- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ചതിയിൽ മനം നൊന്ത് രാഷ്ട്രീയം ഉപേക്ഷിച്ച മുൻ എൽഡിഎഫ് കൺവീനർ; സിനിമാ നിർമ്മാണം മറയാക്കി പുറത്താക്കപ്പെട്ട ചാത്തുണ്ണി മാസ്റ്റർ; പി ശശിക്കൊപ്പം തരം താഴ്ത്തപ്പെട്ടത് വാദിയായ സികെപി; സ്വയം ഒഴിവായ ജെയിംസ് മാത്യൂ; ടി ശശിധരൻ മുതൽ എൻ എൻ കൃഷ്ണദാസ് വരെയുള്ള ഇരകൾ; പയ്യന്നൂർ മോഡൽ ഒറ്റപ്പെട്ടതല്ല; വാദിയെ പ്രതിയാക്കുന്ന സിപിഎം നടപടികളുടെ ചരിത്രം
സിപിഎം നേതാക്കൾ പലപ്പോഴും പറയാറുള്ളത് , എല്ലാ തെറ്റുകളും പൊറുക്കുന്ന അമ്മയെപ്പോലെയാണ് പാർട്ടിയെന്നും, പൊലീസ് അന്വേഷണത്തേക്കാൾ തങ്ങൾക്ക് വിശ്വാസം പാർട്ടി അന്വേഷണം ആണെന്നുമൊക്കെയാണ്. എന്നാൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നതിന് നിരവധി ജീവിക്കുന്ന ഉദാഹരണങ്ങൾ സിപിഎമ്മിലുണ്ട്. ഒരു പ്രശ്നത്തിൽ പരാതി നൽകുമ്പോൾ പലപ്പോഴും വാദി പ്രതിയാവുകയാണ് സിപിഎമ്മിന്റെ രീതി. മാത്രമല്ല അപ്പോഴത്തെ സമയത്ത് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നവർ പ്രശ്നത്തിൽനിന്ന് കൂളായി ഊരിപ്പോരുകയും ചെയ്യും.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പയ്യന്നൂരിൽ സിപിഎമ്മിൽ പുകഞ്ഞുകൊണ്ടിരിക്കുന്നത്. പാർട്ടിക്കുള്ളിൽ തെറ്റ് ചൂണ്ടിക്കാട്ടുന്നവർ അച്ചടക്കവാളിനിരയാവുന്നതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ്, വാദി പ്രതിയായി മാറിയ സിപിഎമ്മിന്റെ പയ്യന്നൂർ മോഡൽ. ഇവിടെ ഫണ്ട് ക്രമക്കേട് ചൂണ്ടിക്കാണിച്ചതിന്, പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട വി കുഞ്ഞികൃഷ്ണൻ, പൊതുജീവിതം അവസാനിപ്പിച്ച് ഏവരെയും ഞെട്ടിച്ചിരിക്കയാണ്. രാജിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് എം എൻ വിജയൻ മാസ്റ്റർ പറഞ്ഞത് സ്വന്തം ജീവിതത്തിലുടെ അദ്ദേഹം തെളിയിക്കുന്നു.
പയ്യന്നൂരിൽ അടിതെറ്റി സിപിഎം
തീർത്തും നിഷ്പക്ഷനും ജനകീയനുമെന്ന് എതിരാളികൾ പോലും പറയുന്ന ഒരു നേതാവിനെ ഒരു കാര്യവുമില്ലാതെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുക. ചെങ്കോട്ട എന്ന് അറിയപ്പെടുന്ന പയ്യന്നൂരിൽ സിപിഎം ഇപ്പോൾ അണികളുടെ രോഷം മൂലം അടിതെറ്റി നിൽക്കയാണ്. പാർട്ടി നടപടി വന്നതോടെ പയ്യന്നൂരിലെ ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ ചെയ്തത് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുക എന്നതാണ്. ഇതോടെ ആകെ ഞെട്ടി കിളിപോയ അവസ്ഥയിലാണ് സിപിഎം.
