- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
ദേഹമാസകലം ചരടുകെട്ടിയ ഒരു തീവ്ര ഹിന്ദു! ട്രോളന്മാരുടെ ഭാഷയിൽ പറഞ്ഞാൽ ഇനി ഇലട്രിക്ക് കമ്പി മാത്രമേ ശരീരത്തിൽ കെട്ടാൻ ബാക്കിയുള്ളൂ. ചന്ദനപ്പൊട്ടും, ചരടും, പൂജാപാത്രവുമായി സോഷ്യൽ മീഡിയയിൽ നരസിംഹ മന്നാഡിയാർ സ്റ്റൈലിൽ, ഫോട്ടോയിടുന്ന ഈ വക്കീൽ ഇന്ന് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയാണ്. കസ്റ്റസും, ഇഡിയും, കേന്ദ്ര എജൻസികളുമൊക്കെ കുത്തിമറിഞ്ഞിട്ടും ഒന്നുമാകാതെ കെട്ടിപ്പൂട്ടിവെച്ച ഒരു കേസിൽനിന്ന്, കേരളത്തെ മൊത്തം ഞെട്ടിക്കുന്ന രാഷ്ട്രീയ വിവാദമുണ്ടാക്കാൻ കഴിഞ്ഞ വ്യക്തി. അതാണ് അഡ്വ കൃഷ്ണരാജ് എന്ന ഹൈക്കോടതി വക്കീൽ.
പക്ഷേ അങ്ങനെ പറഞ്ഞാൽ ആരും അറിയില്ല. സ്വർണ്ണക്കടത്തുകേസ് പ്രതി സ്വപ്നസുരേഷിന്റെ അഭിഭാഷകൻ എന്ന് വിളിക്കണം. മുഖ്യമന്ത്രി പിണറായി വിജയനെയും, കുടുംബത്തെയും വെട്ടിലാക്കിയ കറൻസിക്കടത്ത്, ബിരിയാണിച്ചമ്പ് വിവാദങ്ങളുടെ സൂത്രധാരൻ, 33 വർഷമായി ഹൈക്കോടതിയിൽ അഭിഭാഷകനായ ഇദ്ദേഹം തന്നെയാണെന്നാണ് പൊതുവെ കരുതുന്നത്. ആരും തിരിഞ്ഞുനോക്കാൻ ഇല്ലാതിരുന്ന സ്വപ്ന സുരേഷിന്, ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ സൊസൈറ്റി (എച്ച്ആർഡിഎസ്) എന്ന എൻജിഒയിൽ ജോലിവാങ്ങിച്ചതുകൊടുത്തത് തൊട്ട്, 164 സ്റ്റേററ്മെന്റ് കൊടുപ്പിച്ച് മുഖ്യമന്ത്രിയെപ്പോലും പ്രതിക്കൂട്ടിലാക്കിയ മാസ്റ്റർ ബുദ്ധി ഒരു ക്രമിനിൽ വക്കീലിന്റെ തലയിൽനിന്ന് തന്നെയാവണം. സിപിഎം കേന്ദ്രങ്ങളും അങ്ങനെ ആരോപിക്കുന്നു.
വർഗീയകേസ് സ്പെഷ്യലിസ്റ്റ് എന്നാണ് സൈബർ സഖാക്കളടക്കം ഇദ്ദേഹത്തെ പരിഹസിക്കുന്നത്. അദ്ദേഹം നടത്തുന്ന ഹേറ്റ് സ്പീച്ചും, പോസ്റ്റുകളും, ഊന്നൽ കൊടുക്കുന്ന കേസുകളും കണ്ടാൽ ഈ ആരോപണം തെറ്റാണെന്ന് പറയാനും കഴിയില്ല. പക്ഷേ രാഷ്ട്രീയമായി നോക്കുമ്പോൾ, വെറുമൊരു സംഘിയല്ല ഇയാൾ. അതുക്കും മേലെയാണ്.
സംഘപരിവാറിന് തീവ്രത പോര എന്ന് കരുതുന്നവർ ഈ കേരളത്തിൽ വളരെ കുറച്ച്പേർ മാത്രമേ കാണുകയുള്ളു. അതിൽ ഒരാളാണ് അഡ്വ കൃഷ്ണരാജ്! അത് അദ്ദേഹം മറച്ചുവെക്കുന്നുമില്ല. തനിക്ക് ഒരു പാർട്ടിയമായി ബന്ധമില്ലെന്നും, താൻ ഒരു തീവ്രദേശീയതാവാദിയും തീവ്ര ഹിന്ദുവുമാണെന്നാണ് കൃഷ്ണരാജ് പറയുന്നത്. ആർഎസ്എസ് നേതാക്കൾക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത വർഗീയ ചുവയുള്ള പോസ്റ്റുകളാണ്് അദ്ദേഹത്തിന്റെ പേജിൽ കാണാൻ കഴിയുക. രാഹുൽ ഈശ്വറിനോട് ഇസ്ലാം സ്വീകരിക്കാൻ പറഞ്ഞ വിവാദത്തിനും, റാസ്പുട്ടിൻ ഡാൻസിലെ ലൗവ് ജിഹാദ് ആക്കിയ സംഭവത്തിലുമൊക്കെ സംഘപരിവാറിനുപോലും, ഈ തീവ്ര ഹിന്ദുവിനെ തള്ളിപ്പറയേണ്ടി വന്നു.
