ന്യൂഡൽഹി: മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞ് സുപ്രീംകോടതി. ഷാജനെതിരായ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. അടുത്ത തവണ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വരെയാണ് അറസ്റ്റിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷ മൂന്ന് ആഴ്‌ച്ചക്ക് ശേഷം വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ഹൈക്കോടതി ജാമ്യപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്‌കറിയ സുപ്രീം കോടതിയെ സമീപിച്ചത്. പി വി ശ്രീനിജൻ നൽകിയ പരാതിയിലാണ് എസ് സി, എസ്ടി വകുപ്പു ചുമത്തി എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എളമക്കര പൊലീസിന്റെ നടപടി നിലനിൽക്കുന്നതല്ലെന്ന് കാണിച്ചാണ് സുപ്രീംകോടതി ഷാജന്റെ അറസ്റ്റു തടഞ്ഞിരിക്കുന്നത്.

കേസിൽ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നോട്ടീസ് അയക്കും. ഷാജൻ സ്‌കറിയ നടത്തിയ വിവാദ പരാമർത്തിന്റെ തർജ്ജിമ താൻ വായിച്ചെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഷാജൻ സ്‌കറിയ നടത്തിയ പരാമർശങ്ങൾ എസ് സി / എസ് ടി നിയമ പ്രകാരം കേസ് എടുക്കാനുള്ള പരാമർശം അല്ലെന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പി.വി ശ്രീനിജിൻ എംഎ‍ൽഎയുടെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹരജി 17ന് പരിഗണിക്കാനായിരുന്നു സുപ്രിംകോടതി നേരത്തെ തീരുമാനിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ച് പരിഗണനക്കെടുത്തത്.

മെയ് 25ന് മറുനാടൻ മലയാളി ചാനലിൽ വന്ന വാർത്തയാണ് കേസിന് ആധാരമായത്. ഷാജൻ സ്‌കറിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ ലൂത്ര ഹാജരായി.