മലപ്പുറം: ഗുണ്ടാ പ്രവർത്തനം, കൈക്കൂലി, കുഴൽപ്പണം തട്ടൽ, വാദിയിൽ നിന്നും പ്രതിയിൽ നിന്നും പണം വാങ്ങി കേസ് ഒതുക്കൽ, സ്ത്രീ പീഡനം ഈ കുറ്റ കൃത്യങ്ങളെല്ലാം പതിവാക്കിയിരുന്നത് കേരളത്തിലെ ഒരു പൊലീസ് ഓഫീസർ. കേരള പൊലീസിന് അപമാനമാകുംവിധം സർവീസിലിരുന്ന് ആരെയും ഞെട്ടിക്കുന്ന കൃത്യങ്ങൾ ചെയ്തുകൂട്ടിയത് പാലക്കാട് നോർത്ത് സർക്കിൾ ഇൻസ്പക്ടറായിരുന്ന ആർ ശിവശങ്കരൻ. പെരിന്തൽമണ്ണ സ്വദേശിയായ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ യുവാവിന് ഏൽക്കേണ്ടി വന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഞെട്ടിക്കുന്ന കഥയാണ് മറുനാടൻ മലയാളി പുറത്ത് വിടുന്നത്. ഗുണ്ടകളെയും ക്രിമിനലുകളെയും തീറ്റിപ്പോറ്റുന്ന പൊലീസ് ഓഫീസർ. ആവശ്യാനുസരണം ഗുണ്ടകളെ ഉപയോഗിച്ച് വിലപേശൽ നടത്തുന്ന ഉദ്യോഗസ്ഥൻ.

പരാതിയുമായെത്തുന്ന സ്ത്രീകളെ തന്റെ ഇംഗിതത്തിന് കീഴ്പ്പെടുത്തുന്നത് പതിവാക്കിയ 'മാന്യൻ'. പാലക്കാട് നോർത്ത് സിഐ ആയിരുന്ന ഈ ഉദ്യോഗസ്ഥന്റെ 'വിശേഷണങ്ങൾ' ഇനിയുമുണ്ട്. പൊലീസുകാർക്കുള്ള പെരുമാറ്റ ചട്ടങ്ങളും സമ്പർക്ക രീതികളും സർക്കാർ കർശനമാക്കിയിട്ടും ആർ ശിവശങ്കറിനെ പോലുള്ള ക്രിമിനൽ പൊലീസ് ഓഫീസർമാരെ പിണറായി വിജയന് നിലക്ക് നിർത്താൻ സാധിക്കാത്തത് എന്ത്കൊണ്ട്?

ടൗൺ നോർത്ത് സർക്കിൾ ഇൻസ്പക്ടറായിരുന്ന ആർ ശിവശങ്കരൻ ലക്ഷങ്ങൾ തട്ടിയെടുക്കുകയും തനിക്കും കുടുംബത്തിനുമെതിരെ വധഭീഷണി മുഴക്കുന്നതായും ചൂണ്ടികാട്ടി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പാലക്കാട് എസ് പിക്കും പരാതി നൽകി പെരിന്തൽമണ്ണ പൂവ്വത്താണി സ്വദേശി അബ്ദുൽ റഫീക്ക് രംഗത്തെത്തിയതോടെയാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സർക്കിൾ ഇൻസ്പക്ടറുടെ ക്രിമിനൽ കഥകൾ പുറത്തറിയുന്നത്. സിഐക്കെതിരെ ആരും പരാതിയുമായി വരാറില്ല. ആരെങ്കിലും പരാതിയുമായി വന്നാൽ തന്നെ ഭീഷണിയും ഗുണ്ടകളെ വിട്ട് വിരട്ടലുമാണ്

ലക്ഷങ്ങൾ നൽകാനുണ്ടായിരുന്ന ബിസിനസ് പങ്കാളി റഫീക്കിനെതിരെ നൽകിയ പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റഫീക്കിന്റെ കൈയിലുള്ള തന്റെ വാഹനം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു തമിഴ്‌നാട് സ്വദേശി പരാതി നൽകിയത്. എന്നാൽ പരാതിക്കാരനുമായി വിലപേശി വാഹനം പിടിച്ചെടുത്ത് തിരികെ നൽകുകയും റഫീക്കിനെതിരെയുള്ള തമിഴ്‌നാട് സ്വദേശിയുടെ പരാതി പിൻവലിപ്പിക്കുകയും ചെയ്തു. പരാതി പിൻവലിച്ച വിവരം മറച്ചു വച്ച് സിഐ റഫീക്കിനെ കസ്റ്റഡിയിലെടുത്ത് വിലപേശുകയും ലക്ഷങ്ങൾ തട്ടുകയുമായിരുന്നു. ബിസിനസ് പങ്കാളി പരാതി പിൻവലിച്ചതറിയാതെ മാരക വകുപ്പുകൾ ചുമത്തിയ റഫീക്കിന് ഒരു മാസത്തിലേറെ ജയിൽ വാസം അനുഭവിക്കേണ്ടിയും വന്നു.

