ഷാർജ: ടാക്‌സിക്കുള്ളിൽ നിന്നും ദുർഗന്ധം വമിച്ചാൽ പിഴയും ബ്ലാക്ക് പോയിന്റും ഈടാക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ ഇത്തരത്തിലുള്ള പരാതിയെ തുടർന്ന് 1072ലധികം ടാക്‌സി ഡ്രൈവർമാർക്ക് പിഴയടയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്ന് ആർടിഎ വെളിപ്പെടുത്തുന്നു.

കാറിൽ ദുർഗന്ധമുണ്ടെന്ന് കസ്റ്റമേഴ്‌സിന്റെ പരാതിയിന്മേൽ ഡ്രൈവർക്കെതിരേ നടപടി സ്വീകരിക്കും. കുറഞ്ഞത് 200 ദിർഹം പിഴയായി നൽകേണ്ടി വരും. കൂടാതെ രണ്ട് ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തും. തുടർച്ചയായി ഇതേ പരാതി ഒരാളുടെ പേരിൽ തന്നെ ലഭിച്ചാൽ പിഴ കൂടുതൽ ഈടാക്കുകയും ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.

വാഹനം വൃത്തിയായി സൂക്ഷിക്കാതിരിക്കുക, ഡ്രൈവർ കുളിക്കാതിരിക്കുകയോ വസ്ത്രം മാറാതിരിക്കുകയോ ചെയ്യാത്തതു മൂലമോ വാഹനത്തിനുള്ളിൽ ദുർഗന്ധം ഉണ്ടായാൽ ഡ്രൈവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് ആർടിഎ അറിയിക്കുന്നത്. ഇത്തരത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിൽ 1072-ലധികം ടാക്‌സി ഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിച്ചുവെന്നും ഇവരിൽ നിന്ന് മൊത്തം 214,400 ദിർഹം പിഴ ഈടാക്കിയെന്നും ആർടിഎ വെളിപ്പെടുത്തി. കൂടാതെ 2144 ബ്ലാക്ക് പോയിന്റുകളും ഡ്രൈവർമാർക്ക് ലഭിച്ചു.

ജനുവരി ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ കസ്റ്റമർ സർവീസ് സെന്ററിന് ഇത്തരത്തിലുള്ള 54 പരാതികളും ലഭിച്ചുവെന്നാണ് കണക്ക്. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഉയരുന്നതിന് എല്ലാ െ്രെഡവർമാർക്കും പരിശീലനങ്ങളും, ക്ലാസ്സുകളും നൽകുന്നതായി ആർടിഎ അറിയിച്ചു. ടാക്‌സികൾ വൃത്തിയായി സൂക്ഷിക്കാൻ കഴിയാത്ത പക്ഷം ഇനി തൊഴിലാളികളിൽ നിന്നും 200 ദിർഹം വരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 600525252 എന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അത് രേഖപ്പെടുത്താവുന്നതാണ്.