തിരുവനന്തപുരം: കിലുക്കവും സ്ഫടികവും കാലാപാനിയും മുതൽ പത്മരാജൻ ചിത്രമായ ഞാൻ ഗന്ധർവൻ വരെ നിർമ്മിച്ച നിർമ്മാതാവ്. കൊതുകിനെ കാണുമ്പോൾ ഗുഡ്നൈറ്റ് എന്ന പദം ഇന്ത്യക്കാരനെ ഓർക്കാൻ പഠിപ്പിച്ച വ്യവസായി. നന്ദനവും സർഗവുമെല്ലാം തിയേറ്ററുകളിലെത്തിച്ച വിതരണക്കാരൻ. ഒരുകാലത്ത് മലയാള സിനിമാലോകം നിറഞ്ഞുനിന്ന ഗുഡ്നൈറ്റ് മോഹൻ ഇപ്പോൾ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിൽ കുറച്ചു സ്ഥലംവാങ്ങി ജൈവകൃഷിയും പശുവളർത്തലുമായി ഒതുങ്ങിക്കൂടാൻ ഒരുങ്ങുന്നു.

സിനിമ നൽകിയ സ്നേഹവും കണ്ണീരോർമ്മകളും 'ഫൽഷ് മൂവീസിന്' നൽകിയ അഭിമുഖത്തിൽ ഓർത്തെടുക്കുന്നതിനിടെ ഗുഡ്നൈറ്റ് മോഹന് സിനിമാരംഗത്ത് പരിഭവം രഞ്ജിത്തിനെക്കുറിച്ചുമാത്രം. സൂപ്പർഹിറ്റായ കിലുക്കത്തിന്റെ കഥ ഇന്നും തനിക്കറിയില്ലെന്നും പ്രിവ്യൂ കണ്ടപ്പോൾ ഇഷ്ടമായില്ലെന്നും മോഹൻ പറയുന്നു.
നിരവധി ബിഗ് ബജറ്റ് ഹിറ്റ് ചിത്രങ്ങളൊരുക്കിയെങ്കിലും സിനിമ ഗുഡ്നൈറ്റ് മോഹന് സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രം. സിനിമാ സുഹൃത്തുക്കളെ രക്ഷിക്കാൻ കടംകൊടുത്ത ഇനത്തിൽ ഇപ്പോഴും തിരികെക്കിട്ടാനുള്ളത് 13 കോടി.

ഗുഡ്നൈറ്റ് എന്ന ബിസിനസ് ബ്രാൻഡ് തിളങ്ങിനിന്ന കാലത്തായിരുന്നു ബിഗ് ബജറ്റുകൾ പലതും നിർമ്മിച്ചത്. പണ്ട് നിർമ്മാതാവ് ദൈവവും അ്ന്നദാതാവുമായിരുന്നെങ്കിൽ ഇ്്ന്ന് അയാൾ 'വിവരംകെട്ട പണക്കാരനാണ്' സെറ്റിൽ. മലയാളത്തിൽ നടീനടന്മാർക്ക് വേതനം കൂട്ടിയത് ഞാനാണെന്ന് പരാതി ഉണ്ടായിരുന്നു. എ്ല്ലാവർക്കും കാശ് കൃത്യമായി കൊടുത്തു. പക്ഷേ, കടംവാങ്ങിയ പലരും തന്നില്ല. പണ്ടുണ്ടായിരുന്ന നല്ല കൂട്ടായ്മ ഇന്ന് സിനിമാരംഗത്ത് ഇല്ലാതായെന്നും മോഹൻ വിലയിരുത്തുന്നു.

തന്റെ ചിത്രവുമായി ബന്ധപ്പെട്ട ആർക്കും പരാതിയും പരിഭവവും ഉണ്ടാവരുതെന്ന് നിർബന്ധമുണ്ടായിരുന്നു. എന്നാൽ രഞ്ജിത്തിന്റെ പെരുമാറ്റം ഒരിക്കലും മറക്കാനാവില്ല. നന്ദനം തമിഴിലെടുക്കാൻ തീരുമാനിച്ചു. സ്‌ക്രിപ്റ്റെഴുതാൻ ഒരു വീട് വാടകയ്ക്കെടുത്ത് രജ്ഞിത്തിനെയും സംഘത്തെയും താമസിപ്പിച്ചു. നായകനായി ധനുഷിനെ ഉറപ്പിച്ച് വൻതുക അഡ്വാൻസും നൽകി. പക്ഷേ, ഒരുവർഷമായിട്ടും സ്‌ക്രിപ്റ്റ് എഴുതിത്ത്തീർന്നില്ല. ഇടയ്ക്ക് എല്ലാം നിർത്തി എന്നോട് ഒരു വാക്കുപോലും പറയാതെ രഞ്ജിത് പോയി. ഒന്നു പറഞ്ഞിട്ടുപോകാനുള്ള മര്യാദപോലും കാണിച്ചില്ല. എന്താണ് കാരണമെന്ന് ഇപ്പോഴും അറിയില്ല. രഞ്ജിത് പിന്നെയൊന്ന് വിളിച്ചതുപോലുമില്ല. നിവൃത്തിയില്ലാതെ ധനുഷ് പറഞ്ഞ ഒരാളെ വച്ച് സിനിമ നിർമ്മിച്ചെങ്കിലും വിജയിച്ചില്ല - മോഹൻ വ്യക്തമാക്കുന്നു.

