- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14 നിലയുള്ള ലോഡ്ജിൽ നിന്ന് ജീവനക്കാരൻ വീണ് മരിച്ചത് വിവാദത്തിൽ; പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ കേസ് സിബിഐ 'തെളിയിച്ചു'; ഡമ്മി പരീക്ഷണവും പോളിഗ്രാഫ് ടെസ്റ്റും കേരളത്തിൽ ആദ്യം; പക്ഷേ സുപ്രീം കോടതിയിൽ കേസ് പൊളിഞ്ഞു; 'സേതുരാമയ്യരുടെ' യഥാർഥ കഥയിൽ തോറ്റത് സിബിഐ!
ലോകസിനിമയിൽ ഏറ്റവുമധികം തുടർ ഭാഗങ്ങളിറങ്ങിയ ചിത്രം ഏതാണെന്ന് ചോദിച്ചാൽ, നമുക്ക് യാതൊരു സംശയവുമില്ലാതെ പറയാൻ കഴിയും അത് ജെയിംസ് ബോണ്ട് സീരീസ് ആണെന്ന്. എന്നാൽ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ പല കാലഘട്ടങ്ങളിൽ, പല നടന്മാരാണ് ബോണ്ട് ആവാറുള്ളത്. പക്ഷേ ഇന്ത്യയിലെ താരതമമ്യേന ഒരു ചെറിയ ഇൻഡസ്ട്രിയായ മലയാളത്തിലേക്ക് വരിക. ഇവിടെ ബോണ്ടിന്റെ മോഡലിലുള്ള ഒരു സീരീസിൽ പല കാലങ്ങളിലായി ഇറങ്ങിയ അഞ്ച് ചിത്രങ്ങളിലം നായകനും, സംവിധായകനും, തിരക്കഥാകൃത്തും ഒന്നുതന്നെയാണ്! ആ രീതിയിൽ നോക്കുമ്പോൾ ശരിക്കും ഒരു ലോകമഹാത്ഭുദം തന്നെയാണ് മമ്മൂട്ടി, കെ മധു, എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ സിബിഐ ചലച്ചിത്ര പരമ്പര. സിബിഐ അഞ്ചാം സീരീസ് 'ദ ബ്രയിന്' പറയാനുള്ളത് മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമാണ്.
സത്യത്തിൽ 1983ൽ എറണാകളുത്ത് നടന്ന കോളിളക്കം സൃഷ്ടിച്ച പോളക്കുളം കേസിന്റെ പശ്ചാത്തലത്തിലാണ് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി, 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന സിബിഐ പരമ്പരയിലെ ആദ്യ ചിത്രം എഴുതുന്നത്. ഡമ്മി പരീക്ഷണവും പോളിഗ്രാഫ് ടെസ്റ്റുമൊക്കെ കണ്ട് കേരളത്തിലെ മാധ്യമങ്ങൾ അമ്പരന്നു നിന്ന കാലം. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്ത്തള്ളിയ കേസ്, സിബിഐ ആന്വേഷണത്തിലാണ് കൊലപാതകമാണെന്ന് 'തെളിയുന്നതും', പ്രതിയായ അബ്ക്കാരി കോൺട്രാക്റ്റർ പോളക്കുളം നാരായണനെ അറസ്റ്റ് ചെയ്യുന്നതും. ഇത് കേരളത്തിൽ സിബിഐയുടെ ഇമേജ് വൻ തോതിൽ ഉയർത്തി. ഈ കാലഘട്ടത്തിലാണ് സ്വാമി, സേതുരാമയ്യർ എന്ന ബുദ്ധി രാക്ഷസനെ സൃഷ്ടിക്കുന്നത്.
പക്ഷേ പിന്നീട് സംഭവിച്ചത് അവിശ്വസനീയമായ കാര്യങ്ങൾ ആയിരുന്നു. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ജയിച്ച സിബിഐ സുപ്രീം കോടതിയിൽ തോറ്റ് തൊപ്പിയിട്ടു. രാം ജത്മലാനിയുടെ ഉജ്ജ്വലമായ വാദത്തിനൊടുവിൽ പോളക്കുളം കേസിലെ പ്രതികളെ സുപ്രീംകോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ആൾക്കൂട്ടം പറയുന്നതിന് അനുസരിച്ചാണോ, അന്വേഷണം മുന്നോട്ട് കൊണ്ടുപോവുക എന്ന ഗുരുതരമായ വിമർശനം സുപ്രീം കോടതിയിൽ നിന്ന് സിബിഐക്ക് കേട്ടു. അങ്ങനെ സിബിഐയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട കേസായി, പോളക്കുളം കേസ് മാറി.
പക്ഷേ അപ്പോഴേക്കും ചലച്ചിത്രലോകത്ത് സേതുരാമയ്യർ ഒരു കൾട്ട് ആയി മാറിയിരുന്നു. തുടരെ തുടരെ സിബിഐ സിനിമക്ക് ഭാഗങ്ങളും വന്നു. ഇന്നും നിയമ വിദ്യാർത്ഥികൾ ഗൗരവമായി പഠിക്കുന്ന കേസാണ് പോളക്കുളം കേസ്. ആൾക്കൂട്ടത്തിന്റെ കൈയടിക്കായി, വ്യക്തമായ തെളിവുകൾ ഇല്ലാതെ ആരെയും പ്രതിയാക്കരുത് എന്ന പ്രാഥമിക പാഠമാണ്, ഈ കേസ് നൽകുന്നത്.
അന്ന് പോളക്കുളം ലോഡ്ജിൽ സംഭവിച്ചത്
അബ്ക്കാരി നേതാവും ജുവലറി ഉടമയുമോക്കെയായ പി കെ നാരായണൻ 1982 ൽ ഏറണാകുളം പാലാരിവട്ടത്ത് കെട്ടിപൊക്കിയ അഞ്ചു നിലയുള്ള കെട്ടിട സമുച്ചയമായിരുന്നു പോളക്കുളം ടൂറിസ്റ്റ് ഹോം. ഇത് കൂടാതെ വേറെയും രണ്ടു ലോഡ്ജുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. പ്രവർത്തനമാരംഭിച്ച വേളയിൽ റിസപ്ഷനിസ്റ്റ് ആയി പീതാംബരൻ എന്ന യുവാവിനെ നിയമിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ ദാമോദരനും, നാരായണന്റെ ജുവലറിയിൽ ജോലിക്കാരനായിരുന്നു.
