കൊച്ചി: കല്യാൺ കുടുംബത്തെ പുകഴ്‌ത്തിയതിന് ഫേസ്‌ബുക്കിൽ മഞ്ജുവാര്യർക്കെതിരെ പ്രതിഷേധം. കല്യാൺ ജുവല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറായ മഞ്ജു വാര്യർ മറ്റ് അംബാസിഡർമാർക്കൊപ്പമുള്ള പരസ്യചിത്രത്തിന്റെ ഫോട്ടോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന് കീഴിലാണ് ഇരിക്കൽ സമരക്കാർ പ്രതിഷേധവുമായി എത്തിയത്. കല്യാൺ സാരീസിലെ വനിതാ ജീവനക്കാരെ അനധികൃതമായി പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നതിന് ഇടെയാണ് മഞ്ജുവാര്യർക്കെതിരെയും പ്രതിഷേധം ശക്തമായത്.

അമിതാഭ് ബച്ചൻ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഷെയർ ചെയ്യുകയാണ് മഞ്ജു ചെയ്തത്. കല്യാൺ ജൂവലേഴ്‌സിന്റെ കേരളത്തിലെ ബ്രാൻഡ് അംബാസിഡറാണ് മഞ്ജു വാര്യർ. മറ്റ് ബ്രാൻഡ് അംബാസിഡേഴ്‌സായ അമിതാഭ് ബച്ചൻ, പ്രഭു, വെങ്കട് പ്രഭു, നാഗാർജുന, ശിവരാജ് കുമാർ എന്നിവർക്കൊപ്പം മഞ്ജു നിൽക്കുന്നൊരു ചിത്രമാണ് ബച്ചൻ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത്.

എന്നാൽ ഇരിക്കൽ സമരക്കാരെ പ്രോത്സാഹിപ്പിക്കാതെ മുതലാളിമാരെ പിന്തുണച്ചതിനാണ് പ്രതിഷേധം. കല്യാൺ സാരീസിലെ ജീവനക്കാരുടെ ഇരിക്കൽ സമരത്തിനുള്ള പിന്തുണ എന്ന നിലയിലാണ് പോസ്റ്റുകളേറെയും.

'പാവപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്ന നീതിനിഷേതതിനെതിരെ ഒരു വാക്ക് പറയാനാകുമോ....നിങ്ങലെപോലുല്ലവർക്ക് കോടികൾ തരാൻ അടിമപണി ചെയ്യുന്ന നാടിന്റെ നട്ടെല്ലായ ആ സ്ത്രീകളും കേരളത്തിന്റെ ഹതഭാഗ്യകളായ മക്കളാണ്..ശബ്ദം ഉണ്ടാക്കാൻ കഴിവുള്ളവർ മുതലാളിമാർക്കുവേണ്ടി മാത്രം ഉപയോഗിക്കാതെ നീതിനിഷേതതിനെതിരെ കൂടി ശബ്ധിക്കുക...'

കല്യാൺ കുടുംബത്തിന്റെതാണെങ്കിലും കല്യാൺ ജൂവലേഴ്‌സും കല്യാൺ സാരീസും രണ്ട് ഗ്രൂപ്പുകളാണെന്നും മഞ്ജുവിനെ വിമർശിക്കുന്നതിൻ എന്താണ് അർദ്ധമുള്ളതെന്നുമുള്ള വിമർശനവുമുണ്ട്.