- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീലിപ്പോസ് മുതലാളിയുടെ പൊങ്ങച്ചക്ലബ്ബ്; മൂന്നാമത്തെ പേരുകാരനായ അരുൺ ഗോപാൽ; സതീർത്ഥ്യന്റെ ചോർന്നൊലിക്കുന്ന കൂര
പരിപാടിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെന്ന നിലയിൽ ഞങ്ങൾ മൂന്നുപേരുണ്ടായിരുന്നു. എംഎൽഎ എന്ന നിലയിൽ ഞാൻ, ഇടവകയിലെ വികാരിയച്ചൻ, സ്ഥലം പഞ്ചായത്ത് പ്രസിഡന്റ്. പതിവിൽ നിന്ന് വ്യത്യസ്ഥമായ എതിരേൽപ്പാണു അവിടെയുണ്ടായിരുന്നത്. ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിന്നിൽ ഇട്ടിരുന്ന കസേരകളിൽ ഞങ്ങൾ മൂന്നുപേരെയും ഭാരവാഹികൾ ഇരുത്തി. സ്ഥലത്തെ ധനി
പരിപാടിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളെന്ന നിലയിൽ ഞങ്ങൾ മൂന്നുപേരുണ്ടായിരുന്നു. എംഎൽഎ എന്ന നിലയിൽ ഞാൻ, ഇടവകയിലെ വികാരിയച്ചൻ, സ്ഥലം പഞ്ചായത്ത് പ്രസിഡന്റ്.
പതിവിൽ നിന്ന് വ്യത്യസ്ഥമായ എതിരേൽപ്പാണു അവിടെയുണ്ടായിരുന്നത്. ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിന്നിൽ ഇട്ടിരുന്ന കസേരകളിൽ ഞങ്ങൾ മൂന്നുപേരെയും ഭാരവാഹികൾ ഇരുത്തി.
സ്ഥലത്തെ ധനികരുടെയും അവരോടൊപ്പം കൂടുന്നതാണ് "സ്റ്റാറ്റസ്' '' എന്നു കരുതുന്നവരുടെയും ക്ലബ്ബാണു സംഘാടകർ. കമനീയമായ അലങ്കാരവേലകൾ, സ്റ്റേജിൽ സിംഹാസനം പോലുള്ള കസേരകൾ, മിന്നിത്തെളിയുന്ന വൈദ്യുത ദീപാലങ്കാരം. [BLURB#1-VL]
നിർദ്ധനവിദ്യാർത്ഥികൾക്കുള്ള സാമ്പത്തികസഹായ വിതരണം, ക്ലബ്ബംഗങ്ങളുടെയും കുടുംബിനിമാരുടെയും കുട്ടികളുടെയും നൃത്തനൃത്യങ്ങൾ, ഭക്ഷണത്തോടു കൂടി പിരിയുന്ന സമാപന പരിപാടി.
ഓഡിറ്റോറിയം മുക്കാൽ ഭാഗം നിറഞ്ഞു കവിഞ്ഞു. ഫുൾസ്യൂട്ട് ധരിച്ച പീലിപ്പോസ് വേദിയിലെത്തി. ആങ്കർ ആയി നിന്ന പെൺകുട്ടി "മിസ്റ്റർ ഫിലിപ്പ് ജോസ് " ... എന്നു തുടങ്ങിയ ഒരു നീളൻ ഇംഗ്ലീഷ് (?) വാചകം താളാത്മകമായി പറഞ്ഞു പൂർത്തിയാക്കി. പീലിപ്പോസിനെ ആമുഖപ്രസംഗത്തിനു ക്ഷണിച്ചതായിരുന്നു.
