- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി ഉണ്ടാക്കാനും എൽപിജി സിലിണ്ടർ കൊടുക്കാനുമുള്ള ഏർപ്പാടല്ല; അത് അലാവുദ്ദീന്റെ അത്ഭുത വിളക്കുപോലെ ഉടമസ്ഥനായ അമേരിക്കയുടെ ആജ്ഞകൾ ശിരസ്സാ വഹിക്കുന്ന ഭൂതമാണ്; ക്ഷേമ രാഷ്ട്രത്തിന്റെ പടവുകളിൽ സാമ്രാജ്യത്ത ചാരന്മാരുടെ പാദമുദ്രകൾ പതിയുമ്പോൾ: ആധാറിന്റെ ഉള്ളറകൾ ചികഞ്ഞ് ഒരു പരമ്പര
പഴയ കാല സംഘപരിവാർ സൈദ്ധാന്തികനും സർക്കാരുകളെ സംഭ്രാന്തരാക്കിയ അന്വേഷണാത്മക പത്രപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ: അരുൺ ഷൗരിയും ഒരു പ്രമുഖ ദേശീയ പത്രത്തിന്റെ പത്രാധിപരും പിന്നെ മറ്റൊരാളും ചേർന്ന് ആൾത്തിരക്കിൽ നിന്നകന്ന് നാലു ചുവരുകൾക്കകത്തെ സ്വകാര്യതയിൽ എന്തോ കൂടിയാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെ, എന്തോ ഓർത്തെടുത്ത മട്ടിൽ, തെല്ല് പരിഭ്രമത്തോടെ ദേശീയ പത്രത്തിന്റെ പത്രാധിപർ ഇങ്ങനെ ഉത്ക്കണ്ഠപ്പെട്ടു: ''അയ്യോ ! നാം മൂവരും ഇവിടെ ഒരുമിച്ചിരിക്കുന്നത് ഇപ്പോൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടാകും. എന്തെന്നാൽ നമ്മുടെ മൂന്നു പേരുടെയും മൊബൈൽ ഫോൺ ഇപ്പോൾ ഒരേ ഇടത്താണെന്ന് സർക്കാരിന്റെ രഹസ്യ നിരീക്ഷണ സംവിധാനങ്ങൾക്ക് തിരിച്ചറിയാൻ പറ്റും....'' ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ ഇപ്പോൾ ഇങ്ങനെ സദാ എന്തിനെയോ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനീതിക്കെതിരെ പ്രതിരോധത്തിന്റെ തിരി കൊളുത്തി തീനാളങ്ങളായി പടരേണ്ടവർ, സത്യത്തിന്റെ കാവലാളുകളായി, കാഹള ധ്വനികളായിത്തീരേണ്ടവർ, ഇങ്ങനെ ഭരണ കൂടത്തിന്റെ നീണ്ട നിഴലുകൾക്കു
പഴയ കാല സംഘപരിവാർ സൈദ്ധാന്തികനും സർക്കാരുകളെ സംഭ്രാന്തരാക്കിയ അന്വേഷണാത്മക പത്രപ്രവർത്തകനും മുൻ കേന്ദ്ര മന്ത്രിയുമായ ശ്രീ: അരുൺ ഷൗരിയും ഒരു പ്രമുഖ ദേശീയ പത്രത്തിന്റെ പത്രാധിപരും പിന്നെ മറ്റൊരാളും ചേർന്ന് ആൾത്തിരക്കിൽ നിന്നകന്ന് നാലു ചുവരുകൾക്കകത്തെ സ്വകാര്യതയിൽ എന്തോ കൂടിയാലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെ, എന്തോ ഓർത്തെടുത്ത മട്ടിൽ, തെല്ല് പരിഭ്രമത്തോടെ ദേശീയ പത്രത്തിന്റെ പത്രാധിപർ ഇങ്ങനെ ഉത്ക്കണ്ഠപ്പെട്ടു: ''അയ്യോ ! നാം മൂവരും ഇവിടെ ഒരുമിച്ചിരിക്കുന്നത് ഇപ്പോൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടാകും. എന്തെന്നാൽ നമ്മുടെ മൂന്നു പേരുടെയും മൊബൈൽ ഫോൺ ഇപ്പോൾ ഒരേ ഇടത്താണെന്ന് സർക്കാരിന്റെ രഹസ്യ നിരീക്ഷണ സംവിധാനങ്ങൾക്ക് തിരിച്ചറിയാൻ പറ്റും....'' ഇന്ത്യയിലെ മാധ്യമ പ്രവർത്തകർ ഇപ്പോൾ ഇങ്ങനെ സദാ എന്തിനെയോ ഭയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനീതിക്കെതിരെ പ്രതിരോധത്തിന്റെ തിരി കൊളുത്തി തീനാളങ്ങളായി പടരേണ്ടവർ, സത്യത്തിന്റെ കാവലാളുകളായി, കാഹള ധ്വനികളായിത്തീരേണ്ടവർ, ഇങ്ങനെ ഭരണ കൂടത്തിന്റെ നീണ്ട നിഴലുകൾക്കു പിന്നിൽ പതുക്കെ നിശ്ശബ്ദരായിക്കൊണ്ടിരിക്കുകയാണ്. അടച്ചിട്ട മുറിയുടെ ചുവരുകൾക്കെല്ലാം ആധാറിന്റെ ചൂഴ്ന്നു നോക്കുന്ന ആയിരം കഴുകൻ കണ്ണുകളുണ്ടെന്ന തിരിച്ചറിവ് ആക്ടിവിസ്റ്റുകളെയെല്ലാം വ്യാകുലരാക്കുന്നു; വിധേയരാക്കിത്തീർക്കുന്നു....
