- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ളീഷ് അറിയാത്തതു കൊണ്ടാണ് എംവി രാഘവനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിഹസിച്ച് ഇഎംഎസ്; പ്രവർത്തന ശൈലിയിലെ ജനകീയത കൊണ്ട് താത്വികാചാര്യനെ കടത്തിവെട്ടി മുന്നേറിയതോടെ തഴയാൻ അണിയറയിൽ ഒരുങ്ങിയത് തന്ത്രങ്ങൾ; ഇഷ്ടനേതാവ് ബദൽരേഖയുടെ പേരിൽ പാർട്ടിയുടെ പുറത്തായതോടെ ആരാധിച്ച സഖാക്കൾക്ക് ബദ്ധ ശത്രുവായി: കൂത്തുപറമ്പ് വെടിവയ്പിന്റെ വാർഷികത്തിൽ സി.പി.എം-എംവിആർ ഇഷ്ടക്കേടിന്റെ പിന്നാമ്പുറങ്ങൾ വിലയിരുത്തുമ്പോൾ
കണ്ണൂർ: എം വിരാഘവൻ പ്രതിസ്ഥാനത്തില്ലാത്ത രണ്ടാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം നവംബർ 25 ന് ആചരിക്കപ്പെടുകയാണ്. കണ്ണൂർ , കാസർഗോഡ് ജില്ലകളിലെങ്ങും കൂത്തുപറമ്പ് രക്തസാക്ഷികളുടെ ബോർഡുകളും ചുവർ ചിത്രങ്ങളും പതിവു പോലെ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വരെ മുഖ്യശത്രുവും വർഗ്ഗശത്രുവുമൊക്കെയായിരുന്നു എം വിആർ. കാൽനൂറ്റാണ്ടു മുമ്പ് പാർട്ടി വിട്ട് ഇറങ്ങിയ എം വിരാഘവൻ രോഗക്കിടക്കയിൽ ബോധം നഷ്ടപ്പെട്ടപ്പോൾ സി.പി.എം ഒപ്പം കൂട്ടുകയായിരുന്നു. എം വി ആർ പോലുമറിയാതെ. ഇപ്പോൾ എം. വി. ആർ സിപിഎമ്മിനെ സംബന്ധിച്ച് ധീരനായ നേതാവാണ്. കഴിഞ്ഞ വർഷം എം വിആറിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ സി.പി.എം നേതാക്കളുടെ നാവിൽ നിന്നുതന്നെ വീണ വാക്കുകളാണിത്. ഒരുകാലത്ത് അണികളുടേയും നേതാക്കളുടേയും പ്രിയങ്കരൻ ആയിരുന്ന എം വി ആർ എങ്ങിനെയാണ് പാർട്ടിക്ക് പിന്നീട് അനഭിമതൻ ആയതും ഇപ്പോൾ വീണ്ടും ധീര നേതാവായതും? അതേക്കുറിച്ചുള്ള ചരിത്രം ഇങ്ങിനെ. ഒരു കാലത്ത് കണ്ണൂരിലെ പാർട്ടിയുടെ അവസാന വാക്കായിരുന്നു എം വി ആർ. 1968 ലെ പ്രസിദ്ധമായ ജി
കണ്ണൂർ: എം വിരാഘവൻ പ്രതിസ്ഥാനത്തില്ലാത്ത രണ്ടാമത് കൂത്തുപറമ്പ് രക്തസാക്ഷി ദിനം നവംബർ 25 ന് ആചരിക്കപ്പെടുകയാണ്. കണ്ണൂർ , കാസർഗോഡ് ജില്ലകളിലെങ്ങും കൂത്തുപറമ്പ് രക്തസാക്ഷികളുടെ ബോർഡുകളും ചുവർ ചിത്രങ്ങളും പതിവു പോലെ സ്ഥാപിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് വരെ മുഖ്യശത്രുവും വർഗ്ഗശത്രുവുമൊക്കെയായിരുന്നു എം വിആർ. കാൽനൂറ്റാണ്ടു മുമ്പ് പാർട്ടി വിട്ട് ഇറങ്ങിയ എം വിരാഘവൻ രോഗക്കിടക്കയിൽ ബോധം നഷ്ടപ്പെട്ടപ്പോൾ സി.പി.എം ഒപ്പം കൂട്ടുകയായിരുന്നു. എം വി ആർ പോലുമറിയാതെ.
