തിരുവനന്തപുരം: സ്വർണാഭരണ വ്യവസായ രംഗത്ത് ഇന്ന് പ്രമുഖരായ നിരവധി ബ്രാൻഡുകളുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മുഴുവൻ ഷോറൂമുകൾ തുറന്ന ഒരു കൂട്ടർ. ചെറുകിട ജുവല്ലറികളെ ഏകോപിപ്പിച്ച് വൻകിട ബ്രാൻഡായി മാറിയ മറ്റൊരു കൂട്ടർ. ഇങ്ങനെയുള്ള സ്വർണ്ണക്കച്ചവടക്കാർക്കിടയിൽ നിന്നും വ്യത്യസ്തരായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ്. പരമ്പരാഗതമായി സ്വർണ്ണവിപണിയിൽ കൈവെച്ച കൂട്ടർ. ആലുക്ക എന്ന ബ്രാൻഡ് മലയാളികളുടെ വിശ്വസ്തതയുടെ പ്രതീകമായിരുന്നു. പരിശുദ്ധമായ സ്വർണം വിൽക്കുന്നവർ എന്ന നിലയിൽ പേരെടുത്തവർ. അമരക്കാരനായി ജോയ് ആലുക്കാസ് കൂടി എത്തിയതോടെ ആ വിശ്വസ്തതയ്ക്ക് ആക്കം കൂടുകയും ചെയ്തു.

കാലങ്ങളായി സ്വർണവ്യാപാര രംഗത്തെ വിശ്വസ്തതയുടെ പ്രതീകായി നിന്ന ജോയ് ആലുക്കാസ് ജുവല്ലറി ഗ്രൂപ്പിന്റെ കീഴിലുള്ള ജുവല്ലറികളിൽ രാജ്യവ്യാപകമായി ഇൻകംടാക്‌സ് റെയ്ഡ് നടക്കുന്നു എന്ന വാർത്ത പുറത്തുവന്നപ്പോൾ മലയാളികൾക്ക് ഒരു ഞെട്ടലാണ് ഉണ്ടായത്. കാരണം, അധികാരത്തിലിരിക്കുന്നവർക്ക് വേണ്ടപ്പെട്ട വ്യവസായ ഗ്രൂപ്പായിരുന്നു ജോയ് ആലുക്കാസിന്റേത്. ജോയ് ആലുക്കാസിന്റെ 130 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്ന വിവരം. ഒരേ സമയം നടത്തുന്ന ഈ പരിശോധനക്ക് പിന്നിൽ അസ്വഭാവികതയുണ്ടെന്ന സൂചനയുമുണ്ട്. നോട്ട് പിൻവലിക്കൽ നടപടിയോടെ കേന്ദ്രത്തിന്റെ നോട്ടപ്പുള്ളിയായ ഗ്രൂപ്പിന് എവിടെയാണ് വീഴ്‌ച്ച വന്നത് എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ അതിവേഗം വളർന്ന ജുവല്ലറി ഗ്രൂപ്പിനെ കുറിച്ച് എതിരാളികൾ ചില കെട്ടകഥകളും പരന്നിരുന്നു. എന്നാൽ, അതൊന്നും ജോയ് ആലുക്കാസ് എന്ന ബ്രാൻഡിന്റെ വളർച്ചയെ പിന്നോട്ടടിച്ചില്ല. സ്വർണ്ണവ്യാപാര രംഗത്ത് പുതുപ്പണക്കാർ ചുവടുവെയ്ക്കുന്നതിന് മുമ്പ് തന്നെ ഈ രംഗത്തെ അതികായനായി മാറിയിരുന്നു ജോയി ആലുക്കാസ്. ടെലിവിഷൻ ചാനലുകളിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ കാലത്ത് ആദ്യം വന്നിരുന്ന പരസ്യങ്ങളുടെ കൂട്ടത്തിലായിരുന്നു ജോയി ആലുക്കാസിന്റെ സ്വർണ്ണക്കടയുടെ പരസ്യവും. ഇന്ത്യയ്ക്ക് അകത്തും പുറത്തു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുത്തിട്ടുള്ള ജോയി ആലുക്കാസിന്റെ വ്യാപാരശക്തി എന്നു പറഞ്ഞത് കൂട്ടായ പ്രവർത്തനം തന്നെയാണ്.