ആധാർ പ്രൊജക്ടിനു കീഴിൽ ശേഖരിക്കപ്പെടുന്ന ഇന്ത്യക്കാരുടെ രഹസ്യങ്ങൾ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഏ യുടെ കൈയിൽ എത്തിയിരിക്കാമെന്ന സ്തോഭകരമായ വിവരം 2017 ഓഗസ്റ്റ് 26 ആം തിയ്യതി വിക്കിലീക്സ് പുറത്തു വിട്ടു. ഇത് കേട്ടപ്പാടെ ഇന്ത്യാ ഗവണ്മെന്റ് അതങ്ങു നിഷേധിക്കുകയും ചെയ്തു. ഇന്ത്യയിലെ പല പത്രങ്ങളും ചരമക്കോളത്തിന് താഴെ ഈ വാർത്ത ഒതുക്കി. പരുന്തും പത്രാധിപന്മാരും പല കാര്യങ്ങൾക്കു മുകളിലും പറക്കുകയില്ല. വിക്കിലീക്സ് അതങ്ങനെ വെറുതെ പറഞ്ഞതായിരുന്നില്ല. വ്യക്തമായ കാരണങ്ങളുടെ, യുക്തികളുടെ അടിസ്ഥാനത്തിലാണ് വിക്കിലീക്സ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. എന്നാലും സർക്കാരിനെ നയിക്കുന്നവർക്ക് സംശയമില്ല. കാര്യസ്ഥന്മാർക്ക് പണ്ടേ സംശയമൊന്നുമുണ്ടാകാറില്ലല്ലോ.
ആധാറിനെ പറ്റിയുള്ള വിവാദങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചർച്ച ചെയ്യുകയാണെങ്കിൽ, ആയിരം പേജുള്ള ഒരു പുസ്തകത്തിൽ പോലും ഒതുക്കിനിർത്താനാവാത്ത വിധം ഈ വിഷയം സങ്കീർണ്ണവുമാണ്. എങ്കിലും സമീപ കാല സംഭവ വികാസങ്ങളെ ഒന്നു പരാമർശിച്ചു കൊണ്ടു തുടങ്ങട്ടെ : 2007 ഇൽ മഹാരാഷ്ട്രയിൽ വച്ച് നടന്ന ഒരു ചടങ്ങിൽ വച്ച്, അന്നത്തെ പ്രധാനമന്ത്രി ശ്രീ: മന്മോഹൻ സിങ് ഔദ്യോഗികമായി അവതരിപ്പിച്ച ''ആധാർ'' പദ്ധതി, ഇന്ത്യയിലെ പാവപ്പെട്ടവർക്ക്, പ്രത്യേകിച്ച് സ്വന്തമായി ഊരും വിലാസവും ഐഡന്റിറ്റി കാർഡുമൊന്നുമില്ലാത്ത വർക്ക് സാമൂഹ്യ ക്ഷേമ പദ്ധതികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണെന്നും, പാചക വാതക സബ്സിഡി നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കാനാണെന്നും ഒക്കെയാണ് കെട്ടിഘോഷിക്കപ്പെട്ടിരുന്നത്.
ഏതായാലും ദാനവും ധർമ്മവും കൊടുക്കുന്ന പരിപാടിയൊക്കെ എപ്പോഴേ നിർത്തിയ മട്ടാണ്; അഥവാ, ഒന്നൊന്നായി നിലച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇന്ത്യയിലെ മധ്യവർഗ്ഗക്കാരെയും അത്യാവശ്യം ആദായ നികുതി അടയ്ക്കുന്നവരെയുമൊക്കെ ഓടിച്ചിട്ടു പിടിക്കുകയാണ്. വ്യത്യസ്ത കാരണങ്ങളാൽ നിരവധി പേർ ആധാർ പദ്ധതിയെ ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിയിൽ കേസു നടത്തുന്നുണ്ട്. ഒടുവിൽ കേട്ടത്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീമതി: മമതാ ബാനർജിയുടേതായി പുറത്തു വന്ന ഒരു പ്രസ്താവനയാണ്. അടിച്ചു കൊന്നാലും താൻ മൊബൈൽ ഫോണിനെ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന മട്ടിലാണ് ശ്രീമതി മമതാ ബാനർജി പ്രതികരിച്ചത്.
ഏതായാലും, അഞ്ചംഗങ്ങളുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച്, ആധാറിന്റെ സാധുതയെ കുറിച്ച് പരിശോധിക്കുമെന്ന് ഇക്കഴിഞ്ഞ (2017) ഒക്ടോബർ 30ാം തിയ്യതി ഇന്ത്യയിലെ ദേശീയ പത്രങ്ങൾ റിപോർട് ചെയ്തു. (The Hindu, Oct 30). സുപ്രീം കോടതിയുടെ വിധി വരുന്നതിനു മുമ്പു തന്നെ കഴിയാവുന്നത്ര ആളുകളെ കൊണ്ട് ആധാർ നിർബ്ബന്ധിച്ച് എടുപ്പിക്കാനുള്ള പുതിയ പുതിയ തന്ത്രങ്ങളുമായി കേന്ദ്രസർക്കാരും മുമ്പോട്ടു പോകുകയാണ്. ഇന്ത്യയിലെ മുഴുവൻ മൊബൈൽ ഫോണുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നും എല്ലാ PAN Number കളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കണമെന്നും മോദി സർക്കാർ തിട്ടൂരമിറക്കിയിട്ടുണ്ട്. ഉപ്പിട്ടുച്ചക്കഞ്ഞി കുടിക്കാനും ഒപ്പിട്ടു സ്‌ക്കോളർഷിപ്പ് മേടിക്കാനും കുഞ്ഞുങ്ങൾക്ക് (വിടു)വാ കീറുന്ന ദൈവം മേലാൽ ആധാർ നിർബ്ബന്ധമാക്കിയിട്ടുണ്ട്.