1983 ഏപ്രിൽ 21 ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പുലർച്ചെ ഒരു നാലര മണി ആയിട്ടുണ്ടാവും. എന്തോ താഴേയ്ക്ക് ശക്തമായി നിലംപതിക്കുന്ന ശബ്ദവും ഒരു നിലവിളിയും കേട്ട് ആദ്യം കോണിപ്പടി ചാടി ഇറങ്ങി ഓടിയെത്തിയത് അന്ന് അവിടെ തങ്ങിയിരുന്ന ട്രെയിനികളായ രണ്ടു പൊലീസ് സബ് ഇൻസ്പെക്ടർമാരാണ്. കോൺക്രീറ്റ് സ്ലാബുകൾ പാകിയ തറയിൽ അറുപതടി ഉയരമുള്ള കെട്ടിടത്തിൽ നിന്ന്, തലയും മുഖവും അടിച്ചു വീണ് ഞെരങ്ങുന്ന ആൾ പീതാംബരനാണെന്ന് അവർക്ക് മനസ്സിലായി. അയാൾക്ക് അൽപ്പം വെള്ളം നൽകാൻ അവരിൽ ഒരാൾ അകത്തേയ്ക്ക് പാഞ്ഞു. നിലവിളികേട്ട് ആ സമയംകൊണ്ട് അയൽവാസികളും ഓടിയെത്തിയിരുന്നു. പ്രാണനോട് മല്ലടിച്ചു കൊണ്ടിരുന്ന ആ യുവാവ് അവിടെയുള്ളവരോട് ഇപ്രകാരം മന്ത്രിച്ചു.'' അവർ എന്നെ കൊന്നു''. ആ ഒരൊറ്റ വാക്ക് ഇല്ലായിരുന്നെങ്കിൽ അത്മഹത്യയോ അപകടമോ ആയി മാത്രം ഈ കേസ് മാറുമായിരുന്നു.
പീതാംബരനെ ആശുപത്രിയിൽ എത്തിക്കുമ്പോൾ മരണം സംഭവിച്ചിരുന്നു. മൃതദേഹം ആദ്യം പരിശോധിച്ച ഫോറൻസിക് വിദഗ്ദൻ നെഞ്ചിലെയും കവിൾത്തടത്തിലെയും മുറിവുകൾ പരിശോധിച്ച് ആരോ ശക്തമായി മർദ്ദിച്ചാൽ മാത്രം ഉണ്ടാകുന്നവയാണ് ഇതെന്ന് കണ്ടെത്തി. തന്നെയുമല്ല ആരോ മുകളിൽ നിന്ന് എടുത്ത് എറിഞ്ഞാൽ സംഭവിക്കാവുന്ന മുറിവുകൾ ആവാം മറ്റുള്ളവയെന്നും അഭിപ്രായപ്പെട്ടു. എന്നാൽ പൊലീസ് ഇത് അത്രകാര്യമായി എടുത്തില്ല. സാധ്യത മാത്രമായിരുന്നു ഫോറൻസിക്ക് റിപ്പോർട്ടിൽ കണ്ടിരുന്നത്.
അപകടം നടക്കുമ്പോൾ പോളക്കുളം നാരായണൻ ലോഡ്ജിൽ ഇല്ലായിരുന്നു. സ്വന്തം വീട്ടിലായിരുന്നു. എന്നാൽ നാരായണനാണ് കൊലപാതകിയെന്ന് പലരും പറഞ്ഞു പരത്തി. ശത്രുക്കൾ ഏറെയുണ്ടായിരുന്നു ഇയാൾക്ക്. കേസ് വിവാദമായി. ലോക്കൽ പൊലീസായിരുന്നു ആദ്യം അന്വേഷിച്ചത്. കാൽ വഴുതി വീണതെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. കണ്ടെത്തൽ തൃപ്തികരമല്ലാത്തതിനെത്തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു.
'മരണമേ സ്വാഗതം'; അയാൾ ഒരു മനോരോഗി?
സംഭവം നടന്ന ദിവസം പീതാംബരന് ഒപ്പമുണ്ടായിരുന്ന റൂം ബോയ് ശിവദാസനെ മൂന്നാമുറ അടക്കം പ്രയോഗിച്ചു പൊലീസ് ചോദ്യം ചെയ്തുവെങ്കിലും, കേസിൽ പങ്കുള്ളതായി തെളിയിക്കാൻ അവർക്ക് കഴിഞ്ഞില്ല. അന്വേഷണം വഴി മുട്ടി. ആത്മഹത്യയെന്നു തോന്നിപ്പിക്കുന്ന തരത്തിൽ മാസങ്ങൾ ഇഴഞ്ഞു നീങ്ങിയ അന്വേഷണം പിന്നീട് ഊർജിതമാവുന്നത് സിപിഎമ്മിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും ധർണ്ണയും നടത്തിയ ശേഷമായിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു .
ഇൻവെസ്റ്റിഗേഷനിൽ കഴിവ് തെളിയിച്ച എം.ബി. ബാലകൃഷ്ണൻ, എസ്‌പി എസ്. കെ. വിശ്വംഭരൻ എന്നിവർക്കായിരുന്നു ചുമതല. ക്രൈംബ്രാഞ്ച് തലനാരിഴ കീറി അന്നു നടന്ന സംഭവങ്ങൾ പരിശോധിച്ചു. തുടർന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന മുറിവുകൾ വീണ്ടും പൊലീസ് സർജൻ ഡോ. ഉമാദത്തന്റെ നേതൃത്വത്തിൽ വിശകലനം ചെയ്യുന്നത്. മൃതദേഹം ആദ്യം പരിശോധിച്ച ഡോക്ടർമാരുടെ നിഗമനങ്ങളെ, അല്ലെങ്കിൽ ഇതൊരു കൊലപാതകമായിരിക്കാം എന്നാ സംശയങ്ങളെ ശാസ്ത്രീയമായ നിർവ്വചനങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം തള്ളി. വൃഷണത്തിലും മറ്റും വരെ സംഭവിച്ച മുറിവുകൾ പാദങ്ങൾ ഇടിച്ചുള്ള പ്രാഥമിക ആഘാതത്തിനു ശേഷം ഉരഞ്ഞു നീങ്ങി സംഭവിച്ചു പോകാമെന്ന അനുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നു.
ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന റിട്ട എസ് പി ജോർജ്ജ് ജോസഫും ,സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടറായി, ഈ ടീമിൽ ഉണ്ടായിരുന്നു. ജോർജ് ജോസഫ് സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. 'പൊലീസിന്റെ അന്വേഷണം കഴിഞ്ഞ് മൂന്ന് നാല് ദിവസം കഴിഞ്ഞാണ് ഞങ്ങൾ അവിടെയെത്തിയത്. അതിനകം കേസ് ആകെ വിവാദമായിരുന്നു. ലോഡ്ജ് മുതലാളിയായ നാരയണനെതിരെ അയാളുടെ ശത്രുക്കളായിട്ടുള്ളവർ ഉൾപ്പെടെ പലതും പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. ഞങ്ങൾ വിശദമായി അന്വേഷിച്ചു. സംഭവം നടക്കുമ്പോൾ നാരായണൻ ലോഡ്ജിലില്ലെന്ന് കണ്ടെത്തി. പിന്നീട് മരണപ്പെട്ട പീതാംബരന്റെ വീട്ടിലെത്തി. അവിടെ അയാളുടെ മേശ വലിപ്പിൽ നിന്ന് ഒരു കുറിപ്പടി കിട്ടി. ചാലക്കുടിയിലെ ഒരു മാനസിക രോഗ വിദഗ്ധൻ നൽകിയതായിരുന്നു അത്. അതുമായി ഞങ്ങൾ അദ്ദേഹത്തെ പോയി കണ്ടു. ആ കുറിപ്പടി കാണിച്ചു. ഇയാള് ചത്തോ എന്നാണ് അപ്പോൾ പ്രായമായ ആ ഡോക്ടർ ഞങ്ങളോട് ചോദിച്ചത്.
ഡോക്ടറുടെ പ്രതികരണത്തിൽ നിന്നും പീതാംബരൻ ഒരു മാനസിക രോഗി തന്നെയായിരുന്നുവെന്ന നിഗമനത്തിൽ ഞങ്ങൾ എത്തി. 'അവർ എന്നെ കൊന്നു' എന്ന് അന്ന് പറഞ്ഞത് സമൂഹം എന്നെ കൊന്നു എന്നായിക്കാം അർത്ഥമാക്കിയതെന്ന നിഗമനത്തിൽ ബാലകൃഷ്ണൻ സാർ എത്തി. അതൊരു ആത്മഹത്യയെന്ന നിലയിൽ ഞങ്ങൾ അന്വേഷണ റിപ്പോർട്ട് നൽകി. ''- ജോർജ് ജോസഫ് പറയുന്നു.
'സ്‌കിസോഫ്രീനിയ' എന്ന ആത്മഹത്യാ പ്രവണത സൃഷ്ടിക്കുന്ന മാനസിക രോഗമുള്ള വ്യക്തിയായിരുന്നു പീതാംബരൻ എന്നതിന് പല തെളിവുകളും പൊലീസിന് കിട്ടി. 'മരണമേ സ്വാഗതം' എന്ന് തുടങ്ങുന്ന പലതരത്തിലുള്ള ചില കവിതകളും അയാളുടെ താമസ സ്ഥലത്തുനിന്ന് ലഭിച്ചു. ഇതോടെ ഇയാൾ മുകളിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്തതാണ് അയാളെന്നു പൊലീസ് ഉറപ്പിച്ചു. ഇതിനിടെ ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്ന അയാൾ എന്ന വിവരവും പൊലീസിന് കിട്ടി. എന്നാൽ ഈ പെൺകുട്ടിയുടെ വീട്ടുകാർ അവളെ വിവാഹം ചെയ്ത അയച്ചു. ഇതോടെ വിഷാദ രോഗം മൂർചിക്കുകയും പീതാംബരൻ ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് എത്തി.( പീതാബരൻ പോളക്കുളം നാരായണന്റെ മകളുമായി പ്രേമത്തിലായിരുന്നുവെന്ന ഒരു കരക്കമ്പിയും ഇതിനിടെ ഉണ്ടായിരുന്നു. ഇത് അന്വേഷിച്ച ക്രൈംബ്രാഞ്ചിന് ഇരുവരും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് കണ്ടെത്താൻ കഴിഞ്ഞത്. ) അവർ അങ്ങനെ അന്തിമ റിപ്പോർട്ട് തയ്യാറാക്കി ആലുവ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചു.
'സേതുരാമയ്യർ' പോളക്കുളത്ത് എത്തുന്നു
പക്ഷേ ഒന്നും അവിടം കൊണ്ട് ഒന്നും അവസാനിച്ചില്ല. മരണം കൊലപാതകമാണെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നും സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വീണ്ടും ആവശ്യമുയർന്നു. അവിടേയും നാരായണന്റെ ശത്രുക്കളും ഉണ്ടായിരുന്നു. കേസ് പുനരന്വേഷിക്കണം എന്നാവശ്യപ്പെട്ടു പീതാംബരന്റെ അച്ഛൻ ഹൈക്കോടതിയിൽ ഹർജി നൽകി. ആ വയോധികന്റെ പരാതി ഹൈക്കോടതി അനുഭാവപൂർവം പരിഗണിച്ചു.