നേതാക്കൾക്കെതിരേ പരാതി ഉന്നയിച്ചതിന്റെ പേരിലാണ് വി കുഞ്ഞികൃഷ്ണനെ സ്ഥാനത്തുനിന്ന് നീക്കിയത്. പകരം ടി വി രാജേഷിന് താൽക്കാലിക ചുമതല നൽകി. സംഭവം പാർട്ടിക്ക് പുറത്ത് വിവാദമാക്കിയതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫിസ് നിർണാണ ഫണ്ട്, 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവകളിൽ ടി ഐ മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ ക്രമക്കേട് നടത്തിയതായി നേരത്തെ പരാതി ഉയർന്നിരുന്നു. വി കുഞ്ഞികൃ്ഷണായിരുന്നു ഇതിലെ പരാതിക്കാരൻ. പുതിയ ഏരിയാ കമ്മിറ്റി ഓഫിസ് നിർമ്മാണത്തിന്റെ പേരിൽ നടന്ന ഫണ്ട് വെട്ടിപ്പാണ് ആദ്യം പുറത്തുവന്നത്. 2017ലാണ് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസായ എകെജി ഭവൻ നിർമ്മിക്കുന്നത്. ആ കാലയളവിൽ പാർട്ടി ഏരിയാ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നത് എംഎൽഎ ടി ഐ മധുസൂദനൻ ആയിരുന്നു. 15,000 പേരിൽ നിന്ന് 1,000 രൂപ വീതം പിരിച്ച് ചിട്ടി നടത്തിയാണ് ഏരിയാ കമ്മിറ്റി കെട്ടിട നിർമ്മാണത്തിന് പണം കണ്ടെത്തിയത്.ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുക ചിട്ടിക്കണക്കിൽ ഉൾപ്പെടുത്താതെയായിരുന്നു ലക്ഷങ്ങൾ വെട്ടിച്ചത്. കെട്ടിടനിർമ്മാണ ഫണ്ടിന്വേണ്ടിയുള്ള ചിട്ടിയിൽ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മിറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപോർട്ട് നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതുണ്ടാക്കി പണം തട്ടിയെന്ന ആരോപണം.
ഈ ഗുരുതരമായ ക്രമക്കേട് പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ സിപിഎം വാദിയെക്കൂടി പ്രതിയാക്കുകയാണ് ചെയ്തത്. വി കുഞ്ഞികൃഷ്ണൻ എന്ന ജനകീയനായ അഴിമതിരഹിതനായ നേതാവിനെതിരെ എന്തിന് നടപടി എടുത്തുവെന്ന് വിശദീകരിക്കാൻ സിപിഎം നേതൃത്വത്തിനാവുന്നില്ല. ഈ നടപടിക്കെതിരേ പ്രാദേശിക കമ്മിറ്റികൾക്കൊപ്പം സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. വാട്‌സാപ്പ്, ഫേസ്‌ബുക്ക് എന്നിവയിൽ കടുത്ത ഭാഷയിലാണ് പ്രതികരണങ്ങൾ. സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീരനായ നേതാവ് എന്ന പോസ്റ്റർ ഒട്ടേറെ പേരാണ് പങ്കുവെച്ചത്. 'കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുക എന്ന പാർട്ടി നയം തിരുത്തുക' എന്ന പോസ്റ്ററും വ്യാപകമായി പ്രചരിച്ചു.
പയ്യന്നൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിലൊഴികെ യോഗം നടന്ന ലോക്കലുകളിൽ നടപടിക്കെതിരേ പ്രതിഷേധസ്വരമുയർന്നിരുന്നു. പല ലോക്കലുകളിൽനിന്നും പ്രതിഷേധപ്രകടനങ്ങൾക്കുൾപ്പെടെ പ്രവർത്തകർ മുന്നിട്ടിറങ്ങുകയും ചെയ്തു. വെള്ളൂർ നോർത്ത് ലോക്കലിൽ മേൽക്കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശനെ തടഞ്ഞതായും സൂചനകളുണ്ട്. ലോക്കൽ ജനറൽ ബോഡികളിൽ നടപടി വിശദീകരണവും ബ്രാഞ്ചുകളിൽ വിശദമായ ചർച്ചയുമാണ് പാർട്ടി നിർദ്ദേശിച്ചിട്ടുള്ളത്.
സത്യത്തിന് വേണ്ടി നിലകൊണ്ടതിന് അനീതിക്കിരയായി പുറത്താക്കപ്പെട്ട ജീവിക്കുന്ന രക്തസാക്ഷിയായും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. പക്ഷേ ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല എന്നത് സിപിഎമ്മിന്റെ ചരിത്രം പരിശോധിക്കുമ്പോൾ കൃത്യമായി മനസ്സിലാവുന്ന കാര്യമാണ്. പുറമേ ഉൾപ്പാർട്ടി ജനാധിപത്യത്തെക്കുറിച്ചൊക്കെ പറയുമ്പോളും, കൃത്യമായി ആഭ്യന്തര ഫാസിസം തന്നെയാണ്,
രാഷ്ട്രീയം ഉപേക്ഷിച്ച പി വി കുഞ്ഞിക്കണ്ണൻ
വെറും ഈഗോയുടെ പേരിലും ഇല്ലാത്തകാര്യങ്ങൾ പറഞ്ഞ് പർവതീകരിച്ചും പാർട്ടിയിൽനിന്ന് പുറത്താക്കൽ സിപിഎമ്മിൽ ആദ്യത്തേതല്ല. രാഷ്ട്രീയം പ്രവർത്തനം ഉപേക്ഷിച്ച പ്രമുഖ നേതാക്കൾ നേരത്തെയും ഉണ്ട്. അതിന്റെ എറ്റവും നല്ല ഉദാഹരണമായിരുന്നു പി വി കുഞ്ഞിക്കണ്ണൻ എന്ന മുൻ എൽഡിഎഫ് കൺവീനർ. പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെടാവുന്ന രാഷ്ട്രീയ വ്യക്തിത്വം, സിപിഎം നടത്തിയ വൻ ചതിയിൽ മനം നൊന്ത് രാഷ്ട്രീയം ഉപേക്ഷിക്കയാണ് ചെയ്തത്.
