- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ കെഎസ്ആർടിസി ബസുകൾക്ക് കല്ലെറിയുന്ന പ്രത്യേക സംഘം! അർധരാത്രി ചില്ല് തകർന്നത് നാല് ബസുകൾക്ക്; രാത്രി ബസുകൾ ഓടുന്നത് ഫുൾ ഷട്ടറിട്ട് പൊലീസ് സംരക്ഷണത്തിൽ; പ്രതികളെ ഇനിയും പിടികൂടാനായില്ല; കെഎസ്ആർടിസിയിലെ രാത്രി യാത്രയിൽ ഭീതി
തൃശൂർ: അർധരാത്രിയിൽ കെഎസ്ആർടിസി ബസുകളെ മാത്രം കല്ലെറിയുന്ന ഒരു സംഘം തൃശൂരിൽ പ്രവർത്തിക്കുന്നത് ഭീതി ഉയർത്തുന്നു. കഴിഞ്ഞ ഒരാഴ്ചയായി തൃശുർ സംസ്ഥാന പാതയിൽ മുണ്ടൂർ, മുണ്ടൂർ മഠം, പുറ്റേക്കര, അമലനഗർ മേഖലകളിൽ അർധാരാത്രി കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടാവുകയാണ്. നാലു ബസുകളുടെ ചില്ലുതകർന്നിട്ടും ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽനിന്ന് കോട്ടയം, കൊട്ടാരക്കര, നെയ്യാറ്റിൻകര എന്നിവിടങ്ങളിലേക്ക് പോകുന്ന ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ഓഗസ്റ്റ് എട്ടിന് മുണ്ടൂർ പമ്പിന് സമീപമാണ് ആദ്യ സംഭവമുണ്ടായത്. നാലിടത്തായി നടന്ന കല്ലേറുകൾ അർധരാത്രിക്ക് ശേഷമാണ് ഉണ്ടായത്. കല്ലേറുകൾക്ക് ശേഷം ബസ് നിർത്തി നോക്കിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമികൾ ബൈക്കുകളിൽ കടന്നുകളഞ്ഞതായും ബസ് ജീവനക്കാർ സംശയം പറയുന്നു. ബസുകളുടെ ചില്ല് തകർന്നത് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും, പൊലീസ് അന്വേഷണം കഴിയുന്നതുവരെ പ്രതികരിക്കാനില്ലെന്നാണ്, കെഎസ്ആർടിസി അധികൃതർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബസുകൾക്ക് നേരെ വീണ്ടും കല്ലേറുണ്ടായെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. പേരാമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. മാനസിക വൈകല്യമുള്ളവരാകാം ഇതിന് പിറകിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകളെ തിരഞ്ഞ് ആക്രമിക്കുന്ന സംഭവത്തിലെ ദുരൂഹതയും പൊലീസ് തള്ളിക്കളയുന്നില്ല. സ്വകാര്യ സബ് ലോബിക്ക് ഇതുമായി ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട് ആക്രമണത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
സംഭവം ആദ്യം പുറത്തറിയിക്കാതെ നോക്കാനാണ്, കെഎസ്ആർടിസിയും പൊലീസും ശ്രമിച്ചത്. എന്നാൽ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇത്തരം ഒരു കല്ലേറിന്റെ സംഭവം പ്രചരിച്ചിരുന്നു. ഇത് പുറത്തായതാണ് ഭീതി പരത്തിയത്. ഇതോടെ യാത്രക്കാരും ഭീതിയിലാണ്. എല്ലാ ആക്രമണങ്ങളും രാത്രി 12 മണിക്ക് ശേഷമാണ് ഉണ്ടാവുന്നത് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ പൊലീസ് സംരക്ഷണത്തോടെയാണ് ഈ മേഖലയിൽ കെഎസ്ആർടിസി ബസുകൾ രാത്രി കടുന്നുപോകുന്നത്. വശങ്ങളിൽനിന്ന് കല്ലേറ് ഉണ്ടായാൽ ഒന്നും പറ്റാതിരിക്കാൻ ഫുൾ ഷട്ടറിട്ടാണ് യാത്ര. മുന്നിലും പിന്നിലുമായി മഫ്ടി പൊലീസുകാർ ഉണ്ടാവുകയും ചെയ്യും.
ഈ മുണ്ടൂർ മേഖലയിൽ റോഡ് റിപ്പയറിങ്ങ് നടക്കുകയാണ്. അതിന്റെ ഭാഗമായി കുണ്ടും കുഴിയുമായ റോഡിലുടെയാണ് യാത്ര. റോഡുകളുടെ തകർച്ചയിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്നും പറയുന്നുണ്ട്. അങ്ങനെ ആണെങ്കിൽ അവർ എന്തിനാണ് കെഎസ്ആർടിസി ബസിനെ മാത്രം കല്ലെറിയുന്നത് എന്ന ചോദ്യമുണ്ട്. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ യാത്ര ചെയ്യുന്ന ഈ സംസ്ഥാന പാതയിൽ മറ്റ് ഒരു വാഹനത്തിനും ഇത്തരത്തിലുള്ള യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. അതിനിടെ പ്രദേശത്തെ ചില മദ്യപസംഘമാണ്, അക്രമത്തിന് പിന്നിലെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ ക്രിമിനൽ സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല.
നേരത്തെ വർക്കലയിൽ, രണ്ടുവർഷം മുമ്പ് ഇതുപോലെ ഒരു കല്ലേറ് ഉണ്ടാവുകയും ഒരു യാത്രക്കാരന്റെ കാഴ്ച ഭാഗികമായി നഷ്ടമാവുകയും ചെയ്തിരുന്നു. അർധരാത്രിയിലെ ഹൈവേ കല്ലേറിന്റെ വാർത്ത ചില വാട്സാപ്പ് ഗ്രൂപ്പുകൾ വല്ലാതെ പെരുപ്പിച്ച് പ്രചരിപ്പിക്കുകയും ചെയ്തതോടെ യാത്രക്കാരിലേക്കും ഭീതി ബാധിക്കുകയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