തുടർന്ന് കേസ് സിബിഐയോ കേരളപൊലീസിലെ മറ്റൊരു ഉദ്യോഗസ്ഥനോ അന്വേഷിക്കണമെന്ന് ഉത്തരവിട്ടു. പക്ഷെ ക്ലോസ് ചെയ്ത ഈ കേസിൽ പുനരന്വേഷണം നടത്തുന്നത് കേരള പൊലീസിന്റെ മനോവീര്യം തകർക്കുമെന്ന് ആരോപിച്ചു സർക്കാർ, ഈ ഉത്തരവിന് എതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. എന്നാൽ സുപ്രീം കോടതി ഈ കേസ് സിബിഐ അന്വേഷിക്കാൻ തന്നെ നിർദ്ദേശിച്ചു.
സിബിഐ ഉദ്യോഗസ്ഥനായിരുന്ന രാധാ വിനോദ് രാജുവിനായിരുന്നു അന്വേഷണച്ചുമതല. ഗൗഡ സാരസ്വത ബ്രാഹ്മണനും, മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയും, മാന്യനും ശാന്തനുമായ, രാധ വിനോദ് രാജുവെന്ന മട്ടാഞ്ചേരിക്കാരനെക്കുറിച്ച് പൊതുവെ നല്ല മതിപ്പായിരുന്നു. സിബിഐ പൊലീസ് സൂപ്രണ്ട് ആയ അദ്ദേഹവും ,ഡിവൈഎസ്‌പി വർഗീസ് പി തോമസുമാണ് കേസ് അന്വേഷണത്തിനു നിയോഗിക്കപ്പെട്ടത്. ഈ ബ്രാഹ്മണ ഉദ്യോഗസ്ഥൻ ആണ് സിബിഐ സിരീസിലെ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർക്ക് പ്രചോദനമായതത്രേ. വർഗീസ് പി തോമസും സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ്. അഭയകേസിലെ സമ്മർദത്തെത്തുടർന്ന് പിന്നീട് അദ്ദേഹം ജോലി രാജിവെച്ചതും വലിയ വാർത്തയായിരുന്നു.
ചരിത്രമായ ഡമ്മി പരീക്ഷണം
അന്നു വരെ കണ്ടിട്ടില്ലാത്ത രീതികളായിരുന്നു സിബിഐ സംഘം പിന്തുടർന്നത്. ഒരു ദിവസം കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് 65 കിലോ ഭാരം വരുന്ന രണ്ടു ഡമ്മികളുമായി ( ഇത് മരിച്ച വ്യക്തിയുടെ ഏകദേശഭാരം )ഡിവൈഎസ്‌പി വർഗ്ഗീസ് തോമസും ടീമും പോളക്കുളത്ത് ടൂറിസ്റ്റ് ഹോമിന്റെ മുകൾ ഭാഗത്തെയ്ക്ക് നീങ്ങി. ശേഷം ഒരാൾ തനിയെ ചാടിയാലോ മറ്റൊരാളാൽ എടുത്തെറിയപ്പെട്ടാലോ സംഭവിച്ചേക്കാവുന്ന സാമ്യതകൾ പരിശോധിക്കാൻ 'ഡമ്മി പരീക്ഷണം' തുടങ്ങി. ആദ്യമായി ഡമ്മിയെ പൊക്കി താഴേയ്ക്ക് എടുത്ത് എറിഞ്ഞു, ആകാശത്തിൽ കീഴ്മേൽ മറിഞ്ഞു അത് കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും നാലു മീറ്റർ അകലെ തലയും മുതുകും ഇടിച്ചാണ് വീണത്. അടുത്തത് ഒരാൾ തനിയെ ചാടിയാൽ എങ്ങനെ എന്ന പൊസിഷനിൽ വെറുതെ താഴേയ്ക്ക് ഇട്ടു. പക്ഷെ അപ്പോൾ കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും വെറും ഒന്നര മീറ്ററിൽ മൃതദേഹം വന്നു വീണു. സിബിഐ ഡയറിക്കുറിപ്പ് സിനിമയിൽ കാണുന്ന രംഗങ്ങൾ ഇതിന്റെ അനുകരണം തന്നെയാണ്.
എന്നാൽ ഡിപ്പാർട്ട്മെന്റിനുള്ളിൽ തന്നെ ആ അന്വേഷണ രീതി എതിർക്കപ്പെട്ടു. അശാസ്ത്രീയമെന്നായിരുന്നു പലരുടേയും വാദം. എന്നാൽ സിബിഐ പിൻവാങ്ങിയില്ല. സംശയമുള്ളവരെ പോളിഗ്രാഫ് ടെസ്റ്റ് നടത്തി. അന്ന് ഇത്തരം നുണ പരിശോധനാ രീതികൾ കേരളം കണ്ടിട്ടില്ലായിരുന്നു. കേരളാ പൊലീസിന് സിബിഐയോടുള്ള ചൊരുക്കുകൊണ്ട് അവർ അന്വേഷണത്തിൽ നിന്ന് നിസ്സഹകരിക്കയായിരുന്നു. 'അശാസ്ത്രീയമായ ഡമ്മി പരീക്ഷണമെന്ന്' ഫോറൻസിക് വിദഗ്ധന്മ്മാരിൽ ചിലരും പറഞ്ഞു. വിചാരണ കോടതി ഈ നീക്കത്തെ തള്ളിയെങ്കിലും ഹൈക്കോടതി ഇത് ശരിവെച്ചു. ഇന്നും സിബിഐ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക ഈ ഡമ്മി പരീക്ഷണം തന്നെയാണ്.
