വിമാനം ടേക്ക് ഓഫിന്റെയും ലാന്റിങ്ങിന്റെയും നിർണായക സമയങ്ങളിൽ ലേസർ ടോർച്ച് അടിക്കുന്ന സംഭവം ആവർത്തിക്കുന്നതോടെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ് രംഗത്തെത്തി. ടേക്ക് ഓഫിന്റെയും ലാന്റിങ്ങിന്റെയും നിർണായക സമയങ്ങളിൽ പൈലറ്റിന്റെ ശ്രദ്ധ തെറ്റിക്കാൻ ലേസർ രശ്മികൾക്ക് കഴിയും എന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

പൈലറ്റിന്റെ കാഴ്ച കുറച്ചുനേരത്തേക്ക് നഷ്ടപ്പെടാൻ ലേസർ പ്രയോഗം വഴിയൊരുക്കുമെന്ന് ആർ.ഒ.പി എയർ വിങ്ങ്‌സ് യൂനിറ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ആദിൽ അഹമ്മദ് ലവാട്ടി പറഞ്ഞു. കുട്ടികൾ തമാശക്ക് ഉപയോഗകുന്നതാണ് കൂടുതലും. ഇതിന്റെ അപകട വശങ്ങളെ കുറിച്ച് ഒട്ടും അറിവില്ലാത്ത കൗമാരക്കാരും യുവാക്കളും ചില സമയങ്ങളിൽ ഇത്തരം പ്രവർത്തികളിൽ ഏർപ്പെടാറുണ്ട്. രക്ഷകർത്താക്കൾ അടിയന്തിര പ്രാധാന്യത്തോടെ ഇത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് പിടിയിലാകുന്നവർക്ക് തടവും പിഴയുമടക്കം ശിക്ഷകളാണ് ഒമാൻ പീനൽകോഡ് വ്യവസ്ഥ ചെയ്യുന്നത്. ഗുരുതരമായ നാശനഷ്ടങ്ങൾക്ക് ഇടയാകുന്ന വിധമുള്ള പ്രവർത്തനങ്ങൾക്ക് മൂന്ന് വർഷം 15 വർഷം വരെ തടവാണ് ശിക്ഷ. ഇത്തരം പ്രവർത്തനങ്ങൾ ആരുടെയങ്കിലും മരണത്തിന് ഇടയാക്കിയാൽ വധശിക്ഷ വരെ ലഭിക്കാനിടയുണ്ടെന്നും അൽ ലവാട്ടി പറഞ്ഞു.