വാഷിങ്ടൺ: ഇന്ത്യ, ചൈന അടക്കം 23 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇമിഗ്രന്റ്, നോൺ ഇമിഗ്രന്റ് വിസ അനുവദിക്കുന്നത് നിർത്തലാക്കണമെന്ന് ഉന്നത അമേരിക്കൻ സെനറ്റർ ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. അമേരിക്കൻ ജയിലുകളിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരേയും മറ്റും തിരിച്ചെടുക്കാൻ ഈ രാജ്യങ്ങൾ വിമുഖത കാട്ടുന്നതിൽ പ്രതിഷേധിച്ചാണ് സെനറ്റർ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.

കൊലപാതകികളും അനധികൃത കുടിയേറ്റക്കാരും അടക്കം നിരവധി കുറ്റവാളികളെ നിത്യേനയെന്നോണം ജയിലുകളിൽ നിന്ന് പുറത്താക്കുന്നുണ്ടെന്നും ഇവരെ തിരിച്ചു സ്വീകരിക്കാൻ മാതൃരാജ്യങ്ങൾ സഹകരിക്കുന്നില്ലെന്നും കാട്ടിയാണ് റിപ്പബ്ലിക്കൻ സെനറ്ററായ ചൂക്ക് ഗ്രാസ്ലെ രംഗത്തെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ജെഹ് ജോൺസണ് കത്ത് അയച്ചിരിക്കുകയാണ് ഗ്രാസ്ലെ.

2015ൽ മാത്രം യുഎസിൽ നിന്നും 2166 പേരെ പുറത്ത് വിട്ടിരുന്നുവെന്നും എന്നാൽ അവരുടെ മാതൃരാജ്യങ്ങൾ ഇവരെ തിരിച്ചെടുക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു. അതിന് മുമ്പത്തെ രണ്ട് വർഷങ്ങളിലായി 6100 ക്രിമിനലുകളെ ഇത്തരത്തിൽ പുറത്ത് വിട്ടിരുന്നുവെന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ കൂടിയായ ഗ്രാസ്ലെ വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ അഞ്ച് പ്രധാനപ്പെട്ട രാജ്യങ്ങളാണ് യുഎസുമായി സഹകരിക്കാതിരിക്കുന്നതെന്നാണ് ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നത്. ക്യൂബ, ചൈന, സോമാലിയ, ഇന്ത്യ, ഘാന, എന്നിവയാണവ. ഇത്തരത്തിൽ സഹകരണം കുറഞ്ഞ മറ്റ് 62 രാജ്യങ്ങളെ കൂടി യുഎസ് ഇമിഗ്രേഷൻസ് ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നിരീക്ഷിച്ച് വരുന്നുണ്ട്. എന്നാൽ ഇവ ഇക്കാര്യത്തിൽ നേരത്തെ പരാമർശിച്ച 23 രാജ്യങ്ങളുടെ അത്ര നിരുത്തരവാദിത്വം കാട്ടുന്നില്ലെന്നും ഗ്രാസ്ലെ പറയുന്നു.


സെക്ഷൻ 243(ഡി) അനുസരിച്ച് ഇത്തരത്തിൽ ക്രിമിനലുകളെ തിരിച്ചെടുക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ഇമിഗ്രന്റ് അല്ലെങ്കിൽ നോൺ-ഇമിഗ്രന്റ് വിസകൾ അനുവദിക്കാതിരിക്കാൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ആവശ്യപ്പെടാവുന്നതാണെന്നും ഗ്രാസ്ലെ പറയുന്നു.2001ൽ ഗയാനയുടെ കേസിൽ മാത്രമാണ് ഈ സെക്ഷനെ യുഎസ് ഉപയോഗിച്ചിരുന്നത്. അന്ന് ഇത് നടപ്പിലാക്കിയതിനെ തുടർന്ന് ഈ വിഷയത്തിൽ ഗയാനയുടെ സഹകരണം യുഎസിന് ലഭ്യമാവുകയും ചെയ്ത കാര്യം ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നുണ്ട്.