ബെർലിൻ: രാജ്യത്ത് ശക്തമായ കാറ്റും മഴയും വിതച്ച് ഹെയ്‌നി കൊടുങ്കാറ്റ്. ചൊവ്വാഴ്ച വൈകുന്നേരം ആഞ്ഞടിച്ച ശക്തമായ കാറ്റിൽ രാജ്യമെമ്പാടും പരക്കെ നാശ നഷ്ടങ്ങളാണുണ്ടായത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നും ആരംഭിച്ച ഹെയ്‌നി കൊടുങ്കാറ്റ് സ്‌കോട്ട്‌ലണ്ടും സ്‌ക്കാൻഡനാവിയയും ചുറ്റിയാണ് ജർമനിയുടെ പടിഞ്ഞാറൻ, കിഴക്കൻ തീരങ്ങളിൽ വീശിയടിച്ചത്.

ഹെയ്‌നിയുടെ സാന്നിധ്യത്തിൽ ശക്തമായ കാറ്റും പരക്കെ മഴയും അനുഭവപ്പെട്ടു. ഹെയ്‌നി കൊടുങ്കാറ്റ് എത്തുന്നതിന് മുമ്പു തന്നെ രാജ്യമെമ്പാടും ജർമൻ വെതർ സർവീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വേഗതയേറിയ കാറ്റ് വീശിയത് തീരദേശത്തുള്ളവർക്ക് ഏറെ ഭീഷണി ഉയർത്തിയിരുന്നു.

ഹെയ്‌നി കൊടുങ്കാറ്റിന്റെ ആക്രമണം കുറയുമ്പോൾ  ഇവാൻ എന്നു പേരിട്ടിരിക്കുന്ന ജർമൻ തീരങ്ങളിൽ വീശുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇവാൻ ജർമനിയയുടെ അന്തരീക്ഷ താപനില ഏറെ താഴ്‌ത്തുമെന്നാണ് പ്രവചനം. താപനില ഏറെ കുറയുന്നതോടെ ആഴ്ചാവസാനം മഞ്ഞിൽ കുളിക്കുമെന്നാണ് റിപ്പോർട്ട്.

അപ്രതീക്ഷിതമായ വീശിയടിച്ച ഹെയ്‌നി കൊടുങ്കാറ്റ് മൂലം ജർമനിയുടെ പടിഞ്ഞാറൻ മേഖലകളിൽ മിന്നൽ പ്രളയം ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിൽ റോഡുകൾ പലതും വെള്ളത്തിനടിയിലായി. കൂടാതെ വടക്കു പടിഞ്ഞാറൻ മേഖലയിലുള്ള ഓസ്‌റ്റേ നദിയും ലൂൺ നദിയും കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്.