നാരായണന്റെ കൈകളിൽ വിലങ്ങു വീഴുന്നു
ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ നാരായണന്റെ കൈകളിൽ വിലങ്ങു വീണു. ഈ അബ്ക്കാരി കോൺട്രാക്ടറുടെ ഗൂഢാലോചനയാണ് കൊലയ്ക്കു പിന്നിലെന്നു സിബിഐ കുറ്റപത്രം നൽകി. ഇതു പ്രകാരം, പോളക്കുളം നാരായണൻ, പീതാംബരന്റെ വീട്ടിൽ ചില രഹസ്യ കണക്കുകൾ അടങ്ങിയ രേഖകൾ സൂക്ഷിച്ചിരുന്നു. ആ രേഖകൾ പീതാംബരൻ തിരികെ കൊടുക്കാതിരുന്നതും, ഈ വിവരങ്ങൾ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ എല്പികുമെന്ന ഭയവുമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. നാരായണന്റെ ഗൂഢാലോചന പ്രകാരം, ശിങ്കിടിയായ ഡ്രൈവർ ശശിയും, റൂം ബോയ് ശിവദാസനും ചേർന്ന് മുകളിൽ വെച്ചു മർദ്ദിച്ചശേഷം ശശി മുകളിൽ നിന്ന് പീതാംബരനെ എറിഞ്ഞു കൊന്നുവെന്നാണ് കേസ്. പീതാംബരന്റെ മരണമൊഴി കേട്ട പൊലീസുകാരായ രണ്ടു പേരെയും, പ്രസന്നൻ എന്ന അയൽവാസിയെയും, സാക്ഷികളായി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. കൃത്യത്തിനു ശേഷം ഡ്രൈവർ ശശി മതിൽ ചാടി കിടന്നു ഓടുന്നത് കണ്ട മറ്റൊരാളെയും സാക്ഷിയായി ചേർത്തിരുന്നു.
ഒന്നുമുതൽ മൂന്ന് വരെ പ്രതികൾക്ക് ജീവപര്യന്തം കൊടുത്ത വിചാരണക്കോടതി നാലം പ്രതി നാരായണന്റെ മാനേജർ സുബ്രമണ്യനെ നിരുപാധികം വിട്ടയച്ചു. എന്നാൽ ഹൈക്കോടതിയിൽ ഒരാൾ കൂടി കുറ്റവിമുക്തനായി. റൂം ബോയ് ശിവദാസന്റെ കുറ്റകൃത്യത്തിലെ ബന്ധം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി അയാളെ കുറ്റ വിമുക്തനാക്കുകയും, ഒന്നും രണ്ടും പ്രതികളുടെ ശിക്ഷ ശരി വയ്ക്കുകയും ചെയ്തു. പക്ഷേ വിചാരണക്കോടതി തള്ളിയ 'ഡമ്മി പരീക്ഷണത്തെ' ന്യൂനതകൾ ഇല്ലാത്ത സ്വീകാര്യമായ നീക്കമായാണ് ഹൈക്കോടതി സ്വാഗതം ചെയ്തത്.
സുപ്രീം കോടതിയിൽ എല്ലാം പൊളിയുന്നു
അവിടെ നിന്നാണ് പ്രതികളുടെ അപ്പീൽ വാദം സുപ്രീം കോടതിയിലേക്ക് പോകുന്നത്. സുപ്രീം കോടതിയിൽ നാരായണൻ ഇറക്കിയത് പ്രശസ്ത അഭിഭാഷകനായിരുന്ന രാം ജത്മലാനിയായിരുന്നു. ഇദ്ദേഹത്തിന്റെ മൂർച്ചയേറിയ വാദങ്ങൾക്കു മുന്നിൽ സിബിഐ പതറി. രണ്ടും മൂന്നും പ്രതികൾ ടെറസ്സിൽ നിന്ന് പ്രതിയെ മർദ്ദിക്കുന്നതിനു നിലവിൽ ഉണ്ടായിരുന്ന തെളിവുകൾ ആണ് കോടതി ആദ്യം പരിശോധിച്ചത്. ഡ്രൈവർ ശശി ഓടിപോകുന്നത് കണ്ടുവെന്നു പറഞ്ഞ വ്യക്തി അന്വേഷണത്തിന്റെ പ്രാരംഭ ദിശയിൽ ഇത് ആരോടും പറഞ്ഞിരുന്നില്ല എന്നത് കോടതി കണ്ടെത്തി. പ്രത്യക്ഷമായ തെളിവുകളോ ,സാഹചര്യ തെളിവുകളോ ഇല്ലാതേയാണ് വിചാരണ കോടതിയും ഹൈക്കോടതിയും പ്രതികളെ ശിക്ഷിച്ചതെന്നു ജെത്മലാനി വാദിച്ചു. തൃപ്തികരമല്ലാത്ത തെളിവുകളുടെ പ്രഭാവത്തിൽ പ്രതികളെ ശിക്ഷിക്കാൻ കഴിയില്ല എന്നു ഒടുവിൽ കോടതിക്ക് ബോധ്യമായി. ആദ്യം പരിശോധിച്ച ഡോക്ടർമാരുടെ മർദ്ദനം നടന്നുവെന്ന സംശയങ്ങൾ ക്രോസ് വിസ്താരത്തിൽ രാം ജത്മലാനി പൊളിച്ച് കൈയിൽ കൊടുത്തു. നാരായണന് പീതാംബരനുമായി വൈരാഗ്യം ഉണ്ടെന്ന് തെളിയിക്കാനുള്ള ഒരു രേഖയും സിബിഐയുടെ കൈയിലില്ല. അങ്ങനെ നോക്കുമ്പോൾ സാക്ഷികളില്ല, സാഹചര്യ തെളിവുകൾ ഇല്ല, ശാസ്ത്രീയ പിൻബലവുമില്ല.
കുറ്റക്കാരെന്നു തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാതെ വന്ന സാഹചര്യത്തിൽ പ്രതികളെ നിരുപാധികം വിട്ടയയ്ക്കാൻ ഇന്ത്യയിലെ പരമോന്നത നീതിപീഠം ഉത്തരവിട്ടു. പീതാംബരന്റെ മരണം ആത്മഹത്യയാവാം എന്ന് കോടതി നിരീക്ഷിച്ചു. ഫലത്തിൽ സിബിഐക്ക് തലതാഴ്‌ത്തേണ്ടി വന്ന കേസായി ഇത് മാറി.