കുടക്കമ്പനിയിൽ നടത്തിപ്പുകാരനായി തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ ജോയ്

പല പേരുകളിലായി ആലുക്കാസ് ഗ്രൂപ്പ് നിരവധിയുണ്ട്. എന്നാൽ, ഇതിൽ ഏറ്റവും പ്രമുഖനാണ് ജോയ് ആലുക്കാസ് എന്ന സ്ഥാപനം. തൊട്ടതെല്ലാം പൊന്നാക്കിയ ജോയ് ആലുക്കാസിന് എവിടെയെങ്കിലും പിഴച്ചോ എന്നറിയാൻ ഇൻകം ടാക്‌സ് റെയ്ഡിന് ശേഷമുള്ള വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതെന്തു തന്നെ ആയാലും ബിസിനസിൽ കൈവെക്കാൻ താൽപ്പര്യമുള്ളവർക്ക് എന്നും പ്രചോദനമാകുന്ന വിജയകഥയാണ് ജോയ് ആലുക്കാസിന്റേത്. ചെറുപ്പകാലത്ത് കുടക്കമ്പിയിലെ നടത്തിപ്പുകാരനായി തുടങ്ങി ഇന്ന് ഫോബ്‌സിന്റെ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് ജോയ് ആലുക്കാസ്.

തൃശ്ശൂരുകാരൻ വർഗീസ് ആലുക്കയുടെ മക്കളിലെ പതിനൊന്നാമനായ ജോയ് ആലുക്കാസിന്റെ വിജയകഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കച്ചവടക്കാരനായ പിതാവിന്റെ കച്ചവട തന്ത്രങ്ങൾ ഏറ്റവും നന്നായി അറിഞ്ഞിരുന്ന പുത്രനായിരുന്നു ജോയ്. തൃശ്ശൂർ സെന്റ് തോമസ് സ്‌കൂളിലെ പഠനകാലത്ത് മുതൽ കച്ചവടത്തിൽ കൈവെച്ചിരുന്നു അദ്ദേഹം. ആറാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ പിതാവിന്റെ കുടക്കമ്പനിയിൽ നടത്തിപ്പുകാരനായി. പഠനത്തിൽ ശ്രദ്ധ ചെലുത്താനായി ഒമ്പതാം ക്ലാസിൽ ഒരു ബോർഡിങ് സ്‌കൂളിൽ ചേർന്നെങ്കിലും വീണ്ടും പത്താംക്ലാസിൽ പഠിക്കാൻ സെന്റ് തോമസിലെത്തി.

സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞതോടെ പൂർണമായി ബിസിനസിലേക്കിറങ്ങി. ചുരുങ്ങിയ സമയംകൊണ്ടുതന്നെ കച്ചവടത്തിലെ പാഠങ്ങൾ സ്വായത്തമാക്കി. പിതാവിന്റെ സ്വർണക്കടയിലായിരുന്നു ജോയ് കൂടുതൽ സമയം ചെലവഴിച്ചത്. പൊന്നിനോടള്ള സ്‌നേഹം തന്നെയാണ് അദ്ദേഹത്തെ സ്വർണ്ണ കച്ചവടത്തിലെ അഗ്രഗണ്യനാക്കി മാറ്റിയതും. 1986-ൽ ദുബായിലേക്ക് യാത്ര നടത്തിയതോടെയാണ് ജുവല്ലറി വ്യവസായത്തിലെ വലിയ ബ്രാൻഡിന്റെ തുടക്കമായത്. ദുബായ് കാണാൻപോയ ജോയ് ആലുക്കാസ് സ്വർണക്കടകൾ കയറിയിറങ്ങി അവിടത്തെ കച്ചവട തന്ത്രങ്ങൽ മനസിലാക്കി.

