- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ത്രികോണ മത്സരമില്ലെന്ന് ശശി തരൂർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ത്രികോണ മത്സരമില്ലെന്നും എൽഡിഎഫ് വലിയ മത്സരം കാഴ്ചവയ്ക്കുന്നില്ലെന്നും സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് വെല്ലുവിളി നേരിടുന്നതെന്നും, പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്ന് തരൂർ പ്രതികരിച്ചു.
"പ്രചരണം തുടങ്ങിയ സമയത്ത് ത്രികോൺ മത്സരം എന്ന പ്രതീതി തോന്നിയിരുന്നു. പക്ഷേ രണ്ടുമൂന്ന് ആഴ്ച കഴിഞ്ഞതോടെ കാര്യങ്ങൾ മനസിലായി. ഇവിടെ എൽഡിഎഫ് വലിയ മത്സരം കാഴ്ചവയ്ക്കുന്നില്ല. പന്ന്യൻ എന്റെ വലിയ സുഹൃത്താണ്, അദ്ദേഹം നല്ല മനുഷ്യാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രചരണം വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ല. എന്തിനാണ് ഇവർ മത്സരിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. എൻഡിഎയിൽ നിന്നുതന്നെയാണ് വെല്ലുവിളി. എനർജെറ്റിക്കും പ്രൊഫഷണൽപരവുമാണ് അവരുടെ തിരഞ്ഞെടുപ്പ് പ്രചരണം. എന്നാൽ അവർ പറയുന്ന പല കാര്യങ്ങളും സത്യമല്ല"-ശശി തരൂർ തുറന്നുപറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രമന്ത്രി പദവി രാജീവ് ചന്ദ്രശേഖർ ദുരുപയോഗം ചെയ്യുന്നുവെന്ന് ശശി തരൂർ നേരത്തെ ആരോപിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ടു തേടുകയാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു. "രാജീവ് ചന്ദ്രശേഖർ നുണപ്രചാരണങ്ങൾ നടത്തുകയാണ്. ഞാൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്. അറിവില്ലാത്തതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ ഒരുപാട് സംസാരിക്കുന്നത്. സ്ഥലത്ത് പ്രവർത്തിക്കാത്ത വ്യക്തി തീരദേശ സംരക്ഷണത്തെപ്പറ്റി ഒരു അറിവും ഇല്ലാതെ പറയുന്നു. തീരദേശത്ത് ഞാൻ ഒരുപാട് വികസനം കൊണ്ടുവന്നു.
മൂന്ന് കേന്ദ്രമന്ത്രിമാരെ സമീപിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന തർക്കം കാരണമാണ് നിർമ്മാണം നടക്കാത്തത്. പരിഹാരം കൊണ്ടുവരുമെന്ന് പറഞ്ഞ് ബിജെപി സ്ഥാനാർത്ഥി ജനങ്ങളെ പറ്റിക്കുകയാണ്. തീരദേശ വോട്ട് ചോരുമെന്ന പേടി എനിക്കില്ല. ചന്ദ്രയാൻ പദ്ധതിയുടെ ക്രെഡിറ്റ് കൂടി ഞാൻ ഏറ്റെടുക്കണമെന്ന് ബിജെപി പറയുന്നു. ഞാൻ എന്ത് ചെയ്‌തെന്ന് ജനത്തിന് അറിയാം" എന്നായിരുന്നു ശശി തരൂർ നേരത്തെ പറഞ്ഞത്.
എൻഡിഎ സ്ഥാനാർത്ഥി പണം നൽകി വോട്ടു തേടുകയാണെന്ന ഡോ. ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരേ രാജീവ് ചന്ദ്രശേഖർ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. തിരുവനന്തപുരത്തു നിന്നു മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇപ്പോൾ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാംകിട രാഷ്ട്രീയമാണ്. നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല; ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകൾക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ട്രീയത്തിലേക്ക് വലിച്ചിടരുത്. ശശി തരൂരിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ പ്രസ്താവനക്കെതിരേ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണി സ്ഥാനാർത്ഥികൾ.ഇന്നലെ നേമം മണ്ഡലത്തിലായിരുന്നു പന്ന്യൻ രവീന്ദ്രൻ പ്രചാരണം കേന്ദ്രീകരിച്ചത്.മണ്ഡലത്തിലെത്തിയ പന്ന്യനെ,വിഷുക്കാലമായതിനാൽ തന്നെ കണിക്കൊന്ന പൂക്കൾ നൽകിയാണ് സ്ത്രീകളടക്കമുള്ളവർ സ്വീകരിച്ചത്. പുഷ്പവൃഷ്ടിയും ഉണ്ടായിരുന്നു. രാവിലെ ഇടപ്പഴിഞ്ഞിയിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പന്ന്യന്റെ പര്യടനം ഉദ്ഘാടനം ചെയ്തത്.മേയർ ആര്യാ രാജേന്ദ്രൻ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. 50 കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പഴയ കാരയ്ക്കാമണ്ഡപത്തിൽ പര്യടനം സമാപിച്ചു.
ശശി തരൂരിന്റെ പര്യടനം പാറശാല നിയോജകമണ്ഡലത്തിലെ വെള്ളറട ബ്ലോക്കിലെ കുടപ്പനമൂട് നിന്നാണ് ആരംഭിച്ചത്.ചെണ്ട മേളത്തിന്റെ അകമ്പടിയോടുകൂടി വൻ ജനാവലിയാണ് തരൂരിനെ വരവേൽക്കാൻ എത്തിയത്. കണിക്കൊന്നയും പച്ചക്കറി മാലയും അണിയിച്ചാണ് തരൂരിനെ പ്രവർത്തകർ സ്വീകരിച്ചത്. കുടപ്പനമൂട്, മായം, പന്ത, അമ്പൂരി, വാഴിച്ചൽ പേരക്കോണം ,വാവോട്, പൂഴനാട്, തുടങ്ങിയ സ്ഥലങ്ങളിൽ എത്തിച്ചേർന്നപ്പോഴേക്കും കർഷകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് പൂഴനാട് ജുമാ മസ്ജിദ് സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുത്തു.അവിടെനിന്ന് ഉച്ചയ്ക്ക് 3.30 ഓടെ മണ്ഡപത്തിൻ കടവിലെത്തി. അരുവിപ്പുറത്താണ് പര്യടനം സമാപിച്ചത്.
ഇന്നലെ വൈകിട്ട് പഴവങ്ങാടി ഗണപതി ക്ഷേത്ര ദർശനത്തിനുശേഷമാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പര്യടനം തുടങ്ങിയത്. മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഓട്ടോ ബൈക്ക് റാലികളുടെ അകമ്പടിയോടെ തുറന്ന ജീപ്പിലായിരുന്നു പര്യടനം.ഇത് മോദിയുടെ ഗ്യാരന്റി,ഭാവിയുടെ വാഗ്ദാനം എന്ന ടീം സോംഗിന് യുവതീയുവാക്കൾ പിന്തുണയേകി.ചെണ്ടമേളവും ഉണ്ടായിരുന്നു.ഇനി കാര്യം നടക്കും എന്ന ടാഗ് ലൈനോടുകൂടിയ ടീഷർട്ട് ധരിച്ച നൂറുകണക്കിന് യുവതീയുവാക്കളാണ് പര്യടനത്തിനെത്തിയത്.തുടർന്ന് വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അശ്വതി പൊങ്കാല മഹോത്സവത്തിലും പങ്കെടുത്തു. പിന്നീട് ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലുമെത്തി.