കാസർഗോഡ്: ഒരു ട്രാൻസ് ജെൻഡറിന്റെ വിജയകുതിപ്പും അവർ അനുഭവിച്ച യാതനയും ചലച്ചിത്രമാക്കുന്നു. ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട കാസർഗോഡ് സ്വദേശി തൃപ്തി ഷെട്ടിയുടെ ജീവിതകഥയാണ് ചലച്ചിത്രമാകുന്നത്. തൃപ്തി ഷെട്ടിയുടെ അത്യപൂർവ്വമായ ജീവിതവും വളർച്ചയും പ്രതിപാതിക്കുന്ന ചിത്രത്തിന് ഫെഡറൽ ബാങ്ക് ജീവനക്കാരനായ അനുശീലനാണ് കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ഈ വർഷം ഒടുവിൽ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കേരള കർണ്ണാടക അതിർത്തി ഗ്രാമമായ മഞ്ചേശ്വരത്തെ സതീഷ് കുമാറിന്റേയും ധനലക്ഷ്മിയുടേയും മകനായ കിരണാണ് തൃപ്തിയായി മാറിയത്.

ഹൈസ്‌ക്കൂളിൽ എട്ടാം ക്ലാസ് പഠനം തുടരവേ കളിക്കളത്തിൽ വെച്ച് വീണ് കിരണിന് ഗുരുതരമായി പരിക്കേറ്റു. പിന്നീട് മാസങ്ങളോളം കിടക്കപായിൽ കഴിയേണ്ടി വന്നു. അതേ സ്‌ക്കൂളിൽ പഠനം തുടരാൻ കിരൺ എത്തിയെങ്കിലും ടി.സി. നൽകി വിടുകയായിരുന്നു. പഠിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ജീവിതത്തിലെ കഷ്ടപ്പാടുകളും സാഹചര്യവും അതിന് തടസ്സമായി. അതോടെ നാടുവിടാൻ തീരുമാനിച്ചു. മംഗളൂരുവെന്ന മഹാ നഗരത്തിലേക്ക് കിരൺ എത്തുന്നു. അവിടെ ഒരു സ്ഥാപനത്തിൽ ഓഫീസ് ബോയ് ആയാണ് തുടക്കം. മംഗളുരുവിലെ ട്രാൻസ് ജെൻഡർ സംഘടനയുമായി ഇക്കാലത്ത് ബന്ധം സ്ഥാപിച്ചു. അതിൽ അംഗത്വം നേടുകയും ചെയ്തു.

അതിനിടെ പരിചയപ്പെട്ട ഒരാൾ മുബൈയിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു. അയാൾക്കൊപ്പം പിന്നീട് മുംബൈയിലേക്ക് തിരിച്ചു. അവിടെയെത്തിയപ്പോൾ അയാൾ മുങ്ങുകയായിരുന്നു. പ്രതിസന്ധി രൂക്ഷമായെങ്കിലും ജീവിക്കാൻ വേണ്ടി കാറ്ററിങ് ജോലിക്കാരനായി. പട്ടിണി മാറ്റാമെന്നല്ലാതെ ആറ് മാസം അവിടെ ജോലി ചെയ്തിട്ടും ശമ്പളമൊന്നും ലഭിച്ചില്ല. തിരിച്ച് നാട്ടിൽ വരണമെന്ന് കരുതിയെങ്കിലും അമ്മയുടെ ഫോൺ നമ്പർ എഴുതി വെച്ച പോക്കറ്റ് ഡയറി നഷ്ടപ്പെട്ടു പോയിരുന്നു. അതോടെ ഭിക്ഷാടനത്തിനിറങ്ങി. ഭിക്ഷയെടുത്ത് ലഭിച്ച പണം കൂട്ടിവെച്ച് അമ്മയെ കാണാനുള്ള ആഗ്രഹത്താൽ മഞ്ചേശ്വരത്തേക്ക് തിരിച്ചു. എന്നാൽ നാട്ടിലെത്തിയപ്പോൾ ലഭിച്ച വിവരം വേദനിപ്പിക്കുന്നതായിരുന്നു. അച്ഛനുമായി പിരിഞ്ഞു കഴിയുകയായിരുന്ന അമ്മ മകനെ കാണാതെ ജീവനൊടുക്കുകയായിരുന്നു.

നാട്ടിൽ നിന്നും ചെന്നൈയിലേക്ക് തിരിച്ച് അവിടെ ഹിജഡ കമ്യൂണിറ്റിയിൽ അംഗമായി. തുടർന്നും ഭിക്ഷയെടുത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള പണം സ്വരൂപിക്കലായിരുന്നു ലക്ഷ്യം. വീണ്ടും മുബൈയിലേക്കുള്ള യാത്ര. അവിടെ നിന്നും ബംഗളൂരുവിൽ. 2013 ൽ ബംഗളൂരുവിൽ വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. അങ്ങിനെയാണ് തൃപ്തി എന്ന പേര് സ്വീകരിച്ചത്. കൊച്ചിയിലെത്തി ഒരു ഹോട്ടലിലെ ക്യാഷറായി. അതിനിടെ കള്ളന്മാരുടെ രാജാവെന്ന സിനിമയിൽ അഭിനയിച്ചു.

എന്നാൽ ആ പടം റിലീസായില്ല. ഇക്കാലത്താണ് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ. ആനിയെ പരിചയപെടുന്നത്. അത് തൃപ്തിയുടെ ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു. അവരുടെ സഹായത്തോടെ ജുവല്ലറി മെയ്ക്കിങ് പഠിച്ചു. അതിന്റെ നിർമ്മാണവും തുടങ്ങി. അതിൽ വിജയിച്ചപ്പോൾ 'തൃപ്തി ഹാന്റ് മെയിഡ് 'എന്ന പേരിൽ പ്രദർശനവും നടത്തി. അതിന് സ്വീകാര്യത ലഭിച്ചതോടെ തൃപ്തി വളർച്ചയുടെ പടവുകൾ കയറുകയായിരുന്നു. ഇന്ന് അറിയപ്പെടുന്ന കരകൗശല വിദഗ്ദയും ആഭരണ നിർമ്മാതാവുമാണ് തൃപ്തി. കൊച്ചിയിൽ കരകൗശല വസ്തുക്കളുടെ നിർമ്മാണ യൂനിറ്റും അതിനൊപ്പം വിപണന കേന്ദ്രവും ഒരുക്കാൻ ലക്ഷ്യമിട്ടിരിക്കാൻ ശ്രമിക്കുകയാണ് തൃപ്തി ഷെട്ടി.