- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ മാഫിയക്ക് അങ്ങ് കേന്ദ്രത്തിലുമുണ്ട് പിടി! കരിപ്പൂരിൽ ആരോപണ വിധേയനായ അനസ് പെരുമ്പാവൂർ എൽജെപി ദേശീയ നേതാവായ കാലം വീണ്ടും വാർത്തകളിൽ; അംഗരക്ഷകരുമായി കറങ്ങുന്ന അനസിന്റെ 'അധോലോക' പ്രവർത്തനത്തിനും രാഷ്ട്രീയം മറ; സെയിൽസ്മാനിൽ നിന്നും ഡോണായി മാറിയ അനസിന്റ കഥ അമ്പരിപ്പിക്കുന്നത്
കൊച്ചി: അർജുൻ ആയങ്കേരിയും സംഘവും കരിപ്പൂരിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ഗുണ്ടാനേതാവ് അനസ് പെരുമ്പാവൂരിന്റെ സ്വർണമായിരുന്നു എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഗുണ്ടായിസം മാത്രം കൈമുതലാക്കി വളർന്ന് ദേശീയ രാഷ്ട്രീയത്തിൽ പോലും ശ്രദ്ധനേടിയാ നേതാവാണ് അനസ്. പെരുമ്പാരൂരിലെ റെഡിമെയ്ഡ് ഷോപ്പിലെ സെയിൽസ്മാൻ എന്ന നിലയിൽ നിന്നാണ് അങ്ങ് കേന്ദ്രത്തിൽ പിടിയുള്ള നേതാവായി അനസ് മാറിയത്. രാഷ്ട്രീയ പാർട്ടികളുടെ മറപിടിച്ചുള്ള സ്വർണ്ണക്കടത്തും ഗുണ്ടായിസവും ചർച്ചയാകുമ്പോൾ അനസിന്റെ പേര് വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്.
സിനിമാ കഥാപത്രങ്ങളെ പോലും കടത്തിവെട്ടുന്ന വിധത്തിലാണ് അനസ് പെരുമ്പാവൂർ നാട്ടിലെത്തുക. ഗുണ്ടാ സംഘങ്ങളുടെ നേതാവായി വിലസുന്ന അനസിന് രാംവിലാസ് പസ്വാന്റെ എൽജെപിയാണ് തണലൊരുക്കിയത്. കർണാടകയിലും തമിഴ്നാട്ടിലുമൊക്കെ ഗുണ്ടാസംഘങ്ങളുണ്ട് അനസ് പെരുമ്പാവൂരിന് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കേരളത്തിൽ നിന്നുള്ള ഡോൺ എന്നു പോലും വിളിക്കപ്പെടുന്ന വ്യക്തിയാണ് അനസ്.
സിനിമകളിൽ എത്തുന്ന അധോലോക നേതാക്കളെ പോലെയാണ് അനസിന്റെ എഴുന്നള്ളത്. നാലഞ്ച് കാറുകളുടെ അകമ്പടിയോടെ അംഗരക്ഷകർക്കൊത്ത് ആഡംബരക്കാറിലാണ് കറക്കം. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെങ്കിലും ആരും അനസിനെ തൊടാൻ ശ്രമിക്കാറില്ല. ഒരു രാഷ്ട്രീയപ്രവർത്തന പരിചയവുമില്ലാത്ത അനസ് രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാർട്ടിയുടെ യുവജനവിഭാഗത്തിന്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പദവിയിൽവരെയെത്തിയപ്പോഴാണ് എല്ലാവരും ഞെട്ടിയത്. പാർട്ടിയിൽ ചേർന്ന് നേരെപിടിച്ച് ദേശീയ ജനറൽ സെക്രട്ടറിയാക്കുകയായിരുന്നു. വിവാദമുണ്ടായെങ്കിലും ഒരുവർഷത്തോളം ആ പദവിയിൽ തുടർന്നു.
അംഗരക്ഷകരില്ലാതെ അനസിന്റെ രംഗപ്രവേശനം കുറവാണ്. കരിപ്പൂരിൽ സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ അനസ് അംഗരക്ഷകരുടെ എണ്ണം വീണ്ടും കൂട്ടുകയും ചെയ്തു. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, രാംവിലാസ് പാസ്വാൻ, മകൻ പ്രിൻസ്രാജ് പാസ്വാൻ തുടങ്ങിയവരുമായെല്ലാം കൂടിക്കാഴ്ചനടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും അനസിന്റെ ഫേസ്ബുക്ക് പേജിലുണ്ട്.
കളമശ്ശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെപേരിൽ ജയിലായതോടെയാണ് അനസിന്റെ ജീവിതം മാറിമറിഞ്ഞത്. ജയിലിൽനിന്ന് അനസ് നേരെയിറങ്ങിയത് ഗുണ്ടാപ്രവർത്തനത്തിലേക്കാണെന്ന് അയാളുമായി അടുപ്പമുള്ളവർ പറയുന്നു. കർണാടകയും മുംബൈയുമൊക്കെയായിരുന്നു അനസിന്റെ കളരി. പിന്നെ കേരളത്തിലെത്തി സ്വർണക്കടത്തുകാരെ പറ്റിക്കുന്ന കാരിയർമാരെ പിടികൂടുന്ന ഓപ്പറേഷനാണ് ആദ്യം തുടങ്ങിയത്. തിരുവനന്തപുരത്തും നെടുമ്പാശ്ശേരിയിലുമൊക്കെയായിരുന്നു പ്രധാനമേഖല.
