ദോഹ: യൂണിഫോം വിൽക്കുന്നതിൽ നിന്നും വിതരണം ചെയ്യുന്നതിൽ നിന്നും എല്ലാ സ്വകാര്യ സ്‌കൂളുകളേയും കിന്റർഗാർട്ടണുകളേയും സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ (എസ്ഇസി) വിലക്കി. യൂണിഫോം കച്ചവടത്തിൽ നിന്നു സ്‌കൂളുകളെ മാത്രമല്ല, സ്‌കൂൾ പരിസരത്ത് ഇവയുടെ വിതരണവും വില്പനയും എസ്ഇസി വിലക്കിയിട്ടുണ്ട്.

സ്‌കൂളിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ വേണ്ടി ഏതെങ്കിലും ഷോപ്പുമായോ വിതരണക്കാരുമായോ യാതൊരു ബന്ധവും പാടില്ലെന്നും ഇവരുടെ വില്പനയെ സ്‌കൂളുകൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. സ്‌കൂൾ യൂണിഫോം വാങ്ങാനുള്ള പൂർണ സ്വാതന്ത്ര്യം കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകാൻ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഗാർട്ടണുകൾക്കും എസ്ഇസി സർക്കുലർ നൽകിയിട്ടുണ്ട്. അവർക്ക് ഇഷ്ടമുള്ളിടത്തു നിന്ന് യൂണിഫോം വാങ്ങട്ടെ. സ്‌കൂളുകൾ അതിൽ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.

യൂണിഫോമിന്റെ നിറവും ഡിസൈനും യൂണിഫോമിൽ പതിപ്പിക്കേണ്ട സ്‌കൂൾ ലോഗോയും നിർദേശിക്കുക മാത്രമാണ് സ്‌കൂളുകളുടെ കടമയെന്നും അതിലപ്പുറത്തുള്ള കാര്യങ്ങളിൽ കൈകടത്തേണ്ട ആവശ്യമില്ലെന്നുമാണ് നിർദ്ദേശം. സ്‌കൂൾ യൂണിഫോം വില്പനയുടെ പേരിൽ നിലവിൽ ചില സ്‌കൂളുകളും കച്ചവട സ്ഥാപനങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധമാണ് ഇതുവഴി ഇല്ലാതാകുന്നതെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മിനിസ്ട്രി നേരത്തെ തന്നെ സുപ്രീ എഡ്യൂക്കേഷൻ കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നതാണ്.