പത്തനംതിട്ട: റാന്നി മുൻസിഫ് കോടതിയിലെത്തിയ തിരഞ്ഞെടുപ്പു തർക്കത്തിൽ വിധി വന്നതോടെ നാറാണംമൂഴി പഞ്ചായത്തിലെ എൽഡിഎഫ് ഭരണം പ്രതിസന്ധിയിലായി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം കൈയാളുകയായിരുന്നു നാളിതു രെ എൽഡിഎഫ്. അങ്ങനെയിരുന്നപ്പോഴാണ് ഒരു സിപിഐഎം അംഗത്തെ അയോഗ്യനാക്കിയ കോടതി തൊട്ടടുത്ത എതിർസ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത്. ഇതോടെ കക്ഷി നില തുല്യം. ഇനി ആരുഭരിക്കണമെന്ന കാര്യം സ്വതന്ത്രാംഗം തങ്കമണി തീരുമാനിക്കും. ഇതോടെ തങ്കമണി 'പൊന്നുമണി'യായി. ലക്ഷങ്ങളുടെ കുതിരക്കച്ചവടത്തിനും അരങ്ങൊരുങ്ങി.

നാറാണംമൂഴി പഞ്ചായത്ത് 13-ാം വാർഡംഗമായി യുഡിഎഫിലെ കക്കുടുമൺ കുമ്പിപ്പൊയ്കയിൽ കെ.ജി.സുരേഷ് ഇന്ന് സ്ഥാനമേൽക്കുന്നതോടെയാണ് സ്ഥിതി മാറിയത്. നിലവിൽ സിപിഐഎം നേതൃത്വത്തിൽ ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസുകാരനായ സുരേഷ് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ മുന്നണികളുടെ അംഗബലം ആറു വീതമാകും. ഇതോടെ ചൊള്ളനാവയൽ വാർഡിന്റെ പ്രതിനിധിയും സ്വതന്ത്രയുമായ തങ്കമണി ശ്രദ്ധാകേന്ദ്രമാകും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് തുടർന്ന് ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഈ 55 കാരിയാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 13-ാം വാർഡായ പൊന്നമ്പാറയിൽ നിന്നും വിജയിച്ചത് സിപിഐഎമ്മിലെ അജിത്തായിരുന്നു. കെജി സുരേഷായിരുന്നു രണ്ടാം സ്ഥാനക്കാരൻ. നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനാ വേളയിൽ അജിത്തിന്റെ ജോലി സംബന്ധിച്ച് യുഡിഎഫ് തർക്കം ഉന്നയിച്ചെങ്കിലും രേഖാമൂലം പരാതി നൽകാതിരുന്നതിനാൽ തുടർ നടപടികൾ ഉണ്ടായില്ല. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞ് തോറ്റപ്പോൾ സുരേഷ് റാന്നി മുൻസിഫ് കോടതിയെ സമീപിച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. മത്സരിക്കുമ്പോൾ അജിത്ത് ചേത്തയ്ക്കലിലുള്ള റബർ ബോർഡ് പരീക്ഷണ തോത്തിലെ ജീവനക്കാരൻ ആണെന്നായിരുന്നു സുരേഷിന്റെ വാദം. ഇത് ശരിയാണെന്നു ബോധ്യപ്പെട്ട റാന്നി മുൻസിഫ് കോടതി അജിത്തിന്റെ നാമനിർദ്ദേശ പത്രിക അസാധുവാക്കുകയും സുരേഷിനെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.