'Cattle class' അല്ലാതെ, റെയിലു വണ്ടിയിൽ ഉറങ്ങിയോടുമ്പോൾ കവരത്ത് മുൻകൂറായി കിടക്കയുറപ്പിക്കാനും ഇനി ആധാർ കൂടിയേ തീരൂ... ഇതൊക്കെ കോടതിയുടെ അന്തിമ വിധി വന്നിട്ടു പോരേ? എന്താണിത്ര ധൃതി എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ആധാർ പദ്ധതി വഴി ചോർത്തിയെടുക്കുന്ന നമ്മുടെ ഏറ്റവും സെൻസിറ്റീവ് ആയ വിവരങ്ങൾ ആർ ആർക്ക് വിറ്റു കാശാക്കുന്നു? താൻ രാജ്യദ്രോഹിയല്ല്ലെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള ഒരു തന്ത്രം നാട്ടിലുള്ള മുഴുവനാളുകളെയും രാജ്യദ്രോഹിയെന്നു വിളിക്കുകയാണ് എന്ന് ഉന്നതങ്ങളിലുള്ളവർ, ഭരിക്കുന്നവർ വിശ്വസിക്കുന്നുണ്ടോ എന്തോ !
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിനു വേണ്ടി മുൻ അറ്റോർണി ജനറൽ റോഹത്ഗി സുപ്രീം കോടതിയിൽ വാദിച്ചത്, ഇന്ത്യയിലെ ഒരു പൗരന്റെ സ്വകാര്യതയിലേക്ക് ബലം പ്രയോഗിച്ച് കടന്നു കയറാൻ സർക്കാരിന് അവകാശമുണ്ട് എന്നായിരുന്നു. പക്ഷെ, ഇന്ത്യയിൽ പൗരന്റെ സ്വകാര്യാവകാശം ഭരണഘടനാ പരമായ അടിസ്ഥാനാവകാശമാണ് എന്ന് 2017 ഓഗസ്റ്റ് 24ാം തിയ്യതി സുപ്രീം കോടതി ചരിത്രപ്രധാനമായ വിധി പുറപ്പെടുവിച്ചു. ( The Wire online Magazine, Aug 24, 2017) അതോടെ ആധാറിന്റെ കാര്യം തുലാസ്സിലായി. എന്നാൽ സ്വകാര്യാവകാശം മൗലികാവകാശമാണെന്ന് വിധിച്ച സുപ്രീം കോടതി ആധാറിനെ എടുത്ത് അതേപോലെ ചവറ്റു കൊട്ടയിലിടുമെന്ന് ഉറപ്പിക്കേണ്ട.
പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശം അമേരിക്കയിലുൾപ്പെടെ പല പാശ്ചാത്യ രാജ്യങ്ങളിലും പണ്ടേ തന്നെ മൗലികാവകാശമായിരുന്നു. Four freedosmന്റെ** റോസാദളങ്ങൾ വിരിഞ്ഞ പാടങ്ങളുടെ (റൂസ് വെൽറ്റിന്റെ നാട്ടിൽ നിന്ന്) അമേരിക്കയിൽ നിന്ന് പൗരാവകാശത്തിന്റെ സൗരഭ്യം കാറ്റിൽ കടൽ കടന്ന് ഇന്ത്യയിലെത്താൻ ഇത്രയും വൈകി. എന്നാൽ തന്നാട്ടിലെയും മറു നാട്ടിലെയും പൗരന്മാർക്ക് സ്വകാര്യാവകാശം ഉറപ്പു വരുത്താൻ ശ്രദ്ധിച്ച അതേ അമേരിക്കയുടെ രഹസ്യ പദ്ധതിയാണ് ആധാർ എന്നു വരികിലോ? തമസ്സിനെ തിമിർത്തു പെയ്യിക്കാനായി അമേരിക്കൻ മഴമേഘങ്ങൾ കടന്നു വരുമ്പോഴേക്കും കുടതുറന്നു പിടിച്ചു വരവേൽക്കുന്നവരാണോ ഇന്ത്യയിലെ കറുത്ത കോട്ടുകാർ എന്ന് കാത്തിരുന്നു തന്നെ കാണണം.
ആധാർ പദ്ധതിയിൻ കീഴിൽ ഇന്ത്യയിൽ ശേഖരിക്കപ്പെടുന്ന ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ അമേരിക്ക ഇതിനികം തന്നെ ചോർത്തിയിട്ടുണ്ടാവാമെന്ന് വിക്കിലീക്സ് വെറുതെ ബഡായി അടിച്ചതാണോ?
ആധാർ പ്രൊജക്ടിൻ കീഴിൽ വിരലടയാളവും കൃഷ്ണമണിയുടെ പടലവും സ്‌കാൻ ചെയ്യാനുള്ള ഉപകരണങ്ങൾ ഇന്ത്യയെമ്പാടുമുള്ള എന്റോൾമെന്റ് കേന്ദ്രങ്ങൾക്ക് നൽകുന്ന പ്രധാനപ്പെട്ട കമ്പനികളിലൊന്ന് ക്രോസ് വാച്ച് (Crosswatch) ആണ് എന്ന് വിക്കിലീക്സ് ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ ഡിഫൻസ് ഡിപാർട് മെന്റ്, ആഭ്യന്തര സുരക്ഷാ ഡിപാർട്മെന്റ് (Dept of Homeland Security), US സ്റ്റേറ്റ് ഡിപാർട്മെന്റ് എന്നിവ ക്രോസ് വാച്ച് എന്ന ഈ കമ്പനി യുടെ ഇടപാടുകാർ ആണ്. മറ്റൊരു രീതിയിൽ പറഞ് ഞാൽ ഇന്ത്യയിൽ ആധാർ പദ്ധതി നടപ്പാക്കാനുള്ള സ്‌കാനിങ് ഉപകരണങ്ങൾ നൽകുന്ന അതേ കമ്പനി അമേരിക്കയുടെ ഡിഫൻസ് - ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് കൂട്ടുകച്ചവടം നടത്തുന്നു. എന്നാൽ, അവിടം കൊണ്ടു തീരുന്നില്ല പ്രശ്നങ്ങൾ. ഫ്രാൻസിസ്‌കോ പാർട്നേർസ് എന്നൊരു കമ്പനി, ക്രോസ് വാച്ച് എന്ന കമ്പനിയെ വിലയ്ക്കു വാങ്ങിയതോടെ, ഇന്ത്യയിൽ ആധാർ പ്രൊജക്ടിനായി സ്‌കാനറുകൾ നൽകുന്ന കമ്പനിയുടെ യഥാർത്ഥ ഉടമ ഇപ്പറഞ്ഞ Francisco Partners ആയി.