പീലിപ്പോസ് സ്‌കൂളിൽ പോകുമ്പോഴും റബ്ബർ ടാപ്പിഗ് തൊഴിലാളിയായിരുന്നു. പത്താം ക്ലാസ്സ് പൂർത്തിയാക്കാനായില്ല. നാടുവിട്ടു. കുറച്ചുവർഷങ്ങൾക്കു ശേഷം മടങ്ങിയെത്തി പഴയ വീടിരുന്നത് പൊളിച്ചുമാറ്റി. ആ പ്രദേശത്തിന്റെ മുഖച്ഛായ മാറി. പുതിയ വീടും കാറും. ആളിപ്പോഴവിടത്തെ പ്രമാണിയാണ്. ക്ലബ്ബിന്റെ മുഖ്യരക്ഷാധികാരിയാണ്. കോട്ടിന്റെ പോക്കറ്റിൽ നിന്നൊരു കടലാസെടുത്തു വായിച്ചുതുടങ്ങി. ഇംഗ്ലീഷാണ്. മൂന്നുനാലു മിനിട്ടു പ്രസംഗത്തിനിടയിൽ രണ്ടു തവണ എന്റെ പേരും പറഞ്ഞെന്നെ നോക്കി പുഞ്ചിരിച്ചു. എനിക്കൊന്നും പിടികിട്ടിയില്ല.
ഒരു സംഘം വാദ്യമേളക്കാർ വന്ന് എന്നെ പൊതിഞ്ഞു. ഒരു ഭാരവാഹി എന്റെ കഴുത്തിൽ ജമന്തിപ്പൂമാലയിട്ടു. ചെവിയിൽ പറഞ്ഞു. "സ്റ്റേജിലേക്ക് നടക്കാം."
ഏതോ ഒരു ഇംഗ്ലീഷ് സിനിമയിലെ ഒരു രംഗം ഞാനോർത്തുപോയി. അപരിഷ്‌കൃതരായ ഒരു കൂട്ടം വനവാസികൾക്കിടയിൽ ചെന്നുപെട്ട ഒരു ഡ്രൈവറെ തലയോട്ടിയും അസ്ഥിക്കഷണങ്ങളും കോർത്ത മാല ചാർത്തി കൊട്ടിപ്പാടി വനത്തിനു നടുവിലൂടെ നടത്തിക്കൊണ്ടുപോകുന്ന ചിത്രം. [BLURB#2-VR]
അവിടെയിരിക്കുന്ന കുറച്ചുപേർക്ക് ഈ പറഞ്ഞെതെന്തൊക്കെയാണെന്ന് പിടികിട്ടിയിട്ടില്ല. ബാക്കിയുള്ളവരുടെ മുഖഭാവം കൊണ്ട് അവർക്കെല്ലാം മനസ്സിലായതു പോലെ തോന്നി.
സത്യം പറയാം വായിച്ചതിന്റെയും വാക്കാൽ പറഞ്ഞതിന്റെയും നാലിലൊന്നുപോലും എനിക്കും പിടികിട്ടിയില്ല.
ഞാനാലോചിച്ചു. ഇവരോടു മലയാളത്തിൽ പ്രസംഗിക്കാൻ പാടില്ലെന്നുണ്ടോ ?
എന്തായാലും ഇത് അമേരിക്കയോ ഇംഗ്ലണ്ടോ അല്ലല്ലോ എന്നെ നിയമസഭയിലേക്ക് തെരെഞ്ഞെടുത്തയച്ച മണ്ഡലത്തിലെ ഒരു ഗ്രാമീണ പ്രദേശമല്ലെ ?
ഞാൻ നായനാരെ മനസ്സിലോർത്തു.
"ഭാഷ പറയുന്നതൊരു ധൈര്യമാഡോ. മ്മടെ പ്രൈംമിനിസ്റ്റർ ഇന്ദിരാഗാന്ധിയില്ലെ, ഓളോട് മലയാളത്തിൽ ഞാനൊരു കാച്ചുകാച്ചി. ഓളക്കറിയാം എനക്ക് ഇംഗ്ലീഷ് നല്ല വശാന്ന്". ഇതുപറഞ്ഞു തീരും മുമ്പെ ഉച്ചത്തിലൊരു ചിരിയുണ്ട്.
നിഷ്‌കളങ്കത സദാ പ്രകാശിച്ചു നിൽക്കുന്ന മുഖഭാവം. മലയാളിയുടെ ഹൃദയഭിത്തിയിൽ ആദരവോടെ പതിക്കപ്പെട്ട മലയാണ്മയുടെ പ്രൗഡോജ്ജ്വലമായ അടയാളം. ചിന്തകൾ മീറ്റിങ് ഹാളിനുപുറത്ത് വ്യാപരിക്കുമ്പോഴാണു ഉദ്ഘാടനപ്രസംഗത്തിനും സാധുവിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണത്തിനുമായി എന്നെ ക്ഷണിക്കുന്നത്.
