ബഹറിൻ: ''മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനിൽ വന്ന് പോയീ. അപ്പോഴും അപ്പച്ചൻ വന്നില്ല. അപ്പച്ചൻ ബഹ്‌റനിൽ വരാൻ മടിക്കുന്നതിന്റെ കാരണം ഇക്കഴിഞ്ഞ ഡിസംബറിലാണ് ഞാൻ അറിയുന്നത്. മുണ്ടും ഷർട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാൽ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുൻപിൽ ഞാൻ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചൻ വരാൻ മടിച്ചത്. ഇന്ന് ഞങ്ങൾ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചൻ ഈ അറബിനാട്ടിൽ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും.''ഡേവിസ് ദേവസ്സി ചിറമേൽ എന്ന പ്രവാസിമലയാളി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ഇതെഴുതി. ഇപ്പോൾ ഓരോ പ്രവാസിയും ഈ ഫേസ്‌ബുക്ക് പോസ്റ്റ് നെഞ്ചിലേറ്റിയിരിക്കുകയാണ്.

തനി നാട്ടിൻ പുറത്തുകാരനായ ദേവസി ചെരിപ്പിടാതെ മണ്ണിൽ പണിയെടുത്താണ് മകൻ ഡേവിസിനെ വളർത്തിയത്. അച്ഛൻ ചെരിപ്പിട്ട് ഇതുവരെ ഈ മകൻ കണ്ടിട്ടില്ല. ഏറെ പ്രാവശ്യം തന്റെ ഒപ്പം ബഹറിനിലേക്ക് ക്ഷണിച്ചെങ്കിലും അച്ഛൻ പോകാതിരുന്നതിന് കാരണം ചെരിപ്പിടാത്തതു തന്നെയായിരുന്നു. ചെരിപ്പും പാന്റ്‌സും ധരിക്കാതെ മകന്റെ സുഹൃത്തുക്കൾക്കു മുന്നിലെത്തിയാൽ അത് മകന്റെ വില കുറയ്ക്കുമെന്ന് ഈ പാവം നാട്ടിമ്പുറത്തുകാരൻ കരുതി. സത്യം അറിഞ്ഞപ്പോൾ മകന് തോന്നിയത് ജീവിച്ചിരിക്കുന്ന അച്ഛനെന്ന ദൈവത്തിനോടുള്ള ആരാധനയും അതിലേറെ അഭിമാനവും.

അച്ഛനൊപ്പം ചെരിപ്പിടാതെ മുണ്ടുടുത്ത് ഡേവിസും ബഹറൈനിലേക്ക് ഇത്തവണ വിമാനം കയറി. ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ നോക്കാത്ത ഓരോ മക്കളുടെയും മുന്നിലേക്കാണ് ഡേവിസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് എത്തുന്നത്. ''കുഴിമാടത്തിൽ പൂക്കൾ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളുടെ കയ്യിൽ നമ്മൾക്ക് പൂക്കൾ കൊടുക്കാം.'' എന്ന് ഡേവിസ് കുറിച്ചു.

മക്കളുടെ പത്രാസിന് അനുസരിച്ച് മതാപിതാക്കളെ കോലം കെട്ടിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. ചെരിപ്പ് ഇടാതെ നടക്കുമ്പോൾ കാലിന് ചെറിയൊരു വേദനയുണ്ട്. പക്ഷേ ആ വേദനയിലും നല്ല സുഖമുണ്ട്. മാതാപിതാക്കൾ നമുക്കുവേണ്ടി അനുഭവിച്ച കഷ്ടതകൾ ഓർക്കുമ്പോഴാണ് ആ സുഖം ലഭിക്കുന്നത്.

മാതാപിതാക്കൾ മക്കൾക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസ്സിലായത് ഞാനും ഒരച്ഛനായപ്പോഴാണ്. വാർദ്ധക്യത്തിലിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും ഉത്തരവിത്വവും ആണെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു.

ദൈവമേ  അങ്ങേയ്ക്കു നന്ദി എന്നു പറഞ്ഞാണ് ഫേസ്‌ബുക് പോസ്റ്റ് അവസാനിക്കുന്നത്.