ലണ്ടൻ: ഒടുവിൽ സ്റ്റീഫൻ ഹോക്കിങ് ഓർമ്മയായി മാറി. കേംബ്രിജിലെ സെന്റ് മേരി ദ് ഗ്രേറ്റ് പള്ളിയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സംസ്‌കാര ശുശ്രൂഷകൾ നടന്നു. തുടർന്ന് ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഐസക് ന്യൂട്ടന്റെയും ചാൾസ് ഡാർവിന്റെയും ശവകുടീരങ്ങൾക്കരികെയാണ് സ്റ്റീഫൻ ഹോക്കിങ്ങിന് അന്ത്യ വിശ്രമം ഒരുക്കിയത്.

പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ട് മണിയോടെയായിരുന്നു ശുശ്രൂഷാച്ചടങ്ങുകൾ ആരംഭിച്ചത്. 52 വർഷക്കാലം ഫെലോ ആയി ഹോക്കിങ് സേവനമനുഷ്ഠിച്ച ഗോൺവിൽ ആൻഡ് കീസ് കോളജിൽ നിന്നായിരുന്നു ഭൗതികദേഹം വഹിച്ചുള്ള യാത്ര ആരംഭിച്ചത്.

നൂറുകണക്കിനു പേർ യാത്രാപാതയുടെ ഇരുവശത്തും പള്ളിക്കു പുറത്തും കാത്തു നിന്നു. ഹോക്കിങ്ങിന്റെ ഭൗതികശരീരം പള്ളിയിലേക്ക് എത്തിച്ചപ്പോൾ കയ്യടികളോടെയായിരുന്നു സ്വീകരണം നൽകിയത്. ഹോക്കിങ്ങിന്റെ വയസ്സിനെ സൂചിപ്പിച്ച് 76 തവണ പള്ളിമണി ശബ്ദിച്ചു. പിതാവ് ഏറ്റവുമധികം സ്‌നേഹിച്ച, അദ്ദേഹത്തെ ഏറ്റവുമധികം സ്‌നേഹിച്ചവരുള്ള സ്ഥലമായതിനാലാണ് അന്ത്യവിശ്രമത്തിന് കേംബ്രിജ് തന്നെ തിരഞ്ഞെടുത്തതെന്ന് ഹോക്കിങ്ങിന്റെ മക്കളായ ലൂസിയും റോബർട്ടും ടിമ്മും പറഞ്ഞു.

21ാം വയസ്സിൽ സ്ഥിരീകരിച്ച മോട്ടോർ ന്യൂറോൺ രോഗം മൂലം ചക്രക്കസേരയിൽ ജീവിതം നയിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രപഞ്ചോൽപത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളും ഗവേഷണങ്ങളും അസാധാരണ ജീവിതവുമാണ് അദ്ദേഹത്തെ ലോകത്തിനു സുപരിചിതനാക്കിയത്. കഴിഞ്ഞ 14ന്, എഴുപത്തിയാറാം വയസ്സിലായിരുന്നു അന്ത്യം.

ഗുരുത്വാകർഷണ, ചലനനിയമങ്ങളുൾപ്പെടെ ശാസ്ത്രത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ ഐസക് ന്യൂട്ടനെ 1727ൽ ആണു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അടക്കിയത്. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ചാൾസ് ഡാർവിനെ ന്യൂട്ടന്റെ തൊട്ടരികിലായി 1882ലും. ന്യൂക്ലിയർ ഫിസിക്‌സിന്റെ ആചാര്യൻ ഏണസ്റ്റ് റൂഥർഫോർഡ്, ഇലക്ട്രോൺ കണ്ടുപിടിച്ച ജോസഫ് ജോൺ തോംസൺ തുടങ്ങിയവരാണു വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അന്ത്യവിശ്രമം കൊള്ളുന്ന മറ്റു ശാസ്ത്രപ്രതിഭകളിൽ ചിലർ.