1939ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗംമായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ആളാണ് കുഞ്ഞിക്കണ്ണൻ. 1944സിപിഐ.യിൽ അംഗമായ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതിനെ തുടർന്ന് രണ്ട് വർഷം ജയിലിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ചേർന്നു. കേരള കർഷക സംഘം ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി ഓൾ ഇന്ത്യ കിസാൻ സഭ തുടങ്ങിയ വിവിധ മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. 1980 മുതൽ 86വരെ ഇടതു മുന്നണിയുടെ ആദ്യത്തെ കൺവീനറായി കുഞ്ഞിക്കണ്ണൻ തിളഞ്ഞി. ഈ സമയത്ത് ഭാവി മുഖ്യമന്ത്രിയായിവരെ അദ്ദേഹത്തിന്റെ പേര് പറഞ്ഞുകേട്ടു.
ഇങ്ങനെ തിളങ്ങി നിൽക്കവേയാണ് അദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിച്ചത്. അതിന് കാരണമാക്കിയത് ആവട്ടെ, ബദൽ രേഖ വിവാദവും. 1985 നവംബർ 20 മുതൽ 24 വരെ എറണാകുളത്ത് സിപിഎം. സംസ്ഥാന സമ്മേളനം നടക്കുകയാണ്. എം വിആർ, ഇ.കെ. നായനാർ, പുത്തലത്ത് നാരായണൻ, പി.വി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ ഒരു വിയോജനക്കുറിപ്പ് തയ്യാറാക്കിയിരുന്നു. കുറിപ്പ് സമ്മേളനത്തിൽ അവതരിപ്പിക്കണം. അതിന് സെക്രട്ടറിയേറ്റിന്റെ അനുമതി വേണം. സമ്മേളനം തുടങ്ങുന്നതിനു തലേന്നു പതിവുപോലെ സെക്രട്ടേറിയറ്റ് യോഗം. എം വി ആറും കൂട്ടരും വിഷയം അവതരിപ്പിച്ചു. സമ്മേളനത്തിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തോടൊപ്പം വിയോജനക്കുറിപ്പും അവതരിപ്പിക്കണം. എം വി ആറും പുത്തലത്തും പി.വി. കുഞ്ഞിക്കണ്ണനുമെല്ലാം കാര്യങ്ങൾ വിശദീകരിച്ചു. എല്ലാവർക്കും നിർബന്ധമാണെങ്കിൽ കുറിപ്പ് അവതരിപ്പിച്ചോളൂ എന്ന് ഇ.എം.എസ് പറഞ്ഞത്. ആ കുറിപ്പാണ് ബദൽ രേഖ എന്ന പേരിൽ സി.പി. എമ്മിനുള്ളിൽ വലിയ കോളിക്കമുണ്ടാക്കിയത്.
മുസ്ലിംലീഗും കേരളകോൺഗ്രസും അടക്കമുള്ള കക്ഷികളെ കുടെ കൂട്ടി ഇടതുമുന്നണി ശക്തമാക്കണം എന്ന ആശയം ആയിരുന്നു ബദൽരേഖക്കാരുടേത്. പക്ഷേ ഇത് കടുത്ത വിഭാഗീയ പ്രവർത്തനം ആയാണ് വിലയിരുത്തപ്പെട്ടത്. ആദ്യം അവതരിപ്പിച്ചോളൂ എന്ന് പറഞ്ഞ് ഇഎംഎസ് 'ഞാൻ ഒന്നു മറിഞ്ഞില്ലേ' എന്ന രീതിയിൽ മലക്കം മറിഞ്ഞു. തുടക്കത്തിൽ ബദൽരേഖക്ക് ഒപ്പം ആയിരുന്ന, നായനാരും കാലുമാറി. ബദൽരേഖ ഒരു അഭിപ്രായ പ്രകടനം മാത്രമായിരുന്നു. പക്ഷേ എല്ലാവും പറഞ്ഞ് അത് വലിയ ഒരു കുറ്റകൃത്യമായി. എം വി രാഘവനെ സിപിഎം പുറത്താക്കി. ബദൽരേഖക്ക് ഒപ്പം നിന്ന മറ്റുള്ളവരെ അച്ചടക്ക നടപടി എടുത്തു.