കേസിൽ സിബിഐക്ക് തെറ്റുപറ്റിയെന്ന് തന്നെയാണ് താൻ ഇപ്പോഴും വിശ്വസിക്കുന്നതെന്ന്, കോളിളക്കം സൃഷ്ടിച്ച ആലുവ കൊലക്കേസ് ഉൾപ്പെടെ നിരവധി പ്രമാദമായ കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ റിട്ട എസ് പി ജോർജ്ജ് ജോസഫ്. ചൂണ്ടിക്കാട്ടുന്നു. '' സിബിഐ സിനിമ കാണുമ്പോൾ ഈ സംഭവം എപ്പോഴും ഓർക്കും. സത്യം ഒരു വഴിയിൽ കൂടേയും തെളിവ് വേറെ വഴിയിൽ കൂടെയും പോകുന്ന അവസ്ഥ. അതാണ് ഇതിൽ നിന്ന് പഠിച്ച പാഠം. കേവലം പൊതു ജനങ്ങളുടെ ആവശ്യം മാത്രം കണക്കിലെടുത്ത് നിരപരാധിയായ ഒരാളെ അറസ്റ്റ് ചെയ്ത് പേരെടുക്കരുത്. ശരിയായ രീതിയിൽ ദുരൂഹമായ കേസുകൾ അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ പഠിക്കണം. അല്ലെങ്കിൽ എത്ര നിരപരാധികൾ കുടുങ്ങും.
അന്ന് സിബിഐ എങ്ങനെയാണ് സംഭവ സ്ഥലത്ത് പോലും ഇല്ലാതിരുന്ന നാരായണനെ പ്രതിയാക്കിയതെന്ന് അറിയില്ല. ദുരൂഹമായ അന്വേഷണമായിരുന്നു അത്. ചില നല്ല ഉദ്യോഗസ്ഥരുണ്ടെങ്കിലും സിബിഐയുടെ വില കളയുന്ന ഉദ്യോഗസ്ഥരുമുണ്ട്. ചില കേസുകൾ ആർക്കും തെളിയിക്കാനാകില്ല. എത്രയോ ദുരൂഹമായ കേസുകൾ ഇപ്പോഴും തെളിയാതെ കിടക്കുന്നു. അന്ന് സിബിഐക്ക് തെറ്റുപറ്റിയെന്ന് കരുതുന്നു,''- തന്റെ ദി പ്രൈം വിറ്റ്നസ് എന്ന യൂട്യൂബ് ചാനലിലൂടെ ജോർജ്ജ് ജോസഫ് ചൂണ്ടിക്കാട്ടി.
എവിടെയാണ് സിബിഐക്ക് പിഴച്ചത്?
എവിടെയാണ് ഈ കേസിൽ സിബിഐക്ക് പിഴച്ചത് എന്ന ചോദ്യം വരുമ്പോൾ, ആദ്യത്തെ ഉത്തരം ആൾക്കൂട്ടത്തിന്റെ കൈയടികളിലേക്ക് അവരുടെ മനസ്സ് മാറിപ്പോയി എന്നാണ്. സ്വാഭാവികമായും അബ്ക്കാരികളോടും മുതലാളികളോടും ജനത്തിന് വല്ലാത്ത ഒരു പ്രതിഷേധം ഉണ്ടാവും. അതുകൊണ്ടുതന്നെ 'ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ' എന്ന രീതിയിലേക്ക് ജനം എത്തി. പ്രതിയെന്ന് പറയുന്ന അബ്ക്കാരി നാരായണൻ, പീതാംബരൻ മരിക്കുമ്പോൾ ലോഡ്ജിൽ ഉണ്ടായിരുന്നില്ല. പകയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാൻ കൃത്യമായ തെളിവില്ല. ദൃക്സാക്ഷിയും വിചാരണയിൽ പൊളിഞ്ഞു.
ഇതോടെ സുപ്രീം കോടതിയുടെ കടുത്ത വിമർശനവും സിബിഐ ഏറ്റുവാങ്ങി. ആൾക്കൂട്ടത്തിന്റെ വാദങ്ങൾക്ക് അനുസരിച്ചല്ല, തെളിവുകൾക്ക് അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്് എന്ന പ്രാഥമിക പാഠം സിബിഐ മറന്നുപോയതിന്റെ ഉദാഹരണമായിട്ടാണ് ഇന്ന് പോളക്കുളം കേസ് നിയമ വിദ്യാർത്ഥികൾ പഠിക്കുന്നത്. കട്ടവിനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പ്രതിയാക്കുക എന്ന നയമാണ് സത്യത്തിൽ ഈ കേസിൽ സിബിഐ സ്വീകരിച്ചത്. നോക്കുക, ഒരു റിസപ്ഷനിസ്റ്റും, ഡ്രൈവറും മാനേജറും അടക്കം നിത്യവൃത്തിക്കായി ജോലിചെയ്തിരുന്ന പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടകുയാണ് സത്യത്തിൽ സിബിഐ ചെയ്തത്. കേസിൽ സിപിഎം അതിശക്തമായ പ്രക്ഷോഭവും സമ്മർദവുമാണ് നടത്തിയത്. പോളക്കുളം നാരായണനെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ കഥകൾ അവർ പ്രചരിപ്പിച്ചു. പലതും വാർത്തയായി. ഇതും സിബിഐയെ മാനസികമായി സ്വാധീനിച്ചിരിക്കാം.
മാത്രമല്ല അക്കാലത്ത് ലോക്കൽ പൊലീസും സിബിഐയും തമ്മിൽ വലിയ ഉരസലുമുണ്ടായിരുന്നു. ഈ കേസ് നല്ല രീതിയിലാണ് ഞങ്ങൾ അന്വേഷിച്ചത് എന്ന അത്മവിശ്വാസം ക്രൈംബ്രാഞ്ചിന് ഉണ്ടായിരുന്നു. കുറ്റാന്വേഷണത്തിന്റെ അവസാനവാക്കായി കണക്കാൻ കഴിയുന്ന ഫോറൻസിക്ക് വിദഗ്ധൻ ഡോ ഉമാദത്തന്റെ റിപ്പോർട്ടും പൊലീസ് ഒപ്പമായിരുന്നു. എന്നിട്ടും തങ്ങളുടെ വർക്ക് അംഗീകരിക്കപ്പെട്ടില്ല എന്ന ഈർഷ്യ പൊലീസിന് ഉണ്ടായിരുന്നു. അതിനാൽ പൊലീസ് ഈ കേസിൽ സഹകരിച്ചില്ല.
