- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർത്തവം വരുമ്പോൾ പഴന്തുണി കെട്ടിയിരുന്ന ഇന്ത്യൻ സ്ത്രീകൾക്ക് നാപ്കിൻ സമ്മാനിച്ച ഈ തമിഴ്നാട്ടുകാരനെ എത്ര സ്ത്രീകൾക്ക് അറിയാം? അത്യപൂർവ്വമായ ഒരു ഇന്ത്യൻ വിജയത്തിന്റെ കഥ
തന്റെ അരയിൽ കെട്ടിവച്ച ഫുട്‌ബോൾ ബ്ലാഡറിൽ ശേഖരിച്ച ആടിന്റെ രക്തം, നടക്കുമ്പോളും സൈക്കിളോടിക്കുമ്പോളും, അയാൾ ധരിച്ച ത്രികോണാകൃതിയിലുള്ള സാനിറ്ററി നാപ്കിനിലേക്ക് സ്വയം ചെറുതായി പമ്പുചെയ്തുകൊണ്ടിരുന്നു. തികച്ചും യാഥാസ്ഥിതികരായ നാട്ടുകാർക്കിടയിൽ ചോരക്കറയും ചോരമണവുമായി നടന്നും സൈക്കിൾ ചവിട്ടിയും ഓടിയും പരീക്ഷണങ്ങൾ നടത്തികൊണ്ടിരുന്ന അയാളെ ഗ്രാമം മുഴുവൻ ദുർമന്ത്രവാദി എന്നാരോപിച്ചു കല്ലെറിഞ്ഞു. അയാൾ ഗ്രാമം ഉപേക്ഷിച്ചു. ഒരു കെട്ടു മുഷിഞ്ഞ തുണി ഒളിച്ചു പിടിച്ച്, തന്റെ മുന്നിലൂടെപോയ ഭാര്യ ശാന്തിയെ പിന്തുടർന്നാണ് അരുണാചലം മുരുകാനന്ദം എന്ന ഒമ്പതാം ക്ലാസുവരേ മാത്രം പഠിച്ച വർക് ഷോപ്പ് ജോലിക്കാരൻ ലോകത്തിന്റെ നെറുകയിലെത്തിയത്. തീണ്ടാരിക്കാലത്ത് അണപൊട്ടിയൊഴുകുന്ന രക്തസ്രാവം തടുത്തിടാൻ ജനനേന്ദ്രിയം പാഴ്തുണികളിൽ ചേർത്തു വെക്കുന്ന പെൺജീവിതങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല പഞ്ഞ ലോകത്തിന്റെ, പറുദീസയിൽ. ഇന്നും പന്ത്രണ്ടു ശതമാനത്തോളം സ്ത്രീകൾ മാത്രമേ ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ ധരിക്കുന്നുള്ളു. സാധാരണക്കാർക്ക് താങ്ങ
തന്റെ അരയിൽ കെട്ടിവച്ച ഫുട്‌ബോൾ ബ്ലാഡറിൽ ശേഖരിച്ച ആടിന്റെ രക്തം, നടക്കുമ്പോളും സൈക്കിളോടിക്കുമ്പോളും, അയാൾ ധരിച്ച ത്രികോണാകൃതിയിലുള്ള സാനിറ്ററി നാപ്കിനിലേക്ക് സ്വയം ചെറുതായി പമ്പുചെയ്തുകൊണ്ടിരുന്നു. തികച്ചും യാഥാസ്ഥിതികരായ നാട്ടുകാർക്കിടയിൽ ചോരക്കറയും ചോരമണവുമായി നടന്നും സൈക്കിൾ ചവിട്ടിയും ഓടിയും പരീക്ഷണങ്ങൾ നടത്തികൊണ്ടിരുന്ന അയാളെ ഗ്രാമം മുഴുവൻ ദുർമന്ത്രവാദി എന്നാരോപിച്ചു കല്ലെറിഞ്ഞു. അയാൾ ഗ്രാമം ഉപേക്ഷിച്ചു.