താൻ ജീവശ്വാസമായി കരുതിയ പാർട്ടിയിൽനിന്ന് ഇതുപോലെ ഒരു നടപടി കുഞ്ഞിക്കണ്ണൻ പ്രതീക്ഷിച്ചില്ല. അദ്ദേഹം ഇപ്പോൾ പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണൻ ചെയ്തപോലെ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചുകൊണ്ട് കേരളത്തെ ഞെട്ടിച്ചു. അതിനുശേഷം കാര്യമായ അഭിമുഖങ്ങളോ, പൊതുരംഗത്ത് പ്രത്യക്ഷപ്പെടുകയോ ഒന്നും അദ്ദേഹം ചെയ്തില്ല. കുഞ്ഞിക്കണ്ണന് യുഡിഎഫിലേക്ക് മാറിയാൽ എന്തും ചെയ്തുകൊടുക്കാമെന്നും, മന്ത്രിയാക്കാമെന്നുമൊക്കെ കെ കരുണാകരൻ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഒന്നിലും ഇല്ലാതെ അദ്ദേഹം ഒതുങ്ങിക്കൂടി. 1999 ഏപ്രിൽ 9ന് നിസ്വനായി അന്തരിച്ചു.
എൽഡിഎഫ് കൺവീനറായിരിക്കെ പി വി കുഞ്ഞിക്കണ്ണനെ സഹായിക്കാൻ കൂടെ വന്ന ആളാണ്, ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെവരെ നിയന്ത്രിക്കുന്ന അഡീഷണൽ സെക്രട്ടറി സി എം രവീന്ദ്രൻ. എസ്എസ്എൽസിപോലും പാസാകാത്ത, ഒഞ്ചിയത്ത് ഒരു പെട്ടക്കട നടത്തിയിരുന്ന സി എം രവീന്ദ്രൻ, ഇന്ന് കോടികൾ സമ്പാദിക്കുകയും, കലക്ടർമാർക്ക് മുകളിൽ ശമ്പളം വാങ്ങുകയും ചെയ്യുന്നു. കുഞ്ഞിക്കണ്ണനെപ്പോലുള്ള, ഒരു നയാപ്പെസ സമ്പാദിക്കാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമകൾ വിസ്മൃതിയിലും!
ചെയ്യാത്ത കുറ്റത്തിന് പുറത്തായ ചാത്തുണ്ണി മാസ്റ്റർ
70കളിലും 80കളിലും മലബാറിലെ സിപിഎമ്മിന്റെ തീപ്പൊരി നേതാവ് ആയിരുന്നു ചാത്തുണ്ണി മാസ്റ്ററുടെ അനുഭവവും സമാനമായിരുന്നു. ബേപ്പൂർ നിയമസഭാമണ്ഡലത്തിൽ നിന്ന്, മൂന്നും നാലും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ മലബാറിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആയിരുന്നു. 1979 മുതൽ 1985 വരെ രാജ്യസഭാംഗവുമായിരുന്നു ഇദ്ദേഹം.
കോൺഗ്രസിൽക്കൂടി ചെറുപ്രായത്തിൽ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ചാത്തുണ്ണി മാസ്റ്റർ പിന്നീടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്. തന്റെ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ചുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയവും സജീവമായി പ്രവർത്തിച്ചത്. നിരവധി തവണ ജയിൽ വാസം അനുഭവിക്കേണ്ടി വന്നു. മലബാറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചു. അവിഭക്ത കമ്യൂണിസ്ററ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ ചേർന്ന അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റംഗം, കർഷക സംഘത്തിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. ട്രേഡ് യൂണിയനുകളിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ സെക്രട്ടറിയുമായിരുന്നു. ചിന്ത വാരികയുടെ പത്രാധിപരും ദേശാഭിമാനി പത്രത്തിന്റെ പത്രാധിപ സമിതി അംഗവുമായിരുന്നു.
ഇങ്ങനെ ഇരിക്കയൊണ് സിപിഎമ്മിൽനിന്ന് ചാത്തുണ്ണി മാസ്റ്റർ പുറത്താകുന്നത്. നല്ല സിനിമകൾ എടുക്കാനായി സിപിഎം. നിയന്ത്രണത്തിലായിരുന്ന ജനശക്തി ഫിലിംസ് എന്ന ഒരു കമ്പനി മാസ്റ്റുടെ നേതൃത്വത്തിൽ ഉണ്ടാക്കിയിരുന്നു. ഇതിന്റെ വിജയത്തിനായി ചാത്തുണ്ണി മാസ്റ്റർ നടത്തിയ ചില സാമ്പത്തിക ഇടപാടുകൾ ആണ് ചിലർ വിവാദമാക്കിയത്. ജനശക്തിഫിലിംസിന്റെ ഒരു ലക്ഷം രൂപയും കിസാൻ സഭയുടെ ഫണ്ടും വെട്ടിച്ചെന്ന ആരോപണത്തിന്റെ പേരിൽ ഇദ്ദേഹത്തെ 1985 ജൂണിൽ സിപിഎം. പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. പക്ഷേ ഇത് ശരിയല്ല എന്ന് ചാത്തുണ്ണി മാസ്റ്ററെ അറിയാവുന്ന ആർക്കും അറിയാമായിരുന്നു. സിനിമക്ക് മുടക്കിയ പണമാണ് പലയിടുത്തായി കുടുങ്ങിക്കിടന്നത്. പക്ഷേ പ്രതി ചാത്തുണ്ണി മാസ്റ്റർ മാത്രമായി.