പക്ഷേ ആറന്മുള വിമാനത്താവള കേസിനും, ക്ഷേത്രഭുമി തിരിച്ചുപിടിക്കാനുള്ള കേസുകളിലുമൊക്കെ ഇദ്ദേഹം സജീവമായുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാറുകാരുടെ വലിയ പിന്തുണ ഇപ്പോഴും ഇദ്ദേഹത്തിനുണ്ട്. അടിമുടി വിവാദങ്ങൾ നിറഞ്ഞതാണ് അഡ്വ കൃഷ്രാജിന്റെ ജീവിതം. ഇപ്പോഴിതാ സ്വപ്ന ബോബ് വന്നതോടെ പഴയ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കൃഷ്ണരാജിനെതിരെ ജാമ്യമില്ലാകുറ്റം ചുമത്തി കേസ് എടുത്തിരിക്കയാണ്. എന്നാൽ 33 വർഷമായി ഹൈക്കോടതി അഭിഭാഷകനായ തനിക്ക് നിയമം നന്നായി അറിയാമെന്നും വിരട്ടലൊന്നും വേണ്ട എന്നുമാണ് ഈ വക്കീൽ തിരിച്ചിടിക്കുന്നത്.
റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി
അഭിഭാഷകൻ എന്ന നിലയിൽ വലതു തീവ്ര സ്വഭാവമുള്ള കേസുകളിൽ ഹാജരാവാറുള്ള കൃഷ്ണരാജ് പക്ഷേ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചയാവുന്നത്, റാസ്പുടിൻ വൈറൽ ഡാൻസിന് പിന്നാലെയാണ്. മെഡിക്കൽ വിദ്യാർത്ഥികളായി ജാനകി-നവീൻ എന്നിവർ അവതരിപ്പിച്ച നൃത്തം ലൗ ജിഹാദിലേക്കുള്ള തുടക്കമെന്നായിരുന്നു കൃഷ്ണരാജിന്റെ വർഗീയ നിരീക്ഷണം. ഈ ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
''ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം,''- എന്നായിരുന്നു കൃഷ്ണണ രാജിന്റെ പോസ്റ്റ്.
ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം വലിയ പ്രതികരണമുണ്ടായി.
എന്നാൽ കൃഷ്ണരാജിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ഡിജിപിക്ക് പരാതി നൽകി.'കൃഷ്ണരാജ് നൃത്തത്തെ ലൗ ജിഹാദുമായി കൂട്ടിക്കെട്ടി, സമൂഹത്തിൽ വർഗീയധ്രുവീകരണമുണ്ടാക്കി കലാപത്തിന് ശ്രമിച്ചു. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു' പരാതിയിലെ ആവശ്യം.
എന്നാൽ ഇതോടെ വീണ്ടും ലൗ ജിഹാദ് പരാമർശവുമായി കൃഷ്ണരാജ് രംഗത്തെത്തി. നവീൻ കെ റസാക്ക് എന്ന പേര് റസാഖ് എന്നാക്കി മാറ്റിയായിരുന്നു രണ്ടാമത്തെ പ്രതികരണം. തന്റെ മുൻപോസ്റ്റ് ജിഹാദികളുടെ മണ്ടയ്ക്ക് തന്നെ കൊണ്ടെന്നും അതോടെ ജിഹാദി മാധ്യമങ്ങൾ ഇളകിയാടിയെന്നും കൃഷ്ണരാജ് പറഞ്ഞു. ആശയവും സന്ദേശവും എത്തേണ്ട സ്ഥലത്ത് തന്നെയെത്തിയെന്നും അതിൽ താൻ ചാരിതാർത്ഥ്യനായെന്നും പ്രതികരിച്ചു.
വിഷയം വിവാദമായതോടെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യമറിയിച്ച് വിവിധ മേഖലകളിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി മറ്റൊരു ഡാൻസ് വീഡിയോയുമായാണ് നവീനും ജാനകിയും പ്രതികരിച്ചത്.മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്‌മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ് ജാനകി. ഇരുവരുടെയും മതപരമായ പശ്ചാത്തലം മനസിലാക്കിയാണ് സംഘപരിവാർ കാലങ്ങളായി തുടരുന്ന ലൗ ജിഹാദ് ആരോപണം കൃഷ്ണരാജ് അന്ന് ഉന്നയിച്ചത്. ഫേസ്‌ബുക്ക് കമ്യൂണിറ്റി സ്റ്റാൻഡേഡിന് യോജിക്കുന്ന വിധത്തിൽ അല്ലാതെ പ്രതികരിച്ചതിന് ഫേസ്‌ബുക്ക് കൃഷ്ണരാജിനെ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കിയിരുന്നു. പക്ഷേ സുക്കർബർഗിനെ കോടതി കയറ്റുമെന്നായിരുന്നു അഭിഭാഷകന്റെ വീരവാദം.
