ലണ്ടൻ: അര നൂറ്റാണ്ട് മുൻപ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ എത്തിയ മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധിയും ഡോ. മന്മോഹൻ സിങ്ങും ഒക്കെ സർവ്വകലാശാലയെ പോലെ തന്നെ പേരെടുത്തവരായി മാറിയത് ചരിത്രം. എന്നാൽ അവർ പഠിക്കാൻ എത്തുമ്പോൾ ഈ ക്യാമ്പസ് ഏറെക്കുറെ പൂർണമായും വെള്ളക്കാരായ വിദ്യാർത്ഥികളുടെ ആധിപത്യ കേന്ദ്രം കൂടിയായിരുന്നു. അന്ന് ഒരു പക്ഷെ രാജീവും മന്മോഹനും ഒക്കെ അത്ഭുതത്തോടെ നോക്കിയിരിക്കാൻ ഇടയുള്ള യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് യൂണിയൻ വൈസ് പ്രസിഡന്റ് സ്ഥാനം കൈപ്പിടിയിലൊതുക്കി മലയാളിയായ നികിത ഹരി ലോകവും കേംബ്രിഡ്ജും ഒക്കെ ഏറെ മാറിയിരിക്കുന്നു എന്ന് തെളിയിക്കുകയാണ്.

ലോകത്തിനൊപ്പം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്കും ഏറെ മാറ്റങ്ങൾ സംഭവിച്ചു എന്ന് കൂടിയാണ് നികിതയുടെ നേട്ടം വെളിപ്പെടുത്തുന്നത്. സ്വാഭാവികമായും വിദ്യാർത്ഥികളുടെ മനോനിലയും വംശീയ ആധിപത്യവും ഒക്കെ മാറിമറിഞ്ഞുവെന്നു പ്രത്യക്ഷ തെളിവോടെ സ്ഥിരീകരിക്കുകയാണ് ഇപ്പോൾ കേംബ്രിഡ്ജിലെ ഏറ്റവും താരപരിവേഷമുള്ള വിദ്യാർത്ഥിനിയായ വാടകരക്കാരി നികിത ഹരി. ഇക്കാര്യം നികിത തന്നെയാണ് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയിരിക്കുന്നതും. നാട്ടിലെ പോലെ തന്നെ ഏറെ പ്രസ്റ്റീജ് ഉള്ള ഈ പദവിയിലേക്ക് ഏകകണ്ഠമായ തെരഞ്ഞെടുപ്പിലാണ് നികിത വിജയിച്ചെത്തിയിരിക്കുന്നതു എന്നതും നേട്ടത്തിന്റെ മാറ്റുകൂട്ടുകയാണ്.

യുകെയിലെ യൂണിവേഴ്‌സിറ്റികളിൽ ഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന ഏക സർവകലാശാല യൂണിയൻ കൂടിയാണ് കേംബ്രിഡ്ജിലേത്. ജോലി സാമൂഹിക സേവനമാണെങ്കിലും നികിതയുടെ പദവിക്ക് വാർഷിക ശമ്പളം 21000 പൗണ്ട് (19 ലക്ഷം) ആണെന്നതും പ്രത്യേകതയാണ്. വൈസ് ചാൻസലർ അടക്കമുള്ള യൂണിവേഴ്‌സിറ്റി അധികാരികളുമായി നേരിട്ട് സംവദിക്കേണ്ട ഉത്തരവാദിത്തമാണ് ഇനി നികിതയുടെ റോളിൽ യുകെ മലയാളികൾക്കു കാണാൻ കഴിയുക. യൂണിവേഴ്‌സിറ്റിയുടെ നയങ്ങളിൽ വിദ്യാർത്ഥികൾക്ക് ദോഷകരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരിഹാരം തേടുക എന്നതും നികിതയുടെ ഉത്തരവാദിത്തമാണ്. ഈ പദവിയിൽ മുൻപ് ഇന്ത്യക്കാർ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പില്ലെങ്കിലും ആദ്യമായി എത്തുന്ന മലയാളിയും നികിത തന്നെ ആയിരിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്.

അഞ്ചു വർഷം മുൻപ് അരക്കോടിയുടെ ഫെല്ലോഷിപ്പ് നേടി ഗവേഷകയാകാൻ എത്തിയതുമുതൽ നികിത വാർത്തകളിലുണ്ട്. ബ്രിട്ടീഷ് മലയാളിയിൽ തന്നെ ഒരു ഡസനോളം വാർത്തകളാണ് നികിതയെ കുറിച്ച് ഇതിനകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രതിഭകളെ എവിടെയും മാറ്റി നിർത്താൻ കഴിയില്ലെന്ന് കൂടി ലോകത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചാണ് നികിത ഓരോ വട്ടവും വാർത്തകളിൽ നിറയുന്നത് എന്നതും പ്രധാനമാണ്.

