കണ്ണൂർ: ആന്തൂർ എന്നും കണി കണ്ടുണരുന്നത് നഗരസഭാ വൈസ് ചെയർമാൻ കെ.ഷാജുവിനെയാണ്. തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പറായാൽ ജോലിയൊന്നും ചെയ്യാതെ 'ജനസേവനത്തിന്റെ' പേരിൽ കറങ്ങി നടക്കുന്നവർക്ക് മാതൃകയാണ് ഷാജു. മുടക്കമില്ലാതെ എന്നും പുലർച്ചേ നാല് മണിക്ക് കർമ്മനിരതനാകുന്നു. കുടുംബത്തെ പോറ്റാനുള്ള വഴി തേടുന്നത് പാൽ വിതരണത്തിലൂടെ.

സൈക്കിളിൽ പാൽ പാത്രവുമായി പുലർച്ചേ ക്ഷീര സഹകരണ സംഘത്തിലേക്ക്. അവിടുന്ന് പാൽ ശേഖരിച്ച ശേഷം വിതരണത്തിനായി തെരുവുകൾ തോറും നീങ്ങുന്നു. വിതരണത്തിനിടെ നാട്ടുകാരോട് കുശലം പറച്ചിലും ക്ഷേമാന്വേഷണവും. വീണ്ടും അടുത്ത കേന്ദ്രങ്ങളിലേക്ക്. പാൽ വിതരണം കഴിഞ്ഞ് വീട്ടിലെത്തി തിരിക്കുന്നത് നഗരസഭാ വൈസ് ചെയർമാനായി. നഗരസഭയുടെ വികസന കാര്യങ്ങളും ധനകാര്യ വിനിയോഗവുമെല്ലാം പരിശോധിക്കലാണ് പിന്നെ ഷാജുവിന്റെ റോൾ.

ആന്തൂർ എന്ന് കേട്ടാൽ കണ്ണൂരുകാർ തന്നെ ഞെട്ടും. സിപിഐ.(എം) ന്റെ സമ്പൂർണ്ണപാർട്ടി ഗ്രാമം. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 28 വാർഡുകളിലും എൽ.ഡി.എഫ് ജയിച്ചു കയറി. അതിൽ 27 ഉം സിപിഐ.(എം) അംഗങ്ങൾ. ഒരാൾ സിപിഐ.യും. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ യു.ഡി.എഫുകാർ പോർക്കളം വിട്ട് ഇറങ്ങിയ സ്ഥലം. അതുകൊണ്ടു തന്നെ ആന്തൂർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു.

അത്തരം ഒരു സ്ഥലത്താണ് ഷാജുവിന്റെ നന്മകൾ പച്ച പിടിക്കുന്നത്. പാൽ വിതരണം വഴി ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഷാജു കുടുംബം പുലർത്തുന്നത്. നഗരസഭയിൽ നിന്നും ലഭിക്കുന്ന കഴിഞ്ഞ ഒരു വർഷത്തെ വേതനം കുട്ടികൾക്കായുള്ള ഒരു പാർക്ക് നിർമ്മിക്കാനായിരുന്നു ഷാജു വിനിയോഗിച്ചത്. ആന്തൂർ നഗരസഭാ പരിധിയിലെ സുൽത്താൻ റോഡരികിലുള്ള പാർക്ക് തന്നെ ഇതിന് സാക്ഷ്യം വഹിക്കുന്നു.

ഷാജുവിന്റെ നേതൃത്വത്തിൽ പാർക്ക് നിർമ്മിക്കാൻ ഒരുങ്ങിയപ്പോൾ നാട്ടുകാരും പാർട്ടി പ്രവർത്തകരും സജീവ പിൻതുണ നൽകി. അടുത്ത കാലം വരെ മാലിന്യം തള്ളുന്ന കേന്ദ്രമായിരുന്നു അത്. ഷാജുവിന്റെ ഭാവനയിൽ ഉണർന്ന പാർക്ക് എന്ന ആശയം പൂർത്തീകരിക്കാൻ ബക്കളത്തെ കണ്ണൻ ഗുരുക്കൾ സ്മാരക വായനശാലാ പ്രവർത്തകരും റെഡ് സ്റ്റാർ ക്ലബ് ഭാരവാഹികളും രംഗത്തിറങ്ങി. മാലിന്യങ്ങൾ നീക്കി. അതോടെ സഹായിക്കാനെത്തിയത് ദേശത്തേയും പുറത്തേയും പ്രതിഭകൾ.

കുറ്റിക്കോൽ സ്വദേശി എം. പി. ചന്ദ്രൻ പാർക്കിന് രൂപ കല്പന നൽകി. നാട്ടിലെ പൊലീസുകാരനും ചിത്രകാരനുമായ രാധാകൃഷ്ണൻ ചുവർ ചിത്രങ്ങൾ ഒരുക്കി. ശില്പി ശ്രീജിത്ത് പ്രതിമകൾ നിർമ്മിച്ചു. പിന്നെ പൂന്തോട്ട നിർമ്മാണമായിരുന്നു. എല്ലാം ഒരുങ്ങിയപ്പോൾ ദിവസേന ചെടികൾക്ക് വെള്ളമൊഴിക്കാൻ രമേശനും മറ്റും റെഡി. മാലിന്യ കേന്ദ്രം പാർക്കായപ്പോൾ കളിക്കാനും ഉല്ലസിക്കാനും കുട്ടികളുമെത്തി.

അടുത്ത പദ്ധതിക്ക് രൂപ കല്പന നടത്തുകയാണ് വൈസ് ചെയർമാൻ ഷാജു. വയോധികർക്കായുള്ള നടപ്പാതയും ഇരിപ്പിടവുമാണ് ആരംഭിക്കാൻ പോകുന്നത്. 75 ലക്ഷം രൂപ ചെലവിൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഈ പദ്ധതി പൂർത്തീകരിക്കാനുള്ള ഓട്ടത്തിലാണ് ഷാജു. അതോടൊപ്പം തന്റെ വാർഡു മുഴുവൻ പൂന്തോട്ട വാർഡായി മാറ്റാനുള്ള ഒരുക്കത്തിലാണ്. പലർച്ചേ നാലിനാരംഭിക്കുന്ന  പാൽ വിതരണം രാവിലെ 9 മണിയോടെ പൂർത്തീകരിക്കും.

അതിനുശേഷമാണ് നഗരസഭയുടെ പ്രവർത്തനത്തിനിറങ്ങുക. ജനങ്ങളിൽ നിന്നും വികസന നിർദ്ദേശങ്ങൾ കേൾക്കും. പിന്നെ അതിനുള്ള പുറപ്പാടാണ്. സാമ്പത്തിക പരാധീനത കാരണം പ്രീഡിഗ്രി പഠനം മുടങ്ങിപ്പോയ ഷാജു പ്ലസ് ടു വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകാനുള്ള തുകയും സ്വന്തം വരുമാനത്തിൽ നിന്ന് നീക്കി വയ്ക്കുന്നു. സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയായ ഭാര്യ സുമയും രണ്ട് മക്കളും പിൻതുണയുമായി ഷാജുവിനൊപ്പമുണ്ട്.