'രാഹുൽ ഈശ്വർ മുസ്ലീമാവട്ടെ'
യുഎപിഎ കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ അനകൂലിച്ചതിന് രാഹുൽ ഈശ്വറുമായി നമ്മുടെ വക്കീൽ ഉടക്കി. ജയിലിൽ ഒരു വർഷം പൂർത്തിയാക്കിയ സിദ്ദിഖ് കാപ്പന് പിന്തുണ അർപ്പിച്ചു കൊണ്ട് രംഗത്തുവന്നവരിൽ രാഹുൽ ഈശ്വറും ഉണ്ടായിരുന്നു. കോടതികളിലെ ബ്രാഹ്മണരും സവർണരുമായ ജഡ്ജിമാർ കാപ്പനോട് കരുണ കാണിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു. ഈ നിലപാടിനെ രൂക്ഷമായി വിമർശിച്ചാണ് അഡ്വ. കൃഷ്ണരാജ് രംഗത്തുവന്നത്.
കാപ്പനെ പിന്തുണച്ച രാഹുൽ ഈശ്വർ മതം മാറി ഇസ്ലാമായി കഴിയണം എന്നാണ് തുറന്നകത്തിൽ അഡ്വ കൃഷ്ണരാജ് പറഞ്ഞത്. '' സിദ്ദിഖ് കാപ്പൻ യുഎപിഎ ചാർത്തപ്പെട്ടു അകത്തു കിടക്കുന്ന ഒരു ജിഹാദിയാണ് എന്ന് അങ്ങേക്ക് അറിവുള്ളതാണല്ലോ. ആയിരക്കണക്കിന് പേജ് വരുന്ന രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ അതിഗൗരവമായ കുറ്റങ്ങൾ ചാർത്തിയ കുറ്റപത്രമാണ് ആ ജിഹാദിക്ക് എതിരെ പൊലീസ് സമർപ്പിച്ചത് എന്നും രാജ്യത്തെ എല്ലാവർക്കും അറിയാം.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയിരുന്നിട്ടും ഇന്ന് അങ്ങയുടെ ട്വീറ്റിൽ പ്രതിപാദിക്കുന്ന കാര്യത്തെ ഒറ്റ വാക്കിൽ പറഞ്ഞാൽ 'തെമ്മാടിത്തരം' എന്നു മാത്രമേ ഏറ്റവും സഭ്യമായ ഭാഷയിൽ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ. നീതിന്യായ കോടതികളിലെ 'സവർണ്ണ/ ബ്രാഹ്മണ' ജഡ്ജിമാർ സാധു 'മുസ്ലിം' ആയ സിദ്ദിഖ് കാപ്പനോട് കരുണ കാട്ടണം എന്നുള്ള അങ്ങയുടെ അഭ്യർത്ഥന സാധാരണ ഗതിയിൽ പിതൃ ശൂന്യർ നടത്തുന്ന ഒരു ഏർപ്പാട് ആയിപ്പോയി എന്ന് പറയാതെ വയ്യ. കഴിഞ്ഞ 32 വർഷങ്ങൾ ആയി എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജഡ്ജിമാരുടെയും കക്ഷികളുടെയും ജാതിയും മതവും രാഷ്ട്രീയവും നോക്കി പ്രവർത്തുക്കുന്ന ഒരു സമ്പ്രദായം അല്ല എന്ന് അങ്ങയെ ഓർമ്മിപ്പിക്കുന്നു.
അങ്ങയുടെ പിതാവ് ആറ്റിങ്ങൽ തോട്ടക്കാട്ട് പെരിയമന വാധ്യാർ മഠത്തിലെ അംഗം ആയതിനാൽ അങ്ങു താഴമൺ തന്ത്രി കുടുംബാംഗം അല്ലെങ്കിലും പൊതു സമൂഹ മധ്യേ അങ്ങയെ തന്ത്രി കുടുംബത്തിന്റെ ഭാഗമായാണ് വിശേഷിപ്പിക്കപ്പെടാറുള്ളത്. അത് ഇന്നേ തീയതി വരെ അങ്ങു നിഷേധിച്ചു കണ്ടിട്ടില്ല. ആയതിനാൽ അങ്ങേക്ക് ജിഹാദികളോടുള്ള വിധേയത്വവും അടിമത്വവും ഹൈന്ദവ സമാജത്തിനും വിശേഷിച്ചു തന്ത്രി കുടുംബത്തിനും ഒരു തീരാ കളങ്കം ആയി മാറി എന്നുള്ള സത്യം അങ്ങു തിരിച്ചറിയണം. ആയതിനാൽ അങ്ങു ദയവായി ഹിന്ദു മതം ഉപേക്ഷിച്ചു ഇസ്ലാം സ്വീകരിച്ചു ഒരു ഉത്തമ ഇസ്ലാമായി ശിഷ്ടകാലം ജീവിക്കാൻ തീരുമാനിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.'' - ഇങ്ങനെ അതി തീവ്രമായാണ് കൃഷ്ണരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്.
