ഡാളസ്: ക്രിസ്മസ് അവധി ദിനങ്ങളിൽ യുഎസിൽ അങ്ങോളമിങ്ങോളം ആഞ്ഞുവീശിയ കൊടുങ്കാറ്റിലും ചുഴലിയിലും പെട്ട് 43 പേർ കൊല്ലപ്പെട്ടു. വർഷത്തിലെ ഏറ്റവും തിരക്കേറിയ സീസണലിൽ എത്തിയ കൊടുങ്കാറ്റിൽ പരക്കെ നാശനഷ്ടമാണ് സംഭവിച്ചത്. കെട്ടിടങ്ങൾ നിലംപരിശാകുകയും പരക്കെ ഗതാഗത തടസം ഉണ്ടാകുകയും ചെയ്തിരിക്കുകയാണ്.
യുഎസിന്റെ തെക്കൻ, തെക്കു കിഴക്കൻ, മധ്യപടിഞ്ഞാറൻ മേഖലകളെയാണ് കൊടുങ്കാറ്റും ചുഴലിയും കനത്ത തോതിൽ പ്രഹരിച്ചത്. ആഞ്ഞുവീശിയ കാറ്റും പേമാരിയും മൂലം മിക്കയിടങ്ങളിലും മിന്നൽപ്രളയം ഉണ്ടാക്കി. ക്രിസ്മസ് പുതുവത്സരാഘോഷം ഗംഭീരമാക്കുന്നതിനായി യാത്രകൾ പ്ലാൻ ചെയ്തവർക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഗതാഗത തടസവും ഉടലെടുത്തു.

മോശം കാലാവസ്ഥയെ തുടർന്ന് മിസൗറി, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിൽ ഗവർണർമാർ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മിസൗറിയിലും ഇല്ലിനോയ്‌സിലും വെള്ളപ്പൊക്കത്തിൽ 13 പേരാണ് മരിച്ചത്. ടെക്‌സാസിൽ ടൊർണാഡോയുടെ താണ്ഡവം 11 പേരുടെ ജീവനെടുത്തു. മണിക്കൂറിൽ 200 മൈൽ വേഗത്തിലാണ് ഇവിടെ ചുഴലി ആഞ്ഞടിച്ചത്. ഇതിൽ എട്ടു പേർ ഹൈവേയിൽ നിന്നു പറന്നുപോയ കാറിനുള്ളിൽപ്പെട്ടാണ് മരിച്ചത്.

മിസൗറിയിൽ പ്രാദേശിക നിവാസികളെ അവരുടെ വീടുകളിൽ നിന്ന് എമർജൻസി വർക്കർമാർ ഒഴിപ്പിച്ചു. തോരാതെ പെയ്യുന്ന മഴ അവസ്ഥ കൂടുതൽ ദുരിതത്തിലാഴ്‌ത്തുമെന്നാണ് ഗവർണർ ജേ നിക്‌സൺ വ്യക്തമാക്കുന്നത്. മിസൗറിയിൽ റോഡിലൂടെ പാഞ്ഞ വാഹനങ്ങൾ മിന്നൽപ്രളയത്തിൽ പെട്ട് ഒഴുകിപ്പോകുകയും ചെയ്തു.  ഡാളസ് മെട്രോപൊലീറ്റൻ മേഖലയിൽ മൂന്നു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകൾ ഇവിടെ തകർന്നു പോയിട്ടുണ്ട്. അർക്കൻസാസ് മേഖലയിൽ മൂന്നു ടൊർണാഡോയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെക്‌സാസ്, ലൂസിയാന, ഒക്കലഹോമ, മിസിസിപ്പി എന്നിവിടങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ക്രിസ്മസിന് രണ്ടു ദിവസം മുമ്പാണ് നാശനഷ്ടം വിതച്ചുകൊണ്ട് ചുഴലി എത്തുന്നത്. മിസിസിപ്പിയിൽ പത്തു പേർ ഉൾപ്പെടെ മൊത്തം 18 പേരാണ് ചുഴലിയുടെ ആദ്യദിനങ്ങളിൽ മരിച്ചത്. രാജ്യത്തിന്റെ പല മേഖലകളിലേക്കും വ്യാപിച്ച ടൊർണാഡോ പിന്നീട് സംഹാരതാണ്ഡവമാടുകയായിരുന്നു. ടെക്‌സാസ്, ഒക്കലഹോമ, ടെക്‌സാസ് മുതൽ ഇന്ത്യാന വരെയുള്ള മേഖല എന്നിവിടങ്ങളിൽ മിന്നൽപ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിന്റർ സ്‌റ്റോം രണ്ട് അടി വരെ മഞ്ഞുവീഴ്ചയ്ക്ക് കാരണമായേക്കാമെന്ന് ന്യൂ മെക്‌സിക്കോ ഗവർണർ സൂസാന മാർട്ടിനെസ് വ്യക്തമാക്കുന്നു. ഇവിടെ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

മോശം കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ച മാത്രം ആയിരത്തിലധികം വിമാന സർവീസുകൾ റദ്ദാക്കി. യുഎസിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഡാളസിലാണ് ഇതിൽ പകുതിയിലേറെയും വിമാനങ്ങൾ റദ്ദാക്കപ്പെട്ടിരിക്കുന്നത്.