കോതമംഗലം: രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ ആദ്യം നാടൻ തോക്കും തിരകളും വെടി മരുന്നും കണ്ടെത്തി. പിന്നീട് പന്നി, മ്ലാവ്് എന്നിവയെ പിടിക്കാൻ ഉപയോഗിക്കുന്ന കുരുക്കുകളും കത്രികപ്പൂട്ടും ലഭിച്ചു. മുറിയുടെ മൂലയ്ക്കിരുന്ന ചണച്ചാക്ക് അനങ്ങുന്നതുകണ്ട് പരിശോധിച്ചപ്പോൾ ജീവനുള്ള കൂരമാനിനെയും കിട്ടി. അടുക്കള പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ മുള്ളൻ പന്നിയുടെ ഉണക്കിയ ഇറച്ചിയും. നേര്യമംഗലം വാളറ ഫോറസ്ററ് സ്റ്റേഷൻ പരിധിയിൽ വലതുകൈപ്പത്തിയില്ലാത്ത കാവേരിപ്പടി കട്ടകാലിൽ ബാബുരാജ് (47)എന്ന കുട്ടായിയുടെ വീട്ടിൽ വനപാലകർ നടത്തിയ പരിശോധന സംമ്പന്ധിച്ച് പുറത്തുവന്നിട്ടുള്ള വിവരങ്ങൾ ഇങ്ങിനെ:

18-ാം വയസ്സിൽ വലതുകൈപ്പത്തി മീൻപിടുത്തത്തിനിടയിൽ തോട്ടപെട്ടി നഷ്ടപ്പെട്ടതിനെത്തുടർന്ന് ഇടംകൈനായി മാറിയ കുട്ടായി മൃഗങ്ങളെ വേട്ടയാടിരുന്ന രീതി രണ്ട് കൈയുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണെന്നും ഓടുന്ന ജീവിക്കുനേരെ ഭാരമുള്ള തോക്ക് ഉപയോഗിച്ച് കൃത്യതയോടെ ഇയാൾക്ക് വെടിവയ്ക്കാൻ കഴിയുമെന്ന് ബോദ്ധ്യപ്പെട്ടതായും തെളിവെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുട്ടായിയുടെ വീട്ടിൽ തിരച്ചിലിനെത്തിയത്. മുറിയിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കും വെടിമരുന്നും തിരകളും കണ്ടെടുത്തത്.

കുരുക്കുകളും, കത്രികപുട്ടും വീടിനുള്ളിൽ പലഭാഗത്തായി സൂക്ഷിച്ചിരിക്കുകയായിരുന്നു.മുള്ളൻപന്നിയെ കൊന്ന് ഇറച്ചിയെടുത്ത് ഉണക്കി സൂക്ഷിച്ചിരുന്നെന്നും വിൽപ്പന നടത്തിയശേഷം അവശേഷിച്ചതാണ് വീട്ടിൽ സൂക്ഷിച്ചതെന്നുമാണ് ഇയാൾ ഉദ്യോഗസ്ഥ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. ചാക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ കൂരമാനിന്റെ ഇടതു പിൻകാലിൽ മുറിവും മുടന്തും ഉള്ളതായി കണ്ടെത്തി.വെറ്റിനറി സർജ്ജനെ കാണിച്ച് ആവശ്യമായ ചികത്സ ലഭ്യാമാക്കി.

ബൈക്കിന്റെ ക്ലച്ച് കേബിൾ കൊണ്ടുണ്ടാക്കിയ കുരുക്കിൽനിന്നാവാം മാനിന് മുറിവേറ്റതെന്നാണ് ഡോക്ടറുടെ അനുമാനം.കുട്ടായി പതിവായി കാട്ടിൽ മൃഗങ്ങളെ വേട്ടയാടുകയും കിട്ടുന്ന ഇറച്ചി കള്ളുഷാപ്പുകളിലും റിസോർട്ടുകളിലും കൊണ്ടുപോയി വില്പന നടത്തിവരികയായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.

നേര്യമംഗലം പത്താംമൈൽ, ഇരുമ്പുപാലം മേഖലയിൽ പ്രവർത്തിച്ചുവരുന്ന റിസോർട്ടുകളും കള്ളുഷാപ്പുകളും വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ എസ് ഗിരീഷ് ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ മുരളി ടി വി,സജിമോൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിജോയ്,അരുൺ രാജ്, ഷെമിൽ ട്രൈബൽ ഫോറസ്റ്റ് വാച്ചർ വജയമ്മ എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾക്കും തെളിവെടുപ്പിനും നേതൃത്വം നൽകിയത്.

കൂരമാനിനെ ചികത്സ നൽകി കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടായിയെ ഹാജരാക്കുന്നതിനൊപ്പംകൂര മാനിനെയും കോടതിയിൽ ഹാജരാക്കുമെന്നും കോടതി നിർദ്ദേശപ്രകാരം തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.