പത്തോ പന്ത്രണ്ടോ മിനിട്ടു ഞാൻ സംസാരിച്ചു കാണും. പെറ്റമ്മയെ പട്ടിണിക്കിട്ടു കൊല്ലുന്നതുപോലെയാണു മലയാളിയുടെ മാതൃഭാഷയെ ഇങ്ങനെ കഴുത്തുഞെരിക്കുന്നതെന്നും മലയാളം കേൾക്കാനാഗ്രഹിക്കുന്നവരുടെ മുഖങ്ങളാണ് എനിക്കവിടെ കാണാനാവുന്നതെന്നും ഇംഗ്ലീഷുൾപ്പെടെ എതു ഭാഷയുമാകാം പക്ഷേ അതു നമ്മുടെ ഹൃദയവികാരമായ മലയാളത്തെ കുഴിച്ചുമൂടിക്കൊണ്ടാവരുതെന്നും ഞാൻ പറഞ്ഞവസാനിപ്പിക്കുമ്പോൾ നിറഞ്ഞ ഹർഷാരവമാണവിടെ മുഴങ്ങിയത്. എന്റെ സംസാരം പൂർത്തിയാകും വരെ നിർദ്ധനവിദ്യാർത്ഥികൾ എവിടെയായിരിക്കുമെന്ന ഉത്കണ്ഠ എന്നെ വേട്ടയാടി. [BLURB#3-H]
അവരെ പുറത്തെ വരാന്തയിൽ നിരനിരയായി നിർത്തിയിരിക്കുകയായിരുന്നു. പുറത്ത് ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. മഴ മെല്ലെ ചാറിത്തുടങ്ങി.
പതിനെട്ടുകുട്ടികൾക്ക് ഞാൻ ഓരോ കവർ കൊടുത്തു. ഓരോരുത്തരുടെ പേരുകൾ വിളിക്കുമ്പോൾ ക്ലബ്ബിന്റെ സെക്രട്ടറി ഓരോ കവറുകൾ എന്നെ ഏൽപ്പിക്കുന്നുണ്ടായിരുന്നു. എത്ര രൂപയാണതെന്നു ചോദിക്കുന്നതിൽ ഔചിത്യമില്ലായ്മയുണ്ടല്ലോ.
മൂന്നാമത്തെ പേരുകാരൻ അരുൺ ഗോപാൽ - സ്റ്റാൻഡേർഡ് അഞ്ച്. വലതുതോൾ ഭാഗം കീറൽ തുന്നിക്കൂട്ടിയ ഒരു വരയൻ മുറിക്കൈയൻ ഷർട്ടും കാക്കിനിറത്തിലുള്ള ട്രൗസറും.
നേരാംവണ്ണം ഭക്ഷണം കഴിക്കാനില്ലായ്മ അവന്റെ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാനാവും. പാറിപ്പറന്ന മുടി. നന്നെ ക്ഷീണിച്ച ശരീരപ്രകൃതം. അൽപ്പമകലെ നിന്നും സ്റ്റേജിലേക്ക് നടന്നെത്തുന്ന അവനെ ഞാൻ സൂക്ഷിച്ചുനോക്കി. അതു ഞാൻ തന്നെ. എന്റെ ബാല്യകാലം. ഒരു നിമിഷം എന്നിൽ നിന്നും ഞാൻ അപ്രത്യക്ഷനായി. ഞാനെന്നെത്തന്നെ മറന്നുപോയ നിമിഷം.
നീട്ടിപ്പിടിച്ച എന്റെ രണ്ടുകൈകൾക്കുള്ളിൽ നിന്നും ഇടതുകൈക്കൊണ്ടാ കവർ അവൻ വലിച്ചെടുത്തു. പുച്ഛവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി. എന്തായിരിക്കും അവനിങ്ങനെ പെരുമാറാൻ കാരണം.? എന്റെ ചിന്തകൾ കുറെ നിമിഷങ്ങൾ അവനെ വലയം ചെയ്തു. [BLURB#4-VL]
"പോകാൻ തിരക്കുണ്ടാവും. കുട്ടികളുടെ ഗ്രൂപ്പ് ഡാൻസാണു അടുത്തത്. അതിനുശേഷമാണു അച്ചന്റെ പ്രസംഗം. ഡാൻസ് ഒരെണ്ണം കണ്ടിട്ടു പൊയ്‌ക്കോ. അതല്ലാതെ പോണത് ഒട്ടും ശരിയല്ലാട്ടോ." പീലിപ്പോസ് എന്റെ ചെവിയിൽ പറഞ്ഞു. ഞാനതുകേട്ടു.
