മുംബൈ: എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ലതാജിയുടെ നാദധാരയിൽ ഒഴുകിപ്പരന്നിട്ടുണ്ടെങ്കിലും ആസ്വാദക മനസിൽ ഇടംനേടിക്കൊടുത്തത് ഒരു ദേശഭക്തിഗാനമാണ്.കാലങ്ങൾക്കിപ്പുറവും ആ ഗാനം ഒഴുകിപ്പരക്കുമ്പോൾ ആസ്വാദക മനസിൽ നിറയുന്നത് ലത മങ്കേഷ്‌കറിനോടുള്ള ആദരവും ഇഷ്ടവും തന്നെയാണ്.ഡൽഹിയിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ജനസാഗരത്തെ സാക്ഷി നിർത്തി 1963 ജനുവരി 27-നാണ് ലത ആദ്യമായി യെ മേരെ വതൻകി ലോഗോം പാട്ടു പാടുന്നത്.പാട്ട് കേട്ട പതിനായിരങ്ങളിൽ ഒരാൾ നെഹ്‌റുവായിരുന്നു.അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞ കണ്ണൂനീർ തന്നെയാണ് ഈ പാട്ടിനുള്ള ഏറ്റവും വലിയ ആദരവും.

വിഖ്യാത സംഗീതജ്ഞൻ നൗഷാദാണ് സംഗീതമേളയ്ക്കു തുടക്കം കുറിച്ചത്. ആലാപനം മുഹമ്മദ് റാഫി. പിന്നാലെ ശങ്കർ ജയ്കിഷനും മദൻ മോഹനും. നാലാം സ്ഥാനത്താണ് രാമചന്ദ്രയെ സംഘാടകർ പരിഗണിച്ചിരുന്നത്. മറ്റുള്ളവരെല്ലാം അതിനകം തന്നെ ഹിന്ദി സിനിമാലോകത്ത് പ്രശസ്തമായ ദേശഭക്തി ഗാനങ്ങൾ ചെയ്തിരുന്നവർ. രാമചന്ദ്രയ്ക്കാകട്ടെ, അതിനു മുമ്പ് കയ്യിലൊരു ദേശഭക്തി ഗാനം പോലും ഉണ്ടായിരുന്നില്ല. രാജ് കപൂറും ദിലീപ് കുമാറും ദേവാനന്ദും അടങ്ങുന്ന മുംബൈ സിനിമാലോകത്തിലെ പടക്കുതിരകളെല്ലാം മുൻനിരയിൽ ഉണ്ടായിരുന്നു. എല്ലാ സംഗീതസംവിധായകരും രണ്ട് പാട്ട് വീതമാണ് വേദിയിൽ അവതരിപ്പിക്കേണ്ടത്.

അങ്ങനെ രാമചന്ദ്രയുടെ ഊഴമെത്തി. ലത മങ്കേഷ്‌കർ വേദിയിൽ. തൊട്ടരികിൽ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു. അല്ലാഹ് തേരോ നാം എന്ന സുപ്രസിദ്ധ ഭജനാണ് ലത ആദ്യം പാടിയത്. ലതയുടെ ഗാനമാധുരിയിൽ ഒരുപക്ഷെ, എല്ലാവരും ഇതിനകംതന്നെ ഹൃദിസ്ഥമാക്കിയ ഭജൻ നിറഞ്ഞൈാഴുകി. ചെറിയ ഇടവേളയ്ക്കു ശേഷം രാമചന്ദ്രയുടെ രണ്ടാം ഗാനം. പിന്നാലെ അതുവരെ ആരും കേൾക്കാത്തൊരു ഗാനത്തിനു തുടക്കമായി. രണ്ട് മാസം മുമ്പ് അവസാനിച്ച യുദ്ധത്തിന്റെ ബാക്കിപത്രം പോലെ ലത പാടിത്തുടങ്ങി.ഒരു വലിയ യുദ്ധത്തിന്റെ തോൽവിയുടെ ചിതയിൽനിന്ന് ആ മൃദുസ്വരം പതിയെ അലയടിച്ചുയർന്നു. ഒരു പക്ഷെ, ലതയും കൺമുന്നിൽ കടൽപോലെ വലിയൊരു ജനസഞ്ചയത്തെ അതിനു മുമ്പു കണ്ടിട്ടുണ്ടാവില്ല.