പക്ഷേ യഥാർഥ കാരണം വി എസ്. അച്യുതാനന്ദന്റേയും, ഇ.എം.എസി.ന്റെയും വിരോധം ആയിരുന്നുവെന്ന് പിന്നീട് വാർത്തകൾ വന്നു. പക്ഷേ മാസ്റ്ററുടെ മരിച്ച് വർഷങ്ങൾ കഴിയുമ്പോൾ ഇന്ന് സിപിഎം അദ്ദേഹത്തെ അനുസ്മരിക്കുന്നുണ്ട്. ഈയിടെ അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെത്തത്.
സികെപി താഴുമ്പോൾ ശശി ഉയരുന്നു
പരാതി പറയുമ്പോൾ വാദി പ്രതിയാവുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സികെ പി പത്മനാഭൻ എന്ന സിപിഎം നേതാവിന്റെത്. ഡിവൈഎഫ്ഐയുടെ എക്കാലത്തെയും മികച്ച സംസ്ഥാന നേതാവായിരുന്നു സികെപി. തളിപ്പറമ്പിൽ നിന്ന് എംഎൽഎ കൂടി ആയതോടെ അദ്ദേഹത്തിന്റെ ജനപ്രീതി വർധിച്ചു . വിജയ- ജയരാജന്മാർക്ക് ശേഷം കണ്ണൂരിൽ ജില്ലയിൽനിന്നുള്ള കരുത്തനും ജനകീയനുമായ ഒരു നേതാവായി സികെപി വളരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. പലമാധ്യമങ്ങളും അത് എഴുതി.
അങ്ങനെയിരിക്കെയാണ്, പാർട്ടിയുടെ നടപടി വരുന്നത്. സിപിഎമ്മിന്റെ പോഷകസംഘടനയായ കർഷകസംഘം സംസ്ഥാന സെക്രട്ടറിയായിരിക്കെ, ഫണ്ട് വിനിയോഗിച്ചതിന്റെ കൃത്യമായ കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ബ്രാഞ്ച് തലത്തിലേക്കു തരംതാഴ്‌ത്തുകയായിരുന്നു. പക്ഷേ യാഥർഥ കാരണം അതായിരുന്നില്ല എന്ന് ഏവർക്കും അറിയാമായിരുന്നു. കണ്ണൂർ ജില്ലയിൽനിന്നുള്ള ഔദ്യോഗികപക്ഷത്തെ പ്രമുഖനായിരുന്ന പി. ശശിക്കെതിരേ പെരുമാറ്റദൂഷ്യത്തിനു പരാതിപ്പെട്ടവരിൽ സി.കെ.പി. പത്മനാഭനും ഉണ്ടായിരുന്നു.
പ്രമുഖനായ ഒരു ഡിവൈഎഫ് ഐ നേതാവിന്റെ ഭാര്യയെ ലൈംഗികചൂഷണത്തിനു ശ്രമിച്ചുവെന്ന അതിഗുരുതരമായ പരാതിയാണ് പാർട്ടിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ശശിയെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്‌ത്താനാണ് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ഇതിനിടെ തന്റെ മകളോടു ശശി മോശമായി പെരുമാറിയെന്നായിരുന്നു സികെപിയുടെ പരാതിയും പാർട്ടിക്ക് കിട്ടി. ഇതോടെ പ്രശനം കത്തി. വനിതാ നേതാക്കൾ ശക്തമായി ശശിക്കെതിരെ തിരിഞ്ഞു. ഇതോടെയാണ് പി ശശിയെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നത്.
ഇതോടെ സിപിഎമ്മിലെ ശശിയുഗം അവസാനിച്ചു എന്ന് കരുതിയവരെയൊക്കെ 'ശശിയാക്കിക്കൊണ്ട്' ഇപ്പോൾ വീണ്ടും സംസ്ഥാന കമ്മറ്റിയിൽ എത്തിയിരിക്കയാണ്.
ഇപ്പോൾ അദ്ദേഹം മുഖ്യമന്ത്രി പണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയാവുകയും ചെയ്തു. പക്ഷേ സികെപി പത്മനാഭൻ എന്ന മുൻ സംസ്ഥാന സമിതി നേതാവ് തരംതാഴ്‌ത്തപ്പെട്ട് ഇപ്പോഴും ഏരിയാ കമ്മറ്റിയിലാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ സിപിഎം അണികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. സിപിഎം അനുകൂല സൈബർ ഗ്രൂപ്പുകളിലാണ് പി ശശിയുടെയും സി കെ പിയുടെയും ചിത്രങ്ങൾ സഹിതം വെച്ചു നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ കമന്റിട്ട്ത്.