ഒന്നും മിണ്ടാതെ സേ്റ്റജിനു താഴെ നിരത്തിയിരുന്ന കസേരയിലൊന്നിൽ ഞാനിരുന്നു. മനസ്സു നിറയെ പുച്ഛവും ദേഷ്യവും കലർന്ന മുഖഭാവത്തോടെ എന്നെ തുറിച്ചുനോക്കിയ മൂന്നാമത്തെ പേരുകാരനായ ആ പാവം കുട്ടിയായിരുന്നു.
സ്‌റ്റേജിലിരുന്ന മറ്റെല്ലാവരും താഴെയിറങ്ങി കസേരകളിലിരുന്നു. നൃത്തപരിപാടി ആരംഭിച്ചു. കാതടപ്പിക്കുന്ന, പാശ്ചാത്യ സംഗീതോപകരണങ്ങളുടെ ഘോരമായ ശബ്ദം. ഇംഗ്ലീഷാണോ മലയാളമാണോയെന്നു തിരിച്ചറിയാനാവാത്ത സംഗീതശകലങ്ങൾ. വസ്ത്രധാരണത്തിൽ വലിയ മടിയുള്ള ആറേഴു പെൺകുട്ടികളും ആൺകുട്ടികളും വല്ലാതെ ഞെളിപിരികൊണ്ട് ശബ്ദഘോഷങ്ങൾക്കൊപ്പം ഇഴഞ്ഞാടി. വേദിക്കിരുവശവും സെറ്റു ചെയ്തിരുന്ന സ്‌പോട്ട്‌ലൈറ്റുകൾ അനേകനിറങ്ങളൊഴുക്കി ആ നർത്തകരുടെ മനുഷ്യക്കോലങ്ങൾ വികൃതമാക്കി.
പുറത്ത് മഴതിമിർത്താടി. വെളിച്ചമില്ലാതെ വഴിനടക്കുന്നവരെ കരുതിയാവണം മിന്നൽപിണരുകൾ ഇടയ്ക്കിടെ പ്രകാശം പകർന്നുനൽകുന്നത്. ഓഡിറ്റോറിയത്തിന്റെ തുറന്നുകിടന്ന ജനാലവഴി പലവട്ടം ആ വെളിച്ചം അകത്തേയ്ക്കും തലനീട്ടി. അകത്തെ പരിപാടികൾ തീർന്നുകിട്ടിയാൽ തുടർന്നുനടക്കേണ്ടുന്ന ഭക്ഷ്യമേളയുടെ ഒരുക്കങ്ങൾ പുറത്തു മിനിഹാളിൽ തിരുതകൃതിയായി നടക്കുന്നു. മഴയും മിന്നലും അതിനൊരു തടസ്സമായിരുന്നില്ല.
സ്റ്റേജിലെ നൃത്തപരിപാടി അവസാനിച്ചു. തുടർന്നുള്ള പ്രാസംഗികരും ഭാരവാഹികളും സ്‌റ്റേജിലേക്ക് കടന്നിരുന്നു.
പീലിപ്പോസിനോടും സംഘാടകരോടും യാത്രപറഞ്ഞ് ഞാൻ പുറത്തേയ്ക്കിറങ്ങി. ഭാരവാഹികളിലൊരാൾ ഒരു വലിയ കുട നിവർത്തിപ്പിടിച്ചു. നനയാതെ തന്നെ ഞാൻ കാറിനകത്തേയ്ക്കു കയറി.
ടാക്‌സിയാണ്. പലപ്പോഴും എന്നേയും കൊണ്ട് സവാരിക്കു പോകാറുള്ള പൗലോസിന്റെ പഴയൊരു അമ്പാസിഡർ കാർ.
"പോവ്വാ സാറേ"? പൗലോസിന്റെ ചോദ്യം.
"ങാ പിന്നെ, ഇപ്പോത്തന്നെ വല്ലാതെ വൈകി."