എന്നാൽ അഡ്വ. അഡ്വ. കൃഷ്ണരാജ് ഇസ്ലാമോഫോബിയ മാറ്റണമെന്ന് രാഹുൽ ഈശ്വർ തുറന്ന കത്തിനോട് പ്രതികരിച്ചത്. അദ്ദേഹം ഹൈന്ദവ വിഷയങ്ങൽ ഏറ്റെടുത്ത് ഫൈറ്റ് ചെയ്യുന്ന വ്യക്തിയാണെന്നതിൽ അഭിമാനമുണ്ട്. എന്നാൽ ഇസ്ലാമോഫോബിയ കാരണമാണ് അഡ്വ, കൃഷ്ണരാജ് തനിക്കെതിരെ പറഞ്ഞതെന്നാണ് കരുതുന്നതെന്ന് രാഹുൽ പറഞ്ഞു.''ഇസ്ലാമോഫോബിയ കാരണമാണ് ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചിട്ടത്. നമ്മുടെ നാട്ടിൽ നീതി പുലരേണ്ടതുണ്ട്. സിദ്ദിഖ് കാപ്പനെതിരെ നടപടി എടുത്തത് ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ്. സമുദായ കലാപം ഉണ്ടാക്കാൻ പോയി എന്നു പറഞ്ഞാണ് യുപി പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. കുറ്റം ചെയ്തു എന്നു പറഞ്ഞിട്ടില്ല. ഇത് നിയമവിരുദ്ധമാണ്. ''- രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടി.
നോക്കണം പലപ്പോഴും സംഘപരിവാറിന്റെ ജിഹ്വയായി പ്രവർത്തിക്കുന്ന രാഹുൽ ഈശ്വറിനോടുപോലും, വക്കീലിന് യാതൊരു മയവുമില്ല. പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ.
എസ് വി പ്രദീപിന്റെ മരണത്തിൽ ദുരൂഹതയെന്ന്
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തിലും അതിശക്തമായ അഡ്വ കൃഷ്ണരാജ് ഇടപെട്ടു. ഇതിൽ അടമുടി ദരൂഹതായണെന്നാണ് അദ്ദേഹം പറയുന്നത്. ''2020 ഡിസംബർ 14നാണ് പ്രദീപ് മരിക്കുന്നത്. അന്ന് രാത്രിയിൽ തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും നിരവധി ഭീഷണികളുണ്ടെന്നും കാട്ടി പൊലീസിന് അമ്മ മൊഴി നൽകി. ഇതോടെ കൊലപാതക കുറ്റത്തിന് എഫ് ഐ ആർ വന്നു. അടുത്ത ദിവസം ഉച്ചയോടെ ലോറിയുടെ ഡ്രൈവറും ഉടമയും അറസ്റ്റിലായി. മൂന്ന് മണിയോടെ കൊലപാതകമല്ലെന്നും മനപ്പൂർവ്വമല്ലാത്ത നരഹത്യ മാത്രമാണ് സംഭവിച്ചതെന്നും കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. അടുത്ത ദിവസമാണ് പ്രതികളുടെ ഫോൺ ഡീറ്റയിൽസിലോട്ടു പോലും അന്വേഷണം പോകുന്നത്.
പ്രദീപിന്റെ അപകടം സിസിടിവിയിൽ ഉണ്ടായിരുന്നു. അപകടം നടന്നതിന് എതിർവശത്തെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസ് ശേഖരിച്ചത്. അപകടം നടന്ന ഭാഗത്തെ സിസിടിവി കണ്ടില്ലെന്ന് നടിച്ചു. അവിടെ ഉണ്ടായിരുന്ന പച്ചക്കറിക്കട ഒരു മാസത്തിനുള്ളിൽ അടച്ചു പോയി. ഇതെല്ലാം സംശയിക്കത്തക്ക സാഹചര്യമാണ്. ഫ്ളഴേസ് ടി വിയിലെ എആർ റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട് പ്രദീപ് വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെ ഫോണിൽ ഭീഷണി സന്ദേശം എത്തി. ഫസൽ ഉൾ അബീദ് ആണ് 2019 ഡിസംബർ 18ന് പ്രദീപിനെ ഭീഷണിപ്പെടുത്തിയത്.
ഫോൺ നമ്പർ സഹിതം കരമന പൊലീസിൽ പ്രദീപ് പരാതി നൽകി. ഇതോടെ സ്റ്റേഷനിലെത്തിയ ഫസൽ മാപ്പ് എഴുതി നൽകി. 24 ന്യൂസിന്റെ ഔദ്യോഗിക വാഹനത്തിലാണ് കരമന പൊലീസ് സ്റ്റേഷനിൽ ഫസൽ എത്തിയത്. കൂടെ ശ്രീകണ്ഠൻ നായരുടെ മകൻ ശീരാജും ഉണ്ടായിരുന്നു. ഈ ദരൂഹതകൾ ഒന്നും അനേഷ്വഷിച്ചില്ല'- അഡ്വ കൃഷ്ണരാജ് ചൂണ്ടിക്കാട്ടുന്നു. ഈ വിവാദവു മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഗുരുവായൂരിലെ ഥാർ വിവാദം
അഡ്വക്കേറ്റ് കൃഷ്ണരാജ് ശരിക്കും പരിവാർ സംഘടനകളുടെയൊക്കെ ഹീറോ ആയി മാറിയത് ഗുരവായൂരിലെ ഥാർ വിവാദത്തോടെയാണ്. 2020 ഡിസംബർ നാലിനാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്ര ഥാർ വാഹനം ലഭിച്ചത്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് ഈ വാഹനം. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ച വാഹനം, പ്രവാസി വ്യവസായിയായ എറണാകുളം സ്വദേശി അമൽ മുഹമ്മദലിയാണ്, പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപക്ക് ലേലത്തിൽ പിടിച്ചത്. ലേലത്തിൽ ഇദ്ദേഹം മാത്രമായിരുന്നു പങ്കെടുത്തത്.