ഒരു കെട്ടു മുഷിഞ്ഞ തുണി ഒളിച്ചു പിടിച്ച്, തന്റെ മുന്നിലൂടെപോയ ഭാര്യ ശാന്തിയെ പിന്തുടർന്നാണ് അരുണാചലം മുരുകാനന്ദം എന്ന ഒമ്പതാം ക്ലാസുവരേ മാത്രം പഠിച്ച വർക് ഷോപ്പ് ജോലിക്കാരൻ ലോകത്തിന്റെ നെറുകയിലെത്തിയത്. തീണ്ടാരിക്കാലത്ത് അണപൊട്ടിയൊഴുകുന്ന രക്തസ്രാവം തടുത്തിടാൻ ജനനേന്ദ്രിയം പാഴ്തുണികളിൽ ചേർത്തു വെക്കുന്ന പെൺജീവിതങ്ങൾക്ക് ഇന്നും കുറവൊന്നുമില്ല പഞ്ഞ ലോകത്തിന്റെ, പറുദീസയിൽ.
ഇന്നും പന്ത്രണ്ടു ശതമാനത്തോളം സ്ത്രീകൾ മാത്രമേ ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ ധരിക്കുന്നുള്ളു. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലുമേറെയാണ് ഇന്നും സാനിട്ടറി നാപ്കിനുകളുടെ വില. എന്തുകൊണ്ടാണ് അതിനിത്രയും വില എന്ന ആലോചന, തുച്ഛമായ വിലക്ക് കോയമ്പത്തൂരും പരിസരങ്ങളിലും കോട്ടൺ കിട്ടുമെന്നറിയാവുന്ന അരുണാചലത്തെ അലട്ടി. കടയിൽ നിന്നും വാങ്ങിയ സാനിറ്ററി നാപ്കിനുകൾ അയാൾ തന്റെ വർക്ക്‌ഷോപ്പിലിട്ടു കീറി മുറിച്ചു പരിശോധിച്ചു. അതിനകത്ത് അയാൾകണ്ടെത്തിയത് പത്തുഗ്രാമിലും കുറഞ്ഞ അളവിലുള്ള പഞ്ഞിയായിരുന്നു.
അടുത്തുള്ള മില്ലിൽ നിന്നും വാങ്ങിയ പഞ്ഞി ഉപയോഗിച്ച് സ്വയം നിർമ്മിച്ച നാപ്കിനൊന്ന് ശാന്തിയുടെ കൈകളിൽ വച്ചുകൊടുത്തുകൊണ്ടാണ് അരുണാചലത്തിന്റെ അന്വേഷണത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. അയാൾ തുന്നിയെടുത്ത നാപ്കിൻ അത്ര വിജയമല്ലെന്ന് ശാന്തിയുടെ അനുഭവ സാക്ഷ്യം. ഓരോ നിർമ്മിതിയുടെയും ഫലമറിയാൻ വീണ്ടും ഓരോ മാസത്തേ കാത്തിരിപ്പ്. അന്വേഷണത്തിന്റെ ഭ്രാന്തൻകാലത്തിൽ അരുണാചലത്തെ ഉപേക്ഷിച്ച് ശാന്തി പോയി. വർക്ഷോപ്പു പണിക്കാരന്റെ നാപ്കിൻ ധരിച്ച് ഫലം പറഞ്ഞുകൊടുക്കാൻ ആളെകിട്ടായതായി. ഒടുവിൽ, കോയമ്പത്തൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളെ ആശ്രയിച്ചു. അവിടെനിന്നും കൃത്യമായ മറുപടികൾ അയാൾക്ക് കിട്ടിയില്ല. പിന്നീട്, ഉപയോഗിച്ച നാപ്കിനുകൾ ശേഖരിച്ചു കീറിമുറിച്ച് അയാൾ പരിശോധിച്ചു തുടങ്ങി. അതു കണ്ട അമ്മയും അയാളെ ഉപേക്ഷിച്ചു. ഒടുവിലിതാ സ്വന്തം ഗ്രാമവും.
തനിച്ചുള്ള അന്വേഷണങ്ങൾ, അലച്ചിലുകൾ... ഒറ്റപ്പെടലുകൾ... നാപ്കിനുകളിൽ ഉപയോഗിക്കുന്നത് പഞ്ഞിയല്ല, പൈൻ മരത്തിന്റെ ഫൈബറാണെന്നത് ഏകദേശം രണ്ടു വർഷത്തിനുശേഷമാണ് മുരുകാനന്ദം തിരിച്ചറിയുന്നത് . ഇത് ഇന്ത്യയിൽ ലഭ്യമല്ലെന്നും, അമേരിക്കയിൽനിന്നോ ഓസ്‌ട്രേലിയയിൽനിന്നോ ഇറക്കുമതി ചെയ്യണമെന്നതും അയാളെ നിരാശപ്പെടുത്തി. പക്ഷെ അപ്പോളും വില പഞ്ഞിയുടെ നാലിലൊന്നേ വരുന്നുള്ളൂ എന്നറിഞ്ഞപ്പോൾ അയാളിൽ ഊർജം നിറഞ്ഞു.