ഇന്റർനെറ്റിൽ നിന്ന് ആളുകളുടെ രഹസ്യങ്ങൾ ചോർത്തിയെടുക്കാനുള്ള ഇസ്രയേലിലെ കമ്പനിയായ NSO Group, ഈ ഫ്രാൻസിസ്‌കോ പാർട്നർസിന്റെ നിയന്ത്രണത്തിലുള്ള മറ്റൊരു കമ്പനിയാണ്. തുർക്കിയിലും മറ്റ് പല രാജ്യങ്ങളിലും പൗരന്മാരുടെ രഹസ്യങ്ങൾ അനധികൃതമായി ചോർത്തിയതായി റിപോർട് ചെയ്യപ്പെട്ട കമ്പനിയാണ് ഇപ്പറഞ്ഞ NSO Group. അതായത്, ഇന്ത്യയിലെ ആധാർ സ്‌കാനറുകൾ സപ്ലൈ ചെയ്യുന്ന ഫ്രാൻസിസ്‌കോ പാർട്നേർസ് (ക്രോസ് വാച്ച്) എന്ന കമ്പനി, ലോകത്തിന്റെ പല ഭാഗത്തും അനധികൃതമായി പൗരന്മാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഇ-മെയിൽ രഹസ്യങ്ങൾ, രോഗവിവരങ്ങൾ, പാസ് വേർഡുകൾ ഒക്കെ ചോർത്തിയിട്ടുള്ള ഒരുഗ്രൂപ്പ് ആണ്. തുർക്കിയിലും ചീനയിലും മെക്സിക്കോയിലും ഒക്കെ ആളുകളുടെ രഹസ്യങ്ങൾ അനധികൃതമായി ചോർത്തുന്ന ഒരു കമ്പനി, ഇന്ത്യക്കാരുടെ രഹസ്യങ്ങൾ ചോർത്താൻ കൂട്ടു നിൽക്കില്ല എന്നാണ് നമ്മുടെ സർക്കാർ പറയുന്നത്. ഭക്ത ജനങ്ങൾക്ക് മൗഢ്യം വിശ്വാസത്തിന്റെ പ്രശ്നമാണ്. ഉണർന്നിരിക്കുന്നവർക്ക് അതങ്ങനെയാവണമെന്നില്ല. അതുകൊണ്ട് സർക്കാർ ഭക്തന്മാർ ക്ഷമിക്കണം.
പലയിടത്തു നിന്നായി പല ഏജൻസികൾ ചോർത്തിയെടുക്കുന്നതോ ശേഖരിക്കുന്നതോ ആയ ബയോമെട്രിക് വിവരങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനുള്ള ഒരു സിസ്റ്റം അമേരിക്കൻ ഇന്റലിജൻസ് ഏജൻസിയായ CIA ഒരുക്കിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ, സിഐ ഏ യുടെ ഒരു വിഭാഗമായ ഓഫീസ് ഒഫ് ടെക്നികൽ സർവ്വീസസ് ആണ് ഈ സിസ്റ്റം (സംവിധാനം) ഒരുക്കിയിരിക്കുന്നത്. ചുരുക്കത്തിൽ, ഇന്ത്യയിൽ നിന്ന് ആധാർ പ്രൊജക്ടിന്റെ പേരു പറഞ് ഞ് ചോർത്തപ്പെടുന്ന വിവരങ്ങൾ ഈ ഷെയറിങ് സിസ്റ്റത്തിലേക്കും അതു വഴി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈയിലേക്കും പോകുമെന്നാണ് മനസ്സിലാക്കേണ്ടത്. എന്തുകൊണ്ടെന്നാൽ, CIA യുടെ എക്സ്പ്രസ് ലെയ്ൻ പ്രൊജക്ടിന്റെ ഭാഗമായി ലെയ്സൺ സർവീസസിനെ ഉപയോഗപ്പെടുത്തി വിവരങ്ങൾ ചോർത്തിയെടുക്കപ്പെടുന്നുണ്ടെന്ന വിവരവും അതിന്റെ വിശദാംശങ്ങളും വിക്കിലീക്സ് പുറത്തു വിട്ടിട്ടുണ്ട്.