87ൽ അബുദാബിയിൽ പിറവിയെടുത്ത 'ജോയ് ആലുക്കാസ്' വളർന്നത് അതിവേഗം

മലയാളികളാണ് സ്വർണം വാങ്ങാൻ കൂടുതലായി എത്തിയിരുന്നത് എന്ന് മനസിലാക്കിയതോടെ എന്തുകൊണ്ട് സ്വർണ്ണ ബിസിനസ് തുടങ്ങിക്കൂടാ എന്ന ചിന്തയിലായി. സ്വർണക്കച്ചവടത്തിനു വലിയ സാധ്യതയുണ്ടെന്ന് മനസിലായതോടെ നാട്ടിൽ മടങ്ങിയെത്തിയ പിതാവിനോട് യു.എ.ഇ.യിൽ ഷോറൂം തുറക്കുന്നതിനെക്കുറിച്ചു ചർച്ച നടത്തി. ഒടുവിൽ, 87-ൽ അബുദാബിയിൽ ചെറിയൊരു ഷോറൂം തുറന്നുകൊണ്ട് പടയോട്ടം തുടങ്ങിതാണ് ജോയ്. അതിവേഗം ഗൾഫ് നാടുകൾ വളർന്നതോടെ ജോയ് ആലുക്കാസും വളർന്നു. മലയാളികൾ കൂടുതൽ ദുബായിലാണെന്ന് മനസിലാക്കിയോടെ അവിടെയും ഒരു ഷോറൂം തുറന്നു. പിന്നീട് ഷാർജയിലും പുതിയ സ്വർണ്ണക്കട തുറന്നു.

പരിശുദ്ധമായ സ്വർണം ലഭ്യമാക്കുന്നതോടൊപ്പം വമ്പൻ സമ്മാനപദ്ധതികൾ ഉൾപ്പെടെ, ആരും ചെയ്യാത്ത രീതിയിലുള്ള പ്രചാരണ പരിപാടികൾ തുടക്കത്തിൽത്തന്നെ അടിത്തറയുണ്ടാക്കാൻ അദ്ദേഹത്തിന് സഹായകമായി. സ്വന്തം നിലയിലായിരുന്നു ജോയ് ആലുക്കാസ് യു.എ.ഇ.യിൽ ജൂവലറി ശൃംഖല വ്യാപിപ്പിച്ചതെങ്കിലും അപ്പോഴും കുടുംബ ബിസിനസിനൊപ്പമായിരുന്നു അത്. പിതാവ് വർഗീസ് ആലുക്കയുടെ മരണത്തോടെ ബിസിനസ് വീതംവെച്ച് മക്കൾ പലരും സ്വതന്ത്ര നടത്തിപ്പു തുടങ്ങി. വിദേശത്തു തുടങ്ങിയ ജുവല്ലറികൾ ജോയ് ആലുക്കാസിന് തന്നെ ലഭിച്ചു. പിന്നീടങ്ങോട്ട് ജോയ് ആലുക്കാസിന്റെ കാലമായിരുന്നു. ഷോറൂമുകൾ നിരവധി തുറന്ന അദ്ദേഹം മാധ്യമങ്ങളിലെ സ്ഥിര പരസ്യക്കാരനുമായി. 2002 ചിങ്ങം ഒന്നിന് കോട്ടയത്ത് ഷോറൂം തുറന്നുകൊണ്ട് ജോയ് ആലുക്കാസ് കേരളത്തിലെ ജൂവലറി വിപണിയിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചു.