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും റഫീക്കിന് അനുഭവിക്കേണ്ടി വന്നത് സി ഐ ശിവശങ്കരന്റെ വേട്ടയാടൽ. നിരന്തരം കാണമെന്നാവശ്യപ്പെട്ട് കുഴൽപണം തട്ടാൻ സഹായിക്കണമെന്നും റഫീക്കിനോടു ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ നിന്നും മലപ്പുറത്തേക്കു വരുന്ന കുഴൽപ്പണം തട്ടാൻ ശിവശങ്കറിനെ സഹായിക്കണമെന്നായിരുന്നു റഫീക്കിനോടു ആവശ്യപ്പെട്ടത്. ഇതിന് പൊലീസ് യൂണിഫോമും വാഹനവും ഗുണ്ടകളെയും നൽകാമെന്നും സിഐ പറഞ്ഞതായി റഫീക്ക് മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി. കേസ് ഇല്ലാതാക്കാൻ വീണ്ടും സിഐ നിർബന്ധപൂർവ്വം റഫീക്കിൽ നിന്നും ലക്ഷങ്ങൾ വാങ്ങിച്ചു

പണമെല്ലാം കൈപറ്റിയ ശേഷമായിരുന്നു പരാതിക്കാരൻ കേസ് പിൻവലിച്ച കാര്യവും ഇതിന്റെ രേഖകളും റഫീക്കിന് സിഐ നൽകുന്നത്. അപ്പോഴാണ് സർക്കിൾ ഇൻസ്പെക്ടറുടെ കൊടുംവഞ്ചന റഫീക്ക് തിരിച്ചറിയുന്നത്. സർവീസിലിരുന്ന സ്ഥലങ്ങളിലെല്ലാം പൊലീസിന് ചീത്തപ്പേരുണ്ടാക്കിയ ഉദ്യോഗസ്ഥനായിരുന്ന സിഐ ആർ ശിവശങ്കരൻ ഇപ്പോൾ ഒരു പീഡനകേസിൽ സസ്പെൻഷനിലാണ്. ഈ ഉദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടി വന്ന ഭീഷണികളുടെയും ക്രൂരതകളുടെയും വിവരങ്ങൾ മറുനാടൻ മലയാളിയോടു വിവരിക്കുകയാണ് പെരിന്തൽമണ്ണ പൂവ്വത്താണ് സ്വദേശി അബ്ദുൽ റഫീക്ക്.

ബിസിനസ്സുകാരനായ റഫീക്കിന് തമിഴ്‌നാട് തിരുപ്പൂർ സ്വദേശിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നു. രണ്ട് ഘട്ടങ്ങളിലായി ബിസിനസ്സിൽ ലാഭം തരാം എന്നു പറഞ്ഞ് നാഗരാജൻ ഇടനിലക്കാർ വഴി റഫീക്കിൽ നിന്ന് 13 ലക്ഷം രൂപ കൈപറ്റിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ലാഭം പോയിട്ട് മുടക്ക് മുതൽപോലും തിരിച്ച് കിട്ടിയില്ല. ഇതോടെ കൊടുത്ത പണം തമിഴ്‌നാട് സ്വദേശിയോട് തിരികെ ആവശ്യപ്പെട്ടതായും എന്നാൽ ഒരു വർഷത്തിന് ശേഷം തമിഴ്‌നാട് സ്വദേശി നേരിട്ട് വന്ന് പണം നൽകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് കുറച്ച് സമയം നീട്ടിചോദിക്കുകയും അതുവരെ തമിഴ്‌നാട് സ്വദേശി സ്വന്തം വാഹനമായ മാരുതി എസ്‌ക്രോസ് ഈടായി റഫീക്കിന് രേഖാമൂലം കൈമാറുകയും ചെയ്തിരുന്നു.