അതുപോലെ കേരളാ പൊലീസ് മൊത്തത്തിൽ അഴിമതിക്കാർ ആണെന്നും അവർ പോളക്കുളം നാരായണന്റെ പണം പറ്റുന്നവർ ആണെന്ന മൂൻവിധി സിബിഐക്കും ഉണ്ടായിരുന്നു. അന്നത്തെ പൊലീസ് സൂപ്രണ്ട് ആയിരുന്ന ഡോ .സിബി മാത്യൂസിനോട്, നമ്മുടെ സേതുരാമയ്യർ ആയി മാറിയ രാധ വിനോദ് രാജു ഇങ്ങനെ ചോദിച്ചിരുന്നുവെന്ന് പറഞ്ഞുകേൾക്കുന്നുണ്ട്. ''ഞങ്ങൾ കൊച്ചി സിറ്റിയിലെ പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിച്ചു. എല്ലാം പോളക്കുളം നാരായണനുമായി ബന്ധം ഉള്ളവരാണ്. നിങ്ങളുടെ ഡിഐജി പോലും''- ഇങ്ങനെ ചോദിച്ചോ എന്ന് ഉറപ്പില്ലെങ്കിലും, പൊലീസ് നാരായണനെ സംരക്ഷിക്കായായിരുന്നെന്ന മുൻവിധിയോടെ ആയിരുന്നു സിബിഐയുടെ പ്രവർത്തനം. ഇന്നും സിബിഐയിലെ പല ഉദ്യോഗസ്ഥരും വിശ്വസിക്കുന്നത് തങ്ങളുടെ വാദമാണ് ശരിയെന്നും, നിയമത്തിന്റെ നൂൽപ്പാലത്തിലൂടെ രാംജത്മലാനി പ്രതികളെ രക്ഷിച്ച് എടുക്കയാണെന്നുമാണ്. ലോക്കൽ പൊലീസിന്റെ സഹകരണം ഉണ്ടായിരുന്നെങ്കിൽ, കേസ് പുഷ്പംപോലെ തെളിയിക്കാൻ കഴിയുമായിരുന്നുവെന്നും ഇവർ പറയുന്നു.
സിബിഐ ഡയറിക്കുറുപ്പ് സിനിമയിലും നാരായണൺ എന്ന പേരുള്ള അബ്ക്കാരി കഥാാപത്രം എത്തുന്നുണ്ട്. എന്നാൽ കഥയുടെ ക്ലൈമാക്സിൽ നാരായണനെ, കുറ്റവിമുക്തനാക്കുന്നുമുണ്ട്. അങ്ങേയറ്റം പ്രതാപിയായി വാണിരുന്നു അബ്ക്കാരി നാരായണന്റെ കട്ടയും പടവും ഈ കേസോടെ മടക്കി. ഡിഫൻസിനായി അയാൾ ലക്ഷങ്ങൾ അല്ല കോടികളാണ് മുടക്കിയത്. അന്ന് ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകൻ രാംജത്മലാനിയെ സുപ്രീം കോടതിയിൽ കൊണ്ടുവരാൻ തുക എത്രയാവും എന്നോർക്കുക. ആകെ തകർന്ന നാരായണൻ പിന്നെ ബിസിനസിൽനിന്നൊക്കെ മാറി ആകെ ഒതുങ്ങി. പാലരിവട്ടെ പോളക്കുളം ലോഡ്ജും പുതുക്കിപ്പണിത് പേരുമാറ്റി പതുക്കെ വിസ്മൃതിയിലേക്ക് മാറി.
അലി ഇമ്രാൻ സേതുരാമയ്യർ ആവുന്നു
പക്ഷേ 1988ൽ ഇങ്ങനെ ഒരു സിനിമ ചർച്ചയാവുന്ന സമയത്ത് സിബിഐയുടെ ഇമേജ് കേരളത്തിൽ കത്തി നിൽക്കായായിരുന്നു. 'ആവനാഴി'യൊക്കെ ഇറങ്ങി മമ്മൂട്ടി പൊലീസ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ അതുപോലെ ഒരു പൊലീസ് വേഷമായിരുന്നു എസ്.എൻ സ്വാമിയൂടെ മനസ്സിൽ. പക്ഷേ അത് തിരുത്തിയത് മമ്മൂട്ടിയാണ്.
സിബിഐ സീരിസിന്റെ 'കാരണഭൂതനും' സത്യത്തിൽ മമ്മൂട്ടിയാണ്. സ്ഥിരം പൊലീസ് കഥയെന്നത് മാറ്റി ഒരു കുറ്റാന്വേഷണ ത്രില്ലർ നമ്മുക്ക് ചെയ്യാമെന്ന് സ്വാമിയോട് പറയുന്നതും മമ്മൂട്ടി തന്നെ. 1988 ആദ്യ പടത്തിന്റെ ചർച്ചകളുടെ സമയത്ത് സേതുരാമയ്യർ എന്നല്ലായിരുന്നു ഈ കഥാപാത്രത്തിന്റെ ആദ്യത്തെ പേര്. അലി ഇമ്രാൻ എന്നായിരുന്നു. എന്നാൽ മമ്മൂട്ടിയാണ് എന്തുകൊണ്ട് സിബിഐ ഓഫീസറെ ഒരു ബ്രാഹ്മണൻ ആക്കിക്കൂടാ എന്നഭിപ്രായം മുന്നോട്ട് വെച്ചത്. എന്നാൽ ആദ്യം സ്വാമി അതിൽ തൃപ്തനായിരുന്നില്ല. അപ്പോൾ തന്നെ മമ്മൂട്ടി കഥാപാത്രമായിമാറി അഭിനയിച്ചു കാണിച്ചു. കഥാപാത്രത്തിന്റെ മാനറിസങ്ങൾ കണ്ടപ്പോൾ സ്വാമിയും കഥാപത്രത്തെ ബ്രാഹ്മണനാക്കുവാൻ സമ്മതിച്ചു. പിന്നീട് സേതുരാമയ്യർ എന്ന പേരുമിട്ടു. അങ്ങനെ അലി ഇമ്രാൻ സേതുരാമയ്യരായി. അതെ വർഷം നവംബറിൽ റിലീസ് ചെയ്ത മൂന്നാംമുറയിലെ മോഹൻലാൽ കഥാപാത്രത്തിന് സ്വാമി അലി ഇമ്രാൻ എന്ന പേര് നൽകി.