ഇപ്പോൾ എം. വി. ആർ സിപിഎമ്മിനെ സംബന്ധിച്ച് ധീരനായ നേതാവാണ്. കഴിഞ്ഞ വർഷം എം വിആറിന്റെ ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ സി.പി.എം നേതാക്കളുടെ നാവിൽ നിന്നുതന്നെ വീണ വാക്കുകളാണിത്. ഒരുകാലത്ത് അണികളുടേയും നേതാക്കളുടേയും പ്രിയങ്കരൻ ആയിരുന്ന എം വി ആർ എങ്ങിനെയാണ് പാർട്ടിക്ക് പിന്നീട് അനഭിമതൻ ആയതും ഇപ്പോൾ വീണ്ടും ധീര നേതാവായതും? അതേക്കുറിച്ചുള്ള ചരിത്രം ഇങ്ങിനെ.
ഒരു കാലത്ത് കണ്ണൂരിലെ പാർട്ടിയുടെ അവസാന വാക്കായിരുന്നു എം വി ആർ. 1968 ലെ പ്രസിദ്ധമായ ജില്ലാ കമ്മിറ്റി പിടിച്ചെടുക്കലോടെയാണ് എം വി ആർ. സിപിഎമ്മിന് അനഭിമതനായത്. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ച പാനലിലെ മുഴുവൻ പേരേയും എതിർ വോട്ടിങിലൂടെ പരാജയപ്പെടുത്തി എം വിആർ പക്ഷം കണ്ണൂർ ജില്ലയിൽ ആധിപത്യം കുറിച്ചു. രാഘവന്റെ നോമിനികൾ, റിബലുകളായി മത്സരിച്ച് ജയിച്ചവർ എം വി ആറിനെ തന്നെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
തുടർന്ന് താൻ ഉദ്ദേശിക്കുന്നവരെ മാത്രം സെക്രട്ടറിയുടെ കസേരയിലിരുത്തിയ രാഘവൻ 1970 മുതലുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച് എംഎൽഎ.യുമായി. പാർട്ടിയുടെ ആശയപരമായ നിലപാട് സ്വതസിദ്ധമായ ഭാഷയിൽ വിവരിച്ച് പരിഹാസ ചുവയോടെ കണ്ണൂർ ശൈലിയിൽ ജനങ്ങളോട് സംവദിച്ചു.
അതു കൊണ്ട് തന്നെ രാഘവൻ പാർട്ടിയിൽ വ്യത്യസ്തനായി. ഇ.എം. എസ് പാർട്ടിയിലെ താത്വികാചാര്യൻ പദവിയിലിരുന്നെങ്കിലും എം.വി ആറിനെ ജനങ്ങൾ ജനകീയ നേതാവായി നെഞ്ചേറ്റി. കണ്ണൂർ ജില്ലക്ക് പുറത്തും എം വി ആർ നേതാവായി വളരുകയായിരുന്നു. കൊണ്ടും കൊടുത്തും അടിക്കു പകരം അടി, വെട്ടിന് പകരം വെട്ട് എന്ന പ്രവർത്തന ശൈലി പ്രാവർത്തികമാക്കി. അതു കൊണ്ടുതന്നെ പാർട്ടി പ്രവർത്തകർക്കും അണികൾക്കും രാഘവൻ തന്നെയായിരുന്നു ഇഷ്ട നേതാവ്.
രാഘവന്റെ വളർച്ചയിൽ ഇ.എം.എസിനുള്ള അസ്വസ്ഥത അക്കാലത്ത് ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വന്നിരുന്നു. കോഴിക്കോട് നടന്ന പാർട്ടി സമ്മേളനത്തിൽ ഇ.എം. എസ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ രാഘവൻ വേദിയിലേക്ക് കടന്നു വന്നതും അതോടെ എം. വി. ആറിന് സിന്ദാബാദ് വിളി ഉയരുകയും പ്രസംഗം നിർത്തി വെക്കേണ്ടിയും വന്നു. അന്ന് കേളുവേട്ടനെന്ന നേതാവ് എം വിആറിനോട് പറഞ്ഞത്രേ ഇ.എം. എസ്. നിന്നെ നോട്ടമിട്ടുണ്ട്. സൂക്ഷിക്കണം.
