചില്ലെങ്കിൽ വലിയ അപകടത്തിലേക്ക് നയിക്കും. വരുന്ന ഒരു നൂറ്റാണ്ടിലേക്ക് മനുഷ്യൻ അന്യഗ്രഹങ്ങളിൽ സ്വയം സ്ഥാപിത കോളനികൾ നിർമ്മിക്കില്ല. 22, 23 നൂറ്റാണ്ടുകളെ അതിജീവിച്ചാലും വരും നൂറ്റാണ്ടുകളിൽ ഭൂമിക്ക് നാശം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.