തുടക്കം മുതൽ പ്രൊഫഷണലിസം കൊണ്ടുവരാനും കൂടുതൽ ഷോറൂമുകളുടെ ശൃംഖല തീർക്കാനും ജോയ് ആലുക്കാസ് പ്രത്യേകം ശ്രദ്ധിച്ചു. അതിനാൽത്തന്നെ, മറ്റുള്ളവരുടെ ജൂവലറി ശൃംഖലകളെക്കാൾ ബഹുദൂരം മുന്നേറാൻ ജോയ് ആലുക്കാസിന് കഴിഞ്ഞു. ഉപഭോക്താക്കൾക്ക് ബിൽ നൽകിയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാനും തുടക്കം മുതൽ ജോയ് ആലുക്കാസ് ശ്രദ്ധ ചെലുത്തി. വലിയ ലക്ഷ്യങ്ങൾ മുന്നോട്ടുവച്ചില്ലായിരുന്നെങ്കിൽ താനും തന്റെ പ്രസ്താവനും വളരില്ലായിരുന്നുവെന്നാണ് അദ്ദേഹം തന്നെ പറയുന്നത്.

ക്വാളിറ്റി, ഡിസൈൻ, മികച്ച വാല്യു ഓഫറുകൾ, സൗകര്യങ്ങൾ, കസ്റ്റമർ സർവീസ്, പുതിയ ട്രെൻഡുകൾ എന്നിവ ഒരുക്കുന്നതിൽ ജോയ് ആലുക്കാസ് എന്നും മുന്നേ നടന്നു. ഐ.എസ്.ഒ. 9001, ഐ.എസ്.ഒ. 14001 സർട്ടിഫിക്കേഷനുകൾ നേടുന്ന ആദ്യ റീട്ടെയിൽ ജൂവലറി ശൃംഖലയായി. ചെന്നൈയിൽ ലോകത്തിലെ ഏറ്റവും വലിയ ജൂവലറി ഷോറൂം തുറന്നുകൊണ്ട് 'ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സി'ൽ ഇടം പിടിച്ചു. ഇന്ന് ഇന്ത്യ, ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി 140ലേറെ ഷോറൂമുകളിലെത്തി നിൽക്കുകയാണ് ജോയ് ആലുക്കാസിന്റെ ശൃംഖല.

ജൂവലറി ബിസിനസിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ജോയ് ആലുക്കാസ് സാമ്രാജ്യം. വസ്ത്രം, സ്വർണം, ലൈഫ് സ്‌റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുക്കാനായി 'മാൾ ഓഫ് ജോയ്' എന്ന പേരിൽ അത്യാധുനിക ഷോപ്പിങ് മാളുകളും ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ, കോട്ടയം എന്നീ നഗരങ്ങളിലാരംഭിച്ച മാളുകൾ ഭാവിയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. 'ജോളി സിൽക്‌സി'ലൂടെ വസ്ത്രവിപണിയിലും ജോയ് ആലുക്കാസ് മണി എക്‌സ്ചേഞ്ചിലൂടെ വിദേശനാണ്യ വിനിമയത്തിലും 'ജോയ് ആലുക്കാസ് ലൈഫ്സ്‌റ്റൈൽ ഡെവലപ്പേഴ്സി'ലൂടെ റിയൽ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ വിവിധ സംരംഭങ്ങളിലായി ഏതാണ്ട് 8,000 ജീവനക്കാരുണ്ട്. ആശുപത്രി രംഗത്തും ഇന്ന് അദ്ദേഹം കൈവെച്ചിട്ടുണ്ട്.