ചിലരുടെ സഹായത്താൽ അയാൾ സാംപിൾ വരുത്തിച്ചു. മുരുകാനന്ദന്റെ അന്വേഷണം പുതിയ കടമ്പകളിലേക്കു ചെന്നുമുട്ടിയത് അപ്പോളാണ്. കയ്യിൽ കിട്ടിയ ഫൈബർ കടഞ്ഞെടുക്കാനുള്ള യന്ത്രത്തിന്റെ ചുരുങ്ങിയ വില നാലരക്കോടിയാണ്. ഫൈബർ വേർതിരിക്കാനുള്ള ഉപകരണവും പൾപ്പിനെ പാഡിന്റെ രൂപത്തിലാക്കുന്ന അലൂമിനിയം മോൾഡും സീൽ ചെയ്യാനുള്ള യൂണിറ്റും ചേർന്ന പെഡൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന മെഷീൻ 65000 രൂപ ചെലവിൽ അയാൾ സ്വയം വികസിപ്പിച്ചെടുത്തു
2006ൽ മദ്രാസ് ഐ.ഐ.റ്റി സംഘടിപ്പിച്ച മൽസരത്തിൽ മുരുകാനന്ദത്തിന്റെ മെഷീൻ ഒന്നാമതെത്തി. ചെറിയ ചെറിയ അംഗീകാരങ്ങൾക്കൊപ്പം അന്താരാഷ്ട്ര ഭീമന്മാരിൽനിന്നും കോടികൾ നൽകി യന്ത്രം കൈപ്പറ്റാനുള്ള അന്വേഷണങ്ങളും വന്നു. ഓഫറുകൾ നിരസിച്ച മുരുകാനന്ദം എട്ട് പാഡുകളുള്ള പാക്കറ്റൊന്നിനു പത്ത് രൂപ നിരക്കിൽ 'കോവെ' എന്ന പേരിൽ സാനിറ്ററി പാഡുകൾ വിപണിയിലെത്തിച്ചു. പക്ഷേ വൻകിട നാപ്കിനുകളുടെ പരസ്യങ്ങളിൽ ഭ്രമിച്ചുവശായ ഉപഭോക്താക്കൾ കോവെ നാപ്കിനുകൾ തിരസ്‌ക്കരിച്ചു. കൂടാതെ അവിശ്യസനീയമാം വിധം കുറഞ്ഞ വിലയും ഉപഭോക്താക്കളിൽ സംശയം ജനിപ്പിച്ചു. നഷ്ട്ടം അമ്പതിനായിരം രൂപയും നാലര വർഷവും.
തന്നിലേക്ക് തിരിച്ചെത്തിയ ശാന്തിയെ, സ്വന്തം ആവശ്യത്തിന് നാപ്കിൻ നിർമ്മിച്ചെടുക്കുന്നതിനു യന്ത്രം പ്രവർത്തിപ്പിക്കാൻ അയാൾ പരിശീലിപ്പിച്ചു. പക്ഷെ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവസങ്ങൾക്കകം ശാന്തി അയാളോട് കൂടുതൽ ഫൈബർ ആവശ്യപ്പെട്ടു. ശാന്തിയിൽ നിന്നും കേട്ടറിഞ്ഞ അയല്പക്കത്തെ സ്ത്രീകളും ഈ നാപ്കിൻ ഉപയോഗിച്ച് തുടങ്ങിയിരുന്നു. കയ്യിൽ കാശില്ലാത്തവർ ശാന്തിയോട് കടം പറഞ്ഞു. മറ്റു ചിലരാകട്ടെ വീട്ടുവളപ്പിലെ പച്ചക്കറികൾ പകരം കൊടുത്തു.