"വിട്ടോ പൗലോച്ചാ" [BLURB#5-H]
സംഘാടകർ ഞങ്ങൾക്കു നേരെ കൈവീശികാണിച്ചു. മഴയുടെ വീര്യം ഒട്ടും കുറഞ്ഞിരുന്നില്ല. വിജനമായ വഴി. പൊട്ടിപ്പൊളിഞ്ഞിടങ്ങളിൽ വെള്ളം നിറഞ്ഞുകഴിഞ്ഞു. ഇരുളു മൂടിയ വഴി കൃത്യമായി വകുത്തുമാറ്റും വിധം കാറിന്റെ ഹെഡ്‌ലൈറ്റുകൾ അതിന്റെ വെള്ളിവെളിച്ചം മുന്നോട്ടുപായിച്ചു. അഗ്നിചാലിച്ച പോലുള്ള ആ വെളിച്ചത്തെ തൊട്ടുരുമ്മി ചിന്നിച്ചിതറുന്ന മഴത്തുള്ളികൾ. മണൽച്ചരലുകൾ കാറിന്റെ മുതുകത്തു മെല്ലെ തൂവിയാലുള്ളൊരു ശബ്ദമാണാ മഴനീർത്തുള്ളികൾ വീഴുമ്പോൾ കേൾക്കാനാവുന്നത്.
"ആ പാവങ്ങള് മഴ നനഞ്ഞാ സാറെ പോണ കണ്ടത്". പൗലോസിന്റെ ശബ്ദത്തിനൊരു സങ്കടഭാവമായിരുന്നു.
"ആര്"? എനിക്ക് പെട്ടന്നതു പിടികിട്ടിയില്ല.
"സാറു സമ്മാനം കൊടുത്ത പിള്ളേരില്ലേ അതുങ്ങള്. ആ ക്ലബ്ബുകാര് മഹാപാപികള് അതുങ്ങളെ തിരിഞ്ഞു നോക്കീല്ല. ദുഷ്ടക്കൂട്ടങ്ങള്" പൗലോസിന്റെ പ്രതിഷേധം പതഞ്ഞുപൊന്തി.
"എന്തോരും കാശാ സാറെ അവിടെ പൊടിപൊടിക്കണെ ഒരു വണ്ടി നിറയെയാ തീറ്റസാധനങ്ങള് കൊണ്ടുവന്നെറക്കീത്. ഒരമ്പതു കുപ്പി മറ്റവനുണ്ടാവും. പച്ചവെള്ളം ആ പാവങ്ങക്ക് കൊടുക്കണല്ലൊ. ഇവന്റെയൊക്കെ തലേല് ഇത്രേം ഇടിവെട്ടീട്ട് ഒരെണ്ണം വീഴണില്ലല്ലോ കർത്താവെ"
"അവർക്കു സാമ്പത്തികസഹായം കൊടുത്തതുകൊണ്ടാവാം" ഞാൻ പൗലോസിന്റെ രോഷം തണുപ്പിക്കാൻ നോക്കി.
"ഓ.. ഒരു സഹായം ഞാനാ കൊച്ചുങ്ങളോടു ചോദിച്ചു. സാറാ കൊടുത്ത കൂട്ടിനകത്ത് എന്നാ തൊകയൊണ്ടാർന്നൂന്നറിയാവോ"?
"ഇരുപത്തിയഞ്ച് കൂവാ." പൗലോസിന്റെ വാക്കുകൾക്കു മൂർച്ച കൂടി. [BLURB#6-VR]
കാറ്റത്തൊടിഞ്ഞു കുറുകെ കിടക്കുന്ന മരക്കൊമ്പിൽ തൊടാതെ വണ്ടി മെല്ലെ റോഡിനറ്റത്തേയ്ക്ക് വളച്ചെടുത്തു. ചെറിയൊരു കയറ്റം കയറി താഴോട്ടിറങ്ങുമ്പോൾ പിന്നെയൊരു വളവാണ്. എതിരെ വന്ന ജീപ്പ് മെല്ലെ സൈഡൊതുക്കി കടന്നുപോയി. നിറയെ ആളുകളുണ്ട്. ഫസ്റ്റ് ഷോ കഴിഞ്ഞ് മടങ്ങുന്നതാവാം.