സി കെ പിയുടെ ഏരിയായ മാടായിയിൽ നിന്നുമാണ് ഇത്തരത്തിൽ കൂടുതൽ പ്രതിഷേധം പ്രവർത്തകരിൽ നിന്നുയർന്നുവന്നിട്ടുള്ളത്. ഇതിനൊപ്പം സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ നൽകിയ വീണ്ടും തെറ്റു ചെയ്യാനുള്ള സാധ്യതയുണ്ടെന്ന കമന്റുകളും പലരും എഴുതിയിരുന്നു. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. അണികളുവെ വികാരം പോലും സിപിഎം പരിഗണിച്ചില്ല.
സ്വയം ഒഴിവായ ജെയിംസ് മാത്യു
തളിപ്പറമ്പ് മുൻ എംഎൽഎയും, ഒരുകാലത്ത് എസ്എഫ്ഐയുടെ തീപ്പൊരി നേതാവുമായിരുന്ന, ജയിംസ്മാത്യവാണ് എറ്റവും ഒടുവിൽ മടുത്ത് സ്വയം വലിഞ്ഞ നേതാവ്. സ്വയം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സിപിഎം സംസ്ഥാന കമ്മറ്റിയിൽനിന്ന് ഒഴിവായത്. ജില്ലാകമ്മറ്റി അംഗം എന്ന നിലയിൽ തന്റെ ചുമതലകൾ നിർവഹിക്കുമെന്നും, പാർട്ടിയുമായി യാതൊരു പ്രശ്നങ്ങളുമില്ലെന്നും ജെയിസ് മാത്യു പറയുന്നുണ്ടെങ്കിലും, സിപിഎമ്മിലെ ഉൾപാർട്ടി പ്രശ്നങ്ങൾ തന്നെയാണ് ഈ നിലയിലേക്ക് കാര്യങ്ങൾ മാറ്റിയത് എന്നത് വ്യക്തമാണ്.
കഴിഞ്ഞ പത്തുവർഷം തളിപ്പറമ്പ് എംഎൽഎ ആയിരുന്നു ജെയിംസ് മാതുവിന്, ഇത്തവണ സിപിഎം സീറ്റ് നൽകിയിരുന്നില്ല. സംസ്ഥാന വ്യാപകമായി കൊണ്ടുവന്ന രണ്ടുടേം നിബന്ധന അദ്ദേഹത്തിനും ബാധകമാക്കുകയായിരുന്നു. എന്നാൽ,തളിപ്പറമ്പിൽ ജെയിംസ് മാത്യു വീണ്ടും മത്സരിക്കുമെന്നും മന്ത്രിയാകുമെന്നും കരുതിയവരാണ് കണ്ണൂരിലെ സിപിഎം പ്രവർത്തകരായ സാധാരണക്കാർ. ജനകീയനായ ഒരു എംഎൽഎ എന്ന നിലയിൽ അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. നിയമസഭയിൽ ജെയിംസ് മാത്യു നടത്തിയത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. ലൈഫ് മിഷനിൽ അടക്കം പ്രതിപക്ഷത്തെ കടന്നാക്രമിച്ചു. സ്വർണ്ണക്കടത്തിൽ ന്യായവാദങ്ങൾ ഉയർത്തി കൈയടി നേടി. പക്ഷേ അതൊന്നും സീറ്റ് നിർണ്ണയത്തിൽ പ്രതിഫലിച്ചില്ല.
സിപിഎം സംസ്ഥാന കമ്മറ്റിയിലേക്ക് ഇനിയില്ല എന്ന് ജെയിംസ് മാത്യു കത്തു നൽകാനുണ്ടായ കാരണം, ആന്തൂർ വിഷയത്തിൽ ഏറ്റ മുറിവാണന്നൊണ് പറഞ്ഞുകേൾക്കുന്നത്. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത കേസും വിവാദവും സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയായിരുന്നു ഈ സംഭവത്തിൽ പ്രതിസ്ഥാനത്തു വന്നത്. സിപിഎം സഹയാത്രികനായ സാജന്റെ സുഹൃത്ത് കൂടിയായിരുന്നു ജെയിംസ് മാത്യു. പ്രശ്നം പരിഹരിക്കാൻ പി ജയരാജനും ജെയിംസ് മാത്യുവും പരമാവധി ശ്രമിച്ചിരുന്നു. സാജന്റെ ആത്മഹത്യ വിവാദമായപ്പോഴും ഇവർ നിലപാടിൽ ഉറച്ചു നിന്നു. അപ്പോൾ പ്രതിസന്ധിയിലായത് എംവി ഗോവിന്ദന്റെ ഭാര്യ കൂടിയായ,നഗരസഭ ചെയർപേഴ്സൺ പി.കെ.ശ്യാമളയായിരുന്നു.
