ന്യൂഡൽഹി: അങ്ങനെ പെട്ടെന്നൊന്നും അഫ്സാൻ ആഷിഖ് എന്ന പെൺകുട്ടിയെ ആരും മറക്കില്ല. സൈനികരെ പരസ്യമായി കല്ലെറിഞ്ഞു കൊണ്ടാണ് അവൾ ലോകത്തിന്റെ മുമ്പിൽ എത്തിയത്. എന്നാൽ കഴിഞ്ഞ കഥകളൊന്നും പറഞ്ഞ് സമയം കളായാൻ അഫ്‌സാനാകില്ല. കാരണം അവൾ ഇന്ന് ജമ്മുകശ്മീർ വനിത ഫുട്‌ബോൾ ടീം ക്യാപ്റ്റനാണ്. സൈന്യത്തിന് നേരെ കല്ലെറിയുന്ന ഒറ്റ ചിത്രം അന്നത്തെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അന്ന് രാജ്യത്തിന് എതിരെ പ്രവർത്തിച്ചുവെങ്കിലും ഇന്ന് രാജ്യത്തിന് പ്രശസ്തി നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് അഫ്‌സാൻ ആഷിഖ് എന്ന 21 കാരി.

ജമ്മു കാഷ്മീരിൽ പൊലീസും പ്രക്ഷോഭകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ അഫ്സാൻ എന്ന പെൺകുട്ടി പൊലീസിനെ കല്ലെറിയുന്ന ചിത്രമാണ് സോഷ്യൽ മീഡിയകളിലൂടെ ആളുകൾ കണ്ടത്. നീല സൽവാർ കമ്മീസണിഞ്ഞ്, ദുപ്പട്ടകൊണ്ട് മുഖം പാതിമറച്ച്, സ്‌കൂൾ ബാഗും തോളിൽ തൂക്കി രോഷാകുലയായ അഫ്സാൻ സൈനികവാഹനത്തിനു നേരെ കല്ലെറിയുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അന്ന് അഫ്സാനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തിയിരുന്നു.

എന്നാൽ ഇന്ന് അഫ്സാന്റെ ജീവിതം ആകെപ്പാടെ മാറിയിരിക്കുകയാണ്. ജമ്മു കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ് അഫ്സാനിപ്പോൾ. ഒരിക്കൽ രാജ്യത്തിന് അഭിമാനമാകുന്ന ഫുട്‌ബോൾ താരമാകണമെന്നാണ് ഇന്ന് ഈ പെൺകുട്ടിയുടെ ആഗ്രഹം. കേന്ദ്രമന്ത്രി രാജ്്നാഥ് സിംഗിനെ സന്ദർശിച്ച ശേഷം അഫ്‌സാൻ പറഞ്ഞതും ഇങ്ങനെയാണ. 'പഴയ കാര്യങ്ങൾ ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതം മാറിക്കഴിഞ്ഞു. കല്ലെറിഞ്ഞ പെൺകുട്ടി എന്നതിനെക്കാൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചവൾ എന്ന് അറിയപ്പെടാനാണ് എന്റെ ആഗ്രഹം. സംസ്ഥാനത്തെയും രാജ്യത്തെയും പ്രശസ്തിയിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ എന്റെ ദൗത്യം' അഫ്സാൻ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 24ന് ഉണ്ടായ ഒരു സംഭവത്തെ തുടർന്നാണ് അഫ്സാൻ പൊലീസിനു നേരെ കല്ലെറിഞ്ഞത്. കോത്തി ബാഗിലെ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് കൂട്ടുകാരികൾക്കൊപ്പം പരിശീലന മൈതാനത്തേക്കു നടന്നു പോവുകയായിരുന്നു അഫ്സാൻ. പെട്ടെന്നാണ് റോഡിൽ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. അഫ്സാനും കൂട്ടുകാരികളും അതിൽ പെട്ടുപോയി. ഒരു പൊലീസുകാരൻ അഫ്സാന്റെ കൂട്ടുകാരികളിലൊരാളെ അടിക്കുകയും ചെയ്തു.

എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്ന അഫ്സാൻ പിന്നീട് സങ്കടവും ദേഷ്യവും സഹിക്കവയ്യാതെ കയ്യിൽ കിട്ടിയ കല്ലെടുത്തെറിയുകയായിരുന്നു. അതേക്കുറിച്ച് അഫ്സാൻ പറയുന്നതിങ്ങനെ. ആ സമയത്ത് അപമാനിതയായിട്ടാണ് എനിക്കു തോന്നിയത്. പ്രതികരിക്കാതെ വയ്യ എന്ന് അപ്പോൾ തോന്നി. പക്ഷേ, കല്ലെറിയുന്ന തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും കാഷ്മീരിലെ പ്രശ്നത്തിനു പരിഹാരമല്ല എന്ന് ഇപ്പോൾ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യൻ ടീമിൽ കളിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും അഫ്സാൻ പറയുന്നു.