തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിലെ സത്യസന്ധതയ്ക്ക് പൊന്നിൻ തിളക്കം. സംഗതി സമൂഹ മാധ്യമത്തിൽ വന്നതോടെ ഇതിന് ഇരട്ടി തിളക്കമായി മാറിയിരിക്കുകയാണ്. മുട്ടത്തറ ബിവറേജസ് ഔട്ട്‌ലെറ്റിൽ വച്ചാണ് സംഭവം. ഇവിടെ സാധനം വാങ്ങാനെത്തിയ യുവാവിന്റെ കയ്യിൽ നിന്നും സ്വർണ ബ്രേസ്ലറ്റ് നഷ്ടമായി. ഇതിന് പിന്നാലെ ഇത് ബിവറേജസ് ജീവനക്കാരന് ലഭിക്കുകയും അയാൾ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

എന്നാൽ രസകരമായ സംഗതി അതല്ല. സത്യസന്ധതയുടെ ഈ കഥ നർമ്മം കലർത്തി പൊലീസ് സബ് ഇൻസ്‌പെക്ടർ ഫേസ്‌ബുക്കിൽ ഇട്ടതോടെ സംഗതി വൈറലായി. ദാഹം മാറ്റാൻ വന്ന യുവാവ് ബിവറേജസ് ഔട്ട്‌ലെറ്റിലെ ക്യൂവിൽ നിന്നതും അത് തെറ്റിച്ച് തന്റെ ഇഷ്ടപാനീയങ്ങൾ വാങ്ങിയതുമെല്ലാം വളരെ രസകരമായി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ എസ്‌ഐ കുറിക്കുന്നുണ്ട്.

എസ്‌ഐ സജിൻ ലൂയിസിന്റെ പോസ്റ്റ് വായിക്കാം

ജഗേഷ്, അവനാണീക്കഥയിലെ നായകനും വില്ലനും.
ഈ ഡിസംബർ 4 തിയതി മദ്ധ്യാഹ്നത്തിലാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടന്നത്. കുറച്ചു മദ്യം സേവിക്കാനായി ദാഹിച്ച് കൂട്ടുകാരോടൊപ്പം ഇറങ്ങി തിരിച്ചതാണവൻ , എത്തിച്ചേർന്നതോ മുട്ടത്തറ ബിവറേജസ് ഔട്ട് ലറ്റിനു മുന്നിലെ നീണ്ടു വളഞ്ഞ ക്യൂവിനു പിന്നിലും. ഒച്ചിഴയുന്ന വേഗതയിൽ നീങ്ങുന്ന ക്യൂവിൽ ഊഴം കാത്ത് സമാധാനത്തിന്റെ പ്രതിരൂപമായി നിൽക്കുന്ന മദ്യപാനികളെ കണ്ട് അവന് പുച്ഛം തോന്നി. തന്റെ ഊഴം വരുന്നതുവരെ കാത്തു നിൽക്കാനുള്ള സഹനശക്തി ആ യുവഹൃദത്തിനില്ലായിരുന്നു .

മനസ്സിനെ തന്റെ ആരോഗ്യമുള്ള ശരീരം പിൻതുണച്ചപ്പോൾ തന്റെ മുന്നിലെ ക്യൂവിനെ കീറിമുറിച്ചു കൊണ്ടവൻ ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു, അശക്തമായ എതിർ സ്വരങ്ങളെ അവജ്ഞയോടെ അവഗണിച്ചു. അപ്പോൾ അവന്റെ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു 'മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം'.

പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത നമ്മുടെ നായകൻ മദ്യം വിതരണം ചെയ്യുന്ന ഇരുമ്പ് കൂടിനു മുന്നിലെത്തി. ഒരു കൈ മാത്രം കടത്താൻ കഴിയുന്ന കൗണ്ടറിൽ മറ്റൊരാളുടെ കൈ ഉണ്ടായിരിക്കെ തന്റെ ബലിഷ്ടമായ കൈ തള്ളിക്കേറ്റി , തന്റെ ഇഷ്ടപാനീയങ്ങൾക്കായി ഓഡർ നൽകി , വാങ്ങി. ആഹ്ലാദതുന്തിലനായി മദ്യകുപ്പികളും മാറോട് ചേർത്ത് തന്റെ കൂട്ടുകാരോടൊപ്പം അവിടെ നിന്നും നിഷ്‌ക്രമിച്ചു. സ്വകാര്യ സ്ഫലികളിലെവിടെയോ വച്ച് അയാൾ തന്റെ ആത്മാവിന്റെ ദാഹം തീർത്ത് മയങ്ങിക്കിടന്നു. ബോധമണ്ഡലങ്ങളിലേയ്ക്കുള്ള മടങ്ങി വരവിൽ അമ്മയുടെ ശകാരത്തിൽ നിന്നും അയാൾ മനസ്സിലാക്കി നാല് പവനോളം വരുന്ന തന്റെ സ്വർണ കൈച്ചങ്ങല നഷ്ടപ്പെട്ടു എന്ന്.

കസ്റ്റമർ കെയറിൽ ഒന്നാം സ്ഥാനം ആഗ്രഹിക്കുന്ന മുട്ടത്തറ ബിവറേജസിലെ ജീവനക്കാർ ടി കൈച്ചങ്ങല കണ്ടെടുത്തു പൂന്തുറ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. അന്വേഷണത്തിൽ നമ്മുടെ നായകനെ കണ്ടെത്തി , ബിവറേജസ് ജീവനക്കാരനായ സൂരജിനെ കൊണ്ട് കഥാപുരുഷന് കൈച്ചങ്ങല തിരികെ നൽകി, പൊതു പ്രവർത്തകനായ പാട്രിക് മൈക്കിൾ സാക്ഷി.
ഒരു ലക്ഷം രൂപയുടെ മുതൽ തിരിച്ചു കിട്ടിയെങ്കിലും ക്യൂ തെറ്റിച്ച് അതിക്രമം കാട്ടിയതിന് ക്രൂരനായ പൂന്തുറ സബ് ഇൻസ്പെക്ടർ കഥാനായകനെതിരെ പെറ്റി കേസെടുത്തതിലുള്ള അമർഷം ശ്രീ ജഗേഷ് ഒന്ന് പിറുപിറുത്ത് പല്ല് കടിച്ചുപൊട്ടിച്ച് അമർത്തി നിർത്തി.
ശുഭം....