പെട്ടെന്നാണ് ഞങ്ങളവരെ കണ്ടത്. പത്തെഴുപതു വയസ്സുകഴിഞ്ഞ ഒരു കാരണവരും സഹായധനം ഏറ്റുവാങ്ങി തുറിച്ചുനോക്കി കടന്നുപോയ മൂന്നാംപേരുകാരൻ അരുൺ ഗോപാലും.
"വണ്ടി നിർത്ത്". ഞാൻ പറഞ്ഞു
കാർ സൈഡൊതുക്കി അവരോടു ചേർത്തുനിർത്തി. ആപാദചൂഡം മഴയിൽ മുക്കിയെടുത്ത രണ്ടു മനുഷ്യരൂപങ്ങൾ. മൂന്നാംപേരുകാരനും അവന്റെ മുത്തച്ഛനും.
"മോനെ വണ്ടിക്കകത്തേക്ക് കയറ് " ഞാൻ ചില്ലു താഴ്‌ത്തി അവനോടായി പറഞ്ഞു. ഒറ്റനോട്ടത്തിൽ എന്നെ തിരിച്ചറിഞ്ഞ അവൻ മുത്തച്ഛന്റെ കൈപിടിച്ച് മുന്നോട്ടാഞ്ഞു. വണ്ടിയിൽ കയറാൻ കൂട്ടാക്കിയില്ല. മുത്തച്ഛന് കയറണമെന്നുണ്ട്. പക്ഷേ അവൻ സമ്മതിക്കുന്നില്ല. മഴ വാശിയോടെ പെയ്യുകയാണ്.
വണ്ടി തീരെ സാവധാനം അവർക്കൊപ്പം നിരങ്ങി നീങ്ങി. ഞാൻ വീണ്ടും വീണ്ടും അവരോടു വണ്ടിയിൽ കയറാൻ പറഞ്ഞുനോക്കി.
"സാറാണ് അയിന്റെ ഒടമസ്ഥൻ മൊയ്‌ലാളീന്നാ ഇവൻ പറേണത്. ഇവനു പനിയാർന്നൂ സാറെ. ഉച്ചയ്‌ക്കൊന്നും തിന്നില്ല. ഇത്രേം നേരം അവ്‌ടെയിട്ട് ചിറ്റിച്ച് മഴേത്തു പൊക്കോളാൻ പറഞ്ഞതിന്റെ വാശിയാ."മുത്തച്ഛന്റെ വാക്കുകൾ
ഞാനാ കാറിനു പുറത്തേയ്ക്കിറങ്ങി.
"മോനേ ഞാനാ പരിപാടിക്കു പ്രസംഗിക്കാൻ വന്നതു മാത്രമേയുള്ളൂ. നീയാണെ സത്യം. ഞാനതിന്റെ ആരുമല്ല."
അവന്റെ മുഖത്തെ നീരസം ഒട്ടൊന്നു കുറഞ്ഞതുപോലെ തോന്നി. ഞാനാ അവസരം മുതലാക്കി മെല്ലെ അവന്റെയടുത്തുകൂടി രണ്ടുപേരെയും വണ്ടിക്കകത്താക്കി.
പൗലോസ് സീറ്റിൽ വിരിച്ചിരുന്ന ടർക്കിയെടുത്തു അവന്റെ തല തോർത്തി. മുഖം തുടച്ചു. അവൻ വല്ലാതെ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു.
ഒഴുകാലെ നനഞ്ഞ് ഞാൻ വണ്ടിയുടെ മുമ്പിലത്തെ സീറ്റിലും മുത്തച്ഛൻ പിന്നിലുമായി ഇരുന്നു. രണ്ടുമൂന്നു കിലോമീറ്റർ കഴിഞ്ഞാലവരുടെ വീടായി.
