ഡബ്ലിൻ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ഡെസ്മണ്ട് കൊടുങ്കാറ്റിൽ പരക്കെ നാശനഷ്ടം. മൂന്നു ദിവസം അടുപ്പിച്ച് പെയ്ത ശക്തമായ മഴയിൽ മിക്കയിടങ്ങളും പ്രളയത്തിൽ മുങ്ങി. റോഡുകൾ തടസപ്പെട്ടു ഗതാഗതം മുടങ്ങി. ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി വിഛേദിക്കപ്പെട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വീണു.

മരങ്ങൾ വൈദ്യുതി കമ്പികളിൽ വീണു കിടക്കുന്നതിനാൽ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഡൊനദൽ, കെയർ, ക്ലെറി എന്നീ മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് അറിയിപ്പാണ് നൽകിയിരുന്നത്.  മഴ രൂക്ഷാകാൻ സാധ്യതയുള്ള മേഖലകളിൽ രക്ഷാ പ്രവർത്തനത്തിനായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. എച്ച്എസ്ഇയുടെ മെഡിക്കൽ ടീമും ഇവരോടൊപ്പമുണ്ട്.

പടിഞ്ഞാറൻ തീരപ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ശക്തിയായി വീശിയടിച്ചതെങ്കിലും തെക്കൻ, വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് പ്രളയക്കെടുതികൾ കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോ കോർക്കിലെ ബാൻഡൻ മേഖലയിലാണ് പ്രളയം ഏറെ ബാധിച്ചത്. സൗത്ത് മെയിൻ സ്ട്രീറ്റിലേയും ഒലിവർ പ്ലംങ്കറ്റ് സ്ട്രീറ്റിലേയും നിരവധി മേഖലകൾ വെള്ളത്തിനടിയിലായി. റോഡു നീളെ മരങ്ങൾ വീണുകിടക്കുന്നതും റോഡുകൾ വെള്ളത്തിനടിയിലായതും വാഹനമോടിക്കുന്നവർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. മയോ, ഗാൽവേ, സ്ലൈഗോ, കോർക്ക്, ഡൊണീഗൽ എന്നിവിടങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണമെന്നും ജാഗത്ര പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് കോ കെറിയിലെ ട്രേലീ തീർത്തും ഒറ്റപ്പെട്ടിരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഇവിടെ സൈന്യം ഇടപെട്ടാണ് രക്ഷാപ്രവർത്തനം ചെയ്തുവരുന്നത്. ഗാൽവേയിൽ ഡങ്കലിൻ റിവർ കരകവിഞ്ഞതിനെ തുടർന്ന് കോ ഗാൽവേയിൽ യാത്ര ഏറെ ദുഷ്‌ക്കരമായിരിക്കുകയാണ്. നദിക്കരയിലുള്ള വീടുകൾക്ക് ഇതു ഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്. പലയിടങ്ങളിലും നദികൾ കരകവിഞ്ഞത് ഏറെ ഭീഷണി ഉയർത്തുന്നുണ്ട്.