ലേത്തിൽ ഒരാൾ മാത്രം പങ്കെടുത്തതിനെതിരെയും, ഇത് പരസ്യം ചെയ്യാത്തതിനെതിരെയും ശക്തമായി രംഗത്ത് എത്തിയത് അഡ്വ കൃഷ്ണരാജ് ആണ്. ഇത് വലിയ കാമ്പയിൻ ആയി മാറിയതോടെയാണ് ലേലം റദ്ദാക്കാനും പുനർ ലേലം നടത്താനും ദേവസ്വം കമ്മീഷണർ ഉത്തരവ് നൽകി. ജൂൺ 6ന്റെ പുനർ ലേലം തടയാൻ അമൽ മുഹമ്മദ് ഫയൽ ചെയ്ത കേസ് ഹൈക്കോടതി തള്ളിയിരുന്നു.
ലേലത്തിന്റെ നടപടികൾ പൂർണ്ണമായം തെറ്റാണെന്നായിരുന്നു അഡ്വ കൃഷ്ണരാജിന്റെ വാദം. നിയമാനുസൃതമായി ലേലം ചെയ്യണമെങ്കിൽ ലേലത്തീയതിയുടെ പതിനഞ്ച് ദിവസം മുമ്പെങ്കിലും ലേലപ്പരസൃം എല്ലാ പ്രമുഖ പത്രങ്ങളിലും കൊടുക്കണമെന്നാണ് ചട്ടം. എന്നാൽ ഗുരുവായൂർ ദേവസ്വം അവരുടെ വെബ്സൈറ്റിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ലേലത്തിന് ഒരാൾ മാത്രമായാൽ അയാൾക്ക് ലേലം ഉറപ്പിച്ചു കൊടുക്കാൻ പാടില്ല. പുനർ ലേലത്തിന് തീയതി നിശ്ചയിച്ച് വീണ്ടും നടത്തണമെന്നാണ് ചട്ടമെന്നും അഡ്വ കൃഷ്ണരാജ് ചൂണ്ടിക്കട്ടി.
ഇതോടൊ ഗുരുവായൂരപ്പന്റെ സ്വത്ത് തട്ടിപ്പിലൂടെ അന്യമതസ്ഥകർക്ക് കൊടുത്തുവെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തി. ആദ്യം 15 ലക്ഷത്തിന് വിറ്റ മഹിന്ദ്ര ഥാർ , പുനർ ലേലത്തിൽ 43 ലക്ഷം രൂപക്കാണ് വിറ്റത്. ഇതുസംബദ്ധിച്ച് അഡ്വ കൃഷ്ണരാജ് തന്റെ പോസ്റ്റിൽ ഇങ്ങനെ പറയുന്നു. ''തട്ടിപ്പ് ലേലം നടത്തി ഗുരുവായൂർ ദേവസ്വം അമൽ മുഹമ്മദിന് വെറും 15 ലക്ഷത്തിന് വിറ്റ മഹിന്ദ്ര ഥാർ ഇന്ന് പുനർലേലത്തിൽ 43 ലക്ഷം രൂപക്ക് ഹൈന്ദവ വിശ്വാസി ലേലം കൊണ്ടു.''- വരികൾ ശ്രദ്ധിക്കണം. തുക കൂടിയതുപോലെ വക്കീലിന് പ്രധാനമാണ് ഒരു ഹൈന്ദവ വിശ്വാസി ലേലം പിടിച്ചുവെന്നത്്.
ക്ഷേത്രഭൂമി കൈയറ്റ സമരങ്ങളിൽ പ്രധാനി
അതുപോലെ കേരളത്തിലെ ക്ഷേത്രഭൂമി കൈയേറിയ കേസുകളിലും വളരെ സജീവമായി ഈ വക്കീൽ ഇടപെട്ടിട്ടുണ്ട്. തൃശൂർ അന്നമനട ആലത്തൂർ മഹാവിഷ്ണു ആഞ്ജനേയ ക്ഷേത്രത്തിന്റെ 200ൽ പരം ഏക്കർ ഭൂമി കയ്യേറിയ കേസിൽ അഡ്വ കൃഷ്ണരാജ് കോടതിയിൽ പോയിരിക്കയാണ് . ഇതുസംബന്ധിച്ച് ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ പറയുന്നു ''വിടില്ല ഞങ്ങൾ. ക്ഷേത്ര ഭൂമി കയ്യേറിയ ഒരുത്തനെയും വെറുതെ വിടും എന്ന് ആരും വ്യാമോഹിക്കേണ്ട. തൃശൂർ അന്നമനട ആലത്തൂർ മഹാവിഷ്ണു ആഞ്ജനേയ ക്ഷേത്രത്തിന്റെ 200ൽ പരം ഏക്കർ ഭൂമിയാണ് കയ്യെറിയിരിക്കുന്നത്. ഒരു കട്ട കമ്മ്യൂണിസ്റ്റ് ഗ്രാമം. ക്ഷേത്ര ഭൂമി കയ്യേറി ഒരു ഉളുപ്പും ഇല്ലാതെ വീട് വെച്ച് താമസിക്കുന്ന ഒരുത്തനും ക്ഷേത്ര കാര്യങ്ങളിൽ താൽപ്പര്യവും വിശ്വാസവും ഇല്ല. എല്ലാറ്റിനെയും ചവുട്ടി പുറത്താക്കുന്നത് വരെ വിശ്രമം ഇല്ല. ഉറപ്പ്.''