ഗ്രാമത്തിലെ മറ്റു സ്ത്രീകളെക്കൂടി പരിശീലിപ്പിച്ചാൽ അവർക്കൊരു വരുമാന മാർഗ്ഗവും കൂടിയാവുമെന്ന ആശയം അയാളിൽ രൂപപ്പെടുന്നത് അങ്ങിനെയാണ്. തന്റെ കണ്ടുപിടുത്തം സ്ത്രീശാക്തീകരണത്തിന്റേതു കൂടിയാക്കി മാറ്റിയിരിക്കുകയാണ് അരുണാചലം മുരുകാനന്ദം ഇന്ന്. ജയശ്രീ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന് അയാൾ രൂപം നൽകി. സ്ത്രീകളുടെ സഹകരണ സംഘങ്ങൾക്ക് മെഷീനൊപ്പം അസംസ്‌കൃത വസ്തുക്കളും ഒരു ദിവസത്തെ പരിശീലനവും ഇന്നയാൾ നൽകി വരുന്നു . ഉത്തരേന്ത്യയിലെ പല സ്‌ക്കൂളുകളിലും ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. ആർത്തവത്തോടെ പെൺകുട്ടികളുടെ പഠനം നിലക്കുന്നതായിരുന്നു ആ ദരിദ്ര ഗ്രാമങ്ങളിലെ രീതി. ഇന്നത് മാറി. നിർമ്മിക്കുന്ന പാഡുകൾ ഇഷ്ടമുള്ള പേരുകളിൽ സംഘങ്ങൾക്ക് വിപണിയിലിറക്കാം. ഇന്ന് ഇന്ത്യയൊട്ടാകെ ആയിരത്തിൽപ്പരം പേരുകളിൽ അദ്ദേഹത്തിന്റെ യന്ത്രങ്ങൾ നിർമ്മിക്കുന്ന പാടുകൾ ഇറങ്ങുന്നുണ്ട് .പതിനഞ്ചു രൂപയുടെ ഒരു പാക്കറ്റ് വിറ്റാൽ അഞ്ചു രൂപ ലാഭം കിട്ടുമെന്നാണ് കണക്ക്. പത്തു ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നല്കുക എന്നതാണ് മുരുകാനന്ദന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കയാൾ നടന്നടുക്കുകയാണ്. ഇന്ത്യയിൽ ഹിമാലയൻ താഴ്‌വരകളിലടക്കം ആയിരത്തി മുന്നൂറു ഗ്രാമങ്ങളിൽ അദ്ദഹത്തിന്റെ യന്ത്രം കടന്നു ചെന്നു കഴിഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, മൗറീഷ്യസ് അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ പുറം രാജ്യങ്ങളിലേക്കും യന്ത്രം പ്രയാണമാരംഭിച്ചു.
2009ൽ ഗ്രാസ്‌റൂട്ട്‌സ് ടെക്‌നോളജിക്കൽ ഇന്നവേഷൻസ് ദേശീയ അവാർഡ് രാഷ്ട്രപതിയിൽ നിന്നും അരുണാചലം മുരുഗാനന്ദൻ ഏറ്റുവാങ്ങി. ടൈം മാഗസിൻ പുറത്തിറക്കിയ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ 2014ലെ പട്ടികയിൽ ഒബാമയ്ക്കും മാർപ്പാപ്പക്കുമൊപ്പം സ്ഥാനം പിടിച്ച നാല് ഇന്ത്യക്കാരിൽ ഒരാൾ അരുണാചലം മുരുഗാനന്ദമായിരുന്നു മറ്റു മൂന്നു പേർ നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാൾ , അരുന്ധതി റോയ്, എന്നിവരാൺ 2016 ൽ ഭാരതം പത്മശ്രീ നല്കി ആദരിച്ചു. ലോകത്തിലെ നിരവധി യൂണിവേഴ്‌സിറ്റികളിൽ ഇന്നയാൾ കഌസെടുക്കുന്നുണ്ട്. ബിൽഗേറ്റസിനോട് പൊതുവേദിയിൽ വച്ച് അയാൾ ചോദിച്ചത് നിങ്ങളെന്നെങ്കിലും ഒരു സാനിറ്ററി നാപ്കിൻ കൈകൊണ്ട് തൊട്ടിട്ടുണ്ടോ എന്നാണ്.
