- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ അച്ഛനെ സല്യൂട്ട് ചെയ്ത് ഡിഎസ്പിയായ മകൾ; അപൂർവ്വ ചിത്രം പങ്കുവെച്ച് ഐടിബിപി; സോഷ്യൽ മീഡിയ ഏറ്റെടുത്ത അ ചിത്രത്തിന് പിന്നിലെ കഥ
ലക്നൗ: തന്നെക്കാൾ ഉയരത്തിൽ മക്കൾ എത്തുമ്പോൾ അച്ഛന്മാർക്ക് ചിലപ്പോഴൊക്കെ കോംപ്ലക്സ് വരാറുണ്ട്. ഇന്ത്യയിൽ തന്നെ ഇത് കേട്ടുകേൾവിയില്ലാത്ത സംഭവവുമല്ല.എന്നാൽ തന്നെക്കാൾ ഉയർച്ചയിൽ മക്കളെത്തുന്നതിൽ അഭിമാനം കൊള്ളുന്ന രക്ഷിതാക്കളാണ് ഭൂരിഭാഗവും.അത്തരത്തിൽ അച്ഛൻ മകൾ ബന്ധത്തിന്റെ അഭിമാനനിമിഷത്തിന്റഎ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഐടിബിപി.കഴിഞ്ഞ ദിവസമാണ് പൊലീസ് യൂണിഫോമിൽ ഒരു യുവതി മേലുദ്യോഗസ്ഥന് സല്യൂട്ട് ചെയ്യുന്ന ചിത്രം പങ്കുവെച്ചത്.''പിതാവിന് തന്റെ ആദര സൂചകമായ സല്യൂട്ട് നൽകി മകൾ'' എന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം ഐടിബിപി ട്വിറ്ററിൽ പങ്കു വെച്ചത്.ചി്ത്രം വൈറലായതോടെയാണ് ചിത്രത്തിന് പിന്നിലെ കഥ പുറത്ത് വന്നത്.
ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്ഥിതി ചെയ്യുന്ന ഡോ. അംബേദ്ക്കർ പൊലീസ് അക്കാദമിൽ നിന്നും ബിരുദം നേടിയ അപേക്ഷാ നിംബാഡിയ ആണ് ഈ യുവതി. ഐടിബിപിയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായി സേവനം അനുഷ്ഠിക്കുന്ന എപിഎസ് നിംബാഡിയ ആണ് അപേക്ഷയുടെ അച്ഛൻ. തന്റെ പാത പിന്തുടർന്നെത്തി തനിക്ക് തന്നെ സല്യൂട്ട് നൽകിയ മകളെ അതേ സ്നേഹാദരങ്ങളോട് കൂടി അദ്ദേഹം തിരികെ സല്യൂട്ട് ചെയ്തു. ഈ അപൂർവ്വ നിമിഷങ്ങളത്രയും ചിത്രങ്ങളായി പകർത്തുകയും ചെയ്തു. ഈ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായി കൊണ്ടിരിക്കുകയാണ്.
അപേക്ഷ ഉത്തർപ്രദേശ് പൊലീസ് സേനയിലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുക. ഡെപ്യൂട്ടി സൂപ്പറിന്റന്റ് ആയിട്ടാണ് അപേക്ഷ തന്റെ ഔദ്യോഗിക ജീവിതത്തിൽ പ്രവേശിക്കുക. അങ്ങനെ നിംബാഡിയ കുടുംബത്തിൽ നിന്ന് പൊലീസ് സേനയിലെത്തുന്ന രണ്ടാമത്തെ അംഗമായി മാറുകയാണ് അപേക്ഷ. അപേക്ഷയുടെ രണ്ട് ചിത്രങ്ങൾ കൂടി ഐടിബിപി പങ്ക് വെച്ചിട്ടുണ്ട്. അതിൽ ഒന്നാമത്തേത്, അപേക്ഷയുടെ അമ്മയായ ബിംലേഷ് നിംബാഡിയ ബിരുദ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ്. അടുത്ത ചിത്രത്തിൽ, പൊലീസ് വേഷത്തിൽ അച്ഛനും മകളും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്.
ചിത്രത്തിന് ഏകദേശം 18,000 ലൈക്കുകളും നൂറുകണക്കിന് കമന്റുകളുമാണ് ഇത് വരെ ലഭിച്ചിരിക്കുന്നത്. അച്ഛനെയും-മകളെയും സല്യൂട്ട് ചെയ്തിരിക്കുകയാണ് ഇന്റർനെറ്റ് ഉപയോക്താക്കൾ. ഒരു കൂട്ടം ഉപയോക്താക്കൾ ചിത്രത്തിന് 'ജയ് ഹിന്ദ്' എന്നാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, മറ്റു പലരും ഹൃദയത്തിന്റെ ഇമോജിയാണ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, ഇത്തരത്തിലുള്ള മറ്റൊരു ചിത്രവും സമൂഹ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയത്. ഐടിബിപിയിലെ തന്നെ മറ്റൊരു അച്ഛന്റെയും മകളുടെയും ചിത്രമായിരുന്നു അത്. ഐടിബിപിയിലെ ഇൻസ്പെക്ടറായ കമലേഷ് കുമാർ, തന്റെ മകളായ ദിക്ഷയുടെ പാസിങ്ങ് ഡേ പരേഡിനെത്തിയപ്പോൾ പകർത്തിയ ചിത്രമായിരുന്നു അത്. ഐടിബിപിയിൽ ചുമതലയേറ്റ ദിക്ഷയെ എണീറ്റ് നിന്ന് സല്യൂട്ട് ചെയ്യുന്ന കമലേഷ് കുമാറിന്റെ ചിത്രമായിരുന്നു അന്ന് ഇന്റർനെറ്റിൽ ശ്രദ്ധിക്കപ്പെട്ടത്. ആ അപൂർവ്വ നിമിഷവും പുറംലോകത്തെത്തിച്ചത് ഐടിബിപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയായിരുന്നു. അന്ന് അസിസ്റ്റന്റ് കമാൻഡറായിട്ടായിരുന്നു ദിക്ഷ ചുമതലയേറ്റത്.
ഇന്ത്യ-ടിബറ്റൻ അതിർത്തിക്ക് സംരക്ഷണമൊരുക്കുന്ന രാജ്യത്തെ പ്രധാന കാവൽ സായുധ സേനയാണ് ഐടിബിപി. ഇന്ത്യയിലെ അഞ്ച് കേന്ദ്രീകൃത സായുധ പൊലീസ് സേനകളിലൊന്നാണ് ഐടിബിപിയും. 1962ൽ നടന്ന ഇന്ത്യയും ചൈനയും തമ്മിലുണ്ടായ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഐടിബിപി രൂപീകൃതമായത്.
മറുനാടന് മലയാളി ബ്യൂറോ