റിന്യൂവബിൾ എനെർജിയെ കുറിച്ചുള്ള ഗവേഷണത്തിനായി ബ്രിട്ടനിൽ എത്തിയ നികിത കഴിഞ്ഞ വർഷം രാജ്യത്തെ പ്രമുഖ വനിതാ എൻജിനീയർ പട്ടികയിൽ ഇടം പിടിക്കുകയും ഫോബ്‌സ് മാഗസിന്റെ 30 വയസിൽ താഴെയുള്ള പ്രതിഭകളുടെ പട്ടിക തയ്യാറാക്കുന്നതിലേക്കു പരിഗണിക്കുകയും ഒക്കെ ചെയ്തതോടെ അമേരിക്കയുടെയും നോട്ടപ്പുള്ളി ആയി മാറിയിരുന്നു. ഏറെക്കാലമായി തന്റെ തട്ടകം അമേരിക്കയാക്കണോ ബ്രിട്ടനിൽ തന്നെ തുടരണോ എന്ന ആശങ്കയും നികിതയ്ക്കുണ്ട്. കാരണം, അത്രയും മോഹന സുന്ദര വാഗ്ദാനമാണ് അമേരിക്ക നൽകുന്നത്. എന്തായാലും തൽക്കാലം ബ്രിട്ടൻ വിടാൻ ഒരുക്കമല്ല എന്നതാണ് കേംബ്രിഡ്ജിലെ പുതിയ പദവി ഏറ്റെടുക്കുന്നതിലൂടെ നികിത തെളിയിക്കുന്നതും.

ഏറെ ഉത്തരവാദിത്തം ഉള്ള ജോലി കൂടിയാണ് ഇപ്പോൾ നികിതയുടെ കൈകളിൽ എത്തിയിരിക്കുന്നത്. സ്വാഭാവികമായും ഏതു യൂണിവേഴ്‌സിറ്റിയിലും എന്നത് പോലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശനങ്ങൾക്കു പരിഹാരം കണ്ടെത്തുക തന്നെയാണ് കേംബ്രിഡ്ജ് ഗ്രാജുവേറ്റ് യൂണിയന്റെയും ചുമതല. പൊതുവിൽ ആൺപട കയ്യടക്കുന്ന യൂണിവേഴ്‌സിറ്റി യൂണിയനിൽ നികിതയുടെ കടന്നു വരവ് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ഇത്തവണ യൂണിയന്റെ എട്ടു അംഗ പാനലിൽ അഞ്ചു പേരും വനിതകൾ ആണെന്നതും ശ്രദ്ധേയമാണ്. കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമുള്ള പദവിയിൽ മലയാളി യുവതി എത്തിയതോടെ കേംബ്രിഡ്ജിൽ പഠനത്തിനും ഗവേഷണത്തിനും എത്തുന്ന മലയാളി വിദ്യാർത്ഥികൾ നേരിടുന്ന നൂറു കണക്കിന് പ്രശനങ്ങളിൽ ഒരു കൈതാങ്ങായി മാറാൻ നികിത കൂടെയുണ്ടാകും എന്നുറപ്പാണ്.

കാരണം അഞ്ചു വർഷം മുൻപ് താൻ നേരിട്ട പ്രശ്ങ്ങൾ തന്നെയാകും ഓരോ വിദ്യാർത്ഥിക്കും നേരിടേണ്ടി വരിക എന്നറിയാവുന്നതിനാൽ അതിനുള്ള പരിഹാരവും നികിതയുടെ കൈയിലുണ്ടാകും. ഇന്ത്യയിൽ നിന്നും കേംബ്രിഡ്ജിൽ എത്തുന്ന പെൺകുട്ടികൾ ഏറെ മാനസിക സമ്മർദ്ദത്തിലൂടെ കടന്നു പോകേണ്ടി വരാറുണ്ട് എന്നാണ് സ്വന്തം അനുഭവത്തിലൂടെ നികിതയ്ക്കും പറയാനുണ്ടാവുക. അതിനാൽ, ഓരോ ഇന്ത്യൻ വിദ്യാർത്ഥിക്കും ധൈര്യമായി നികിതയെ കാണാൻ എത്താം, അവിടെ സംരക്ഷകയുടെ റോളിൽ ആയിരിക്കും ഈ മലയാളി പെൺകുട്ടിയുടെ പുഞ്ചിരി കാത്തിരിക്കുന്നത്.

