ഫേസ്ബുക്കിൽ ഉറങ്ങുകയും ഉണരുകയും ഉണ്ണുകയും ചെയ്യുന്നവരാണ് ന്യൂജനറേഷൻ പിള്ളേർ. ഇന്നത്തെ ഓൾഡ് ജനറേഷനും ഏറെക്കൂറെ അങ്ങനെയൊക്കെയാണെന്ന് പറഞ്ഞാലും തെറ്റാവില്ല. ടെക്‌നോളജിയും ഇന്നത്തെ ജീവിതത്തിന് അനിവാര്യമായ സംഗതിയാണെങ്കിലും അവയുടെ പരിധിയിൽക്കവിഞ്ഞ ഉപയോഗം മഹാവിപത്തുക്കളുണ്ടാക്കുമെന്നതിൽ അശേഷം സംശയമില്ല. കുട്ടികൾ ഇന്റർനെറ്റിനും മറ്റും അടിപ്പെടുന്നത് മൂലം അവർ സൈബർ ക്രൈമുകളിലും സൈബർ രതിയിലും ഭാഗഭാക്കാൻ ഇടയാകുന്നുണ്ട്. അതു പോലെത്തന്നെ ഒരു തലമുറയെത്തന്നെ വഴിതെറ്റിക്കാനും നിഷ്‌ക്രിയരാക്കാനും സാങ്കേതികതയുടെ പരിധി വിട്ട ഉപയോഗം വഴിയൊരുക്കും.

എന്നാൽ കുട്ടികൾ ഐപാഡ്, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് പറയുന്നവരെ പഴഞ്ചന്മാരായാണ് പലരും കാണുന്നത്. അപ്പോൾ പിന്നെ ടെക്‌നോളജിയിലെ അവസാന വാക്കുകളിലൊന്നായ ആപ്പിളിന്റെ സ്ഥാപകന്മാരിലൊരാളായ സ്റ്റീവ് ജോബ്‌സിനെ നാം അറു പഴഞ്ചനെന്ന് വിളിക്കേണ്ടി വരും...!!.കാരണം തന്റെ കുട്ടികൾ ഐപാഡ് ഉപയോഗിക്കുന്നത് വിലക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് അദ്ദേഹം നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നുവത്രെ...!!. ഭക്ഷണം കഴിക്കുമ്പോൾ പോലും ഐപാഡും ഇന്റർനെറ്റുമുപയോഗിക്കുന്നവരാണ് പുതുതലമുറക്കാർ. എന്നാൽ സ്റ്റീവ് ജോബ്‌സിൻരെ മക്കൾ അടുക്കളയിലെ നീണ്ട ഡൈനിങ് ടേബിളിന് ചുറ്റുമിരുന്ന് വിശേഷങ്ങൾ പങ്കുവച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. തങ്ങളുടെ കുട്ടികളെ തോന്നിയപടി ഇന്റർനെറ്റിന്റെയും മറ്റ് സാങ്കേതികതകളുടെയും ലോകത്തേക്ക് നിയന്ത്രണമില്ലാതെ അഴിച്ചു വിടുന്നവർക്ക് ജോബ്‌സിനെ മാതൃകയാക്കാവുന്നതാണ്.

യുഎസ് ജേർണലിസ്റ്റായ നിക്ക് ബിൽട്ടണാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സ്റ്റീവ് ജോബ്‌സിന്റെ മരണത്തിന് ഒരു വർഷം മുമ്പ് 2010ൽ അദ്ദേഹവുമായി താൻ നടത്തിയ സംഭാഷണം ഓർത്തെടുക്കുകയായിരുന്നു നിക്ക് ബിൽട്ടൺ. ഐപാഡ് വിൽപനയ്‌ക്കെത്തിയ പാടെ അതിന്റെ കുറവുകൾ വിമർശിച്ചു കൊണ്ട് നിക്ക് ബിൽട്ടൺ എഴുതിയതിനെക്കുറിച്ച് പരാതി പറയാനായിരുന്നു ജോബ്‌സ് അദ്ദേഹത്തെ അന്ന് വിളിപ്പിച്ചിരുന്നത്. താങ്കളുടെ കുട്ടികൾ ഐപാഡ് ഉപയോഗിക്കുന്നുണ്ടോയെന്ന തന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോബ്‌സ് ഉത്തരമേകിയിരുന്നതെന്ന് ബിൽട്ടൺ ഓർത്തെടുക്കുന്നു. ഇതിന് പുറമെ ഇന്റർ നെറ്റടക്കമുള്ള ടെക്‌നോളജികൾ കുട്ടികൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നുവെന്നും ജോബ്‌സ് പറഞ്ഞതായി ബിൽട്ടൺ വെളിപ്പെടുത്തുന്നു.

ജോബ്‌സിന്റെ വീട് ഒരു പറുദീസക്ക് സമാനമായ ഒരു അത്ഭുതലോകമായിരുന്നുവെന്നാണ് ബിൽട്ടൺ എഴുതിയിരിക്കുന്നത്. അതായത് വീടിന്റെ ചുമരുകളിൽ വലിയ ടച്ച് സ്‌ക്രീനുകളുണ്ടായിരുന്നു. ഡൈനിങ് ടേബിൾ നിർമ്മിച്ചത് ഐപാഡിന്റെ ടൈലുകൾ കൊണ്ടായിരുന്നു.

എല്ലാ വൈകുന്നേരവും ജോബ്‌സ് തന്റെ അടുക്കളയിലെ വലിയ ഡൈനിങ്‌ടേബിളിനടുത്തിരുന്ന് ഡിന്നർ കഴിക്കുമായിരുന്നുവെന്നും പുസ്തകങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും മറ്റ് നിരവധി കാര്യങ്ങളെക്കുറിച്ചും സംസാരിക്കുമായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ വാൾട്ടർ ഐസക്കസൺ പറയുന്നത്. ലളിതമായ ജീവിതമായിരുന്നു ആപ്പിൾ സാരഥി നയിച്ചതെന്നും ഐസക്‌സൺ വെളിപ്പെടുത്തുന്നു. ഇതിന് സമീപത്തൊന്നും ഒരു ഐപാഡോ കമ്പ്യൂട്ടോറോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ കുട്ടികൾ ഇവയ്‌ക്കൊന്നും അടിമപ്പെട്ടിരുന്നില്ലെന്നും ജീവചരിത്രകാരൻ സാക്ഷ്യപ്പെടുത്തുന്നു.