അതുപോലെ മാന്നാർ പരുമല കുറുമ്പേശ്വരം മഹാവിഷ്ണു ക്ഷേത്രം സംബദ്ധിച്ചും അദ്ദേഹം കേസ് ഫയൽ ചെയ്തു. ''ശ്രീകോവിലും വിഗ്രഹവും ഇല്ലാതെ പൊളിഞ്ഞു താറുമാറായി കിടക്കുന്ന മാന്നാർ പരുമല കുറുമ്പേശ്വരം മഹാവിഷ്ണു ക്ഷേത്രം കാണാൻ ചെന്നപ്പോൾ ഞാൻ സത്യം ചെയ്തതാണ്. മഹാവിഷ്ണു ക്ഷേത്രം പുനർനിമിച്ചു ഭഗവാന് നേദ്യം കൊടുക്കാനായി നിയമ പോരാട്ടത്തതിന് ഇറങ്ങും എന്ന്. ഇന്നിതാ അതിന് തുടക്കമായി. കേസ് ഫയൽ ചെയ്തു.''- അഡ്വ കൃഷ്ണരാജ് ഫേസ്‌ബുക്കിൽ എഴുതി.
അതുപോലെ കൊച്ചി പള്ളുരുത്തി അഴകിയകാവ് ക്ഷേത്രഭൂമി 9.45 ഏക്കർ സ്ഥലം തട്ടിയെടുത്തുവെന്ന് ആരോപിച്ച് അദ്ദേഹം കോടതിയിലെത്തി. ഈ കേസ് സംബ്ന്ധിച്ച് കൃഷ്ണരാജ് ഇങ്ങനെ എഴുതുന്നു. ''കൊച്ചി പള്ളുരുത്തി അഴകിയകാവ് ക്ഷേത്രഭൂമി 9.45 ഏക്കർ സ്ഥലംഇങ്ങനെ നീണ്ട് നിവർന്ന് കിടക്കുന്നത് കണ്ടപ്പോൾ എം എൽ എ സഖാവ് മാക്സിക്കും മുൻ എം പി കെ വി തോമസ് അച്ചായനും ഒരാഗ്രഹം. എന്തുകൊണ്ട് ഇത് അടിച്ചുമാറ്റി 'പൊതു' ആക്കിക്കൂടാ. പ്രത്യേകിച്ച് അടുത്തുള്ള പള്ളിക്ക് പാർക്കിങ്ങും ഇല്ല. തുടങ്ങി പരിപാടി. സബ് കളക്ടർ നടപടി ആരംഭിച്ചു. റവന്യു ഉദ്യോഗസ്ഥർ ഓശാന പാടി ക്ഷേത്ര ഭൂമിയാണ് എന്നുള്ളത് മറച്ചു പുറമ്പോക്ക് ആണെന്ന് റിപ്പോർട്ടും കൊടുത്തു.
അങ്ങനെ അഴകിയകാവ് അമ്മയുടെ ഭൂമി പുറമ്പോക്കായി സബ് കളക്ടർ പ്രഖ്യാപിച്ചു.
പഴയ ഹിന്ദുവല്ലല്ലോ ഇപ്പോഴുള്ള ഹിന്ദു. മാക്സിയല്ല തോമാച്ചനല്ല സാക്ഷാൽ കാരണ ഭൂതം വിജ്ജ്യൻ വന്നാലും നമ്മൾ വിടുമോ. അങ്ങനെ സബ് കളക്ടറുടെ ചരിത്ര പ്രഖ്യാപനം ഹൈക്കോടതി വലിച്ചു കീറി കുപ്പ തൊട്ടിയിൽ എറിഞ്ഞു. ക്ഷേത്ര/ഹൈന്ദവ വിഷയങ്ങളിൽ രാഷ്ട്രീയ ശരി നോക്കാൻ സൗകര്യം ഇല്ല അത്ര തന്നെ. എന്നും എന്നെന്നും ഹിന്ദു ഫസ്റ്റ്. അതിനെ സൗകര്യം ഉള്ളൂ.
