ദോഹ: തൊഴിലാളികൾക്കു ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളിൽ തൊഴിൽ-സാമൂഹിക ക്ഷേമ മന്ത്രാലയം കൊണ്ടു വന്ന കരട് തീരുമാനത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ ഖത്തറിലെ തൊഴിലാളികളുടെ ശമ്പളപ്രശ്‌നങ്ങൾക്ക് പരിഹാരമാവും.നിയമത്തിൽ ശൂറ കൗൺസിൽ മുന്നോട്ടു വച്ച ശുപാർശകളും യോഗം ചർച്ച ചെയ്തു.

ഭേദഗതി പ്രകാരം സ്ഥിരം തൊഴിലാളികളുടെ വേതനം ചുരുങ്ങിയത് മാസത്തിൽ ഒരു തവണയും മറ്റു തൊഴിലാളികളുടേത് രണ്ടാഴ്ച യിലൊരിക്കലും നിർബന്ധമായും നൽകണം. ബാങ്കുകൾ വഴിയാണു ശമ്പളം നൽകേണ്ടത്. വേജ് പ്രൊട്ടക്ഷൻ സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനുള്ള നടപടികൾ മന്ത്രാലയത്തിലെ തൊഴിൽ പരിശോധനാ വകുപ്പ് സ്വീകരിക്കും.

ശമ്പളം നൽകേണ്ട തിയ്യതി കഴിഞ്ഞ് ഏഴു ദിവസത്തിനകം പണം തൊഴിലാളിയുടെ ബാങ്ക് എക്കൗണ്ടിൽ എത്തിയിരിക്കണം. ശമ്പളം നൽകിയതു സംബന്ധിച്ചുള്ള വിശദമായ റിപോർട്ട് തൊഴിൽ പരിശോധനാ വകുപ്പിന് തൊഴിലുടമയിൽ നിന്ന് ആവശ്യപ്പെടാവുന്നതാണ്.

നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളാണു നിയമം ശുപാർശ ചെയ്യുന്നത്. പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് തടയുക, ലേബർ കരാറുകൾ അറ്റസ്റ്റ് ചെയ്യുന്നതൊഴിച്ച് മന്ത്രാലയവുമായുള്ള കമ്പനിയുടെ എല്ലാ ഇടപാടുകളും തടയുക തുടങ്ങിയ ശിക്ഷാ നടപടികളാണ് നിയമത്തിൽ പറയുന്നത്.

തൊഴിലാളികൾക്കുള്ള ശമ്പളം പൂർണമായും നൽകിയെന്ന തെളിവു ഹാജരാക്കിയാൽ നടപടി മന്ത്രാലയത്തിനോ ബന്ധപ്പെട്ട അധികാരികൾക്കോ പിൻവലിക്കാവുന്നതാണ്.