പഠനത്തിനൊപ്പം ഏതു രംഗത്തും കൈവയ്ക്കാൻ താൻ മടിക്കില്ല എന്നതിന്റെ തെളിവ് കൂടിയാണ് യൂണിയൻ ഭാരവാഹിത്വം ഏറ്റെടുക്കാൻ ഉള്ള തന്റേടം തെളിയിക്കുന്നത്. ഏറെ ഉത്തരവാദിത്തം നിറഞ്ഞ ഗവേഷണം കൊണ്ട് നടക്കാൻ ഊണും ഉറക്കവും ഉപേക്ഷിച്ചു ശ്രമം നടത്തുന്ന നികിത ഇതിനിടയിൽ കോഴിക്കോട് സഹോദരനുമായി ചേർന്ന് സ്വന്തമായി ഒരു സ്റ്റാർട്ട് അപ്പ് ബിസിനസും ആരംഭിച്ചിട്ടുണ്ട്. ഇതിനെല്ലാം ഒപ്പം സാമൂഹ്യ നന്മ ലക്ഷ്യമിട്ടു കൂടെയുള്ള വിദ്യാർത്ഥികൾക്ക് ഒരു കൈ സഹായമാകാൻ യൂണിയൻ നേതൃത്വത്തിലേക്കു കടന്നു വരുമ്പോൾ ജോലിയും കുടുംബവുമായി നട്ടം തിരിയുന്നു എന്ന് പരാതിപ്പെടുന്ന യുകെയിലെ മലയാളി വീട്ടമ്മമാർക്കും പ്രചോദനമായി മാറുകയാണ് ഈ 32 കാരി വനിത. ഉള്ള സമയം കൊണ്ട് സാമൂഹ്യ പ്രതിബദ്ധത നിറവേറ്റാൻ കൂടി നാം ബാധ്യസ്ഥരാണ് എന്നതാണ് നികിത തന്റെ പദവിയിലൂടെ തെളിയിക്കുന്നതും. ഒരു പക്ഷെ ആൺ മേൽക്കോയ്മയോടുള്ള പോരാട്ടം കൂടിയായി ഈ പദവിയെ വിലയിരുത്താം.

''ബ്രിട്ടനിൽ ഗവേഷണം നടത്തുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ചും സാംസ്‌കാരികവും വംശീയവുമായ ഒട്ടേറെ പ്രതിബന്ധങ്ങൾ മുന്നിൽ ഉള്ളപ്പോൾ. ആരും സഹായത്തിനില്ലാതെ വിഷമിക്കുന്ന ഒട്ടേറെ അവസരങ്ങളെ നേരിടേണ്ടി വന്നേക്കാം. ഇതെല്ലം ഓരോ വിദ്യാർത്ഥിയും അഭിമുഖീകരിക്കേണ്ട സത്യങ്ങളാണ്. ഞാൻ കടന്നു പോയതും ഈ വഴികളിലൂടെയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് കൂടിയാണ് ഗവേഷണത്തിൽ ഏറെ കാര്യങ്ങൾ ചെയ്യാൻ ഉണ്ടായിട്ടും ഏറെ വെല്ലുവിളിയും ഉത്തരവാദിത്തവും ഉള്ള ഈ പദവി ഏറ്റെടുക്കാൻ തയാറായത്. യൂണിയൻ ഭാരവാഹി എന്ന നിലയിൽ മുന്നിൽ എത്തുന്ന പ്രശ്ങ്ങൾ കേൾക്കുമ്പോൾ നമുക്ക് നിസ്സാരമായി തോന്നാം. എന്നാൽ അത് നേരിടുന്ന ആളെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റൊരു പ്രശനം വേറെ കാണില്ല. പുതിയ പദവിയിൽ എത്തുമ്പോൾ താൻ ചിന്തിക്കുന്നത് ഇപ്രകാരമാണ് '' -തന്റെ പുതിയ റോളിനോടുള്ള നികിതയുടെ സമീപനം ഇതാണ്. താൻ വെറും ഒരു അക്കാഡമിക് സ്‌കോളർ മാത്രമല്ല, മനസ്സിൽ നന്മയുള്ള ഒരു തനി നാട്ടിൻപുറത്തുകാരി കൂടിയാണ് എന്നാണ് ഈ വാക്കുകളിലൂടെ നികിത വരച്ചു കാട്ടുന്നതും.