സാജന്റെ മരണത്തിന് ഉത്തരവാദി ശ്യാമള തന്നെയെന്ന് ഏരിയാ കമ്മറ്റിയിൽ നേതാക്കൾ ആഞ്ഞടിച്ചിരുന്നു. പാർട്ടിക്കാർ ആരോപണ ശരങ്ങൾ ഉയർത്തിയപ്പോൾ മറുപടിയില്ലാതെയായ ആന്തൂർ നഗരസഭാ അധ്യക്ഷ പൊട്ടിക്കരയുകയായിരുന്നു. എന്നിട്ടും സഖാക്കളുടെ രോഷം അടങ്ങിയില്ല. ആന്തൂരിലെ പാർട്ടിയിൽ ഗോവിന്ദനും ഭാര്യയും ഒറ്റപ്പെട്ടു. അന്ന് എംവി ഗോവിന്ദന്റെ അടുത്തയാളായ കെ ദാമോദരൻ പോലും ശ്യാമളയെ വിമർശിച്ചു. ശ്യാമളയ്ക്ക് എതിരെ പാർട്ടിയുടെ താഴെത്തട്ടിലും എതിർപ്പ് ഉയർന്നു. ഇതേ ആന്തൂർ നഗരസഭയിലാണ് ഉഡുപ്പക്കുന്നിൽ ഇ പി ജയരാജന്റെ മകന് പങ്കാളിത്തമുള്ള ആയുർവേദ റിസോർട്ടിൽ കുന്നിടിച്ച് നിർമ്മാണം നടന്നത്. ഇതും ഇതോടെ ചർച്ചയായി.
പക്ഷേ വൈകാതെ പാർട്ടി ഈ പ്രശ്നം പരിഹരിച്ചു. സാജന്റെ ഉടമസ്ഥതയിലുള്ള പാർത്ഥ കൺവെൻഷൻ സെന്ററിന് പ്രവർത്തന അനുമതി കൊടുത്താണ് പ്രശ്നം പരിഹരിച്ചത്. സാജന്റെ ആത്മഹത്യയിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളക്കെതിരെ തെളിവും കിട്ടിയില്ല. അങ്ങനെ കേസ് എല്ലാം ആവിയായി. പക്ഷേ അപ്പോളും പാർട്ടിയിൽ വിഭാഗീയത മാറിയില്ല. ആന്തൂർ വിഷയത്തിൽ പാർട്ടിക്കെതിരെ നിന്നു എന്ന രീതിയിലാണ് പി ജയരാജനും ജെയിംസ് മാത്യുവിനും എതിരെ പ്രചാരണം ഉണ്ടായത്. തളിപ്പറമ്പ് നിയമസഭാ സീറ്റിൽ ജെയിംസ് മാത്യു മാറുമ്പോൾ പകരമെത്തുന്നത് എംവി ഗോവിന്ദനാണ്. അതുപോലെ പി ജയരാജനും സീറ്റ് കൊടുത്തില്ല എന്നതിൽനിന്നും കാര്യങ്ങൾ വ്യക്തമാണ്.ജെയിംസ് മാത്യ സ്വയം ഒഴിവായതോടെ കണ്ണൂരിൽനിന്ന് അർഹതയുള്ള ഒരുപാട് പേർ സംസ്ഥാന കമ്മറ്റിയിലേക്ക് കടന്നുവരാനായി ഉണ്ടായിരുന്നു. എന്നാൽ സകലരെയും ഞെട്ടിച്ചുകൊണ്ട് ലൈംഗിക അപവാദക്കേസിൽ പാർട്ടി പുറത്താക്കിയ, മൂൻ ജില്ലാ സെക്രട്ടറി പി ശശി കയറിവരുന്ന കാഴ്ചയാണ് ഏവരും കണ്ടത്.
ഒന്നുപറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവല്ല ജെയിംസ് മാത്യൂ. വ്യകതിജീവിതത്തിലും പൊതു ജീവിതത്തിലും അദ്ദേഹം താൻ ശരിയെന്ന് വിശ്വസിക്കുന്ന ആശയങ്ങൾ ഉറച്ച് പിന്തുടരുന്നു. അതുകൊണ്ട് തന്നെ പാർട്ടി അണികൾക്ക് ഇടതിയിലും ജെയിംസ് മാത്യുവിന് വലിയ മതിപ്പാണ്. ശരിക്കും ഒരു മതേതര കുടുംബം തന്നെയാണ് ഇവർ. എസ് എഫ് ഐയുടെ ഒരു കാലത്തെ തീപ്പൊരി നേതാക്കളായിരുന്നു ജെയിംസ് മാത്യുവും ഭാര്യ എൻ സുകന്യയും. എസ്ഫ്ഐ കാലത്തെ പ്രണയവും വിവാഹവും കഴിഞ്ഞ വാലൻൻൈറസ് ദിനത്തിലും ചർച്ചയായിരുന്നു.
