ചെന്നൈ: സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരു വിലയും കൽപ്പിക്കാതെ ഇരുചക്രവാഹനങ്ങളിൽ ചീറിപ്പായുന്നവർക്കുള്ള മുന്നറിയിപ്പാണ് ചെന്നൈ സ്വദേശി കാർത്തിക്കിന്റെ ഫേസ്‌ബുക് പോസ്റ്റ്. ജനുവരി ആദ്യ ആഴ്ചയിലുണ്ടായ ബൈക്ക് അപകടത്തിൽ കാർത്തിക്കിനു നഷ്ടമായത് ഭാര്യ ഉമയെ മാത്രമല്ല, അവരുടെ വയറ്റിലുണ്ടായിരുന്ന നാലു മാസം പ്രായമുള്ള കുഞ്ഞിനെക്കൂടിയാണ്. തനിക്കുണ്ടായ ഗതി ഇനിയാർക്കും വരരുതെന്ന ആഗ്രത്തിലാണ് ഭാര്യയ്‌ക്കൊപ്പമുള്ള സെൽഫിയോടൊപ്പം കാർത്തിക് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

കാർത്തിക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

എന്റെ ഭാര്യക്കൊപ്പമുള്ള അവസാന സെൽഫിയാണിത്. 2017 എന്ന പുതിയ വർഷത്തെ കുടുംബത്തോടൊപ്പം ഏറെ പ്രതീക്ഷകളോടെയാണ് ഞങ്ങൾ ഇരുവരും സ്വീകരിച്ചത്. എന്നാൽ ദൈവത്തിന്റെ തീരുമാനം മറിച്ചായിരുന്നു. ജനുവരി 7 നു രാവിലെ 6.40ന് അണ്ണാ നഗറിനു സമീപത്തായി നടന്ന ഒരു അപകടത്തിൽ ഭാര്യ ഉമയ്ക്ക് ഗുരുതരമായി പരുക്കേറ്റു. എന്റെ കൂടെ ബൈക്കിനു പിന്നിൽ ഇരുന്നു യാത്ര ചെയ്യുകയായിരുന്നു അവൾ. ഉടൻ തന്നെ തൊട്ടടുത്തുള്ള സുന്ദരം ആശുപത്രിയിൽ അവളെ പ്രവേശിപ്പിച്ചു. സിടി സ്‌കാനിങ് നടത്തിയ ശേഷം, തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ട് എന്നും വിദഗ്ധ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റണം എന്നും നിർദ്ദേശം ലഭിച്ചു.

പറഞ്ഞ പ്രകാരം, അപ്പോളോ ആശുപത്രിയിൽ എത്തിയ ഞങ്ങളോട് ഉമയുടെ തലയോട്ടി തുറന്നു ബ്ലോക്ക് ഉള്ളഭാഗം നീക്കം ചെയ്ത ചികിത്സ തുടരുന്നതിന് കുറിച്ചാണ് ഡോക്ടർമാർ പറഞ്ഞത്. വളരെ ശ്രമകരവും വിജയസാധ്യത കുറഞ്ഞതുമായ ശസ്ത്രക്രിയയാണ് അതെന്നും ഡോക്ടർമാർ പറഞ്ഞു. കാരണം, ഉമയുടെ തലച്ചോറിന്റെ ഇടതുഭാഗം ഒട്ടും തന്നെ പ്രവർത്തനക്ഷമമായിരുന്നില്ല. ആ സമയത്ത് ഉമ 4 മാസവും 23 ദിവസവും ഗർഭിണിയായിരുന്നു എന്ന് കൂടി ഓർക്കണം.

അപകടത്തെ തുടർന്ന് ഉമക്ക് പരിക്കേറ്റുവെങ്കിലും, കുഞ്ഞിന് പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. തുടർ ചികിത്സകൾക്കിടയിൽ അമ്മയും കുഞ്ഞും ജീവന് വേണ്ടി മല്ലടിച്ച് കൊണ്ടിരുന്നു. ആ പോരാട്ടം 5 ദിവസം നീണ്ടു നിന്നു. ജനുവരി 12ന് ഉച്ചക്ക് 3.30 ആയപ്പോൾ ഞങ്ങളുടെ കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു. മരണപ്പെട്ട കുഞ്ഞു വയറ്റിൽ തുടരുന്നത് അമ്മയുടെ ശരീരത്തെ വിഷമയമാക്കും എന്നതിനാൽ, കുഞ്ഞിനെ ഒരു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഞങ്ങളുടെ ആദ്യകുഞ്ഞ്, ആൺകുഞ്ഞായിരുന്നു. കാത്തിരുന്നു കിട്ടിയ കൺമണിയെ 4 മാസം ഗർഭാവസ്ഥയിൽ മൃതശരീരമായി കാണുക എന്നത് ഒരച്ഛനും സഹിക്കാനാവാത്ത കാര്യമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നാലും, ഞാൻ ഉമയ്ക്ക് വേണ്ടി പിടിച്ചു നിന്നു.