പക്ഷെ, എല്ലാ മുദ്രാവാക്യങ്ങൾ ക്കിടയിലും സാമ്രാജ്യത്വ കുത്തകകൾ തുലയട്ടെ എന്നാർത്തു കൂവുന്ന നമ്മളിലെത്രപേർക്കറിയാം ഈ നന്മയുടെ മനുഷ്യനെ ? നമുക്കിടയിൽ സജീവമായ കുടുംബശ്രീ പോലുള്ള സ്ത്രീ ശാക്തീകരണ സംവിധാനങ്ങൾ, ജയിലിലെ സ്ത്രീ തടവുകാർ, എന്നിങ്ങനെ അരുണാചലത്തിന്റെ യന്ത്രത്തെ ഏറ്റെടുത്ത്, നാപ്കിൻ നിർമ്മിതിയിലേക്കു തിരിഞ്ഞാൽ അതാവും അടുത്ത കാലത്തെ ഏറ്റവും ഉദാത്തമായ ചുവടുവെപ്പ്. അയാൾ ശതകോടികൾ വേണ്ടെന്നുവച്ച് ഇന്ത്യൻ ഗ്രാമങ്ങളിലേക്കിറങ്ങിയത് നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളുടെ ദുരിതം കൂടി ഉൾക്കണ്ണാലറിഞ്ഞാണ്. അതു മറക്കരുത്.
ഈ യന്ത്രം പ്രവർത്തിപ്പിക്കുന്നതിന്റെ പരിശീലനം ഒരു ദിവസം കൊണ്ടു പഠിച്ചെടുക്കാവുന്നതാണ്. ഈ യന്ത്രം ചെറുശാരീരിക വൈകല്യമുള്ളവർക്കുപോലും അനായാസമായി ഇതു പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതിനാൽ അവർക്കും ഇതൊരു വരുമാനമാർഗമാകും. പ്രതിദിനം ആയിരത്തി അഞ്ഞൂറു നാപ്കിനുകൾ നിർമ്മിക്കാവുന്ന ഈ സംവിധാനത്തിൽ, ആശുപത്രികളിൽ ഉപയോഗിക്കുന്ന മറ്റു നാപ്കിനുകളും നിർമ്മിച്ചെടുക്കാൻ കഴിയും. ഓരോ യൂണിറ്റിലും നാലു മുതൽ ആറുവരെ സ്ത്രീകൾക്ക് തൊഴിൽ സാധ്യത തുറന്നു തരുന്നു. 2 .5 വു സിംഗിൾ ഫേസ് വൈദ്യതിയും മുന്നൂറു സ്‌ക്വയർ ഫീറ്റ് ഇടവും മതിയാവും പ്രാഥമിക സൗകര്യങ്ങൾ. ഈ യൂണിറ്റ് നിർമ്മിക്കാൻ സ്ഥലപരിമിതിയുള്ളവർക്കു അവരവരുടെ വീട്ടുടെറസുകൾ ആലോചിക്കാവുന്നതാണ്.
താല്പര്യമുള്ളവർക്ക് മേൽവിലാസവും ഫോൺ നമ്പറും സഹിതം മെയിൽ വഴി ഓർഡർ ചെയ്യാവുന്നതാണ്. മെയിൽ ചെയ്യാവുന്ന ലിങ്ക് താഴെ കൊടുക്കുന്നുണ്ട്. തുകയുടെ അമ്പതു ശതമാനം മുൻകൂർ അടച്ചാൽ ഇരുപതു ദിവസത്തിനകം യന്ത്രവുമായി അവരുടെ എൻജിനീയർമാവന്നു ഫിറ്റു ചെയ്യുകയും നിങ്ങൾക്ക് പരിശീലനം നല്കുകയും ചെയ്യും. ഏതാനും മണിക്കൂറുകളുടെ പരിശീലനമേ ഇതിനായി ആവശ്യമുള്ളൂ. പരിസ്ഥിതി മലിനീകരണമോ ശബ്ദമലിനീകരണമോ ഇല്ലാത്ത ഈ സംവിധാനം പ്രകൃതി സൗഹൃദം കൂടിയാണ്. നാലു മുതൽ ആറുപേരുടെ കൂട്ട് സംരഭമായതിനാൽ ബാങ്ക് വായ്‌പ്പകൾക്കു സാധ്യത ഏറെയാണ്. അതുവഴി ലഭിച്ചേക്കാവുന്ന സബ്‌സിഡികൾ നഷ്ടപ്പെടുത്തരുത്.