നോട്ട് നിരോധനത്തോടെ കേന്ദ്രത്തിന്റെ നോട്ടപ്പുള്ളി, പിന്നാലെ റെയ്ഡുകളും

കള്ളപ്പണം കണ്ടെത്താൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് പിൻവലിക്കൽ നടപടി വിജയകരമായിരുന്നോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് നവംബർ എട്ടിന് ശേഷമുള്ള 48 മണിക്കൂറിൽ വൻതോതിൽ സ്വർണം വിറ്റുപോയത്. ഇത് കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപെടുകയു ചെയ്തു. അതുകൊണ്ട് തന്നെ നോട്ട് പിൻവലിക്കൽ നടപടിക്ക് ശേഷം രാജ്യവ്യാപകമായി ജുവല്ലറികളിൽ പരിശോധന തുടങ്ങിയിയപ്പോൾ ജോയ് ആലുക്കാസും കുടുങ്ങിയിരുന്നു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്‌സൈസ് ഇന്റലിജൻസ് (ഡി.ജി.സി.ഇ.ഐ). ഇങ്ങനെ വ്യാപകമായി പരിശോധന നടത്തിയപ്പോൾ കേരളത്തിന് അകത്തും പുറത്തുമുള്ള ജുവല്ലറികളിൽ വൻതോതിൽ സ്വർണവിൽപ്പന നടന്നുവെന്നും വ്യക്തമായി. ഇങ്ങനെ പരിശോധന നടത്തിയപ്പോഴാണ് ജോയ് ആലുക്കാസിലെ നികുതി വെട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സെൻട്രൽ എക്‌സൈസ് ഇന്റലിജൻസ് ജോയ് ആലുക്കാസിൽ നടത്തിയ പരിശോധനയിൽ സ്വർണ്ണ വിൽപ്പനയ്ക്ക് നിയമാനുസൃതമുള്ള ഒരു ശതമാനം എക്‌സൈസ് ഡ്യൂട്ടി അടച്ചില്ലെന്നാണ് വ്യക്തമായതെന്ന് മാധ്യമ വാർത്തകൾ വന്നു.

5.7 ടൺ സ്വർണം ജുവല്ലറിയിൽ നിന്നും വിറ്റഴിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഏപ്രിൽ മുതൽ നവംബർ മാസങ്ങൾ വരെയുള്ള കാലയളവിലാണ് ഇത്രയും വി്ൽപ്പന നടന്നത്. ഇങ്ങനെ വിറ്റ സ്വർണത്തിന്റെ നൽകേണ്ട എക്‌സൈസ് ഡ്യൂട്ടി നൽകിയില്ലെന്നാണ് കണ്ടെത്തിയതും. ജോയ് ആലുക്കാസിന്റെ 11 ശാഖകളിലും ഫാക്ടറികളിലുമാണ് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥർ പരിശോധന അന്ന് പരിശോധന നടത്തിയത്. ഏതാണ്ട് 16 കോടി രൂപയോളം ജുവല്ലറി ഗ്രൂപ്പ് നികുതി ഇനത്തിൽ സർക്കാറിലേക്ക് അടയ്ക്കാനുണ്ടെന്നും വാർത്തകൾ വന്നു. ഈ തുക അടച്ചാൽ ജുവല്ലറി ഗ്രൂപ്പിനെതിരെ കേസുണ്ടാകില്ലെന്ന നിലയുമുണ്ടായി.

പണം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ജുവല്ലറി ഗ്രൂപ്പിന് ഡി.ജി.സി.ഇ.ഐ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 5854 കിലോഗ്രാം സ്വർണ്ണമാണ് ജോയ് ആലുക്കാസ് വിറ്റഴിച്ചിരുന്നു. ഏതാണ്ട് 1500 കോടി രൂപയുടെ സ്വർണ്ണവിൽപ്പനയാണ് ഇക്കാലയളവിൽ നടന്നിരുന്നത്.

പരസ്യങ്ങൾ നൽകാതെ താൽക്കാലിക പിന്മാറ്റം, വീണ്ടും ബിസിനസ് ഉഷാറാക്കാൻ തുനിഞ്ഞപ്പോൾ ഇൻകംടാക്‌സ് റെയ്ഡ്

മലയാളം മാധ്യമങ്ങളുടെ ഇഷ്ടതോഴനായിരുന്നു ജോയ് ആലുക്കാസ്. എന്നാൽ നോട്ടു നിരോധനത്തിന് ശേഷം മാധ്യമങ്ങളിൽ പരസ്യം നൽകുന്ന നടപടി ജോയ് ആലുക്കാസ് കുറച്ചു. കാര്യമായ പരസ്യങ്ങൾ ചാനലുകളിലും മറ്റും വരാതെ വന്നതോടെ എന്തുപറ്റി മലയാളികളുടെ ഇഷ്ട സ്വർണ്ണ പ്രസ്ഥാനത്തിന് എന്ന ചോദ്യവുമായി. ഇതിനിടെയാണ് വീണ്ടും സജീവമായി കച്ചവട രംഗത്തേക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചുവടുവെച്ചത്.