സ്വർണക്കടത്തുകാർക്കിടയിൽ അനസിന്റെ പേര് ബ്രാൻഡ് ചെയ്യപ്പെട്ടതോടെ വൻ സാമ്പത്തിക വളർച്ചയുണ്ടായി. അനസ് ഒരേസമയം കർണാടകയിലും പല ഓപ്പറേഷനുകൾക്കും നേതൃത്വം നൽകി. പ്രതിഫലം നൽകാതെ ബുദ്ധിമുട്ടിക്കുന്ന പ്രൊഡ്യൂസർമാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിക്കാൻ സിനിമാ രംഗത്തുള്ളവർവരെ അനസിനെ ഉപയോഗപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. കോവിഡ് കാലത്ത് കിറ്റ് വിതരണംചെയ്ത് ചാരിറ്റി പ്രവർത്തനം നടത്തി ശ്രദ്ധേയനാവാനും ശ്രമം നടത്തിയിരുന്നു.
ഒറ്റുകാരനെന്ന് കരുതിയ വ്യ്കതിയെ അനസ് തീർത്തു കളഞ്ഞു എന്നമാണ് മാധ്യമ വാർത്തകൾ. പെരുമ്പാവൂർ വലിയകുളം സ്വദേശി സി.എസ്. ഉണ്ണിക്കുട്ടനാണ് തനിക്കെതിരേ പൊലീസിന്റെ ഇൻഫോമറായി പ്രവർത്തിക്കുന്നതെന്ന് സംശയംവന്നു. അയാളെ പിന്നീട് മംഗളൂരുവിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഈ കേസിൽ അനസ് ഏതാനും മാസങ്ങൾ മാത്രമാണ് ജയിലിൽക്കിടന്നത്. കൊലപാതകം, സ്ത്രീയെ ഉൾപ്പെടെ തട്ടിക്കൊണ്ടുപോവൽ, ആയുധം കൈവശംവെക്കൽ തുടങ്ങി 11 കേസുകൾ നെടുംതോട് കരയിൽ പാലക്കൽ വീട്ടിൽ അൻസീർ എന്ന അനസിന്റെ പേരിലുണ്ട്. ഗുണ്ടാ ആക്ട് പ്രകാരവും ജയിൽശിക്ഷയനുഭവിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രവേശിക്കാൻ കഴിയാത്തതിനാൽ പാലക്കാട്ടാണ് ഇപ്പോൾ കേന്ദ്രമാക്കിയിരിക്കുന്നത്.
കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധമുള്ള ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തലവൻ ചരൽഫൈസലാണ് പാലക്കാട്ട് താമസസൗകര്യമൊരുക്കിക്കൊടുത്തത്. എറണാകുളത്ത് ആശുപത്രിയിൽ കഴിയവേ അനസിന്റെ തലയണയുടെ അടിയിൽനിന്ന് തോക്ക് കണ്ടെത്തിയിരുന്നു. അനധികൃതമായി തോക്ക് കൈവശം വച്ചതിന് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായ അനസ്, കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ ആരോപണത്തിന്റെ നിഴലിലായിരുന്നു. അധോലോക കുറ്റവാളി രവി പൂജാരി ആസൂത്രണം ചെയ്ത വെടിവയ്പ് നടപ്പാക്കിയത് അനസാണെന്ന് ആരോപണം ഉയർന്നിരുന്നു.
ന്യൂജെൻ ക്വട്ടേഷനിൽ പ്രസിദ്ധൻ
കൊച്ചിയിലെ ന്യൂജെൻ ക്വട്ടേഷൻ സംഘങ്ങളിൽ കുപ്രസിദ്ധനാണ് അനസ്. ഭായി നസീർ, മരട് അനീഷ്, തമ്മനം ഷാജി എന്നിങ്ങനെ കൊച്ചിയെ വിറപ്പിച്ചവരുടെ രീതികളിൽ നിന്ന് ഭിന്നമാണ് അനസിന്റെ രീതികൾ. ആഡംബര കാറുകളും സുരക്ഷക്കായി ചുറ്റും ഇരുപതിലധികം കൂട്ടാളികളും കാണും. സിനിമാ സ്റ്റൈലിൽ പട്ടാപ്പകൽ കൊച്ചിയിലൂടെ നടക്കും. കൊലക്കേസ് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും കശ്മീരിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത യുഎപിഎ കേസിലും പ്രതിയാണ് അനസ്.
സ്വർണക്കടത്തും ഹവാലഇടപാടുകളും പ്രധാനതൊഴിൽ.എന്തിനും പോന്ന യുവാക്കളെ സംഘത്തിൽ ഉൾപ്പെടുത്തിയാണ് ക്വട്ടേഷൻ പ്രവർത്തനം. വലിയ സെറ്റിൽമെന്റ് കേസുകളാണ് നിലവിൽ അനസിന്റെ ക്വട്ടേഷൻ സംഘങ്ങളുടെ പണി. പൊലീസ് വിചാരിച്ചാൽ സാധിക്കാത്ത പല കാര്യങ്ങളും അനസും കൂട്ടരും വിചാരിച്ചാൽ നടക്കും.
എന്തും ചെയ്യാൻ തയാറായി നിൽക്കുന്നവരെയാണ് അനസ് ഉൾപ്പെടെയുള്ള ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടെക്കൂട്ടുന്നത്. എല്ലാവരും ക്രിമിനൽ കേസുകളിലെ പ്രതികൾ തന്നെ. പൊലീസ് പിടികൂടിയാലും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഇവർക്ക് കഴിയുന്നതോടെയാണ് യുവാക്കളും ഇവരുടെ വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്. പ്രമുഖ ബിസിനസ് ആൾക്കാരുമായും ഇത്തരം സംഘങ്ങൾക്ക് അടുത്ത ബന്ധമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