ഒരു യൂണിറ്റ് തുടങ്ങുന്നതോടൊപ്പം ഈ കുറിപ്പുകളൊന്നും എത്താത്ത, സമീപത്തെ ഒരു ഗ്രാമത്തിൽ കൂടി ഈ സന്ദേശമെത്തിച്ചു അവരെ കൂടി ഈ 'രക്തവിപ്ലവത്തിൽ' അണിനിരത്തുക. ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത് എന്താണെന്ന് എനിക്കൂഹിക്കാം.
തൊട്ടടുത്തു മറ്റൊരാൾ തുടങ്ങിയാൽ എന്റെ ഉൽപ്പന്നം എങ്ങിനെ കൂടുതൽ വിലക്ക് വിറ്റു ലാഭമുണ്ടാക്കാൻ കഴിയും എന്നതാണത്. ലളിതമായൊരു വരുമാനമാർഗ്ഗം എന്നതുപോലെ ഇതൊരു നിശബ്ദ വിപ്ലവവും കൂടിയാണ്. കൂടുതൽ കൂടുതൽ ലാഭമായിരുന്നു ഉന്നമെങ്കിൽ അരുണാചലത്തിനു വലിയൊരു യന്ത്രശ്രേണി സ്ഥാപിച്ചു സ്വയം വിപണനം ചെയ്തു കോടികൾ കൊയ്യാമായിരുന്നു! പ്രാവാസികളിൽ താല്പര്യമുള്ളവരുണ്ടെങ്കിൽ നമുക്ക് ഒത്തുപിടിക്കച്ചാൽ ഓരോ യൂണിറ്റുകൾ സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകി കുറച്ചു ദരിദ്ര കുടുംബങ്ങൾക്കെങ്കിലും നിത്യവരുമാനത്തിനുള്ള സാധ്യത തുറന്നു കൊടുക്കാൻ പറ്റും. അതിനു ഞാൻ സന്നദ്ധനാണ്. താൽപ്പര്യമുള്ളവർക്ക് അറിയിക്കാം.
അവരെ ബന്ധപ്പെടാനുള്ള ലിങ്കും, അവർ അയച്ചുതന്ന ക്വട്ടേഷനും കൂടെ ചേർക്കുന്നു. കൊട്ടേഷനിൽ കാണിച്ച തുകയിൽ ഒരു മാസത്തിനപ്പുറം സ്വാഭാവിക വ്യത്യാസങ്ങൾ വന്നേക്കാം. താല്പര്യമുള്ളവർക്ക് ആനന്ദ് എന്ന വ്യക്തിയെ ബന്ധപ്പെടാവുന്നതുമാണ്.
ആനന്ദ്: 94422 24069
വാൽക്കഷ്ണം: ഈ പോസ്റ്റ് വായിക്കാനിടയാവുന്ന, നെറ്റ് സൗകര്യമുള്ളവർക്കും ഫേസ്‌ബുക്കുള്ളവർക്കുമൊക്കെ വിവിധങ്ങളായ ചിറകുകളുള്ള, സുഗന്ധംപോലുമുള്ള, നാപ്കിനുകൾ ഉപയോഗിക്കാനുള്ള പാങ്ങുണ്ടെന്നറിയാം. എന്നാൽ എവിടെയൊക്കേയോ ഇന്നും അരുണാചലത്തിന്റെ ഭാര്യ ശാന്തിയേപ്പോലെ നിരവധിപേർ കീറത്തുണികളുപയോഗിച്ച്, അതുമില്ലാത്തവർ കടലാസുതുണ്ടുകൾ മടക്കിവച്ച് ആർത്തവകാലങ്ങൾക്കുമുന്നിൽ ചോര പുരണ്ടു കിടപ്പുണ്ട്. ഇതു വായിക്കുന്ന ഒരാൾക്കെങ്കിലും അരുണാചലത്തിന്റെ നാപ്നികിൻ നിർമ്മിതിപ്പുര തങ്ങളുടെ ഗ്രാമത്തിൽ കൊണ്ടുവരാനായാൽ, അതാണെന്റെ പ്രത്യാശ. ആ ഒരാൾ നിങ്ങളാവാതിരിക്കാൻ കാരണമെന്തെങ്കിലുമുണ്ടെങ്കിൽ ബോധിപ്പിക്കാം.