ഓട്ടിസം ബാധിച്ച വിദ്യാർത്ഥിനിയാണ് പൂജ. കഴിഞ്ഞ അഞ്ചുവർഷമായി ഈ കുഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതാകട്ടെ കല്ലും മുള്ളും പാമ്പും പഴുതാരയുമെല്ലാം ഉള്ള ഒരു ദുരിതവഴി താണ്ടിയാണ്. കുത്തനെയുള്ള കയറ്റംകയറിയുള്ള യാത്രയ്ക്കിടെ കുഞ്ഞ് വീണ് പലപ്പോഴും പരിക്കുപറ്റുകയും ചെയ്തു. സ്‌കൂളിൽ പോകാൻ വാഹന സൗകര്യമില്ലാത്ത ഇടുങ്ങിയ വഴി ഒന്ന് ടാർ ചെയ്ത് തരണമെന്ന് പറഞ്ഞ് പൂജയുടെ അമ്മ നിവേദനം നൽകാൻ ഇനിയൊരിടവും ബാക്കിയില്ല. തങ്ങൾക്ക് സന്മനസ്സുള്ള ആരെങ്കിലും സഹായത്തിന് ഉണ്ടാവുമോ എന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ട്പുറം മച്ചിൽപറമ്പ് രേഖ.

രേഖയുടെ മകൾ പൂജ നിലവിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടി സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. വർഷങ്ങൾക്ക് മുമ്പേ ഭർത്താവ് ഉപേക്ഷിച്ച് പോയ രേഖ ടെക്സ്‌റ്റൈൽസ് ഷോപ്പിൽ ജോലിക്ക് പോയിട്ടായിരുന്നു കുടുംബം പോറ്റിയിരുന്നത്. എന്നാൽ പൂജയെ സ്‌കൂളിൽ ചേർത്തതിന് ശേഷം സ്‌കൂളിൽ കൊണ്ടുപോകാനും തിരികെ കൊണ്ടുവരാനും കൂടെ പോയേ പറ്റൂ. അതിനാൽ രേഖക്ക് ഇപ്പോൾ ജോലിക്ക് പോകാനും കഴിയില്ല.