ലണ്ടൻ: ഇത് അമിക ജോർജ്, ഇവൾക്ക് വയസ് 17 മാത്രം. കേരളത്തിൽ നിന്നും എത്തി ജീവിതം കരുപ്പിടിപ്പിച്ച ഒരു സാധാരണ കുടുംബത്തിലെ പുതിയ തലമുറയുടെ പ്രതിനിധി. ലണ്ടനിൽ താമസിക്കുന്ന ഈ എ ലെവൽ വിദ്യാർത്ഥി പക്ഷേ അത്ര സാധാരണക്കാരിയല്ല. കൂടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ സ്ഥിതി മനസിലാക്കി അതിനെതിരെ പോരാടാൻ രംഗത്തിറങ്ങിയതിന്റെ പേരിലാണ് ഇവൾ ശ്രദ്ധ നേടുന്നത്. സാനിറ്ററി നാപ്കിൻ വാങ്ങാൻ പോലും പണമില്ലാതെ ആർത്തവ സമയത്ത് മറ്റ് വഴികൾ തേടുന്ന അനേകം പെൺകുട്ടികൾക്ക് വേണ്ടി ഫ്രീ ടാംപൻ കാംപയിനിംഗുമായി രംഗത്തിറങ്ങിയ അമിക ഇതിനകം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു.

അമികയുടെ പോരാട്ടം പെട്ടെന്ന് തന്നെ ദേശീയ ശ്രദ്ധയിൽ എത്തി.അമിക ആരംഭിച്ച പെറ്റീഷനിൽ ഉയരുന്ന ഒപ്പുകൾ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടി വന്നു. ഇൻസ്പിരേഷണൽ എന്ന് പറഞ്ഞ് പാർട്ടി നയമായി തന്നെ ഗ്രീൻ പാർട്ടി അമികയുടെ നിർദ്ദേശം ഉൾപ്പെടുത്തി. ഒട്ടേറെ എംപിമാരും ഐടിവി പോലെയുള്ള ദേശീയ ചാനലുകളും വിഷയം ഏറ്റെടുത്തു. ഓരോ ദിവസം ചെല്ലും തോറും അമികയുടെ കാംപയിൻ ലോകശ്രദ്ധ നേടുകയാണ്. സ്‌കൂൾ പഠനത്തിനിടയിൽ സമയം കണ്ടെത്തി ലക്ഷ്യം നേടാനുള്ള തീവ്രമായ പ്രചാരണം നടത്തുന്ന അമികയെ കുറിച്ച് ദേശീയ പത്രങ്ങൾ തുടർച്ചയായി ലേഖനം എഴുതാൻ ആരംഭിച്ച് കഴിഞ്ഞു.

സാനിട്ടറി ഉൽപന്നങ്ങളുടെ വില താങ്ങാൻ സാധിക്കാത്തതിനാൽ നിരവധി പെൺകുട്ടികൾ അവയ്ക്ക് പകരം സോക്സുകളും ടിഷ്യൂകളും അപകടകരമായ മറ്റ് വസ്തുക്കളും ഉപയോഗിക്കേണ്ടി വരുന്നുവെന്നും അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് അമിക മുന്നറിയിപ്പേകുന്നത്. തന്റെ ' ഫ്രീ പിരിയഡ്സ് കാംപയിൻ' പ്രചരിപ്പിക്കുന്നതിനും അത് സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിനുമായി അമിക നിലവിൽ ദി പിങ്ക് പ്രൊജക്ടുമായി ബന്ധപ്പെട്ട് അമിക പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഫ്രീ പിരിയഡ് കാംപയിൻ, മറ്റ് കാംപയിനുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന ഗ്രൂപ്പാണിത്.

അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്ക് സാനിട്ടറി ഉൽപന്നങ്ങൾ തീർത്തും സൗജന്യമായി ലഭ്യമാക്കണമെന്നാണ് അമിക തന്റെ പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ ആരംഭിച്ച ഈ പെറ്റീഷനിൽ ഇതുവരെയായി 13,000 പേരാണ് ഒപ്പിട്ടിരിക്കുന്നത്. നിരവധി എംപിമാർ പോലും ഇതിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. ആർത്തവ കാലത്ത് സാനിട്ടറി ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ പാവപ്പെട്ട നിരവധി പെൺകുട്ടികൾ മാസത്തിൽ കുറച്ച് ദിവസങ്ങളിൽ സ്‌കൂളിൽ വരാതിരിക്കാൻ നിർബന്ധിതരാവുന്നുവെന്നാണ് അമിക ഉയർത്തിക്കാട്ടുന്നത്.

സാനിട്ടറി ഉൽപന്നങ്ങൾ അപ്രാപ്യമായവർ അതിന് പകരം അപകടകരമായ മറ്റ് വസ്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങൾ തന്നെ ഇരുത്തിച്ചിന്തിപ്പിച്ചുവെന്നും അതിനെ തുടർന്നാണ് ഇതിന് വേണ്ടിയുള്ള സജീവമായ കാംപയിൻ ആരംഭിച്ചതെന്നും അമിക വെളിപ്പെടുത്തുന്നു. ത്തരം ഉൽപന്നങ്ങൾ ആർത്തവ കാലത്ത് ഉപയോഗിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അവരുടെ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെടുന്നുവെന്നും അമിക തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടർന്ന് അത്തരം പെൺകുട്ടികൾ ആർത്തവ സമയത്ത് മാസം തോറും സ്‌കൂളിൽ വരാതിരിക്കാൻ നിർബന്ധിതരാവുന്നുവെന്നും അമിക ആവർത്തിക്കുന്നു.