Source: https://archive.is/y3Lnr#selection-1489.82-1489.98
അതായത് ആധാർ എന്നത് പാവപ്പെട്ടവന് ഐഡന്റിറ്റി കൊടുക്കാനും LPG സിലിണ്ടർ കൊടുക്കാനുമുള്ള ഏർപ്പാടല്ല. അത് അലാവുദ്ദീന്റെ അത്ഭുത വിളക്കുപോലെ അതിന്റെ ഉടമസ്ഥനായ അമേരിക്കയുടെ (വിദേശ ഇന്റലിജൻസ് ഏജൻസികളുടെ) ആജ്ഞകൾ ശിരസ്സാ വഹിച്ച്, നമ്മുടെ രാജ്യത്തിലെ കോടിക്കണക്കിന് ആളുകളുടെ സെൻസിറ്റീവ് ആയ സ്വകാര്യ വിവരങ്ങൾ ചോർത്തിക്കൊണ്ടു പോകുന്നു. പാക്കിസ്ഥാന്റെ ISI ഇന്ത്യക്കാരായ നയതന്ത്ര വിദഗ്ദന്മാരുടെയും ഇന്ത്യയിലെ ഉയർന്ന സൈനിക ഉദ്യോഗസ്ഥന്മാരുടെയും ഒക്കെ രഹസ്യം ചോർത്തിയാൽ നമ്മുടെ സ്ഥിരം ദേശഭക്തന്മാർക്ക് മൂട്ട കടിച്ചാലുമില്ലെങ്കിലും, അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസി ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട ആളുകളുടെ രഹസ്യങ്ങൾ ചോർത്തുന്നതിന് കൂട്ടു നിൽക്കുന്നത് രാജ്യദ്രോഹമാണെന്ന് വിളിച്ചു പറയേണ്ടത്, മൂട്ട കടിക്കുന്നതും കടിക്കാത്തതുമായ എല്ലാ പൗരന്മാരുടെയും കടമയാണ്. അതു കൊണ്ടു തന്നെ, ആധാർ എങ്ങനെ ഗുരുതരമായ രീതിയിൽ നമ്മുടെ രാഷ്ട്രത്തെയും നമ്മുടെ ജീവിതത്തെയും അപായപ്പെടുത്തുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്.
''ആധാർ'' എന്നത് അദ്വിതീയമായ ഒരു ഐഡന്റിറ്റി (കാർഡ്) സംഖ്യയാണല്ലോ. ഒരാളിന്റെ ആധാർ കാർഡ് ഉപയോഗിക്കാൻ അയാളുടെ തന്നെ വിരലടയാളം പതിപ്പിച്ചാലേ സാധിക്കൂ എന്നാണല്ലോ ഔദ്യോഗിക ഭാഷ്യം. എന്നാൽ, ആധാറിന്റെ പേരു പറഞ് ഞ് ശേഖരിക്കപ്പെടുന്ന ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ സാധാരണ പൗരന്മാരെയും ഉന്നത ഉദ്യോഗസ്ഥന്മാരെയും ഭരണാധിപന്മാരെയും പരമോന്നത കോടതിയിലെ ജഡ്ജിമാരെയും നീതിക്കു വേണ്ടി പോരടിക്കുന്ന ആക്ടിവിസ്റ്റുകളെയും ഒക്കെ ഒരേ പോലെ ബ്ലാക് മെയിൽ ചെയ്യാൻ കഴിയും എന്ന സത്യം എത്ര പേർ ഓർത്തിരിക്കാറുണ്ട്? വിരലടയാളങ്ങളുൾപ്പെടെയുള്ള ബയോമെട്രിക് മുദ്രകൾ വളരെ എളുപ്പം ഫെയ്ക് ചെയ്യാൻ പറ്റും എന്ന സർക്കാർ പാഠപുസ്തകത്തിലില്ലാത്ത ബാലപാഠം നമ്മളിൽ പലരും ഓർത്തിരിക്കുന്നില്ല.
നമ്മുടെ ബയോമെട്രിക് വിവരങ്ങൾ ചോർത്താൻ അമേരിക്ക തന്നെ വരണമെന്നില്ല; നമ്മളറിയാതെ നമ്മുടെ തൊഴിലിടത്തിലെ ഒരു സഹ ഉദ്യോഗസ്ഥന് അത് ചോർത്തിയെടുക്കാനും നമ്മുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് വിലപേശാനും കഴിയും. നമ്മളറിയാതെ, നമ്മുടെ മൊബൈൽ ഫോണിൽ നമ്മളുടെ വിരലടയാളം പതിപ്പിച്ച് ആർക്കു വേണമെങ്കിലും അതുപയോഗിക്കാൻ കഴിയും. നമ്മളറിയാതെ, നമ്മുടെ ആധാർ അക്കൗണ്ടുകൾ മന്ത്രവും തന്ത്രവുമില്ലാതെ തന്നെ ആർക്കു വേണമെങ്കിലും ബയോമെട്രിക് താക്കോലുകളിട്ടു തുറക്കാൻ സാധിക്കും. നമ്മളറിയാതെ, നമ്മുടെ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നിമിഷങ്ങൾക്കകം ആജീവനാന്ത സമ്പാദ്യം മുഴുവൻ അപ്രത്യക്ഷമായേക്കാം. വന്യമായി ചാടി വീഴാനോങ്ങിക്കൊണ്ട്, ഒരിലപോലുമനങ്ങാതെ, നിഴലുകൾക്ക് പിന്നിൽ പതുങ്ങിയ, നഖങ്ങൾ ഉള്ളിലൊളിപ്പിച്ച ഒരു മഹാവിപത്തായി, ആധാർ, ഭാവിയുടെ ഓരോ ചലനങ്ങളിലും നമ്മെ പിന്തുടരാൻ പോകുകയാണ്.