ആഗോള റീട്ടെയിൽ ജൂവലറി ശ്യംഘലയുടെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കജോളിനെ തിരഞ്ഞെടുത്തുകൊണ്ടായിരുന്നു രണ്ടാം വരന്. ജോയ് ആലുക്കാസ് ബ്രാൻഡ് അംബാസഡറാകാൻ ഏറ്റവും അനുയോജ്യമായ താരമാണ് കജോളെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പ്രഖ്യാപിക്കുകയും ചെയ്തു. കൂടുതൽ ഷോറൂമുകൾ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇൻകം ടാക്‌സ് റെയ്ഡ് ഇവരെ തേടിയെത്തുന്നത്.

കണക്കിൽപെടാത്ത വിധത്തിൽ കോടികൾ സൂക്ഷിച്ചിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ജുവല്ലറി വ്യവസായ രംഗത്തെ അതികായർക്കെതിരെ ഇൻകംടാക്സ് പരിശോധന നടക്കുനന്ത്. ജോയ് ആലുക്കാസിന് കീഴിലുള്ള 130 ജുവല്ലറികളിലാണ് നൂറ് കണക്കിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ മുതൽ പരിശോധന തുടങ്ങിയതോടെ മിക്ക ജുവല്ലറികളിലും ഷട്ടർ അടച്ചിട്ടിരിക്കയാണ്. ജീവനക്കാരെ അകത്ത് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചിട്ടില്ല. പ്രമുഖ ബ്രാൻഡിൽ നടക്കുന്ന ആദായ നികുതി പരിശോധന ദേശീയ മാധ്യമങ്ങളിൽ അടക്കം വാർത്തയാകുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യ, യുഎഇ, യുകെ, യുഎസ് എ, കാനഡ, സിംഗപ്പൂർ, മലേഷ്യ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹറിൻ, കുവൈറ്റ് തുടങ്ങി 12 രാജ്യങ്ങളിലായി 140 ഷോറൂമുകളുള്ള ആഗോള റീട്ടെയിൽ ജൂവലറി ശൃംഖലയാണ് ജോയ് ആലുക്കാസ്. എൻ.ഡി.ടി.വി., സൂപ്പർബ്രാൻഡ്സ്, ടൈംസ് ഗ്രൂപ്പ്, റീട്ടെയിൽ മിഡിൽ ഈസ്റ്റ്, അറേബ്യൻ ബിസിനസ് മാഗസിൻ, ജെം ആൻഡ് ജൂവലറി ട്രേഡ് കൗൺസിൽ, ഹുറൂൺ എന്നിവയുടേതുൾപ്പെടെ ഒട്ടേറെ ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുണ്ട്. 2016-ലെ ഫോബ്സ് സമ്പന്നപ്പട്ടികയനുസരിച്ച് ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ 74-ാം സ്ഥാനമാണ് ജോയ് ആലുക്കാസിന്. ഇങ്ങനെ വിജയം മാത്രം ശീലിച്ച ജോയ് ആലുക്കാസ് വീണ്ടും ശക്തിയോടെ വ്യവസായ രംഗത്ത് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നവർ ഏറെയാണ്. ഇൻകം ടാക്‌സ് റെയ്ഡ് സ്വാഭാവികമാണെന്ന് വിശ്വസിക്കാനാണ് അഭ്യുദയ കാംക്ഷികൾക്ക് താൽപ്പര്യവും.