കട്ടക്ക് കൂടെ നിന്ന എല്ലാവർക്കും നന്ദി.''- ഇങ്ങനെ അതി വൈകാരികമായ ഭാഷയിലാണ് അദ്ദേഹം ക്ഷേത്രഭൂമിക്കാര്യമൊക്കെ എഴുതുക. നേരത്തെ ഇരിങ്ങോൾ കാവിൽ കയറി സഖാക്കൾ സേവ് ദ ഡേറ്റ് നടത്തി എന്ന് പറഞ്ഞും അദ്ദേഹം വീഡിയോ പങ്കുവെച്ചിരുന്നു. കടുത്ത വർഗീയത അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ പൊതു സ്വഭാവമാണ്.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയുടെ വിവധി ഭാഗങ്ങളിൽ വിഎച്ച്പിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളിലും ഇദ്ദേഹമുണ്ട്. 'കാശി മഥുര ബാക്കി ഹെ. ഹർ ഹർ മഹാദേവ്' എന്നാണ് കൃഷ്ണരാജിന്റെ ഈ വിഷയത്തിലെ ഒരുപോസ്റ്റ്. ദക്ഷിണഭാരത സന്യാസി സംഗമം അടക്കമുള്ള പരിപാടികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അതുപോലെതന്നെ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ കുമ്മനം രാജശേഖരനനൊപ്പം ഹരിത ട്രിബ്യൂണലിൽ കേസ് നടത്താനും കൃഷ്ണരാജ് ഒപ്പം ഉണ്ടായിരുന്നു.
സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തു
ഈ സംഭവങ്ങൾ ഒക്കെയുണ്ടെങ്കിലും കോടതിയിൽ കൃഷ്ണരാജ് പണി വാങ്ങിയ ഒരുകഥയും ഇപ്പോൾ ട്രോൾ ആയിട്ടുണ്ട്. മുസ്ലിം സംവരണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് അദ്ദേഹത്തിന് നാണംകെട്ട തിരിച്ചടി നേരിട്ടത്. 2021 ജൂലൈയിലായിരുന്നു സംഭവം.
കൃഷ്ണരാജിന്റെ കക്ഷി നൽകിയ ഹരജി ഹൈക്കോടതി തള്ളിയെന്ന് മാത്രമല്ല ഹരജിക്കാരൻ 25,000 രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. കൊച്ചിയിലെ ഹിന്ദുസേവാ കേന്ദ്രം ട്രഷറർ ശ്രീകുമാർ മാങ്കുഴി നൽകിയ പൊതു താൽപര്യ ഹരജിയാണ് കോടതി പിഴയോടെ അന്ന് തള്ളിയത്. ഹരജിക്കാരൻ നൽകുന്ന പിഴത്തുക അപൂർവ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഒരു മാസത്തിനകം നൽകണമെന്നും ് കോടതി വിധിച്ചു.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അന്ന് കൃഷ്ണരാജിന്റെ വാദങ്ങൾ കേട്ടത്. എന്നാൽ ഒടുവിൽ ഹരജിക്കാരന് പിഴ വിധിക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ ട്രോൾ ആവുന്നത്. സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്ത അപൂർവ ജന്മം എന്നാണ് പരിഹാസം. മാന്യമായ കേസുകളൊന്നും കിട്ടാത്തതുകൊണ്ട് വർഗീയ കേസുകൾ സ്വയം ഉണ്ടാക്കിയെടുത്താണ് ജീവിച്ചു പോകുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.
'ഞാൻ ഒരു തീവ്ര ഹിന്ദു'
ആർഎസ്എസ് സംഘടനകളുമായി ബന്ധമില്ലെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നൽകുന്ന വ്യക്തത മറ്റൊന്നാണ്. കൃഷ്ണരാജ് സംഘപരിവാറിനേക്കാളും മുകളിൽ അന്വമതവിദ്വേഷവും, വർഗീയതും പ്രചരിപ്പിക്കുന്നുണ്ട്. ഈയിടെ നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''
ഒരു സംഘടനയിലും അംഗമല്ല. മുപ്പത് വർഷമായി അഭിഭാഷകനായ താൻ ആര് കേസുമായി വന്നാലും എടുക്കും. പക്ഷേ ഞാൻ ഒരു തീവ്ര ഹിന്ദു തന്നെയാണ്. ഭാരതം ആണ് എന്റെ വികാരം''- അദ്ദേഹം പറയുന്നു.
അതോാെപ്പം മറ്റു മതസ്ഥരോട് പാക്കിസ്ഥാനിൽ പോകൻ പറയുന്ന ഇയാളുടെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ''നിങ്ങൾക്കിവിടെ മര്യാദയ്ക്ക് ജീവിക്കാമെങ്കിൽ ജീവിച്ചാൽ മതി. അല്ലെങ്കിൽ പാക്കിസ്ഥാനിലോക്കോ അഫ്ഗാനിസ്ഥാനിലേക്കോ പൊയ്‌ക്കോളണം, ഇത് താലിബാന്റെ സ്ഥലമൊന്നുമല്ല , ഇത് ഭാരതം, ഭരണഘടനയുള്ള ഭാരതം, നരേന്ദ്ര മോദി ഭരിക്കുന്ന ഭാരതം, അമിത്ഷാ ഭരിക്കുന്ന ഭാരതം , അതിന്റെ കീഴിലാണ് കേരളം ''- ഇങ്ങനെ അതി തീവ്രമായ വാക്കുളകാണ് കൃഷ്രാജ് പറയുന്നത്.
