തിരുവനന്തപുരം: ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന സിനിമയിൽ സംഘഗാനം ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് എന്ന് ബിന്ദു കൃഷ്ണയുടെ കഥാപാത്രം പറയുന്നത് മലയാളികളെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ ചിരിക്കാൻ വരട്ടേ, ഇങ്ങനെ 'സംഘഗാനം' ഒറ്റയ്ക്ക് പാടുന്ന ഒരു ഗായികയെ പരിചയപ്പെടാം.. വാദ്യോപകരണങ്ങൾ ഒന്നുമില്ലാതെ വായും കൈയും ഉപയോഗിച്ച് പാശ്ചാത്തല സംഗീതമൊരുക്കി സൗമ്യ സനാതനനാണ് ശ്രദ്ധ നേടുന്നത്. വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ താളമിട്ട് പാട്ടുപാടുന്ന അക്കാപെല്ല ശൈലിയിലാണ് സൗമ്യ സനാതനൻ പാട്ടുപാടിയിരിക്കുന്നത്. സൗമ്യയുടെ പുതിയ ഗാനം ഇതിനോടകം തന്നെ യുട്യൂബിൽ ഹിറ്റായികഴിഞ്ഞു.

പശ്ചാത്തല സംഗീതം വായ്ത്താളത്തിലും കൈകൊണ്ടും ഒരുക്കുന്നതിനൊപ്പം തന്നെ മനോഹമായ ശബ്ദത്തിലാണ് സൗമ്യയുടെ പുതിയ ഗാനം. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ തുമ്പപ്പൂ..കാട്ടിൽ... എന്നു തുടങ്ങുന്ന ഗാനമാണ് സംഗീത ഉപകരണങ്ങളുടെ സഹായമില്ലാതെ സൗമ്യ നിർമ്മിച്ചിരിക്കുന്നത്. ഒറിജിനലായി ജയചന്ദ്രനും ചിത്രയും ചേർന്നാണ് ഈ ഗാനം യുഗ്മഗാനം ആലപിച്ചിരിക്കുന്നത്. ഒരുവർഷത്തോളമെടുത്താണ് സൗമ്യ ഈ അക്കാപ്പെല്ല ഗാനം ഒരുക്കിയിരിക്കുന്നത്. ശബ്ദവും ദൃശ്യവും ഒരുപോലെ ഒരുക്കുക എന്നത് വളരെ ശ്രമകരമായിരുന്നുവെന്നാണ് തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ പറയുന്നത്.

ഓരോ ഇൻസ്ട്രുമെന്റിന്റെയും സൗണ്ട് ഉണ്ടാക്കാൻ ശ്രമിച്ച് തൊണ്ടവേദനയുണ്ടായ സാഹചര്യം പോലുമുണ്ടായി. ഓരോ വാദ്യോപകരണങ്ങളുടെയും സൗണ്ട് ഉണ്ടാക്കാൻ വേണ്ടി ദിവസങ്ങളോളം ചിലവഴിച്ചു. ഒടുവിൽ മ്യൂസിക്ക് എല്ലാം ഒരുമിച്ച ശേഷം ഗാനം ആലപിച്ച് അത് കൂടി ഒരുമിപ്പിക്കുകയാണ് ഉണ്ടായതെന്ന് സൗമ്യ പറയുന്നു.

ലോകത്തൊട്ടാകെ അക്കാപ്പെല്ലാ പാട്ടുകൾ പരീക്ഷിക്കുന്നവരുണ്ട്. മലയാളത്തിൽ നേരത്തെ ഗായകൻ വിധുപ്രതാപിന്റെ നേതൃത്വത്തിൽ നങ്ങേലി എന്ന അക്കാപ്പെല്ലാ ആൽബം ഇറങ്ങിയിരുന്നു. ഇത് ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിന്‌ശേഷമാണ് മറ്റൊരു അക്കാപ്പെല്ല ഗാനവുമായി സൗമ്യയും രംഗത്തെത്തിയത്. സൗദി അറേബ്യൻ യുവ സംഗീത സംവിധായകൻ അലാ വാർദ്ധിയാണ് പൂർണ്ണമായും വായ്‌കൊണ്ട് സംഗീതം ഒരുക്കി ലോകപ്രശസ്തനായത്. സോഷ്യൽ മീഡിയയിൽ വൻഹിറ്റായതിന് ശേഷമാണ് കൂടുതൽ ഗായകർ ഈ ശൈലി പിന്തുടർന്ന് രംഗത്തെത്തിയത്.

പിന്നണി ഗായിക കൂടിായ സൗമ്യ സനാതനൻ ഒരുക്കിയ ഓണപ്പാട്ടുകളും ശ്രദ്ധേയമായിരുന്നു. സായ്്‌വർ തിരുമേനി. ചതുരംഗം, വസന്തത്തിന്റെ കനൽവഴികളിൽ എന്നീ സിനിമകളിൽ പാടിയിട്ടുണ്ട്. കേരള സർവകലാശാലയിൽ നിന്നും സംഗീതത്തിൽ പിഎച്ച്ഡി ചെയ്യുകയാണ് സൗമ്യ സനാതനൻ. ആകാശവാണിയിക്ക് വേണ്ടിയുള്ള ലളിതഗാനം കംപോസ് ചെയ്യുകയാണ് സൗമ്യയിപ്പോൾ