പൊടുന്നനെ അന്തരീക്ഷം മാറിമറിഞ്ഞു. വേദിയിലും സദസ്സിലും എല്ലാവരും നിശബ്ദരായി. ഈരടികൾ മനസ്സിൽ കുത്തിക്കയറി. ഒടുവിൽ ഭേദിക്കാനാവാത്ത ആരവമായി. സദസ് നിർനിമേഷരായി ആ ഗാനധാരയിൽ അലിഞ്ഞു. മറ്റെല്ലാ ഗാനങ്ങളും ഉപകരണ സംഗീതത്തിന്റെ അതിശക്തമായ അകമ്പടിയോടെ ഉണർത്തുപാട്ടായപ്പോൾ രാമചന്ദ്രയുടെ മനസ്സിലെ ദേശഭക്തി അടിത്തറയിട്ടത് അതിർത്തിയിൽ പിടഞ്ഞു മരിച്ചവരുടെ വേദനയായിരുന്നു. വൈയക്തിക സങ്കടങ്ങളല്ല, രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച കുലീനജീവിതങ്ങളുടെ ദുരന്തമാണ് പാടുമ്പോൾ മനസ്സിൽ അലയടിക്കേണ്ടതെന്ന രാമചന്ദ്രയുടെ വാക്കുകൾ ലതയുടെ ഉള്ളിൽ തിങ്ങി നിറഞ്ഞിരിക്കണം.

ചരണത്തിലെ ആദ്യ വരികൾ ആവർത്തിച്ചു പാടിയ ലത ജബ് അന്ത് സമയ് ആയാ ഥാ(അന്ത്യനിമിഷം വന്നടുക്കുമ്പോൾ) എന്ന വരി മൂന്നു തവണയാണ് പാടുന്നത്. ഓരോരിക്കലും ആയിരങ്ങളെ അത് കരയിപ്പിച്ചു. വിങ്ങുന്ന വേദനയിൽ ഹൃദയം നുറുങ്ങി ലതയുടെ മാസ്മരികശബ്ദം മന്ത്രണംപോലെ മൃദുവായി. ഈ വരികൾ ആവർത്തിക്കുമ്പോൾ സ്വന്തം ജീവൻ പൊലിയുന്നതു പോലെ അവരത് ഏറ്റുവാങ്ങി. മൂന്നാം തവണ ആ വരി പാടുമ്പോൾ വേദനയിൽനിന്ന് അതിജീവനത്തിന്റെ വഴിയിലൂടെ ലതയുടെ ശബ്ദം ഉച്ചസ്ഥായിലായി. അണ പൊട്ടിയ വൈകാരികതയിൽനിന്ന്, തോറ്റുപോയ ഒരു ജനതയെ ഉയിർത്തെഴുന്നേൽപ്പിച്ച് ജയ്ഹിന്ദ് പാടി ഗാനം അവസാനിക്കുമ്പോൾ അതുവരെ അണകെട്ടി നിർത്തിയ ആരവം മറ്റെല്ലാറ്റിനും മുകളിൽ മുഴങ്ങി.

പാടിക്കഴിഞ്ഞയുടൻ നെഹ്റു ലതയെ അരികിലേക്കു വിളിപ്പിച്ചു. പാടിയതിലെന്തെങ്കിലും തെറ്റു പറ്റിയോ എന്ന ഭയത്തോടെ അരികിലെത്തിയ ലതയോടു നിറഞ്ഞ കണ്ണുകളുമായി നെഹ്റു പറഞ്ഞു: ലതാ... നീയെന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ.

അന്നു ലതയ്ക്കറിയില്ലായിരുന്നു, ഈ ഗാനം തന്നെ മഹത്വത്തിന്റെ ഉന്നതിയിൽ എത്തിക്കുമെന്ന്. ആകാശവാണിയിലൂടെ അക്കാലത്ത് നിരന്തരം ഏയ് വതൻ കേ ലോഗോം ഒഴുകിയെത്തി. ഓരോ വാക്കും സാധാരണക്കാർക്കുപോലും ഹൃദിസ്ഥമായി. പിന്നീട് ലത നടത്തിയ ഓരോ സംഗീതമേളയിലും ആയിരങ്ങൾ ഈ പാട്ട് പാടാൻ അവരോട് ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. പലപ്പോഴും ഒന്നിലധികം തവണ ലത പല വേദികളിലും ഈ പാട്ട് പാടി.