തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗം ലോകനിലവാരത്തിലുള്ളതാണെന്ന് മേനിനടിക്കുമ്പോഴും ആശുപത്രികളിൽ അവശ്യമരുന്നുകൾ കിട്ടാക്കനിയാണ്. സർക്കാർ ആശുപത്രികളിലും മരുന്നുക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഴക്കാല രോഗങ്ങൾ പൊട്ടിപുറപ്പെടുന്നതോടെ ജീവൻ രക്ഷാമരുന്നുകളുടെ രൂക്ഷമായ ക്ഷാമം മൂലം രോഗികൾ വലയുകയാണ്.

മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ വൈകിയതാണ് ക്ഷാമത്തിനിടയാക്കുന്നത്. ഈ സാമ്പത്തിക (2022 - 23) വർഷത്തേക്കുള്ള ടെൻഡർ നടപടി മാർച്ചിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെയും ടെൻഡർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. അത് പൂർത്തിയാക്കാൻ ഇനിയും ഒരുമാസത്തിലേറെ സമയമെടുക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. കാലവർഷക്കാലത്ത് ആശുപത്രികളിൽ മരുന്ന് ക്ഷാമം കൂടുതൽ രൂക്ഷമായേക്കാം. ഇപ്പോൾ തന്നെ മെഡിക്കൽ കോളേജ് ആശുപത്രി മുതൽ പിഎച്ച്‌സി വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെ രൂക്ഷമായ ക്ഷാമം നേരിടുന്നുണ്ട്.

ഇക്കഴിഞ്ഞ ദിവസമാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ നിരക്ക് അന്തിമമാക്കിയത്. അതുതന്നെ 50 കോടി വിറ്റുവരവുള്ള കമ്പനികൾ മാത്രം ടെൻഡറിൽ പങ്കെടുത്താൽ മതിയെന്ന വ്യവസ്ഥയോടെ ആയിരുന്നു. അതിനാൽ 25 ഉം 30 ഉം കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്ക് മാറിനിൽക്കേണ്ടിവന്നു. ഇങ്ങനെ വന്നപ്പോൾ വൻകിട കമ്പനികൾ ഏകപക്ഷീയമായ ഉപാധികൾ മുന്നോട്ടുവച്ചതാണ് ടെൻഡർ നടപടികൾ വൈകിച്ചത്. കൂടുതൽ കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുന്നത് മത്സരം കൂടാനും മരുന്ന് വില കുറയാനും ഇടയാക്കും.

ഇതാണ് ഇത്തവണ ഇല്ലാതായത്. വലിയ കമ്പനികളുമായി സർക്കാർ ഇനി കരാർ ഒപ്പിടണം. തുടർന്ന് നിരതദ്രവ്യം കെട്ടിവയ്ക്കണം. പിന്നീട് വേണം പർച്ചേസ് ഓർഡർ നൽകാൻ. ഈ സാഹചര്യത്തിൽ മരുന്നെത്താൻ അടുത്ത മാസം അവസാനമാകും. ഇതിനിടെ കോർപ്പറേഷൻ മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള ഇടക്കാല നടപടികൾ എടുത്തുവരുന്നതായാണ് പറയുന്നത്. മരുന്ന് ആവശ്യത്തിലധികം സ്റ്റോക്കുള്ളിടത്തുനിന്ന് ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികളും ഉണ്ടാകണം.

ആശുപത്രികളോട് ചേർന്നുള്ള ഫാർമസികളിൽ പലയിടത്തും മരുന്നില്ല. പ്രമേഹ, രക്തസമ്മർദ്ദ മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾക്കുമാണ് പ്രധാനമായും ക്ഷാമം അനുഭവപ്പെടുന്നത്. അതേസമയം മരുന്നുകൾ തീരുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള സോഫ്റ്റ്‌വെയറിൽ ഓരോ സ്ഥാപനവും സ്റ്റോക്ക് വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താത്തതാണ് ക്ഷാമം രൂക്ഷമാക്കുന്നതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇക്കാര്യം ശ്രദ്ധിച്ച് വീഴ്ചവരുത്തന്നവരെ ശിക്ഷിക്കേണ്ടത് ആരോഗ്യവകുപ്പാണ്. ഇതൊന്നും സമയത്ത് ഉത്തരവാദപ്പെട്ടവർ ചെയ്യുന്നില്ലെന്നതാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നത്. എന്തായാലും സംസ്ഥാനത്തെ സാധാരണക്കാരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമെന്ന നിലയിൽ ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകുന്നുമില്ല.

സംസ്ഥാനത്തെ ഒട്ടുമിക്ക ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. ജീവൻ രക്ഷാമരുന്നുകളും,ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും ഉൾപ്പെടെ പ്രധാനപ്പെട്ട മരുന്നുകൾ ഒന്നിച്ച് വാങ്ങുന്നതിന് ആരോഗ്യവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കൂടുതൽ മരുന്നുകളുള്ള സർക്കാർ ആശുപത്രികളിൽ നിന്ന് കുറവുള്ള ആശുപത്രികളിലേക്ക് ആവശ്യമായ മരുന്നുകൾ കൈമാറാനുള്ള നടപടികൾ പോലും കാര്യക്ഷമമായി നടക്കുന്നില്ല.

കോവിഡ് കാലത്ത് കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിൽ ഏതാണ്ട് 1500 കോടി രൂപയുടെ അഴിമതി നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അമിത വില നൽകി പ്രതിരോധമരുന്നുകളും ജീവൻരക്ഷാ ഉപകരണങ്ങളും വാങ്ങിക്കൂട്ടിയെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. അത്തരമൊരു സാഹചര്യം ഒരുക്കാനാണോ ഇപ്പോഴത്തെ മരുന്ന് ക്ഷാമമെന്നും കരുതുന്നു.