ടി ശശിധരൻ മുതൽ കൃഷ്ണദാസ് വരെ
സിപിഎമ്മിന്റെ സംഘടനാചരിത്രത്തിൽ തെറ്റുചെയ്യാതെ ക്രൂശിക്കപ്പെട്ട ഒരുപാട് നേതാക്കൾ ഉണ്ട്. 2006ൽ സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംപി.യുമായ എൻ.എൻ. കൃഷ്ണദാസിനെതിരേ നടപടിയെടുത്തത് വിവാദമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.കെ. ബാലൻ വിഭാഗീയപ്രവർത്തനം നടത്തിയെന്നായിരുന്നു കൃഷ്ണദാസിന്റെ പരാതി. എന്നാൽ, ബാലന്റെ ഫോൺ ചോർത്തിയെന്ന കുറ്റംചുമത്തി കൃഷ്ണദാസിനെ ഏരിയാകമ്മിറ്റിയിലേക്കു തരംതാഴ്‌ത്തി.ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയും തീപ്പൊരി നേതാവുമായിരുന്നു ടി ശശിധരന്റെ അനുഭവവും വേറിട്ടതല്ല. ചില പിണറായി പക്ഷ നേതാക്കളുടെ വിഭാഗീയതയെക്കുറിച്ച് പരാതി പറഞ്ഞതിന്റെ പേരിൽ ശശിധരൻ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരം താഴ്‌ത്തപ്പെടുകയായിരുന്നു.
പി. ശശിക്കെതിരേ പരാതി നൽകിയ കണ്ണൂരിലെ ഡിവൈഎഫ്ഐ. നേതാവ് പാർട്ടിയിൽ നിൽക്കക്കള്ളിയില്ലാതെ പിന്നീട് കെ. സുധാകരന്റെ പാളയത്തിൽ അഭയംതേടിയിരുന്നു. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജർക്കെതിരേയുള്ള ലൈംഗികപീഡന പരാതി, നേതൃത്വത്തിനു കൈമാറിയ സംസ്ഥാന കമ്മിറ്റിയംഗം ജെ. മേഴ്സിക്കുട്ടിയമ്മയും അച്ചടക്കനടപടി നേരിട്ടു. ആരോപണവിധേയനെ പാർട്ടി പിന്നീട് കുറ്റമുക്തനാക്കി. പാലക്കാട്ട് സിപിഎം. നേതാവ് പി.കെ. ശശിക്കെതിരേ ലൈംഗികപീഡനപരാതി നൽകിയ ഡിവൈഎഫ്ഐ. വനിതാനേതാവ് ഇപ്പോൾ പൊതുരംഗത്തില്ല.പരാതിയിൽ ശശിക്കെതിരേ നടപടിയെടുത്തെങ്കിലും ഇരയ്ക്കു പിന്നെ പാർട്ടിയിൽ നിൽക്കാനായില്ല. സംഭവത്തിൽ യുവതിക്കൊപ്പം ഉറച്ചുനിന്ന ഡിവൈഎഫ്ഐ. ജില്ലാനേതാവ് ജിനേഷ് പിന്നീട് സംഘടനയിൽ തഴയപ്പെട്ടു.
ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ കേരളത്തിൽനിന്ന് നമുക്ക് കാണാൻ കഴിയും. പുറമെ വളരെ പുരോഗമനവും, ഫാസിസ്റ്റ് വിരുദ്ധതയും, ഉൾപ്പാർട്ടി ജനാധിപത്യവും എല്ലാം പറയുമ്പോഴും അതാത് കാലത്തെ നേതൃത്വത്തിന്റെ നിലപാടുകൾ തന്നെയാണ്, പാർട്ടി കോടതികളിലും പ്രതിഫലിക്കുന്നത്. കണ്ണില്ലാത്ത സിപിഎം നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്, രാഷ്ട്രീയം ഉപേക്ഷിച്ച പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണനെന്ന സഖാവ്. ഹൃദയ ശുദ്ധിയുള്ളവർക്കൊന്നും നിൽക്കാൻ പറ്റാത്ത രീതിയിൽ ഇടതുപക്ഷ രാഷീട്രീയം പോലും ജീർണ്ണിക്കുകയാണ്.
വാൽക്കഷണം: ലോകത്തിൽ എവിടെയും കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രം ഏതാണ്ട് ഇങ്ങനെതന്നെയാണ്. സ്റ്റാലിനും മാവോയുമൊക്കെ ഇല്ലാത്ത പ്രെപ്പഗൻഡൾ ഇറക്കി കൊന്നെടുക്കിയ സ്വന്തം പാർട്ടിക്കാർക്ക് കൈയും കണക്കുമില്ല. ഇന്ത്യയിൽ ജനാധിപത്യം ഉള്ളതുകൊണ്ട്, കൊന്നു തീർക്കാതെ പകരം ഒതുക്കി തീർക്കുന്നുവെന്ന് മാത്രം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