2017 ജൂൺ 23 ന് മണ്ണാർക്കാട് ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് ഇവർ പരസ്പരം കരാർ ഉണ്ടാക്കിയത്. എന്നാൽ രണ്ടാഴ്ചക്ക് ശേഷം 2017 ജൂലൈ 9 ന് അർദ്ധരാത്രി പാലക്കാട് നോർത്ത് സി ഐ ആയിരുന്നു ആർ ശിവശങ്കരന്റെ നേതൃത്വത്തിൽ ഒരു ഗുണ്ടാ സംഘം മദ്യലഹരിയിൽ പൂവ്വത്താണിയിലുള്ള റഫീക്കിന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ഭാര്യയോടും കുട്ടികളോടുമൊപ്പം ബെഡ്റൂമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റഫീക്കിന്റെ മുഖത്തേക്ക് സി ഐ ശിവശങ്കരൻ കുരുമുളക് സ്പ്രേ അടിക്കുകയും ഭാര്യക്കും മാതാവിനും കുട്ടികൾക്കുമിടയിൽ വെച്ച് ക്രൂരമായി മർദ്ദിക്കുകയും ബലംപ്രയോഗിച്ച് കൈവിലങ്ങ് വെച്ച് വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന പണവും വാഹനങ്ങളുടെയും ഭൂമിയുടേയും രേഖകളും

മൊബൈൽ ഫോണുകളും കുട്ടിയുടെ കളിത്തോക്ക് വരെ എടുത്തു കൊണ്ടുപോവുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളും സി ഐ അകാരണമായി പിടിച്ചെടുത്തു. എന്താനാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്ത ഭാര്യയെ സി ഐ ശിവശങ്കർ ഭീഷണിപ്പെടുത്തുകയും അസഭ്യം ചൊരിയുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ''നിന്റെ കെട്ടിയോൻ അടുത്തൊന്നും പുറംലോകംകാണില്ലെന്നും കെട്ടിയോനെ കെട്ടിപ്പിടിച്ചു കിടക്കാമെന്ന് കരുതേണ്ടന്നും അതിന് താനൊക്കെ ഇവിടെ ഉണ്ടെന്ന''തടക്കം അശ്ലീലച്ചുവയോടെ സംസാരിക്കുകയും വളരെ മോശമായ രീതിയിൽ ശിവശങ്കരൻ തന്റെ ഭാര്യയോടും മാതാവിനോടും പെരുമാറിയതായും റഫീക്ക് മറുനാടനോടു പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയടക്കമുള്ളവർക്കു നൽകിയ പരാതിയിൽ റഫീക്ക് ബോധിപ്പിച്ചിട്ടുണ്ട്.

സ്റ്റേഷനിലെത്തിച്ച തന്നോട് കേസ് എന്തെന്ന് പോലും വിശദീകരിക്കാതെ 15 ലക്ഷം രൂപ കൈക്കൂലി തന്നാൽ വെറുതെ വിടാമെന്നും അല്ലെങ്കിൽ അകത്തു കിടക്കേണ്ടി വരുമെന്നും സി ഐ ഭീഷണിപ്പെടുത്തി. താൻ സമ്പത്തിനെ ഉരുട്ടിക്കൊന്ന സ്റ്റേഷനിലെ സി ഐ ആണെന്നും പഞ്ചസാര കുടിപ്പിച്ച് നിന്റെ എല്ലുനുറുക്കുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാൻ തയ്യാറാകാതിരുന്നതോടെ റഫീക്കിനെതിരെ നിരവധി ക്രിമിനൽ വകുപ്പുകൾ ചേർത്ത് കേസെടുത്തു. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സഹോദരനോടും സി ഐ പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായും പണം നൽകാത്ത പക്ഷം റഫീക്കിനെ വിലങ്ങണിയിപ്പിച്ച് ഭാര്യാവീട്ടിലടക്കം കൊണ്ടുപോയി നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സിഐ യുടെ ഭീഷണിക്ക് വഴങ്ങി സഹോദരൻ നാലര ലക്ഷം രൂപ സി ഐ ആർ ശിവശങ്കരന്റെ നിർദ്ദേശ പ്രകാരം പലാക്കാട് എ ടി എസ് ഹോട്ടലിൽ വെച്ച് ശശി എന്ന ശിവശങ്കരന്റെ ബിനാമിക്കു കൈമാറി.