ആധാർ എന്ന യുട്ടോപ്യൻ ഗ്രഹത്തെ താങ്ങി നിർത്തുന്ന വരാഹം, ശാസ്ത്രീയമായ മൗഢ്യമാണ് എന്ന കാര്യം സർക്കാർ പൊതുജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കാൻ ശ്രമിക്കുകയാണ്. ചൂണ്ടുവിരൽ പ്രതലത്തിലെ ചുഴിവിന്യാസവും (finger print) കൃഷ്ണമണികളുടെ വർത്തുള പാളിയുമൊക്കെ (iris) ഡിജിറ്റൽ രൂപത്തിൽ പകർത്തിവച്ചാൽ ലോകത്തിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഇടയിൽ നിന്ന് ''കഥയിലെ രാജകുമാരനെ'' മാത്രം തിരിച്ചറിഞ് ഞ് ഉറപ്പുവരുത്താൻ കഴിയുമെന്നത് ഒരു കെട്ടുകഥയാണ്. ഭൂരിപക്ഷം ആളുകളുടെ കാര്യത്തിലും iris ഉം finger print ഉം അനന്യത്വമുള്ളതാണെന്നും ഒരാളിന്റേത് മറ്റൊരാൾക്ക് സാധാരണ നിലയിൽ യോജിക്കില്ല എന്നും മാത്രമേ ശാസ്ത്രം പറയുന്നുള്ളൂ. എന്നാൽ 100% ആളുകളുടെ കാര്യത്തിലും ഇത് ശരിയാണെന്ന് ശഠിക്കുന്നവർ പക്ഷിശാസ്ത്രത്തെ ശാസ്ത്രമെന്ന് തെറ്റിദ്ധരിച്ചവരാണ്. അതായത്, 'ആധാർ' എന്ന് പേരിട്ട അനന്യത്വമുള്ളതും*** ജൈവ മുദ്രകൾ ഉപയോഗിച്ചുള്ളതുമായ വ്യക്തിസ്വത്വാധാര രേഖ (Unique Biometric ID) അപ്രമാദിത്വമുള്ള ശാസ്ത്രീയ അടിത്തറയിൽ കെട്ടിപ്പടുത്ത പ്രായോഗിക തത്ത്വവും പ്രവർത്തന സംവിധാനവുമല്ല.
മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ, രാമകുമാറിന്റെ ലേഖനത്തിൽ ശ്രദ്ധേയമായ ഒരു വസ്തുത ഉദ്ധരിച്ചു ചേർത്തിട്ടുണ്ട്:
''അനന്യത്വമുള്ള തിരിച്ചറിയൽ രേഖയ്ക്കായുള്ള ഇന്ത്യൻ അഥോറിറ്റിയായ UIDAI, കരാറടിസ്ഥാനത്തിൽ നിയമിച്ച 4G ഐഡന്റിറ്റി സൊലൂഷ്യൻസ് എന്ന സ്ഥാപനം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ''മുറിപ്പാടുകൾ കാരണമോ പ്രായാധിക്യ കാരണങ്ങളാലോ അസ്ഫുടത മൂലമോ ലോകത്തിലേതൊരു ജനവിഭാഗത്തിനിടയിലും ഏതാണ്ട് 5% വരെയുള്ള ആളുകളുടെ വിരലടയാളങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്തവയായിരിക്കും എന്ന് തിട്ടപ്പെടുത്തപ്പെട്ടിരിക്കുന്നു. അതിവിപുലമായ ഒരു ജനവിഭാഗം കായികാദ്ധ്വാനത്തിൽ ഏർപ്പെട്ടു ജീവിക്കുന്ന ഇന്ത്യൻ പരിതസ്ഥിതിയിൽ, ബയോമെട്രിക് ID ഉപയോഗിച്ചുള്ള പദ്ധതിയിൽ ചേരുന്നതിന് സാധ്യമാകാതെ വരുന്നവരുടെ സംഖ്യ 15 ശതമാനത്തോളാം വന്നേക്കുമെന്ന് അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കപ്പെട്ടിട്ടുണ്ട്.''
15 ശതമാനം ആളുകളുടെ കാര്യത്തിൽ പരാജയപ്പെടുക എന്നാൽ 200 ദശലക്ഷത്തിലധികം ആളുകൾ'' (ഇന്ത്യയിൽ) ''ഒഴിവാക്കപ്പെടുക എന്നാണർത്ഥം.'' രാമകുമാറിന്റെ ഇതേ ലേഖനത്തിൽ ''ഒരു ചെറിയ ശതമാനം ആളുകളുടെ കാര്യത്തിൽ, അവരുടെ വിരലടയാളം പോലുള്ള ബയോമെട്രിക് മുദ്രകൾ, അപരിചിതരായ മറ്റാരുടെയെങ്കിലും ബയോമെട്രിക് ഐഡന്റിറ്റിയുമായി ഒത്തു വരികയോ അതല്ലെങ്കിൽ (ID കാർഡ് നമ്പർ, വ്യക്തിവിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന) ഡാറ്റാബേസുമായി മാച്ച് ചെയ്യാതിരിക്കുകയോ ചെയ്യാം.'' എന്ന് പറഞ് ഞിട്ടുണ്ട് (edited for clarity).
UIDAI യുടെ Director-General ഉം Mission Director ഉം ആയ ആർ. എസ്. ശർമ്മ ഇതിന് മറുപടിയായി ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ തിരിച്ചു ചോദിക്കുന്നത്, ഇപ്പറഞ് ഞതൊക്കെ ഞങ്ങൾക്ക് അറിയാത്തതാണോ എന്നാണ് ! ഇതിനോടൊക്കെ എങ്ങനെ പ്രതികരിക്കാനാണ് ! ഈ Director മാരൊക്കെ എന്തിനാണാവോ ഇങ്ങനെ പടിഞ്ഞാറ്റിനിയിൽ കസേരയുമിട്ട് കാലുംനീട്ടിയിരിക്കുന്നത് !