ഈ വൈരനിര്യാതന ബുദ്ധിയെ കൊച്ചായി കണ്ട രാഘവൻ പരിഹാസ ചിരിയോടെയാണ് മറുപടി നൽകിയത്. എന്നാൽ പിന്നീട് ഇതിൽ രാഘവന് പശ്ചാത്തപിക്കേണ്ടി വന്നു. കേന്ദ്ര കമ്മിറ്റിയിലേക്ക് സംസ്ഥാനത്തു നിന്നും പ്രതിനിധികളെ നിർദ്ദേശിച്ചപ്പോൾ ഇ.എം.എസ്. ബോധപൂർവ്വം രാഘവനെ വെട്ടിനിരത്തി. രാഘവനേക്കാൾ ജൂനിയറായ എസ്. രാമചന്ദ്രൻ പിള്ള, എം. എം. ലോറൻസ,് കെ.എം. രവീന്ദ്രനാഥ്, ഒക്കെയാണ് പ്രതിനിധികൾ. ഇതോടെ രാഘവന്റെ നിയന്ത്രണം വിട്ടു.
തുടർന്ന് 1980 ൽ എ. കെ. ആന്റണിയുടേയും കെ.എം. മാണിയുടേയും പിൻതുണയോടെ ഭരണത്തിലേറിയ നായനാർ മന്ത്രി സഭയിൽ നിന്നു കൂടി രാഘവൻ തഴയപ്പെട്ടു. രാഘവന് വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ഇംഗ്ലീഷ് അറിയില്ലെന്നതുകൊണ്ടാണ് കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത് എന്നും പരിഹസിച്ചു കൊണ്ട് ഇ.എം. എസ് സംസ്സാരിച്ചുവെന്നാണ് കേട്ടു കേൾവി. എന്നാൽ അതോടെ രാഘവൻ, പ്രതികാരത്തിനിറങ്ങി. മന്ത്രി സഭയിൽ നിന്നും ഒഴിവാക്കപ്പെട്ട പുത്തലത്ത് നാരായണനേയും പി.വി. കുഞ്ഞിക്കണ്ണനേയും കൂട്ടു പിടിച്ച് രാഘവൻ പോരിനിറങ്ങി. അങ്ങിനെയാണ് ബദൽ രേഖ വരുന്നത്.
സാമുദായിക സംഘടനകളുമായി തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ വേണ്ട എന്നായിരുന്നു പാർട്ടി ലൈൻ. അതിനെ വെല്ലു വിളിച്ച് രാഘവനും കൂട്ടരും ബദൽ രേഖ രൂപപ്പെടുത്തി. 1980 മുതൽ 81 വരെ മാത്രം ദൈർഘ്യമുണ്ടായിരുന്ന നായനാർ മന്ത്രി സഭ ഒഴിച്ചാൽ 1969 ന് ശേഷം പാർട്ടിക്ക് ഇതു വരെ അധികാരത്തിൽ വരാൻ സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗുമായി സഖ്യം വേണം എന്ന് വാദിക്കുന്നതാണ് സമാന്തര രേഖയുടെ ഉള്ളടക്കം. ഇ.കെ. നായനാരും ദക്ഷിണാമൂർത്തിയും രാഘവനൊപ്പം ഉണ്ടായിരുന്നുന്നെങ്കിലും അവസാന നിമിഷം ഒപ്പിടാൻ വിസമ്മതിക്കുകയായിരുന്നു.
--- തുടരും
(കൂത്തുപറമ്പ് വെടിവയ്പ് വാർഷികവുമായി ബന്ധപ്പെട്ട് മറുനാടൻ തയ്യാറാക്കിയ പരമ്പരയുടെ ആദ്യ ഭാഗം)