പെർത്ത്: പെർത്തിലാകമാനം ഉണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും ആയിരക്കണക്കിന് കുടുംബങ്ങൾ ഇരുട്ടിലായി. 2015-ൽ ആദ്യമായി പെയ്ത മഴ എങ്ങും ദുരിതം വിതയ്ക്കുകയായിരുന്നു. ശക്തമായ ഇടിമിന്നലിനെ തുടർന്ന് കനത്ത മഴ മിക്കയിടങ്ങളിലും പെയ്യുകയായിരുന്നു. ചിലയിടങ്ങളിൽ ആലിപ്പഴ വീഴ്ചയും രേഖപ്പെടുത്തി.

അറുപത്തൊന്നു ദിവസമായി ആദ്യമായി പെയ്ത മഴ ഇന്നലെ രാവിലെ ഒമ്പതോടെ അഞ്ചു മില്ലിമീറ്റർ രേഖപ്പെടുത്തുന്നതായിരുന്നു. ഉച്ചയായപ്പോൾ സിറ്റിയിൽ അത് 13 മില്ലിമീറ്ററായി ശക്തിപ്രാപിച്ചു. മിക്കയിടങ്ങളിലും പത്തു മില്ലിമീറ്റർ കനത്തിലാണ് മഴ ലഭിച്ചത്.
ഇടിമിന്നൽ ശക്തമായ റോലിസ്‌റ്റോൺ, കാനിങ് മിൽസ്, വറൂണ എന്നിവിടങ്ങളിൽ ചിലയിടത്ത് തീപിടുത്തത്തിനു വരെ കാരണമായി. ഇടിമിന്നലിനെ തുടർന്ന് വസ്തുവകകൾക്ക് നാശനഷ്ടം സംഭവിച്ചതിനെത്തുടർന്ന് സ്റ്റേറ്റ് എമർജൻസി സർവീസിന് പത്തിലധികം കോളുകൾ ലഭിച്ചിരുന്നു. തീപിടുത്തമുണ്ടായ സ്ഥലങ്ങളിൽ സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും വറൂണയിലുണ്ടായ അഗ്നിബാധ ഇപ്പോഴും തുടരുകയാണ്.

കൊടുങ്കാറ്റിനെ തുടർന്ന് വൈദ്യുതി വിഛേദിക്കപ്പെട്ട മേഖലകളിൽ പുനഃസ്ഥാപിക്കുന്നതിനായി ജീവനക്കാർ പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. വൈകുന്നേരത്തോടു കൂടി മൂവായിരത്തിലധികം കുടുംബങ്ങൾക്കാണ് വൈദ്യുതി വിഛേദിക്കപ്പെട്ടത്. ഇന്നു പുലർച്ചെ അഞ്ചിനുണ്ടായ ഇടിമിന്നലിൽ 30,000 ഉപയോക്താക്കൾക്കാണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടത്. എന്നാൽ ഉച്ചയോടു കൂടി പകുതിയിലേറെപ്പേർക്കും വൈദ്യുദിബന്ധം പുനഃസ്ഥാപിച്ചു നൽകിയിട്ടുണ്ട്. ബെൽമോണ്ട്, സൗത്ത് പെർത്ത്, ഡൺക്രെയ്ഗ്, കെൻവിക്ക്, കാനിങ്ടൺ, സോറന്റോ, മേലാൻഡ്‌സ് എന്നിവിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പണികൾ നടന്നുകൊണ്ടിരിക്കുന്നത്.
കൊടുങ്കാറ്റും ഇടിമിന്നലും വിമാന സർവീസുകളേയും ബാധിച്ചിട്ടുണ്ട്. പെർത്ത് എയർപോർട്ടിൽ നിന്നുള്ള മിക്ക വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. വിമാനസർവീസുകളെക്കുറിച്ച് അറിയാൻ യാത്രക്കാർ പെർത്ത് എയർപോർട്ട് വെബ്‌സൈറ്റിൽ സന്ദർശിച്ചതു മൂലം വെബ് സൈറ്റും ഡൗണായി.

റോഡു ഗതാഗതത്തേയും കൊടുങ്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ട്. ആലിപ്പഴ വർഷത്തിൽ റോഡുകൾ തെന്നിക്കിടക്കുകയാണെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നുമാണ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിക്കുന്നത്. കൊടുങ്കാറ്റിൽ കടൽത്തിരമാലകൾ ഏറെ ഉയരാൻ സാധ്യതയുണ്ടെന്നും തീരദേശവാസികൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.