വരാനിരിക്കുന്ന കാലത്ത് നമ്മുടെ കുട്ടികളും പേരക്കിടാങ്ങളും കൂടുതൽ നഗരവത്ക്കരിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുക. അവരുടെ കളിക്കൂട്ടുകാർക്കും അയൽപക്കക്കാർക്കും അവർ കണ്ണിലുണ്ണികളായിരിക്കാം. എന്നാൽ അഭിശപ്തവും നാടകീയവുമായ ജീവിത സന്ദർഭങ്ങളിലൊന്നിൽ, നമ്മുടെ കുട്ടികളുടെ തിരിച്ചറിയൽ രേഖ ഏതെങ്കിലും ഒരു രാജ്യദ്രോഹിയായ ക്രിമിനലിന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുവന്നാലുള്ള പുകിൽ ഒന്നാലോചിച്ചു നോക്കൂ. ഭരണാധികാരികൾക്കിടയിലും പൊലീസ് ഡിപാർട്ട്മെന്റിലും പണം കായ്ക്കുന്ന മരം തേടി നടക്കുന്ന ഭാഗ്യാന്വേഷികൾക്കും കുറ്റവാസനയുടെ ജനിതക ജാതകമാളുന്നവർക്കും പഞ്ഞമില്ല എന്നിരിക്കെ, ഏതെങ്കിലും ഒരാൾ ഒരു കള്ളക്കളി കളിച്ചാൽ എന്നേക്കുമായി തീർന്നു; നമ്മുടെ പ്രിയപ്പെട്ട പിൻതലമുറക്കാരുടെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും നാളുകൾ...
'സ്റ്റാർബഗ്'' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സോഫ്റ്റ് വെയർ വിദഗ്ധൻ, (യഥാർത്ഥ പേര് -ജാൻ ക്രിസലർ), ഫോട്ടോഗ്രാഫുകൾ മാത്രം ഉപയോഗപ്പെടുത്തി ജർമ്മൻ ചാൻസലർ ശ്രീമതി: ഏയ്ഞ്ചെല മെർകലിന്റെ കൃഷ്ണമണി പാളിയും അവിടുത്തെ പ്രതിരോധമന്ത്രിയായ ശ്രീമതി: ഉറുസുല വോൺ ഡെർ ലെയനിന്റെ വിരലടയാളവും ബയോമെട്രിക് താഴുകൾ തുറക്കാൻ ഉപയുക്തമാം വിധം കൃത്രിമമായി നിർമ്മിച്ച് കാണിച്ചു തരികയുണ്ടായി. കൃഷ്ണമണിയുടെ പാളി (iris) യുടെ ബിംബം ഒരു കോൺടാക്ട് ലെൻസിൽ പതിപ്പിച്ച്, കണ്ണിലണിയുകയും, fake ചെയ്ത വിരലടയാളം ഉപയോഗപ്പെടുത്തുകയും ചെയ്ത്, ഒരു സാമ്പത്തിക കുറ്റവാളിക്ക് പത്തു മിനറ്റു കൊണ്ട് നിങ്ങളുടെ ബാങ്ക് നിക്ഷേപം മുഴുവൻ, ഗൂഢമായി, കൈയെത്താ ദൂരത്തേക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. എന്നിട്ടും എന്തുകൊണ്ടാണ് ശ്രീ: നരേന്ദ്ര മോദിയുടെ സർക്കാർ ബയോമെട്രിക് മുദ്രകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആധാർ ID യെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നത് ദുരൂഹമായി അവശേഷിക്കുന്നു. കൃത്രിമങ്ങളുടെയും വഞ്ചനയുടെയും പരമ്പരകളിലൂടെ ഇന്ത്യൻ കോർപ്പറേറ്റ് നേതൃത്വത്തിലേക്ക് ഉയർന്നുവന്ന ചില വൻ ബിസിനസ്സ് ഗ്രൂപ്പുകൾക്ക് Adhaar ID application ഉപയോഗിക്കാൻ അനുമതി നൽകപ്പെട്ടിരിക്കുന്നു.
ലക്ഷക്കണക്കിന് പൗരന്മാരുടെ അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ആധാർ ഡാറ്റകൾ, 210 ഓളം സർക്കാർ വെബ് സൈറ്റുകൾ വഴി ഇതിനകം തന്നെ ചോർന്നു പോയതായി UIDAI തന്നെ ഒടുവിൽ സമ്മതിച്ചിരിക്കുന്നു. (scroll.in, Nov 19, 2017). ആധാർ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച് സൂക്ഷിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ പേരും വിലാസവും ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ അനധികൃതമായി ചോർത്തി വെറും 500 രൂപയ്ക്ക് വില്പന നടത്തുന്ന ഒരു റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ട്രിബ്യൂൺ പത്രം 2018 ജനുവരി ആദ്യവാരം പുറത്തു വിട്ടു. ഇങ്ങനെ വിവരങ്ങൾ ചോർത്തി വില്പന നടത്തുന്ന ഒരു ലക്ഷത്തിലധികം അനധികൃത ഓപറേറ്റർ മാർ (VLEs - Village Level enterprise operators) ഉണ്ടാകാം എന്നാണ് ട്രിബ്യൂൺ പത്രത്തിന്റെ അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുള്ളത്. ഈ സംഭവം ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം ഒരു വൻ വീഴ്ചയാണ് എന്ന് ചണ്ഡീഗഡിലെ UIDAI ഉദ്യോഗസ്ഥർ സമ്മതിച്ചു. എന്നിട്ടും, രാജ്യരക്ഷ മുഴുവൻ കുലുങ്ങിയാലും തകർന്നു വീണിട്ടും നന്ദന്മാർക്കും നരേന്ദ്രന്മാർക്കും കേളന്മാർക്കും കുലുക്കമൊന്നുമില്ല. http://www.tribuneindia.com/news/nation/rs-500-10-minutes-and-you-have-access-to-billion-aadhaar-details/523361.html