ശിവശങ്കരന്റെ മുഴുവൻ ബിനാമി ഇടപാടുകളും കൈകാര്യം ചെയ്യുന്ന വ്യക്തി എന്നാണ് ശശി സ്വയം പരിചയപ്പെടുത്തിയതെന്നും ഇയാളുടെ രണ്ട് ഫോൺ നമ്പറുകൾ (9447075678, 9048384475 )സഹോദരന് സിഐ തന്നെ നൽകുകയായിരുന്നെന്നും റഫീക്ക് പരാതിയിൽ വിശദമാക്കുന്നു. പണം കൈമാറിയതോടെ തനിക്കെതിരെ പെട്ടൊന്ന് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചേർത്തിട്ടുള്ളതെന്ന് സഹോദരനെ തെറ്റിധരിപ്പിച്ചതായും എന്നാൽ നിരന്തരം ജാമ്യാപേക്ഷകൾ സമർപ്പിച്ചിട്ടും ഒരു മാസം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് തനിക്ക് ജാമ്യം അനുവദിച്ച് കിട്ടിയതെന്നും റഫീക്ക് പറയുന്നു.

എന്നാൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സി ഐ തന്നെ ബോധപൂർവ്വം കുടുക്കിയാതാണെന്ന സത്യം റഫീക്ക് തിരിച്ചറിഞ്ഞത്. തനിക്കെതിരെ പരാതി നൽകിയിരുന്ന നാഗരാജ് തന്നെ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസമായ ഓഗസ്റ്റ് 10 ന് തന്നെ തനിക്കെതിയുള്ള പരാതി പിൻവലിക്കുന്നതായി രേഖാമൂലം സി ഐ ക്ക് എഴുതി നൽകിയിരുന്നു എന്ന് റഫീക്ക് മനസ്സിലാക്കുന്നത്. നാഗരാജ് പരാതി പിൻവലിച്ച കാര്യം സി ഐ ശിവശങ്കരൻ മറച്ചുവെക്കുകയും ആയുധനിയമം ഉൾപ്പടെയുള്ള കടുത്ത വകുപ്പുകൾ ചാർത്തി ബോധപൂർവ്വം റഫീക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്യിക്കുകയായിരുന്നു.

റിമാൻഡിലായ റഫീക്കിനെ പുറത്തിറക്കാൻ സഹായിക്കാം എന്ന് വാഗ്ദാനം നൽകി ബന്ധുക്കളിൽ നിന്ന് പണം തട്ടുകയായിരുന്നു സി ഐ യുടെ ലക്ഷ്യം. ഒരു മാസം റഫീക്ക് റിമാൻഡിൽ കിടന്നു. സഹോദരനിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയശേഷമാണ് സി ഐ ശിവശങ്കരൻ തന്റെ കയ്യിലുള്ള നാഗരാജൻ കേസ് പിൻവലിച്ചതായുള്ള രേഖ കോടതിയിൽ സമർപ്പിക്കാൻ കൂട്ടാക്കിയത്. ഇതോടെയാണ് റഫീക്കിന് പുറത്തിറങ്ങാനായത്.

പ്രതിസ്ഥാനത്തുള്ള പാലക്കാട് ടൗൺ നോർത്ത് സി ഐ ആയ ആർ ശിവശങ്കരനെതിരെ ഇതിന് മുമ്പും നിരവധി പരാതികളാണ് ഉയർന്നു വന്നിട്ടുള്ളത്. പരാതി നൽകാനെത്തിയ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന വിവരവും മറുനാടൻ മലയാളിക്കു ലഭിച്ചു. ഇതേ തുടർന്ന് അന്വേഷണ വിധേയമായി ഇയാളെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ് . ഫോട്ടോ ദുരുപയോഗം ചെയ്ത് അപമാനിക്കുന്നതിൽ പരാതി നൽകാനെത്തിയ യുവതിയെ ശിവശങ്കരൻ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

റഫീക്ക് നൽകിയ പരാതിയെ തുടർന്ന് സിഐക്കെതിരെ അന്വേഷണം നടന്നു വരികയാണ്. റഫീക്കിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് നാർക്കോട്ടിങ് സെൽ ഡിവൈഎസ്‌പി മൊഴി ശേഖരിച്ചു. കൈകൂലി കൈപറ്റിയ ബിനാമിയായ ശശിയെയും ചോദ്യം ചെയ്തു. എന്നാൽ കുറ്റാരോപിതനായ സിഐ ശിവശങ്കരൻ സ്ത്രീ പീഡനകേസിൽ ഒളിവിലാണ്. ഇയാളെ ഇതുവരെ പിടികൂടാനോ ചോദ്യം ചെയ്യാനോ സാധിച്ചിട്ടില്ല.