തന്റെ എല്ലാ ചിത്രങ്ങളും ഇഷ്ടപ്പെട്ട് നിർമ്മിച്ചതാണെന്ന് വ്യക്തമാക്കുന്ന മോഹൻ മറ്റുള്ളവരെ സഹായിക്കാൻവേണ്ടി ഫിനാൻസ് ചെയ്ത പടങ്ങളാണ് തന്നെ ചതിച്ചതെന്ന് വ്യക്തമാക്കുന്നു. 199ലാണ് പ്രിയദർശനേയും മോഹൻലാലിനെയും വച്ച് കിലുക്കം പൽൻ ചെയ്യുന്നത്. പ്രിവ്യൂ കണ്ടപ്പോൾ ഇഷ്ടമായില്ല. കഥ എന്താണെന്ന് ചോദിച്ചാൽ ഇന്നും അറിയില്ല. പക്ഷേ പടം സൂപ്പർഹിറ്റാകുമെന്ന് പ്രിയൻ പറഞ്ഞു. ഒരു കോടിയിലേറെ കളക്ഷൻ കിട്ടിയാൽ അന്യഭാഷാ റൈറ്റ് തരാമോ എന്ന് പ്രിയൻ ചോദിച്ചു. സമ്മതിച്ചു. അന്ന് 70000 രൂപ ശമ്പളത്തിലാണ് പ്രിയൻ കിലുക്കം ചെയ്യുന്നത്. ഹിറ്റായതോടെ തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്തതുവഴി പ്രിയന് അഞ്ചെട്ടുലക്ഷം രൂപ കിട്ടി - മോഹൻ ഓർക്കുന്നു.

ഇനിയുമൊരു പടമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞുനിർത്തുന്ന മോഹൻ ഗു്ഡ്നൈറ്റ് എന്ന വിഖ്യാതബ്രാൻഡ് വിറ്റതിനുപിന്നിലെ കഥകളും പങ്കുവയ്ക്കുന്നു. നൂറുകോടി ടേണോവർ ഉണ്ടായിരുന്നപ്പോഴും എന്നും ടൈറ്റായിരുന്നു കാര്യങ്ങൾ. ഇടയ്ക്കൊക്കെ പ്രതിസന്ധിയുണ്ടായി. അത് കുറയുമെന്ന് കരുതിയപ്പോഴും ഉണ്ടായില്ല.കമ്പനി ഇത്രയും വളരുമെന്ന് ഞാൻപോലും പ്രതീക്ഷിച്ചിട്ടില്ല. കമ്പനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്നെ പ്രതീക്ഷിച്ചുകഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളോട് എന്തുസമാധാനം പറയുമെന്ന ചിന്തയായി. അതാണ് വിൽപനയ്ക്ക് പ്രേരിപ്പിച്ചതിൽ പ്രധാനം. ഗുഡ്നൈറ്റ് പൊട്ടിയതുകൊണ്ടാണ് വിറ്റതെന്ന പ്രചാരണമുണ്ടായി. പൊട്ടിയ കമ്പനി നല്ല വിലയ്ക്ക് ആരും വാങ്ങില്ലല്ലോ - മോഹൻ വിലയിരുത്തുന്നു.

വടക്കൻ പറവൂരിൽ നിന്നെത്തി തൃശൂർ സീതാറാംമില്ലിൽ ജനറൽമാനേജരായ രാമസ്വാമി അയ്യരുടേയും ശാരദാംബാളിന്റെയും മകനായ മോഹന് റോൾമോഡൽ അച്ഛനായിരുന്നു. എൻജിനീയറിങ് കഴിഞ്ഞുനിൽക്കെ 1974 ഫെബ്രുവരിയിൽ പോക്കറ്റിൽ 45 രൂപയുമായി മുംബൈക്ക് വണ്ടികയറിയ മോഹൻ അഞ്ഞൂറു രൂപ ശമ്പളത്തിൽ ജോലി തുടങ്ങുകയും പിന്നീട് സ്വപ്രയത്നത്താൽ വളർന്ന് ഗുഡ്നൈറ്റ് മോഹൻ ആകുകയുമായിരുന്നു. മുറപ്പെണ്ണ് ലതയെ ജീവിതസഖിയാക്കി. മകൻ അമിത് ഗുഡ്നൈറ്റ് പോലുള്ള ഉൽപ്പന്നങ്ങളുടെ കെമിക്കൽ വിതരണം നടത്തുന്ന സ്വന്തം കമ്പനിയുമായി കഴിയുന്നു. മകൾ അനു കുടുംബസമേതം ബാംഗൽരിൽ.

മുംബൈ അന്ധേരിയിലെ അപ്പാർട്ടുമെന്റിൽ താമസിക്കുന്ന മോഹന് ഇപ്പോഴുള്ളത് ചെറിയൊരു ആഗ്രഹം മാത്രം. പനവേലിൽ 13 ഏക്കർ വാങ്ങിയിട്ടുണ്ട്. അവിടെ ഒരു ഓർഗാനിക് ഫാം ഉണ്ടാക്കണം. കൃഷിയെപ്പറ്റി അറിവുള്ള അനിയൻ രാജുവാണ് പ്രചോദനം. ജൈവകൃഷി തുടങ്ങി ആവശ്യംകഴിഞ്ഞുള്ളവ വിൽക്കാൻ സ്വന്തമായി ഒരു കടതുറക്കും. പശുക്കളെ വളർത്തി പാലുൽപാദനവും കൂടെ കുറച്ച് കോട്ടേജുകൾ കെട്ടി അഗ്രോ ടൂറിസം പദ്ധതിയും. കൂടാതെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഇവിടെ കേരളീയ മാതൃകയിൽ ഒരു കൊച്ചുവീടും.