പാട്ടില്ല, ഡാൻസില്ല, സംഘട്ടനങ്ങളില്ല, പ്രേമമില്ല, തട്ടുപൊളിപ്പൻ രംഗങ്ങൾ ഒന്നുമില്ല. അന്നേവരെ കണ്ടുമുടത്ത എല്ലാ ഫോർമാറ്റിൽനിന്നും വ്യത്യസ്തമായി തീർത്തും ബൗദ്ധികമായ ഒരു വിരുന്നായിരുന്നു, 1988 ഫെബ്രുവരി 11ന് ഇറങ്ങിയ, 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന മലയാള സിനിമ. ഡമ്മി പരീക്ഷണവും ശാസ്ത്രീയമായ കുറ്റാന്വേഷണവുമൊക്കെയായി അത് ഇന്ത്യൻ സിനിമയിൽതന്നെ ചരിത്രമായിരുന്നു. നാളിതുവരെയുള്ള നമ്മുടെ സ്സ്‌പെൻസ് ത്രില്ലറുകളുടെയൊക്കെ ജാതകം തിരുത്തുന്ന ഒന്ന്. കേരളത്തിന് പുറത്തും 'ഒരു സി ബി ഐ ഡയറികുറിപ്പിനു' ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. മദ്രാസിലെ സഫയർ തീയേറ്ററിൽ 245 ദിവസം ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. അതിനു ശേഷം 2015 ഇൽ റിലീസ് ചെയ്ത പ്രേമം ആണ് 250 ദിവസത്തിനു മുകളിൽ തമിഴ്‌നാട് പ്രദർശിപ്പിച്ചു ആ റെക്കോർഡ് മറികടന്നത്. തമിഴ്‌നാട്ടിൽ മലയാള സിനിമക്ക് വലിയ സ്വീകാര്യത ലഭിക്കുന്നതിൽ ഈ ചിത്രത്തിന്റെ വിജയത്തിനു വലിയ സ്ഥാനമുണ്ട്.
1989ൽ ഇറങ്ങിയ സിബിഐ രണ്ടാംഭാഗം 'ജാഗ്രത' തീയേറ്റിൽ വലിയ വിജയമായിരുന്നില്ല. പക്ഷേ ഈ സീരീസിലെ ഏറ്റവും മികച്ച ചിത്രമായി ജാഗ്രതയെക്കുറിച്ച് പിന്നീട് നിരൂപണങ്ങൾ വന്നു. തീയേറ്ററിനേക്കാൾ കാസറ്റും സീഡിയുമായാണ് ജാഗ്രതക്ക് പ്രചാരം കിട്ടിയത്. എന്നാൽ 2004ൽ പുറത്തിറങ്ങിയ സേതുരാമയ്യർ സിബിഐ, 16 കോടിയോളം കളക്ഷൻ നേടി ബ്ലോക്ക് ബസ്റ്ററായി. സേതുരാമയ്യറിലെ തന്നെ ഈശോ-മോസി ക്ലൈമാക്‌സ് ട്വിസ്റ്റ് ഇന്നും വലിയ രീതിയിൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്നതാണ്.
2005ലാണ് നാലാമത്തെ ചിത്രമായ 'നേരറിയാൻ സിബിഐ' പുറത്തു വന്നത്. ഇത് വമ്പൻ പരാജയമായി. സിബിഐ സീരിസിലെ ഏറ്റവും മോശം ചിത്രമെന്ന അപഖ്യാതിയാണ് ഈ ചിത്രം ഉണ്ടാക്കിയത്. എന്നാൽ ഇപ്പോഴിതാ 17 വർഷങ്ങൾക്ക് ശേഷം, മലയാളസിനിമയിൽ ആദ്യമായി ഒരു സിനിമയുടെ അഞ്ചാംഭാഗം എന്ന കീർത്തിയുമായി ദ ബ്രയിൻ ഇറങ്ങിയിരിക്കുയാണ്. പരിമിതകൾ എന്തെല്ലാം ഉണ്ടെങ്കിലും ശാസ്ത്രീയമായ കുറ്റാന്വേഷണം എങ്ങനെ അഭ്രപാളികകളിൽ എത്തിക്കാം എന്നതിന്റെ മികച്ച ഉദാഹരണമായും സിബിഐ സിനിമകളെ വിലയിരുത്തുന്നവർ ഉണ്ട്.
വാൽക്കഷ്ണം: പോളക്കുളം കേസിലൂടെയാണ് ഇന്നത്തെ അഭിഭാഷക ഹീറോ രാമൻപിള്ളയുടെയും ഉദയം. പ്രശസ്ത അഭിഭാഷൻ ജനാർദ്ദനക്കുറിപ്പിന്റെ ജൂനിയർ ആയി നിന്നുകൊണ്ട് ഈ കേസ് വാദിച്ചത് രാമൻപിള്ളയായിരുന്നു. അന്ന് തുടങ്ങിയ രാമൻപിള്ളയുടെ തേരോട്ടം ഇപ്പോൾ ദിലീപ് കേസിലും എത്തിനിൽക്കുന്നു. 'ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാമേ രാമനാരായണ' എന്ന ചൊല്ല് ലക്ഷങ്ങളും രാമൻപിള്ളയും എന്ന രീതിയിൽ ഇപ്പോൾ മാറിയിരിക്കുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