രണ്ടു നാൾ കഴിഞ് ഞപ്പോൾ, നാണം കെട്ട നഗ്നവാനരന്മാർ വാഴുന്ന നാടായി നമ്മുടെ രാജ്യത്തെ അധഃപതിപ്പിക്കുന്ന വിധം, രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞ പത്രപ്രവർത്തകയെ നാണക്കേടു മാറിക്കിട്ടുന്നതു വരെ തൂകിക്കൊല്ലാൻ വിധിക്കുക വഴി, ഇന്നാട്ടിലെ നിയമ വ്യവസ്ഥയെ നശിപ്പിച്ചു നാറാണക്കല്ലു പിടിപ്പിച്ചിട്ടുണ്ട്; സർക്കാർ. ആധാർ ഡാറ്റാ ചോർച്ച റിപോർട്ട് ചെയ്ത പത്രപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിനെ തുടർന്ന്, എഡ്വേർഡ് സ്നോഡനും ഇന്ത്യയുടെ രാജ്യാന്തര രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ അദ്ധ്യക്ഷൻ കെ.സി. വർമ്മയും ഉൾപ്പെടെ നിരവധി പ്രമുഖ വ്യക്തികൾ അവർക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ആധാർ പദ്ധതിയുടെ വിശ്വാസ്യതയെ പ്പറ്റി സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബാങ്ക് ATM കൗണ്ടറുകളിൽ നിന്ന് ഇടപാടുകാരുടെ ബയോമെട്രിക് വിരലടയാളങ്ങൾ ചോർത്തിയെടുക്കാനുള്ള ബയോമെട്രിക് സ്‌കിമ്മറുകൾ (ബയോമെട്രിക് മുദ്ര ചോർത്തിയെടുക്കുന്ന ഉപകരണങ്ങൾ) അനധികൃതമായി വിൽക്കുന്ന ചുരുങ്ങിയത് 12 അധോലോക കമ്പനികളെങ്കിലും സജീവമായി രംഗത്തുണ്ടെന്ന് ആന്റിവൈറസ് സേവന കമ്പനിയായ കാസ്പെർസ്‌കി ഒരു പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ബയോമെട്രിക് മുദ്രയായ ഐറിസ് (നേത്രപടലത്തിന്റെ ഛായ) ഗൂഢമായി ചോർത്തിയെടുക്കുന്ന കൃഷ്ണമണീപാളീ വെട്ടിപ്പു സാമഗ്രികൾ (iris skimmers) നിർമ്മിക്കാനുള്ള പണിപ്പുരയിലാണ് മൂന്നു അധോലോക വില്പന സംഘങ്ങൾ എന്നും കാസ്പെർസ്‌കി അറിയിക്കുകയുണ്ടായി. അതായത് തൊട്ടടുത്ത വീട്ടിലെ കള്ളപ്പണക്കാരന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാൻ നിങ്ങൾ സ്വയം ഒരു സോഫ്റ്റ് വെയർ വിദഗ്ദനാകണമെന്നില്ല. ഈ ജൈവമുദ്രാ വെട്ടിപ്പു സാമഗ്രി (biometric skimmer) ഒന്നു വാങ്ങി ടൗണിലൊന്നു കറങ്ങിയാൽ വൈകുന്നേരം കൊണ്ടു കോടീശ്വരനാകാം. ബിജെപി - കോൺഗ്രസ്സ് നേതാക്കൾക്ക് മാനസിക സംഘർഷം നന്നേ കുറഞ്ഞിരിക്കുന്നത് യോഗ ചെയ്യുന്നതു കൊണ്ടു മാത്രമാവണമെന്നില്ല; പത്രം വായിക്കാത്തതു കൊണ്ടു കൂടിയാവാം. ( Source: https://usa.kaspersky.com/about/press-releases/2016_biometric-skimmers-are-here )
(വ്യാപകമായിട്ടല്ലെങ്കിലും, നിലവിൽ ഇന്ത്യയിൽ ബാങ്ക് ATM കൗണ്ടറുകൾ biometric identification card കൾ (ആധാർ ആപ്ലിക്കേഷൻ വഴി) ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഉദാ: DCB Bank. Axis Bank ഉം ഇക്കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ് ഞു. ATM കൗണ്ടറുകളിൽ മാത്രമല്ല, ഏതു സാഹചര്യത്തിലും ബയോമെട്രിക് മുദ്രകളെ കൃത്രിമമായി സൃഷ്ടിക്കാം എന്ന് തിരിച്ചറിയേണ്ടതുണ്ട്.)
Foot notes --
** - അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ റൂസ് വെൽറ്റ് 1941 ൽ നടത്തിയ, State of the Union Addressൽ, സാർവ്വ ലൗകികവും സാർവ്വകാലികവുമായുള്ള മനുഷ്യന്റെ മൗലികാവകാശങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നാല് അവകാശങ്ങളിൽ (four freedoms), അന്തസ്സായി ജീവിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്ക്ൾ 19 ഉം 21 ഉം ഒക്കെ ഈ അവകാശങ്ങളെ പ്രതിഫലിപ്പിക്കുന്നു. അതിന്റെ തുടർച്ചയായിട്ടാണ് സ്വകാര്യാവകാശം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി. Roosevelt എന്ന വാക്കിന് പനിനീർപ്പൂക്കൾ വിളയുന്ന പാടം എന്നാണ് അർത്ഥം.
*** - uniqueness എന്ന ഇംഗ്ലീഷ് വാക്കിനു പകരം വയ്ക്കാൻ ലേഖനത്തിൽ തുടർന്നുള്ള ഭാഗത്ത്, എഴുത്തിനുള്ള സൗകര്യാർത്ഥം ''അനന്യ സ്വത്വം'' എന്നതിനോ ''അദ്വിതീയമായത്'' എന്നതിനോ പകരം ''അനന്യത്വം'' എന്ന പദം ഉപയോഗിച്ചിരിക്കുന്നു.
(ഈ പരമ്പരയുടെ രണ്ടാംഭാഗംവായിക്കാം:http://www.marunadanmalayali.com/story-99667
. ലേഖനത്തോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും ലേഖകരെ അറിയിക്കാം: ഇ-മെയിൽ: shemej@gmail.com)