നടന്ന പരിപാടിയെക്കുറിച്ച് ഞാൻ സംസാരിച്ചു. "അവനെപ്പോലെയായിരുന്നു ഞാനും അവന്റെ പ്രായത്തിലെന്നു" പറഞ്ഞതോടെ അവനെന്നെ കൂടുതലിഷ്ടമായി. മുത്തച്ഛനും പലവിധ രോഗങ്ങളായതിനാൽ പണിക്കൊന്നും പോകാറില്ല. ഒത്തിരി നാളെത്തി ഒന്നുപുറത്തിറങ്ങിയതാണ്. [BLURB#7-H]
വണ്ടി അവർ ചൂണ്ടിക്കാണിച്ച വഴിയിലേയ്ക്കു തിരിഞ്ഞ് അല്പം കൂടി മുമ്പോട്ടുപോയി. "ഇബ്‌ടെ നിർത്ത്യാ മതി. ആ തൊണ്ടിക്കൂടെ കൊറച്ചങ്ങു കേറിയാ ദേ ആ കാണണതാ വീട്." കാരണവർ ചൂണ്ടിക്കാണിച്ചയിടം ഇരുളിന്റെ ഒരു മലപോലെ എനിക്കു തോന്നി. ഞാനും വരാം. ഞാനും അവർക്കൊപ്പമിറങ്ങി. എന്നെ ഒഴിവാക്കാൻ അവർ നന്നായി പരിശ്രമിച്ചു. പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല. മഴ ഏതാണ്ട് പൂർണ്ണമായി നിലച്ചിരുന്നു. വണ്ടി സൈഡൊതുക്കി. ലോക്കുചെയ്ത് ഒരു ചെറിയ ടോർച്ചുമായി പൗലോസും ഞങ്ങളുടെ പിന്നാലെ കൂടി.
വഴുക്കൽ പുരണ്ട ഉരുളൻകല്ലു നിറഞ്ഞ ഇടവഴിയിൽ പെയ്ത്തുവെള്ളം ഒഴുകി തീർന്നിട്ടുണ്ടായിരുന്നില്ല.
കാട്ടുകല്ലുകൾ പാകി മണ്ണിട്ടു ബലപ്പെടുത്തിയ കയ്യാലയുടെ നെഞ്ചത്താകെ കറുകപ്പുല്ലുകൾ പടർന്നുപന്തലിച്ചുകിടന്നു.
കുത്തുകല്ലുകൾ കയറി ആ കൊച്ചുകൂരയുടെ മുറ്റത്തേയ്ക്കു ഞങ്ങൾ നടന്നെത്തി. ഇരുട്ടത്താ വീടിന്റെ തിണ്ണയിലിരുന്നു മനോരോഗിയായ സ്ത്രീ ഈണത്തിൽ പാടുകയാണ് - അവന്റെ അമ്മ ! അരുൺ ഗോപാലിന്റെ പെറ്റമ്മ !!
"കണ്ണാ വേറെ ആരാണ്ടൊക്കെയുണ്ടല്ലൊ. ദേ ഇന്നാ തീപ്പെട്ടി ഈ വെളക്കൊന്നു കത്തിച്ചേ.." അവന്റെ അച്ഛൻ സ്‌ട്രോക്കു വന്ന് ഒരുവശം തളർന്നു കിടപ്പാണ്. അവനാ മണ്ണെണ്ണ വിളക്ക് കത്തിച്ചു.
ചെറിയ കൂരയായതുകൊണ്ടാവാം. വീടാകെ അരണ്ട വെളിച്ചം പടർന്നു. മുത്തച്ഛനും കൊച്ചുമോനും പുറത്തുപോയപ്പോൾ തീപ്പെട്ടിയും വിളക്കും തളർന്നുകിടന്ന അയാളെ സുക്ഷിക്കാനേൽപ്പിച്ചതാണ്. കത്തിച്ചുവച്ചാൽ മനോരോഗിയായ അവന്റെയമ്മ അതെടുത്തു വല്ല കുഴപ്പവുമുണ്ടാക്കിയാലൊ.
"ദൈവമേ !! ഇതാരാ ഇതെന്റെ ഗോപിയല്ലെ? ഡാ. നിന്നെ ഞാൻ പണ്ടത്തെപ്പോലെ എടാ പോടാന്നു വിളിച്ചാ കൊഴപ്പാവൊ"?
ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. മണ്ണെണ്ണ വിളക്ക് ഞാൻ മെല്ലെ ഉയർത്തിപ്പിടിച്ചു. "ഗോപാലകൃഷ്ണാ" അറിയാതെ എന്റെ തൊണ്ടയിടറി. ഞാനാ കട്ടിലിൽ അവനോടു ചേർന്നിരുന്നു.