ഉമയുടെ അവസ്ഥയും മോശമായി വരികയായിരുന്നു. തലച്ചറിന്റെ ഒരു ഭാഗത്ത് ശക്തമായ നീർക്കെട്ടുണ്ടായി, തലച്ചോർ പ്രതികരിക്കാതെയായി. ആ അവസ്ഥയിൽ ഡോക്ടർമാർ അവയവദാനത്തെക്കുറിച്ച് സംസാരിച്ചു. ഞാനും ഉമയും അവയവദാനം ചെയ്യണം എന്നും അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഏറെ ആഗ്രഹിച്ചതായിരുന്നു.. അതിനാൽ തന്നെ ഡോക്ടർമാർ ഇക്കാര്യം പറഞ്ഞപ്പോൾ എനിക്കും ഉമയുടെ വീട്ടുകാർക്കും മറുത്ത് ചിന്തിക്കേണ്ടി വന്നില്ല.

വെന്റിലേറ്ററിൽ കഴിയുന്ന ഉമയ്ക്ക് അവയവദാനത്തിലൂടെ ഏഴോ എട്ടോ പേരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയും എന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ഞങ്ങൾ അതിൽ ആശ്വസം കണ്ടെത്താൻ ശ്രമിച്ചു. അവയവദാനത്തിനുള്ള നടപടികൾ സ്വീകരിച്ചു, എന്നാൽ അപ്പോഴേക്കും ഉമയുടെ നില വളരെ മോശമായി കഴിഞ്ഞിരുന്നു. അവളുടെ പൾസ് കുറഞ്ഞു, ഹീമോഗ്ലോബിൻ അളവ് വളരെ താഴ്ന്നു. അവയവദാനം നടക്കുന്നതുവരെ അവളെ പിടിച്ചു നിർത്താൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചു. എന്നാൽ ജനുവരി 13ന് രാവിലെ 6 മണിക്ക് അവൾ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി.

എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാകുന്ന നിമിഷമായിരുന്നു അത്. 2007 ഓഗസ്റ്റ് 23 മുതൽ ഞാൻ അവളെ സ്‌നേഹിക്കുന്നു, 9 വർഷത്തിനിപ്പുറം 2016 ഓഗസ്റ്റ് 21 ന് ഞങ്ങൾ വിവാഹത്തിലൂടെ ഒന്നായി, കേവലം 5 മാസത്തെ ദാമ്പത്യത്തിനൊടുവിൽ അവളെ നഷ്ടമാകുകയും ചെയ്തിരിക്കുന്നു. ഒരു വ്യക്തി പൂർണമായും ഇല്ലാതാകാൻ ഇതിനപ്പുറം എന്ത് വേണം? ഞാൻ ഇനിയുള്ള ജീവിതം എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിക്കാതെയാണ് ദൈവം ഈ ക്രൂരത എന്നോട് കാണിച്ചതെന്ന് എനിക്ക് തോന്നും. ഈ വിഷമത്തിനിടയിലും, അവൾക്ക് പ്രിയപ്പെട്ട എല്ലാവരെയും വിളിച്ചു വരുത്തി ഞാൻ അന്ന് വൈകിട്ട് 5.30 ന് അവളെ അവസാനയാത്രയാക്കി.

താൻ ഈ ഫേസ്‌ബുക് പോസ്റ്റ് ഇടാനുള്ള കാരണവും കാർത്തിക് വ്യക്തമാക്കുന്നു.
ഇരുചക്ര വാഹനത്തിലെ അശ്രദ്ധമായ യാത്രയാണ് എനിക്ക് ഉമയെ നഷ്ടപ്പെടുത്തിയത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ, നിരത്തിൽ വാഹനം ഓടിക്കാവൂ എന്ന് നാം മനസിലാക്കണം. അപകടം നടക്കുമ്പോൾ ഞാൻ ഹെൽമറ്റ് ധരിച്ചിരുന്നു, എന്നാൽ എന്റെ പിന്നിൽ ഇരിക്കുന്ന ഭാര്യക്ക് ഒരു ഹെൽമറ്റ് വാങ്ങി നൽകാൻ എനിക്കായില്ല. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഇരു യാത്രക്കാരും ഹെൽമറ്റ് ധരിക്കുക എന്നത് അഭികാമ്യമാണ് എന്നും നാം മനസിലാക്കണം.

ദൈവം ഒരാളെ തിരിച്ചു വിളിക്കാൻ ഉറപ്പിച്ചിട്ടുണ്ട് എങ്കിൽ ആയിരക്കണക്കിന് ആളുകൾ പ്രാർത്ഥിച്ചാലും ഫലം മറിച്ച് ആകില്ല, ഉമയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അതിനാൽ വാഹനവുമായി റോഡിലേക്ക് ഇറങ്ങുമ്പോൾ സുരക്ഷാ ഉറപ്പു വരുത്തുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക'' കാർത്തിക്കിന്റെ പോസ്റ്റ് അവസാനിക്കുന്നിടത്ത് ഒരു ജന്മത്തിന്റെ മുഴുവൻ വേദനയും നമ്മുടെ ഓരോരുത്തരുടെയും ജീവനെ കരുതിയുള്ള കരുതലും ഉണ്ട്.