മുൻസിഫ് കോടതി വിധിക്കെതിരെ അജിത്ത് ജില്ലാ കോടതിയിൽ അപ്പീൽ നൽകി. ഇതിന്റെ വിസ്താരം നടക്കുന്നതിനിടയിൽ മുൻസിഫ് കോടതി വിധി നടപ്പാക്കി കിട്ടുന്നതിന് സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ഒക്ടോബർ 24 നോ അതിനു മുമ്പായോ സുരേഷിന്റെ സത്യപ്രതിജ്ഞ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ സത്യപ്രതിജ്ഞ നടത്തേണ്ട പഞ്ചായത്തു പ്രസിഡന്റ് മോഹൻരാജ് ജേക്കബ് 24ന് അസുഖബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ അതു നടന്നില്ല. സത്യപ്രതിജ്ഞ ചെയ്യാൻ അന്നു വൈകിട്ട് വരെ പഞ്ചായത്ത് ഓഫീസിൽ ഇരുന്ന സുരേഷിനെ സംഘർഷ സാധ്യത മുന്നിൽ കണ്ട് പെരുനാട് പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്ത സംഭവം ഏറെ വിവാദമുണ്ടാക്കിയിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സത്യപ്രതിജ്ഞ നടത്താതിരുന്ന പഞ്ചായത്തു പ്രസിഡന്റിനെതിരെ സുരേഷ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യത്തിനു കേസ് നൽകി. കോടതി പ്രസിഡന്റിനു നോട്ടീസ് നൽകുകയും ചെയ്തു. ഇതിനു പിന്നാലെ പഞ്ചായത്തു പ്രസിഡന്റിന്റെ പൂർണ ചുമതല വഹിക്കുന്ന വൈസ്പ്രസിഡന്റ് സുരേഷിന്റെ സത്യപ്രതിജ്ഞ ഇന്ന് മൂന്നരയ്ക്ക് നടത്തുമെന്ന് കാണിച്ച് അദ്ദേഹത്തിനു അറിയിപ്പ് നൽകി. ഇതിനെതിരെ അജിത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അത് കഴിഞ്ഞ ദിവസം തള്ളിയതോടെയാണ് ഇന്ന് കെജി സുരേഷിന് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുങ്ങിയത്.

റാന്നി മുൻസിഫ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ നൽകിയ അപ്പീലിൽ ഇനി ഈ മാസം 14നാണ് അവധി വച്ചിട്ടുള്ളത്. സുരേഷ് കഴിഞ്ഞ ഭരണസമിതിയിൽ യുഡിഎഫിനൊപ്പം നിന്ന് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആയിട്ടുണ്ട്. അന്ന് സ്വതന്ത്രനായിട്ടായിരുന്നു ജയം. സുരേഷ് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിന് ഒരു അംഗത്തിന്റെ കുറവും കോൺഗ്രസിന് ഒരംഗത്തിന്റെ കൂടുതലും ഉണ്ടാകും. ഏഴ് അംഗങ്ങളുള്ള ഇടതു മുന്നണി ആറായി ചുരുങ്ങും. ഒപ്പം അഞ്ചംഗങ്ങൾ ഉണ്ടായിരുന്ന യു.ഡി.എഫ് ആറ് അംഗങ്ങളായി വളരും. ഇതോടെ പഞ്ചായത്തിലെ സ്വതന്ത്രാംഗം തങ്കമണിയാകും ശ്രദ്ധാകേന്ദ്രം.

ഇവരുടെ പിന്തുണ ഉറപ്പിക്കാനുള്ള എല്ലാ അടവുകളും ഇരു മുണികളും പയറ്റുമെന്ന കാര്യത്തിൽ തർക്കമില്ല. തങ്കമണി യുഡിഎഫിനോട് ആഭിമുഖ്യമുള്ള വനിത ആണെന്നും ഇവരുടെ മകൻ അരുൺ കുമാർ മുമ്പ് യുഡിഎഫിന്റെ പഞ്ചായത്തംഗം ആയിരുന്നുവെന്നതുമാണ് യുഡിഎഫ് കേന്ദ്രങ്ങളുടെ ആശ്വാസം. എന്തായാലും പ്രസിഡന്റ് പദവിയോ വൈസ്പ്രസിഡന്റു പദവിയോ വരെ നൽകി തങ്കമണിയെ തങ്ങളുടെ കൂട്ടത്തിൽ നിർത്താനുള്ള ഭഗീരഥ പ്രയത്നമാണ് നാറാണംമൂഴി പഞ്ചായത്തിൽ നടക്കുന്നത്.