എട്ടാം കാസ്സുവരെ ഒരു ജീവനായി ഒരുമിച്ചു പഠിച്ച എന്റെ കൂട്ടുകാരൻ. വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുകയാണ്. നാട്ടിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി പോകുന്നേരം വയനാട്ടിലേയ്‌ക്കെന്നു പറഞ്ഞാണു പോയത്. മാതാപിതാക്കളും നാലു സഹോദരിമാരും ഗോപാലകൃഷ്ണനും. പിന്നീടൊരു വിവരവുമുണ്ടായിരുന്നില്ല. വർഷങ്ങൾക്കു ശേഷം കാണുകയാണ്. [BLURB#8-VL]
"പെങ്ങമ്മാരെ കെട്ടിച്ചു വിട്ടപ്പോഴെ പിന്നെ ഞങ്ങൾ വാടകയ്ക്കായി. അപ്പനും അമ്മേം മരിച്ചു. ഞാൻ സ്‌നേഹിച്ചു കല്ല്യാണം കഴിച്ചു. അവള്‌ടെ വീട്ടുകാരിൽ ഈ കൂടെയാള്ള അപ്പനൊഴികെ ബാക്കിയുള്ളോരെല്ലാം ശത്രുക്കളായി. ഞങ്ങൾ തിരിച്ചു ഇങ്ങോട്ടു പോന്നു. ഒടുവിൽ ഇവിടെ വന്ന് കൂടി. ഇത് പൊറമ്പോക്കിൽ വച്ചുകെട്ടീതാ. എനിക്കു രണ്ടുമക്കളാ. ഒന്ന് നിന്റെ കൂടെ വന്ന കണ്ണൻ. അവന്റെ താഴെയുള്ളവളാ അകത്ത് കെടക്ക്ണത്. അവള് മൂന്നിലാ. മഴ തൊടങ്ങീപ്പഴെ അവളു കെടന്നൊറങ്ങി."
"ഒരുവിധം പച്ചപിടിച്ചു വന്നതാ. അപ്പഴാ ഒരു വശം തളർന്നു. അതുകണ്ട് ചങ്കുപൊട്ടിയാടാ എന്റെ ശാരദ ഇങ്ങനെയായത്." പാറിപ്പറന്ന മുടിയും മുഷിഞ്ഞു കീറിത്തുടങ്ങിയ വേഷവും ആയി അപ്പോഴും മൂളിപ്പാട്ടു പാടിക്കൊണ്ടിരുന്ന ഭാര്യയെ നോക്കി അവൻ ഏങ്ങലടിച്ചു കരഞ്ഞു.
"ദേ ഇതങ്ങു കുടിച്ചെ" ഭാര്യയുടെ അച്ഛൻ കട്ടൻചായ എന്റെ നേരെ നീട്ടി. ഞാനാ ഗ്ലാസ്സ് രണ്ടും കയ്യും നീട്ടി വാങ്ങി. തെങ്ങോല കത്തിച്ച് വെള്ളം ചൂടാക്കിയുണ്ടാക്കിയ കട്ടൻ ചായ. ഒറ്റവലിക്കു ഞാനത് കുടിച്ചുതീർത്തു.
പീലിപ്പോസിന്റെ ക്ലബ്ബുകാരുടെ ജീവിതത്തിൽ നിന്ന് മൂന്നാംപേരുകാരനായ അരുൺ ഗോപാലിന്റെ ചോർന്നൊലിക്കുന്ന കൂര വരെയുള്ള ദൂരം വളരെ വലുതാണ്. നോക്കെത്താത്ത ദൂരം.
വൈകാതെ തന്നെ വീണ്ടും വരാമെന്നു വാക്കുപറഞ്ഞ് ഞങ്ങളിറങ്ങുമ്പോൾ കണ്ണനെന്ന അരുൺ ഗോപാൽ എന്നെ നോക്കി പുഞ്ചിരി തൂവി. അരണ്ട വെളിച്ചത്തിൽ വീണ്ടും വീണ്ടും ഞാനവനെ നോക്കി. അതെ, ഇതു ഞാൻ തന്നെ. വിശപ്പുമാറെ ഭക്ഷണം കഴിക്കാൻ കൊതിച്ചുനടന്ന ബാല്യകാലത്തെ ഞാൻ !