ബെർലിൻ: ജർമനിയിലേക്കുള്ള അഭയാർഥി പ്രവാഹത്തിന് കനത്ത തിരിച്ചടിയായി പ്രതികൂല കാലാവസ്ഥയും. ജർനിയിലേക്കുള്ള പ്രധാന പാതയായിരുന്ന ഏജിയൻ കടലിൽ വീശിയടിക്കുന്ന ശക്തമായ കൊടുങ്കാറ്റ് മൂലം അഭയാർഥികൾക്ക് രാജ്യത്ത് എത്തിച്ചേരാനാകുന്നില്ലെന്നാണ് റിപ്പോർട്ട്. മുൻ ആഴ്ചയിലെ അപേക്ഷിച്ച് അഭയാർഥി പ്രവാഹം ഈയാഴ്ചയിൽ പകുതിയായി കുറഞ്ഞു. മിഡ്ഡിൽ ഈസ്റ്റിൽ നിന്ന് ടർക്കി വഴി യൂറോപ്പിലെക്കു കടക്കുന്നത് പ്രധാനമായും ഏജിയൻ കടൽ വഴിയായിരുന്നു.

ഏതാനും ആഴ്ചകളായി ദിനംപ്രതി ഏഴായിരത്തോളം അഭയാർഥികളാണ് ജർമനിയിൽ എത്തിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ശനിയാഴ്ച 2650 അഭയാർഥികളും ഞായറാഴ്ച 3136 അഭയാർഥികളുമാണ് രാജ്യത്തെത്തിയെന്നാണ് പൊലീസിന്റെ രേഖകളിൽ. മോശമായ കാലാവസ്ഥ കൂടാതെ ബാൽക്കൻ മേഖലയിലെ വിവിധ രാജ്യങ്ങളുടെ അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അഭയാർഥി പ്രവാഹത്തിന് താത്ക്കാലികമായി തടയിട്ടുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

യൂറോപ്പിലേക്ക് റോഡ് മാർഗം കടക്കുന്ന അഭയാർഥികൾ ബാൽക്കൻ മേഖലകളിലൂടെയാണ് എത്തുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ രണ്ടാഴ്ചയായി സിറിയൻ അഭയാർഥികളെ മാത്രമേ സ്ലൊവേനിയ കടത്തി വിടുന്നുള്ളൂ. ജർമനിയിൽ നവംബറിൽ തന്നെ എത്തിയ അഭയാർഥികളുടെ എണ്ണം 216000 ആണ്. അഭയാർഥി പ്രവാഹത്തിൽ റെക്കോർഡ് വർധനയുണ്ടായിരിക്കുന്ന മാസവും നവംബർ ആണെന്നാണ് പൊലീസ് റിപ്പോർട്ട്.