അടുത്തിട ഇറങ്ങിയ പൃഥ്വിരാജിന്റെ ജന ഗണ മന സിനിമയെയും അദ്ദേഹം രൂക്ഷമായി പരിഹസിച്ചു. ''ജന ഗണ മന അഥവാ ജിഹാദികളുടെ ദീന രോദനം. നമ്മുടെ വാരിയം കുന്നൻ ഫെയിം നായകൻ ആയ ജന ഗണ മന എന്ന സിനിമ ഇന്ന് കണ്ടു.
കണ്ടില്ലായിരുന്നു എങ്കിൽ വൻ നഷ്ടം ആയേനെ. കോവിഡ് ആക്രമണം തുടങ്ങിയിട്ട് ഇത്രയും ചിരിച്ചു മണ്ണ് കപ്പിയ ഒരു കോമഡി സിനിമ കണ്ടിട്ടില്ല.''- ഇങ്ങനെയാണ് കൃഷ്ണാജിന്റെ വിമർശനം. അതുപോലെ കൊടിയ വർഗീയത പറഞ്ഞ് അകത്തായ പി സി ജോർജിന് ഉറച്ച പിന്തുണ കൊടുക്കാനും ഈ വക്കീലിന് മടിയില്ല. പക്ഷേ ഒരു കാര്യത്തിൽ അദ്ദേഹത്തെ സമ്മതിക്കണം. കേരളത്തിൽ പൊതുവേ കാണുന്നപോലെ വർഗീയതയ ഒളിച്ചുകടത്തുകയല്ല അദ്ദേഹം ചെയ്യുന്നത്. ഞാൻ ഒരു തീവ്ര ഹിന്ദുത്വവാദിയാണെന്ന് തുറന്ന് സമ്മതിക്കയാണ്. തുറന്ന് എഴുതുകയാണ്.
ഈ എഴുത്തിന്റെ പേരിലാണ് കൃഷ്ണരാജ് ഇപ്പോൾ പുലിവാല് പിടിക്കുന്നതും. ഇപ്പോൾ മതനിന്ദയുടെ പേരിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത് പഴയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലാണ്. കെഎസ്ആർടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയെന്നാണ് കേസ്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണർക്ക് ഇ-മെയിൽ വഴി പരാതി നൽകിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ ഉടനുണ്ടാകുമെന്നാണ് സൂചന.
'കെഎസ്ആർടിസി ബസിൽ കേരള സർക്കാർ കൊണ്ടോട്ടിയിൽ നിന്നും കാബൂളിലേക്ക് സർവീസ് നടത്തുന്നു.' എന്നായിരുന്നു കൃഷ്ണരാജിന്റെ പരാമർശം. കെഎസ്ആർടിസി ഡ്രൈവറുടെ ആകാശനീല ഷർട്ടും കടുംനീല പാന്റുമാണ് ഡ്രൈവർ ധരിച്ചിരുന്നത്. എന്നാൽ ഫോട്ടോ എഡിറ്റ് ചെയ്ത് ഷർട്ട് വെള്ള നിറം എന്ന് തോന്നിപ്പിക്കും വിധമാക്കിയ ശേഷമാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതിന് കൃഷ്ണരാജിനെതിരെ തിരുവനന്തപുരത്തും പരാതി നൽകിയിട്ടുണ്ട്. ഇവിടെയും അനൂപാണ് പരാതിക്കാരൻ.
പക്ഷേ പഴയ പോസ്റ്റ് കുത്തിപ്പൊക്കി കേസ് എടുക്കുന്നത് സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പ്രതികാര നടപടി ആണെന്നാണ് കൃഷ്ണരാജിനെ അനുകൂലിക്കുന്നവർ പറയുന്നത്. ''സ്വപ്ന സുരേഷിന്റെ വക്കീലായതുകൊണ്ടാണ് തനിക്കെതിരെ കേസെടുത്തത്. അറസ്റ്റ് വരിക്കാൻ തയ്യാറാണ്. ഓഫീസിൽ തന്നെ ഉണ്ടാകും. ഞാൻ ഒരു മതനിന്ദയും നടത്തിയിട്ടില്ല. ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാനാവില്ല. 33 വർഷമായി അഭിഭാഷകവൃത്തി നടത്തുന്ന ആളാണ് ഞാൻ. പിണറായി വിജയനും സിപിഎമ്മിനും എതിരായ പോരാട്ടം തുടരും.''- കൃഷ്ണരാജ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ കൃഷ്ണരാജിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ അടുത്ത ഒരു നിയമയുദ്ധത്തിനുകൂടി കളം ഒരുങ്ങുകയാണ്.
വാൽക്കഷ്ണം: അടുത്തകാലംവരെ സംഘപരിവാറിന് അനഭിമതനായിരുന്നു അഡ്വ കൃഷ്ണാരാജ്. പരിവാറിന് സ്വാധീനമുള്ള തിരുവമ്പാടി ദേവസ്വത്തിനെതിരേയടക്കം കോടതിയിൽ ഹർജി നൽകി എന്നതടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായിരുന്നു. സംഘപരിവാർ സംഘടനയായ, അഭിഭാഷക പരിഷത്തിലും കൃഷ്ണരാജ് അംഗമല്ല. ഇപ്പോൾ പിണറായി സർക്കാർ കേസ് എടുത്തതോടെയാണ് കൃഷ്ണരാജിന് പിന്തുണയുമായി ബിജെപി അടക്കം എത്തുന്നതും.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