ഓവൽ: വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും കാലത്തെ ഓസ്‌ട്രേലിയൻ ടീമിനോട് താരതമ്യം ചെയ്ത് മുൻ ഇംഗ്ലീഷ് പേസർ സ്റ്റീവ് ഹാർമിസൺ. അഞ്ചാം ദിന പോരാട്ടത്തിൽ വോയുടെയും പോണ്ടിംഗിന്റെയും ഓസീസ് എങ്ങനെയാണോ എതിരാളികളെ തകർത്തിരുന്നത് അതുപോലെ തകർക്കാൻ ഈ ഇന്ത്യൻ ടീമിനുമാവുമെന്ന് ഹാർമിസൺ പറഞ്ഞു.

അഞ്ചാം ദിവസത്തെ സമ്മർദ്ദ നിമിഷങ്ങളിൽ ഇന്ത്യൻ ടീം നിങ്ങളെ കൂടുതൽ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിവിടും. അഞ്ച് ദിവസത്തെ കളി നിങ്ങളെ തളർത്തിയിട്ടുണ്ടാവും. എന്നാൽ ഐപിഎല്ലിലേതുപോലുള്ള സമ്മർദ്ദഘട്ടങ്ങൾ അതീജീവിച്ചെത്തുന്ന ഈ ഇന്ത്യൻ ടീം അംഗങ്ങൾ അവസാന ദിവസം നിങ്ങളെ അടിമുടി തകർത്തുകളയും.

മുമ്പ് സ്റ്റീവ് വോയുടെയും റിക്കി പോണ്ടിംഗിന്റെയും ഓസീസ് ടീമിലാണ് ഈ ഗുണം കണ്ടിട്ടുള്ളത്. വിരാട് കോലിയുടെ ഇന്ത്യൻ ടീമും അതേ വഴിയാണ്. ഈ ഇന്ത്യൻ ടീമിന് സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച് നല്ല പരിചയമുണ്ട്. അതുകൊണ്ടുതന്നെ അവസാന ദിവസം എതിരാളികളെ അതിസമ്മർദ്ദത്തിലേക്ക് തള്ളിവിട്ട് അവർ അടിയറവ് പറയിക്കും.

ഇംഗ്ലണ്ട് ടീമിലാകട്ടെ ഓരോ താരങ്ങളും അവരുടെ സ്ഥാനം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഓവൽ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ആരെങ്കിലും പിടിച്ചു നിന്ന് ഒരു സെഞ്ചുറി നേടിയിരുന്നെങ്കില് ഇംഗ്ലണ്ടിന് മികച്ചൊരു ലീഡ് ലഭിക്കുമായിരുന്നു. ഈ ഇംഗ്ലണ്ട് ടീമിൽ ബാറ്റിംഗിൽ ജോ റൂട്ടും ബൗളിംഗിൽ ജെയിംസ് ആൻഡേഴ്‌സണുമൊഴികെ ഉള്ളവരെല്ലാം അവരവരുടെ കരിയറും ടീമിലെ സ്ഥാനവും നിലനിർത്താനുള്ള തത്രപ്പാടിലാണ്.

അതുകൊണ്ടുതന്നെ അവരാരും സാഹചര്യം മനസിലാക്കി കളിക്കാൻ തയാറാവുന്നില്ല. ഈ ടീമിലെ എത്രപേർക്ക് കണ്ണാടി നോക്കി ഇംഗ്ലണ്ട് ജേഴ്‌സി ഞാൻ നേടിയെടുത്തതാണ് അത് നിലനിർത്താനുള്ള പ്രകടനം താൻ പുറത്തെടുക്കുന്നുണ്ടെന്ന് പറയാനാവുമെന്നും ഹാർമിസൺ ചോദിച്ചു. ഓവൽ ടെസ്റ്റിൽ 157 റൺസ് ജയം കുറിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തിയിരുന്നു.