പെൺകുട്ടികൾ ആർത്തവകാലത്ത് ഇത്തരത്തിൽ നേരിടുന്ന ' പിരിയഡ് പോവർട്ടി' യെക്കുറിച്ച് നിരവധി പേർ ചർച്ച ചെയ്യാൻ തന്റെ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് ഈ എ ലെവൽ വിദ്യാർത്ഥിനി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പാവപ്പെട്ട പെൺകുട്ടികൾക്ക് സാനിട്ടറി ഉൽപന്നങ്ങൾ അനായാസം ലഭ്യമാക്കുകയാണ് അമികയുടെ ലക്ഷ്യം. ' ടാംപൻ ടാക്സി' നെതിരെ ആക്ടിവിസ്റ്റുകൾ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. സാനിട്ടറി ഉൽപന്നങ്ങൾക്ക് മേലും വാറ്റ് ചുമത്തുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്. ഈ ടാക്സിൽ നിന്നുമുണ്ടാക്കുന്ന പണ ചാരിറ്റിക്ക് വേണ്ടി സംഭാവന ചെയ്യുമെന്നായിരുന്നു മുൻ ചാൻസലർ ജോർജ് ഒസ്ബോൺ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നത്.

ചാരിറ്റി ' ഫ്രീഡം4ഗേൾസ്' പ്രസിദ്ധീകരിച്ച ലേഖനമാണ് തന്റെ ദൗത്യത്തിന് നിമിത്തമായിരിക്കുന്നതെന്നാണ് അമിക വെളിപ്പെടുത്തുന്നത്. ടാംപനുകളും സാനിട്ടറി ടവലുകളും വാങ്ങാൻ സാധിക്കാത്തതിനാൽ ലീഡ്സിലെ നിരവധി വിദ്യാർത്ഥിനികൾക്ക് മാസം തോറും ആർത്തവ സമയത്ത് സ്‌കൂളുകളിൽ വരാൻ സാധിക്കാതിരിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ലേഖനമായിരുന്നു അത്. ആർത്തവ സമയത്ത് താൻ സോക്സുകൾ ഉപയോഗിച്ചാണ് ബ്ലീഡിങ് തടഞ്ഞ് നിർത്തുന്നതെന്ന് ലീഡ്സിലെ ഒരു പെൺകുട്ടി ഈ ലേഖനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇതിനാൽ ഇത്തരം പെൺകുട്ടികൾക്കായി യുകെയിലെ എല്ലാ സ്‌കൂളുകളിൽ കൂടിയും സൗജന്യമായി സാനിട്ടറി ഉൽപന്നങ്ങൾ നൽകണമെന്നാണ് അമിക തന്റെ കാംപയിനിലൂടെ ആവശ്യപ്പെടുന്നത്. ഈ നീക്കത്തിന് വിവിധ പാർട്ടിക്കാരായ എംപിമാർക്ക് പുറമെ നിരവധി പ്രമുഖരുടെ പിന്തുണയും അമികയയ്ക്ക് ലഭിച്ചിരുന്നു. ചാനൽ 4 ന്യൂസിലെ കാത്തി ന്യൂമാൻ ഇതിന് പിന്തുണയേകി രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ നിരവധി യൂണിവേഴ്സിറ്റികളും വനിതാ പ്രസ്ഥാനങ്ങളും അമികയെ പിന്തുണച്ച് മുന്നോട്ട് വന്നു. നിരവധി പേർ തന്റെ ആവശ്യത്തിന് പിന്തുണയേകി രംഗത്തെത്തിയത് തികച്ചും ആശ്ചര്യജനകമായിരുന്നുവെന്നും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് ഏവരും ആഗ്രഹിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും അമിക വ്യക്തമാക്കുന്നു.

സാനിട്ടറി ഉൽപന്നങ്ങൾ വാങ്ങാൻ കഴിയാത്ത പെൺകുട്ടികൾക്ക് അവ തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന വാഗ്ദാനം ഗ്രീൻപാർട്ടി ബുധനാഴ്ച നടത്തിയിരുന്നു. ലേബറിന്റെ എംപി ജെസ് ഫിലിപ്പ്, ലിബറൽ ഡെമോക്രാറ്റ് എംപി സാറാ ഓൽനെ തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ അമികയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. മുൻപ്രധാനമന്ത്രി ടോണിബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയർ അമികയുടെ പ്രവർത്തനത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ കൺസർവേറ്റീവ് പാർട്ടി ഈ കാംപയിനോട് നടത്തിയ തണുത്ത പ്രതികരണത്തിൽ അമികയ്ക്ക് നിരാശയുണ്ട്.